കർഷകന്റെ കണ്ണീർ ആരു കാണും?
Friday, September 12, 2025 3:56 AM IST
ക്ഷീണിക്കുന്ന ക്ഷീര ജീവിതം / സിജോ പൈനാടത്ത്
“നാട്ടുകാർ നല്ല പാൽ കുടിക്കേണ്ടെന്ന് അധികാരികൾ തീരുമാനിച്ചാൽ പിന്നെ, സ്ഥാപനം അടച്ചുപൂട്ടുകയല്ലാതെ ഞങ്ങൾക്കു മുന്നിൽ വേറെ വഴിയില്ല. പ്രളയകാലം മുതൽ കഴിഞ്ഞ ദിവസംവരെ അറുപതു കുടുംബങ്ങൾക്കു ശുദ്ധമായ പാൽ ലഭ്യമാക്കിവന്ന സ്ഥാപനം ഇനിയില്ല! ഞങ്ങൾ ഇതു നിർത്തുകയാണ്!”
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനടുത്ത് കരിങ്ങാംതുരുത്തിൽ പ്രവർത്തിച്ചിരുന്ന ആലങ്ങാട് കൊങ്ങോർപ്പിള്ളി റസിഡന്റ്സ് അസോസിയേഷൻ (കെകെആർഎ) ക്ഷീര സൊസൈറ്റിയുടെ പ്രസിഡന്റ് പോളി പുതുശേരി, ലീഗൽ മെട്രോളജി ഓഫീസറുടെ കാര്യാലയത്തിനു മുന്നിൽ നിന്ന് ഇതു പറയുന്പോൾ ആ വാക്കുകളിൽ നിരാശയും രോഷവും.
റസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെട്ട കർഷകർ ഉത്പാദിപ്പിക്കുന്ന പാൽ ശേഖരിച്ച്, അര ലിറ്റർ പാക്കറ്റുകളിലാക്കിയാണു കെകെആർഎ ക്ഷീരസൊസൈറ്റിയിൽ വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി അധികൃതരെത്തി സൊസൈറ്റി അടച്ചുപൂട്ടി. പാക്കറ്റിൽ എംആർപിയും പാക്കിംഗ് തീയതിയും രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
പ്രളയത്തിൽ പശുക്കളെ നഷ്ടമായ കർഷകർ ഒരുമിച്ചുകൂടി ഫാം തുടങ്ങിയെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല. ഫാമിലെ പശുക്കളെ അസോസിയേഷനിലെ അംഗങ്ങൾ വാങ്ങി, സൊസൈറ്റി വഴി പാൽ വിതരണം ചെയ്തു.
പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയോളം ഇതുവരെ ചെലവഴിച്ചെന്നു പോളി. ഒരു രൂപ പോലും ലാഭമില്ല. കിട്ടുന്നതു പാൽ അളക്കുന്ന കർഷകർക്കു മടക്കി നൽകും. പാൽ വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ മൂന്നു ജീവനക്കാർക്കു വരുമാനവും കിട്ടിയിരുന്നു.
ഇപ്പോൾ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികാരികൾ ഇതു നിർത്തിച്ചത്. അഞ്ചു വർഷത്തിലധികം പ്രവർത്തിച്ചപ്പോഴൊന്നും ഇത്തരമൊരു നിലപാട് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോൾ ക്ഷീരകർഷകരോടും സൊസൈറ്റിയോടും അവരിങ്ങനെ ചെയ്യുന്നതെന്താണ്? ഇങ്ങനെയൊക്കെയാണു സമീപനമെങ്കിൽ എങ്ങനെ ക്ഷീരകർഷകരും അവരെ പിന്തുണയ്ക്കുന്നവരും പിടിച്ചുനിൽക്കും- പോളിയുടെ ചോദ്യം.
