ചലനമാണ് ജീവിതം
ഡോ.സി. ഷിബു ജോര്ജ്, പി റ്റി
Monday, September 8, 2025 1:38 AM IST
ചലിക്കുന്ന ശരീരം, ചലിപ്പിക്കുന്ന ചികിത്സ, ചിരിക്കുന്ന ജീവിതം - ഫിസിയോതെറാപ്പിയെന്നാൽ ഇതാണ്. മനുഷ്യശരീരത്തിന്റെ അടിസ്ഥാനശാസ്ത്രവും സത്യവുമാണിത്. ചലനശേഷി നഷ്ടപ്പെടുമ്പോൾ ആരോഗ്യം, സ്വാതന്ത്ര്യം, ജീവിത ഗുണമേന്മ- എല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഫിസിയോതെറാപ്പി ഇന്ന് ലോകമെമ്പാടും ആരോഗ്യരംഗത്തിന്റെ അവിഭാജ്യ ഘടകമാകുന്നത്.
ചരിത്രപരമായ വേരുകൾ
ആയുർവേദവും യോഗയും:
• പുരാതന ഭാരതീയ ചികിത്സാരീതിയിൽ ശരീരചലനം, വ്യായാമം, ആസനങ്ങൾ എന്നിവ രോഗശാന്തിക്കായി നിർദേശിക്കപ്പെട്ടിരുന്നതായി കാണാം.
• 460 ബിസിയിൽ ജനിച്ച ഗ്രീക്ക് വൈദ്യനായ ഹിപ്പൊക്രാറ്റസ് മസാജ്, വ്യായാമം, കൈകൊണ്ടുള്ള ചികിത്സ (Manual Therapy) എന്നിവ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമായി ഉപയോഗിച്ചു.
പതിനെട്ടാം നൂറ്റാണ്ട്: യൂറോപ്പിലെ യുദ്ധങ്ങളിലൂടെ പരിക്കേറ്റ സൈനികരുടെ പുനരധിവാസം ഫിസിയോതെറാപ്പിയുടെ നിർണായകമായ വളർച്ചയ്ക്കു കാരണമായി.
• ഇരുപതാം നൂറ്റാണ്ട്: പോളിയോ മഹാമാരിയും അതുമൂലം ഉണ്ടായ ശാരീരിക വൈകല്യങ്ങളും ഫിസിയോതെറാപ്പിയെ ആരോഗ്യരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഘടകമാക്കി മാറ്റി.
ഇന്ത്യയും കേരളവും
1950കളിൽ മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ ഫിസിയോതെറാപ്പി കോളജുകൾ ആരംഭിച്ചു. ഇന്ന് ബിപിടി, എംപിടി, പിഎച്ച്ഡി പഠനങ്ങൾ എന്നിവയ്ക്കായി അഞ്ഞൂറിലധികം കോളജുകളുണ്ട്. പതിനായിരക്കണക്കിന് പ്രഫഷണലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.
കേരളത്തിൽ 1990കളുടെ ആരംഭത്തിലാണ് ഈ കോഴ്സ് തുടങ്ങിയത്. ഇന്ന് സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികൾ, സ്പോർട്സ് ക്ലിനിക്കുകൾ, മാനേജ്മെന്റ് സെന്ററുകൾ എന്നിവയിലെല്ലാം ഫിസിയോതെറാപ്പിസ്റ്റുകൾ അഹോരാത്രം സേവനം ചെയ്തുവരുന്നു.
ഫിസിയോതെറാപ്പിയുടെ സുപ്രധാന മേഖലകൾ
•ഓർത്തോപീഡിക് പുനരധിവാസം: പൊട്ടൽ, സന്ധിവാതം, നട്ടെല്ലിന്റെ പ്രശ്നങ്ങൾ.
• ന്യൂറോ ഫിസിയോതെറാപ്പി: പക്ഷാഘാതം, പാർക്കിൻസൺസ് തുടങ്ങി ഒട്ടനവധി അസുഖങ്ങൾ.
