ഇന്ത്യ-അമേരിക്ക വ്യാപാര ഉടന്പടി: ട്രംപിനൊരു കൈത്താങ്ങ്; നമുക്കു രക്ഷ
പി.സി. സിറിയക്
Friday, August 22, 2025 12:23 AM IST
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപിച്ച്, മടക്കയാത്രയിൽ മാലിദ്വീപുമായും പുതിയ ഉടന്പടിയുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ, അമേരിക്കയുമായി ഇതുപോലൊരു വാണിജ്യക്കരാറിനുവേണ്ടി ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വിവിധ തലങ്ങളിൽ അഞ്ചോ ആറോ റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു.
ആവശ്യം ഉഭയകക്ഷി ചർച്ചകൾ
ഇക്കൊല്ലം ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി പദവി ഏറ്റപ്പോൾത്തന്നെ പ്രഖ്യാപിച്ചതാണ് Make America Great Again (MAGA) എന്നതാണ് തന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടി ആദ്യം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരണം. എന്നിട്ട് ക്രമേണ അമേരിക്ക ഒരു വാണിജ്യമിച്ചമുള്ള രാജ്യമായിത്തീരണം. ഇന്ന് അമേരിക്കയുടെ ഉത്പന്നങ്ങൾക്കു മറ്റു രാജ്യങ്ങൾ വലിയ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നത്.
അതേസമയം, അമേരിക്ക അവരുടെ ഉത്പന്നങ്ങളെല്ലാം നിസാരമായ ചുങ്കത്തിൽ ഇറക്കുമതി ചെയ്യുന്നു. ഇരുകൂട്ടർക്കും ഒരേ നിരക്കുകൾ ബാധകമാകണം. ഉഭയകക്ഷി ചർച്ചകൾ നടത്തി ഇരുകൂട്ടർക്കും നീതിയുക്തമായ ചുങ്കനിരക്കുകൾ നിർണയിക്കുന്ന പുതിയ കരാറുകൾ പ്രഖ്യാപിക്കണം. ഇതിനകം അമേരിക്ക ചൈനയോടു പ്രത്യേക ചർച്ച നടത്തി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. പിന്നീട് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും പ്രഖ്യാപിച്ചു. ഏറ്റവുമാദ്യം ഏപ്രിലിൽതന്നെ ഉഭയകക്ഷി ചർച്ചകൾക്കു തുടക്കംകുറിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ ഇപ്പോൾ കരാറുണ്ടാക്കാൻ കഴിയാതെ അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയിരിക്കുകയാണ്.
വ്യാപാരക്കമ്മി
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക. ആണ്ടിൽ 130 ലക്ഷം കോടി ഡോളർ (130 ബില്യണ്‍). നമ്മുടെ പ്രധാന ഇറക്കുമതി ഇനങ്ങൾ ചില പ്രത്യേക മരുന്നുകൾ, ഇലക്ട്രോണിക്സ് യന്ത്രങ്ങൾ, ക്രൂഡ്ഓയിൽ, കണ്ണാടി, രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ എന്നിവയാണ്. ഇത് 42 ബില്യണ്‍ ഡോളർ വരും. നമ്മുടെ കയറ്റുമതി അണ്ടിപ്പരിപ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ബസുമതി അരി, പഴവർഗങ്ങൾ, പച്ചക്കറി, സ്വർണാഭരണം, വസ്ത്രങ്ങൾ എന്നിവ. ഇതാകട്ടെ 88 ബില്യണ്‍ ഡോളറും. അതായത് അമേരിക്കയ്ക്കു നമ്മളുമായുള്ള വ്യാപാരത്തിൽ വ്യാപാരക്കമ്മിയാണ്. അവരുടെ ഉത്പന്നങ്ങൾ കൂടുതലായി നാം ഇറക്കുമതി ചെയ്ത് വ്യാപാരക്കമ്മി നികത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അവരുടെ ചോളം, ഗോതന്പ്, സോയാബീൻ, പാൽ, പാൽ ഉത്പന്നങ്ങൾ, കോഴിക്കാൽ, ആയുധങ്ങൾ, യുദ്ധവിമാനം മുതലായവ ഇറക്കുമതി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാക്കാൻ ഇവയുടെയെല്ലാം ചുങ്കം കുറയ്ക്കണം. അങ്ങനെ കമ്മി നികത്താൻ അവരെ സഹായിക്കണം.
