കഥയില്ലാത്തവന്
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Thursday, September 11, 2025 12:47 AM IST
മരണത്തെ നീട്ടിവയ്ക്കാനാണ് ഒരാള്‍ കഥ പറഞ്ഞുതുടങ്ങുന്നത് എന്ന് വായിച്ചിട്ടുണ്ട്. ആയിരത്തൊന്നു രാത്രികളിലും ഷെഹറാസാദ് കഥ പറയുകയായിരുന്നു. ഓരോ കഥ പറയുമ്പോഴും അവള് മരണത്തെ ഒരു കാതം അകലെ നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കഥപറഞ്ഞു കഥപറഞ്ഞ് അവള് രാവുകളുടെ മാത്രകള്‍ കൂട്ടി.
പണ്ടു രാവുകള്ക്കിത്ര ദൈര്ഘ്യമില്ലായിരുന്നുവെന്നും ഷെഹറാസാദ് കഥപറഞ്ഞാണു രാവുകള്ക്കിത്ര ദൈര്ഘ്യമേറിയതെന്നും ഞാന്‍ പില്ക്കാലത്ത് ഭാവന ചെയ്തിരുന്നു. ഷെഹറാസാദ് ബുദ്ധിമതിയും തികഞ്ഞ കലാകാരിയുമായിരുന്നു. അവള് കലയുടെ മാന്ത്രികദണ്ഡുകൊണ്ടു കഥകളുടെ അദ്ഭുതലോകം സൃഷ്ടിക്കുകയായിരുന്നു. അത് ആലീസ് കണ്ട അദ്ഭുതലോകത്തേക്കാള് അദ്ഭുതമായിരുന്നു. ആ അദ്ഭുതലോകങ്ങളിലേക്കുള്ള ഹൃദ്യമായ ക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ വായിക്കാനെടുത്ത പുസ്തകങ്ങളിലധികവും.
ഒരിക്കല്‍ ഏറെ മുതിര്‍ന്നശേഷം, ഒരു സുഹൃദ്സദസിൽവച്ച് ഒരാള്‍ എന്നെക്കുറിച്ച് അടക്കംപറയുന്നതു കേട്ടു; ‘കഥയില്ലാത്തവന്’ എന്ന്. എന്നെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ച അയാളുടെ പ്രതിഭയെ എനിക്ക് അഭിനന്ദിക്കണമെന്ന് തോന്നി. എനിക്കതു കേട്ടപ്പോള്‍ അമര്‍ഷമോ അസ്വസ്ഥതയോ ഒന്നും തോന്നിയില്ല. ഞാനയാളെ അഭിനന്ദിച്ചു. എന്റെ അഭിനന്ദനം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകേട്ടപ്പോള്‍ അയാള്‍ക്കു പ്രയാസമായി. “ഞാനാ അര്‍ഥത്തില്‍ അല്ല തന്നെക്കുറിച്ച് പറഞ്ഞത്, ക്ഷമിക്കണം” എന്ന് എന്നോടു പറഞ്ഞു. “ഗുരുതരമായ തെറ്റൊന്നും താങ്കള്‍ ചെയ്തിട്ടില്ലല്ലോ” എന്നായി ഞാന്‍. അയാള്‍ക്കു വല്ലാത്ത വിഷമമായി. അയാളെന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. “സോറി” എന്നു പറഞ്ഞു. അയാളുടെ പരുങ്ങൽ കണ്ടപ്പോള്‍ എനിക്കും വിഷമമായി. ഞാന്‍ അവിടെനിന്നിറങ്ങിനടന്നു.
കൊല്ലം നഗരമധ്യത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ കോഫി ഹൗസിലേക്കാണ് ഞാൻ പോയത്. മനസു വല്ലാതെ അസ്വസ്ഥപ്പെടുമ്പോഴെല്ലാം ഞാനവിടെ ചെന്നിരിക്കാറുണ്ടായിരുന്നു. ഒരു കോഫി കുടിച്ചുകഴിഞ്ഞാല്‍ തീരാവുന്ന പ്രശ്നങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, ‘കഥയില്ലാത്തവന്’ നെഞ്ചില്‍ക്കിടന്നു വല്ലാതെ പുകഞ്ഞുനീറി. കുടിച്ച കോഫിയേക്കാള്‍ ചൂട് ഉള്ളിലെ നീറ്റലിനുണ്ടായിരുന്നു.
കഥയില്ലാത്തവനില്നിന്ന് കഥയുള്ളവനിലേക്ക് എത്ര ദൂരമുണ്ടാകുമെന്ന് ഞാനോര്‍ത്തു. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ദൂരംതന്നെയേ യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ളൂ എന്നറിയാമായിരുന്നിട്ടും എന്റെ ദൂരം അളന്നെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. എങ്കിലും കഥയുള്ളവനിലേക്കു നടക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അതൊരുറച്ച തീരുമാനമായിരുന്നു. ഒരു കോഫി ഹൗസില്‍നിന്നാണു ഫ്രഞ്ച് വിപ്ലവം സമാരംഭിച്ചതെന്നു പണ്ടെങ്ങോ വായിച്ചത് ഓര്മ വന്നു. അതേ, വിപ്ലവത്തിന്റെ ചെറിയ തീപ്പൊരികളിലൊന്ന് എന്നിലും കത്തിത്തുടങ്ങിയിരിക്കുന്നു.
കുട്ടിക്കാലം മുതലേ ഞാന്‍ അലസനും മടിയനും ദുഃഖോപാസകനും അശുഭാപ്തിക്കാരനുമായിരുന്നു. ഈ ഗുണവിശേഷങ്ങളായിരിക്കാം എന്നെ കഥയില്ലാത്തവനാക്കിയതിനു പിന്നിലെന്ന് എനിക്കു തോന്നി. അത് ഏറെക്കുറെ സത്യമായിരുന്നു. ഞാന്‍ ചില കടുത്ത തീരുമാനങ്ങളെടുത്തു.