പ്രശ്നങ്ങൾ പലവഴി
പാലിനു സർക്കാർ സംവിധാനങ്ങളിൽനിന്നു ന്യായമായ വില കിട്ടാത്ത സാഹചര്യത്തിലാണ് വിവിധ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രാദേശികമായ സംഭരണ, വിപണന സംവിധാനങ്ങൾ ആരംഭിച്ചത്. പലയിടത്തും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ന്യായമായ വില കർഷകനും ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്കും ഇത്തരം കൂട്ടായ്മകളിലൂടെ ലഭ്യമായി. എന്നാൽ, ചിലയിടങ്ങളിൽ നിയമത്തിന്റെ നൂലിഴകൾ പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥർ കർഷകവിരുദ്ധ നിലപാടാണു സ്വീകരിക്കുന്നതെന്നാണു പരാതി.
വ്യാധികൾ, ആധികൾ
കന്നുകാലികളുടെ ആരോഗ്യസുരക്ഷയ്ക്ക് ഇന്ന് സംവിധാനങ്ങളേറെയുണ്ടെങ്കിലും രോഗങ്ങൾക്കു കുറവില്ല. അന്യസംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന കന്നുകാലികൾക്ക് വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കാതെവരുന്നത് പലവിധ രോഗങ്ങളിലേക്കും ഉത്പാദനക്കുറവിലേക്കും വഴിതെളിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ പാലുത്പാദനത്തിൽ കുറവു വരുത്തുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കാർഷിക മന്ത്രാലയത്തിന്റെ 2023-24ലെ കണക്കുകൾ പ്രകാരം ചർമമുഴ രോഗംകൊണ്ടു മാത്രം രാജ്യത്തെ പാലുത്പാദനത്തിൽ 12 ശതമാനത്തിന്റെ കുറവുണ്ടായെന്നു വ്യക്തമായിട്ടുണ്ട്. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14,000 കോടി രൂപയിലധികമാണ്. കുളമ്പുരോഗം, കുരലടപ്പൻ എന്നീ സാംക്രമിക രോഗങ്ങൾ പശുക്കളിൽ പാലുത്പാദനം ഗണ്യമായി കുറയ്ക്കും. ക്ഷീരസന്നി, വന്ധ്യത, ത്വക് രോഗങ്ങൾ, പോഷകക്കുറവ് മുതലായവയും പാലുത്പാദനത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. പാലിനു വില കൂട്ടുകയാണ് ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യം. ഉടൻ വില കൂട്ടുമെന്നു പറഞ്ഞിട്ടെന്തായി? അതേക്കുറിച്ചു നാളെ.
തീറ്റയ്ക്കു തീവില
നഗരവത്കരണത്തിന്റെ സ്വഭാവങ്ങൾ ഗ്രാമീണ മേഖലകളിലേക്കുകൂടി വ്യാപകമായതു ക്ഷീരമേഖലയെയും ബാധിച്ചിട്ടുണ്ട്. കന്നുകാലികളെ അഴിച്ചുകെട്ടാനും തീറ്റ നൽകാനും പാടങ്ങളും പറന്പുകളും ഇല്ലാതായ സ്ഥിതി കർഷകരുടെ സങ്കടമാണ്.
പുല്ല് കിട്ടാതാകുന്പോൾ, വലിയ വിലയ്ക്കു കാലിത്തീറ്റ വാങ്ങി പശുവിനു കൊടുക്കേണ്ടിവരുന്നത് കർഷകന്റെ നടുവൊടിക്കുകയാണ്. കാലിത്തീറ്റകളുടെ വില 1,600 രൂപവരെയെത്തി. കെഎസ് കാലിത്തീറ്റയ്ക്ക് 1,600 രൂപയാണ് വില.
കേരള ഫീഡ്സ്-1,600, മിൽമ ഗോമതി-1,550. ഒരുകിലോ പരുത്തിപ്പിണ്ണാക്ക് കിട്ടാൻ 40-47 രൂപ നൽകണം. ഗോതമ്പുപൊടിക്ക് 30-35, വയ്ക്കോലിന് 30-35 (ഒരു തിരി) രൂപയും വേണം. കറവക്കാരുണ്ടെങ്കിൽ അവർക്കുകൂടി പണം നൽകുന്നതോടെ കർഷകന്റെ പോക്കറ്റ് കാലിയാവുന്ന സ്ഥിതി.
(തുടരും)