അമേരിക്കൻ കൃഷിസ്ഥലങ്ങൾ അതിവിസ്തൃതം, യന്ത്രവത്കൃതം. ആധുനിക ടെക്നോളജി ഉപയോഗിച്ച് കാര്യക്ഷമമായി നടത്തുന്നു. സർക്കാരിന്റെ വൻതോതിലുള്ള സഹായവും അവർക്കു ലഭിക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണു കൃഷിക്കാർ. ഇന്ത്യയിലാണെങ്കിൽ കൃഷിസ്ഥലങ്ങളുടെ വിസ്തൃതി വളരെ ചെറുത്. കർഷകരെല്ലാം പാവപ്പെട്ടവർ. 70 കോടി ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നു. ആധുനിക സാങ്കേതികവിദ്യകൾ എത്തിനോക്കുന്നതേയുള്ളൂ. ഇന്ത്യൻ കാർഷികവിപണി അമേരിക്കൻ ഉത്പന്നങ്ങൾക്കു തുറന്നുകൊടുത്താൽ അത്താഴപ്പട്ടിണിക്കാരായ നമ്മുടെ 70 കോടി കർഷകരുടെ സ്ഥിതി വഷളാകും. വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളുണ്ടാകും. ഇരുകൂട്ടരും ഇങ്ങനെ ബലംപിടിച്ചുനിൽക്കുന്നു. നമ്മുടെ കർഷകരെ ബാധിക്കാത്തതും അതേസമയം, ട്രംപിന് ഒരു വലിയ കൈത്താങ്ങായിത്തീരുന്നതുമായ ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഭക്ഷ്യഎണ്ണയുടെ കാര്യമാണത്.
ഇന്ത്യയിൽ ഇന്ന് പെട്രോളിയം, സ്വർണം ഇവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാക്കി നാം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് ഭക്ഷ്യ എണ്ണ. പാംഓയിൽ, സോയാബീൻ ഓയിൽ മുതലായവയാണ് ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത്.
ഭക്ഷ്യ എണ്ണ ഇറക്കുമതി
ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് ആണ്ടുതോറും ഉയരുന്നു. ലോകത്തിൽ ഏറ്റവും വലിയ സോയാബീൻ ഉത്പാദകർ അമേരിക്കയാണ്. അവരുടെ സോയാബീൻ മുഴുവൻ ചൈനയാണു വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ, ഇക്കൊല്ലം ട്രംപ് അധികാരമേറ്റയുടനെ ചുങ്കനിരക്കുകളെല്ലാം ഉയർത്തി താരിഫ് യുദ്ധം തുടങ്ങിയപ്പോൾ കുപിതരായ ചൈനക്കാർ സോയാബീൻ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകളെല്ലാം റദ്ദ് ചെയ്തു. പകരം അവർ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നു സോയാബീൻ വാങ്ങി. അപ്പോൾ ഏറ്റവുമുധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ പ്രതിസന്ധിയായി, വിൽക്കാൻ കഴിയുന്നില്ല. ഈ വിഷമാവസ്ഥയിൽ നാം അമേരിക്കൻ സോയാബീൻ ഇറക്കുമതി ചെയ്താൽ പാചകത്തിനാവശ്യമായ എണ്ണ ലഭിക്കും. കാലിത്തീറ്റയ്ക്കു സോയാപ്പിണ്ണാക്കും ലഭിക്കും. തുറമുഖങ്ങൾക്കടുത്തു സോയാബീനിൽനിന്നും എണ്ണ പിഴിഞ്ഞെടുക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
പക്ഷേ, സോയാബീൻ ഇറക്കുമതി ചെയ്യാൻ രണ്ടു പ്രതിബന്ധങ്ങളാണ് നമ്മുടെ മുന്നിൽ. ഒന്ന്, അമേരിക്കൻ സോയാബീൻ കൃഷി മിക്കവാറും അത്യുത്പാദന ശേഷിയുള്ള ജിഎം (Genetically Modified) വിത്തുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷകർക്കു ജനിതകമാറ്റം വരുത്തിയ വിത്തുകളോടു വിരോധമാണ്.