• ഹൃദയ- ശ്വാസകോശ പുനരധിവാസം: ഹൃദയ- ശ്വാസകോശ സംബന്ധമായ ഫിസിയോതെറാപ്പി ആവശ്യമുള്ള വിവിധ രോഗങ്ങൾ, ഹൃദയ- ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗികളുടെ പുനരധിവാസം.
സ്പോർട്സ് ഫിസിയോതെറാപ്പി: പരിക്കു തടയൽ, പരിക്ക് ചികിത്സിച്ച് ഭേദമാക്കൽ, പെർഫോമൻസ് മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
•പെയിൻ മാനേജ്മെന്റ്: മരുന്നില്ലാതെയുള്ള വേദന നിയന്ത്രണം.
•പീഡിയാട്രിക് ആൻഡ് ജെറിയാട്രിക്സ്: കുട്ടികളിലും മുതിർന്നവരിലും കാണുന്ന പല രോഗങ്ങൾക്കും ഫിസിയോതെറാപ്പി ഉപയോഗപ്പെടുത്തുന്നു.
ആരോഗ്യകരമായ വാർധക്യം
ഇതാണ് ഈ വർഷത്തെ ഫിസിയോതെറാപ്പിദിന സന്ദേശം. ജീവിതത്തിന്റെ സ്വാഭാവിക പരിണാമമാണ് വയസാകുക എന്നത്. ആരും ആഗ്രഹിച്ചില്ലെങ്കിലും എത്തിച്ചേരുന്ന ഘട്ടത്തില് പ്രവർത്തനശേഷി കുറയുക, സന്ധികൾ കട്ടിയാകുക, ശരീരത്തിന്റെ സമതുലനാവസ്ഥ നഷ്ടപ്പെടുക, വീഴാനുള്ള സാധ്യത വർധിക്കുക ഇവയെല്ലാം വാർധക്യമായവരിൽ വളരെ സാധാരണമായി കാണുന്ന പ്രശ്നങ്ങളാണ്.
ഇവിടെയാണ് ഫിസിയോതെറാപ്പിയിലൂടെ ആരോഗ്യകരമായ വാർധക്യം എന്ന ആശയത്തിന്റെ പ്രാധാന്യം. ചലനം നിലനിർത്തി ശരിയായ വ്യായാമം ശാസ്ത്രീയമായ രീതിയിൽ ചെയ്തു ശരീരശക്തിയും മനോവീര്യവും സംരക്ഷിച്ച് ജീവിതം ഒരു പരിധിവരെ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുക എന്നതാണ് ഈ ഘട്ടത്തിൽ തെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഫിസിയോതെറാപ്പി സാധ്യമാക്കുന്നത് വിവിധ വ്യായാമ പരിശീലന മാർഗങ്ങളിലൂടെയാണ്.
പേശികളുടെ ബലവും ക്ഷമതയും വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ (Strengthening and Endurance Exercise Programs)
•പേശികളുടെ അയവ് വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ.
•ശരീരത്തിന്റെ സമതുലനാവസ്ഥ നിലനിർത്തുന്നതിനുള്ള വ്യായാമങ്ങൾ.
• ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ.
ഫിസിയോതെറാപ്പി വ്യായാമങ്ങളും സ്ട്രെച്ചിംഗും
1. ശരീരത്തിനുള്ള പൊതുവായ വ്യായാമങ്ങൾ
നടത്തം: എല്ലാദിവസവും 30 മിനിറ്റ് എങ്കിലും മിതമായ വേഗത്തിൽ നടക്കുക.
സൈക്ലിംഗ്.
നീന്തൽ.
2. പേശികൾക്ക് അയവ് ലഭിക്കാനുള്ള വ്യായാമങ്ങൾ
•കഴുത്തിന്റെ വ്യായാമങ്ങൾ
•ഷോൾഡറിന്റെ വ്യായാമങ്ങൾ
•കാലിന്റെ പേശികൾക്കു വേണ്ടിയുള്ള വ്യായാമങ്ങൾ പ്രത്യേകിച്ച് ഹാംസ്ട്രിംഗ് ആൻഡ് കാഫ് മസിലുകൾക്ക്.