അതെല്ലാം എന്റെ മുറിയിലെ ഭിത്തിയില്‍ ക്രമനമ്പരിട്ട് എഴുതിവച്ചു. അതിലാദ്യത്തേത് ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന മട്ടില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നുള്ളതാണ്. മറ്റൊന്ന് അനിയന്ത്രിതമായ ദേഷ്യത്തെ അടക്കിക്കൊണ്ട് ദേഷ്യം അഭിനയിക്കുക. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന ബോധമുണ്ടായിരിക്കണം. ഒരു നിമിഷത്തെ നിരാശയില്‍ ജീവിതത്തെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കുക.
എല്ലായ്പോഴും തിരുത്തപ്പെടാനുള്ള ഒരു മനസ് സൂക്ഷിക്കുക. രക്തസമ്മര്ദത്തേക്കാള് അപകടകരമായ ചില സുഹൃത് സമ്മര്‍ദങ്ങളെ ഒഴിവാക്കുക. ഇത്രയൊക്കെ വളരെ ക്ലേശിച്ചു നടപ്പിലാക്കിയതോടെ ഞാന്‍ കഥയുള്ളവനിലേക്ക് ഇറങ്ങിനടക്കാന്‍ തുടങ്ങി. ജീവിതത്തിനോടു വല്ലാത്തൊരാവേശം തോന്നി. ഹിമാലയനിരകളെ കീഴടക്കാമെന്നായി. എന്നിലെ പ്രാകൃതന് കാട്ടിലൊളിച്ചു. പരിഷ്കൃതന് പുറത്തേക്കിറങ്ങിവന്നു. മനസ് നിര്‍ഭയവും ശാന്തവുമായി. ‘ലവണാസുരവധ’ത്തില്‍ ഹനുമാന് സീതയെ സാഷ്ടാംഗം നമസ്കരിക്കുന്നതുപോലെ എന്നെ ‘കഥയില്ലാത്തവന്’ എന്നുവിളിച്ച ആളുടെ മുന്നില്‍ ഞാന്‍ മനസുകൊണ്ടു പ്രണമിച്ചു.
കാലങ്ങള്‍ പിന്നെയും കടന്നുപോയി. ഒരിക്കല്‍ നഗരത്തിനു പുറത്ത് ആശ്രമവിശുദ്ധിയാര്ന്നൊരു വൃദ്ധസദനത്തില്‍ ഒരതിഥിയായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ആര്‍ഭാടങ്ങളോ അലങ്കാരങ്ങളോ ഒന്നുമില്ലാത്ത ഇടം. നിശബ്ദത അവിടെവിടെയോ പതുങ്ങിനില്‍ക്കുന്നതുപോലെ തോന്നി.അമ്പതില്‍ താഴെ വയോവൃദ്ധര്‍. “ഇതൊരു വഴിയമ്പലമാണ്. ജീവിതയാത്രയില്‍ നമ്മള് എത്തിച്ചേര്‍ന്ന ഒരു വഴിയമ്പലം. ഇവിടെ എത്തിച്ചേര്ന്നവര് അനുഗ്രഹിക്കപ്പെട്ടവരാണ്.
വാര്‍ധക്യത്തിലെ ശാപങ്ങളിലൊന്ന് സുഹൃത്തുക്കള്‍ നഷ്ടപ്പെടുന്നു എന്നുള്ളതാണ്. എന്നാലിവിടെ യൗവനത്തിലേക്കാളേറെ സുഹൃത്തുക്കളെ ഒരു വരംപോലെ എല്ലാവർക്കും ലഭിക്കുന്നു എന്നുള്ളതാണ്.” എന്റെ വാക്കുകള്‍ അവരില്‍ ചിലരില്‍ കൗതുകമുണര്‍ത്തി. അങ്ങനെ സംസാരിച്ചുകൊണ്ട് നില്ക്കുന്നതിനിടയില് കറന്റ് പോയി. മൈക്ക് ഓഫായി. ജനറേറ്ററില്ല. ഞാന്‍ സ്റ്റേജില്‍നിന്നിറങ്ങി അവര്‍ക്കിടയിലേക്ക് ചെന്ന് സംസാരം തുടർന്നു. എന്നെ കേട്ടിരിക്കുന്ന കാതുകളിലധികവും അനവധി ദ്വാരങ്ങള്‍ വീണതാണെന്ന് അപ്പോഴാണെനിക്കു ബോധ്യപ്പെട്ടത്. പക്ഷേ, ദീപ്തമായ കണ്ണുകളിലൂടെ അവരെല്ലാം കേള്‍ക്കുന്നുണ്ടെന്ന് എനിക്കു തോന്നി. സംസാരം കഴിഞ്ഞ് വേദിയിലേക്കു മടങ്ങാന്നേരം എന്റെ കൈത്തലത്തിന് മീതെ തണുത്ത് ഏറെ ദുര്‍ബലമായ ഒരു കൈ അമര്‍ന്നു.
ഞാന്‍ നോക്കി. ഒട്ടും പരിചയമില്ലാത്ത മുഖം. നരച്ച പുരികങ്ങള്‍ക്കു താഴെ അസ്തമയത്തിന്റെ ഒരു തെളി. ഇടതൂര്‍ന്ന താടിമീശ. ആളെ തിരിച്ചറിയാനായില്ലെങ്കിലും ഞാനയാളെ നോക്കി ചിരിച്ചു. അപ്പോൾ ഒരു പതിഞ്ഞ ശബ്ദം അയാളില്‍നിന്ന് കേട്ടു; ‘കഥയില്ലാത്തവന്.’