വിപ്ലവം സൃഷ്ടിച്ച ജിഎം വിത്തുകൾ
പക്ഷേ, പരുത്തി ഉത്പാദനമേഖലയിൽ ജിഎം വിത്തുകൾ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ചരിത്രം. അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യക്ക് ലോകത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത്, ബിടി കോട്ടണ്‍ എന്ന ജനതികമാറ്റം വരുത്തിയ പരുത്തിവിത്തുകളാണ്. ഈ വിത്ത് കൂടുതൽ ഉത്പാദനം നൽകുന്നു. പരുത്തിച്ചെടിയുടെ വലിയ ശത്രുവായ ബോൾ വോം എന്ന പുഴുവിനെയിത് ചെറുക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ വരവോടെ കർഷകർക്കു കീടനാശിനിച്ചെലവ് ഒഴിവായിക്കിട്ടി. അതേസമയം, ഉത്പാദനം പെരുകി. പക്ഷേ, ആണ്ടുതോറും പുതിയ വിത്ത് വാങ്ങണം. മുന്‍പ് ചെയ്തിരുന്നതുപോലെ പരുത്തിവയലിൽനിന്ന് ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ പ്രയോജനങ്ങളൊന്നും ലഭിക്കില്ല.
സർക്കാർ പരീക്ഷണാർഥം ഉപയോഗിക്കാൻ േണ്ടി മാത്രം ബിടി കോട്ടണ്‍ വിത്തുകൾ വിതരണം ചെയ്തു. പുതിയ വിത്തുകൾ വച്ചു നടത്തിയ കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടു കണ്ട കർഷകർ സർക്കാരിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ മോണ്‍സാന്റോ കന്പനിയുടെ വിത്ത് വാങ്ങി എല്ലായിടത്തും ബിടി കോട്ടണ്‍ കൃഷി തുടങ്ങി. പിന്നീടു സംഭവിച്ചത് ചരിത്രമാണ്. ഇന്ത്യക്ക് പരുത്തി ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം. മറ്റു പല കൃഷികൾക്കും ജനിതക വിത്തുകൾ വികസിപ്പിച്ചെടുത്തെങ്കിലും (വഴുതന) പ്രചരിപ്പിക്കാൻ സർക്കാരിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ല. ബ്രസീലിൽനിന്നും അർജന്റീനിയിൽനിന്നും മുൻ വർഷങ്ങളിൽ ഇറക്കുമതി ചെയ്തിരുന്ന സോയാ എണ്ണ ആ രാജ്യങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ജനിതകമാറ്റം വരുത്തിയ സോയാപ്പയറിൽനിന്നും സംസ്കരിച്ചെടുത്ത എണ്ണയായിരുന്നു എന്ന കാര്യം ഇപ്പോൾ പ്രസക്തമാകുന്നു.
ഇനി രണ്ടാമത്തെ പ്രശ്നം. ഇന്ന് ക്രൂഡ് പാംഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് അതു ശുദ്ധീകരിച്ച് പാംഓയിൽ വിതരണം ചെയ്യുന്ന പ്രധാന കക്ഷി നമ്മുടെ അദാനി ഗ്രൂപ്പിന്റെ ഒരു കന്പനിയാണ്. അവരുടെ പ്രശ്നം മറികടക്കാൻ പ്രയാസമുണ്ടാകില്ല, അമേരിക്കയിൽനിന്നു വരുന്ന സോയാബീൻ പിഴിഞ്ഞെടുത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന ദൗത്യം അദാനിയെ ഏൽപ്പിച്ചാൽ മതിയല്ലോ.
അങ്ങനെ തെക്കേ അമേരിക്കയിൽ ബ്രസീലിൽനിന്ന് ജനതികമാറ്റം വരുത്തിയ സോയാബീനിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സോയാ എണ്ണ വാങ്ങി ഉപയോഗിക്കുന്നതിനു പകരം വടക്കേ അമേരിക്കയിൽനിന്നു ജനിതകമാറ്റം വരുത്തിയ സോയാപ്പയർ വാങ്ങി നമ്മൾതന്നെ സംസ്കരിച്ച് ഭക്ഷ്യ എണ്ണ ജനങ്ങൾക്കു ലഭ്യമാക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ.
അതേസമയം, നമുക്ക് ട്രംപിനെ ഒരു പ്രതിസന്ധിയിൽ രക്ഷിച്ചു എന്ന് അവകാശപ്പെടാം. കാർഷികമേഖല മുഴുവൻ അമേരിക്കയ്ക്കു തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപിന് അതു മുഴുവൻ സാധിച്ചുകൊടുത്തില്ലെങ്കിലും സോയാബീൻ എങ്കിലും നാം വാങ്ങുന്നുണ്ടല്ലോ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് കരാർ ഉണ്ടാക്കി മുന്നോട്ടു പോകുകയും ചെയ്യാം.