3. ബലം ഉണ്ടാകുന്നതിനുള്ള വ്യായാമങ്ങൾ
•ഭാരം ഉപയോഗിച്ച് ചെയ്യുന്ന വ്യായാമങ്ങൾ(Weight Cuffs)
• എഴുന്നേൽക്കുകയും ഇരിക്കുകയും (squatting) ചെയ്യുക.
•ഉപ്പൂറ്റിയിലും കാലിലെ വിരലുകളിലും നിൽക്കുന്ന വ്യായാമങ്ങൾ(Heel standing & Toe Standing).
•കൈകളുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ (Handgrip Exercises).
4. ശ്വാസകോശത്തിനുവേണ്ടിയുള്ള വ്യായാമങ്ങൾ (Deep Breathing Exercises)
മൂക്കിലൂടെ ശ്വാസമെടുത്തു വായിലൂടെ പതിയെ പുറത്തേക്ക് വിടുന്ന വ്യായാമമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
5. റിലാക്സേഷൻ എക്സർസൈസ്
ഇതിനായി യോഗയിലെ വിവിധ ആസനങ്ങൾ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അതുവഴി ശരീരവും മനസും സംയോജിപ്പിച്ച് റിലാക്സേഷനിലേക്ക് നയിക്കപ്പെടും.
""ഫിസിയോതെറാപ്പി + ശരിയായ ജീവിതശൈലികൾ = സന്തോഷകരമായ വാർദ്ധക്യം’’.
എൻസിഎഎച്ച്പി നിയമം 2021 പൂർണതോതിൽ നടപ്പാക്കുന്നതോടെ ഫിസിയോതെറാപ്പി മേഖലയിൽ സമഗ്രമായ മാറ്റങ്ങളും അതുവഴി ചികിത്സാ മേഖലയിൽ വൻ കുതിച്ചുചാട്ടവുമുണ്ടാകുമെന്നും അതിന്റെ ഗുണഫലം രോഗികൾക്കു ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
എൻസിഎച്ച്പി നിയമം 2025
National Commission for Allied and Healthcare Professions Act 2021 വഴി ഇന്ത്യയിലെ ഫിസിയോതെറാപ്പി ഉൾപ്പെടെ 53 തൊഴിലുകൾക്ക് രാജ്യത്ത് പ്രവർത്തിക്കുവാനുള്ള നിയമപരമായ അംഗീകാരം ലഭിച്ചിരിക്കുന്നു. രാജ്യമൊട്ടാകെ ഒരു സ്റ്റാൻഡേർഡ് സിലബസ് ഇതോടനുബന്ധിച്ച് നിലവിൽ വന്നു.
എൻസിഎച്ച്പി നിയമം പൂർണതോതിൽ നടപ്പിലാക്കുന്നതോടെ ഫിസിയോതെറാപ്പി മേഖലയിൽ സമഗ്രമായ മാറ്റങ്ങളും അതുവഴി ചികിത്സാമേഖലയിൽ വൻ കുതിച്ചുചാട്ടവും പ്രതീക്ഷിക്കാം.
ഔദ്യോഗിക രജിസ്ട്രേഷൻ
1. രാജ്യത്താകമാനം ഒരൊറ്റ കൗൺസിൽ രജിസ്റ്റർ ഉണ്ടാവുന്നതിലൂടെ എല്ലാ ബിരുദധാരികളും നിയമപരമായി സ്വതന്ത്ര പ്രാക്ടീഷണർമാരായി അംഗീകരിക്കപ്പെടും.
2. പുതിയ കരിക്കുലത്തിൽ ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ എന്ന് സ്വന്തം പേരിനൊപ്പം ഉൾപ്പെടുത്തുവാനുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പൂർത്തീകരണം രജിസ്ട്രേഷൻ നടപടികൾക്ക് ഒപ്പം നിലവിൽ വരും.
3. രോഗികളുടെ ഗുണം: രജിസ്ട്രേഷനുശേഷം രോഗികൾക്കു രജിസ്റ്റർ ചെയ്ത ഫിസിയോതെറാപ്പി പ്രഫഷണലുകൾ വഴിയാണ് ചികിത്സ ലഭിക്കുന്നത്. ഇതിലൂടെ കൃത്രിമം കാണിക്കുന്നവർക്ക് ചികിത്സാരംഗത്ത് ഇടം ഇല്ലാതാകുന്നു.
4. സമത്വം: മൂന്നര വർഷം, നാലര വർഷം, അഞ്ചുവർഷം എന്നീ കോഴ്സ് ഘടനകൾ ഉണ്ടായിരുന്നാലും ബിരുദധാരികൾ ആയതിനാൽ എല്ലാവർക്കും ഒരുപോലെ നിയമപരിരക്ഷ ലഭിക്കും. ചുരുക്കത്തിൽ എൻസിഎഎച്ച്പി നിയമം ഫിസിയോതെറാപ്പി രംഗത്തെ സ്വാതന്ത്ര സ്ഥാനം, ഡോക്ടർ, പിടി എന്നീ ഔദ്യോഗിക അംഗീകാരം, രോഗികൾക്ക് സുരക്ഷിത ചികിത്സ ഇവയെല്ലാം ഉറപ്പുവരുത്തും.
എഐ കാലത്തെ ഫിസിയോതെറാപ്പിയുടെ ഭാവി
1. വിശകലനത്തിലും രോഗനിർണയത്തിലും എഐയുടെ പങ്ക്:
• നടക്കൽ, പോസ്ചർ, ചലനങ്ങൾ എന്നിവ തൽസമയം വിലയിരുത്താൻ എ ഐ വഴി സാധിക്കും.
• ആരോഗ്യചരിത്രം, ജീവിതശൈലി മുതലായവ വിശകലനം ചെയ്തു ഭാവി പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സാധിക്കും.
• രോഗികൾക്ക് അനുയോജ്യമായ ചികിത്സ കൊടുക്കാൻ സാധിക്കും.
2. പുനരധിവാസ ചികിത്സയിൽ എഐയുടെ പങ്ക്:
• റോബോട്ടിക് തെറാപ്പി, പക്ഷാഘാതം, സ്പൈനൽകോഡ് ഇഞ്ചുറി മുതലായവയിൽ ചലനക്ഷമത വീണ്ടെടുക്കാൻ നിർണായക പങ്കുവഹിക്കും.
• വി ആർ പോലുള്ള ആകർഷകമായ വ്യായാമങ്ങൾ പുനരധിവാസ ചികിത്സയിൽ ഇപ്പോൾതന്നെ നിർണായക പങ്കുവഹിക്കുന്നു.
3. റിമോട്ട് ആൻഡ് ടെലി റിഹാബിലിറ്റേഷൻ:
• ആപ്പുകൾ വഴി വീട്ടിൽനിന്നുതന്നെ രോഗിയുടെ പുരോഗതി നിരീക്ഷിക്കാൻ പറ്റും. ഓൺലൈൻ വഴി വിദഗ്ധമായ കൺസൾട്ടേഷൻ നൽകാനും സാധിക്കുന്നു.
4. ഫിസിയോതെറാപ്പിയുടെ രൂപവും ഭാവവും
എഐയുടെ കാലഘട്ടത്തിൽ:
എഐയുടെ സഹായം ലഭിച്ചാലും കരുണാസ്പർശം, കൗൺസിലിംഗ് മുതലായ മേഖലകളിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രാധാന്യം ഒഴിവാക്കാനാകില്ല. അതുകൊണ്ടുതന്നെ എഐയുടെ ഉപയോഗംമൂലം കൂടുതൽ ഫലപ്രദമായ രീതിയിൽ ചികിത്സയെ പുനരാവിഷ്കരിക്കാൻ സാധിക്കും. അതുവഴി രോഗിപുനരധിവാസം ശാസ്ത്രീയമായി മെച്ചപ്പെടുത്താൻ കഴിയും.