ജെൻ സി വിപ്ലവവും ഫ്രാൻസ് ഫാനന്റെ പ്രവചനവും
പ്രഫ. ഡോ. പി.ജെ. തോമസ്
Friday, September 12, 2025 4:04 AM IST
ജെൻ സി വിപ്ലവം നേപ്പാളിൽ ഭരണമാറ്റം സൃഷ്ടിച്ചിരിക്കുന്നു. ഇതിനു മുമ്പ് ശ്രീലങ്കയിലും ബംഗ്ലാദേശിലും സമാനമായ സംഭവങ്ങൾ നടന്നു. ഈ പുതുതലമുറ യുവത്വം എന്തുകൊണ്ടാണ് ഇത്ര എളുപ്പത്തിൽ, ഇത്ര ശക്തമായ അക്രമവും ബലപ്രയോഗവുംകൊണ്ട് ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് എന്നത് വിസ്മയകരമാണ്.
ഒരുപക്ഷേ, പഴയ തലമുറയിൽപ്പെട്ടവർക്ക് ഇത് അചിന്തനീയവും അദ്ഭുതമുളവാക്കുന്നതും ഞെട്ടിക്കുന്നതും ആയേക്കാം. ഈ രാജ്യങ്ങൾക്കെല്ലാംതന്നെ പൊതുവായുള്ളത് ഇവയെല്ലാം ബ്രിട്ടന്റെ നേരിട്ടുള്ള മുൻകാല കോളനികളോ ബ്രിട്ടനുമായി ഏതെങ്കിലും ഒത്തുതീർപ്പുണ്ടാക്കി ഭരണം നടത്തിയ പ്രദേശങ്ങളോ ആയിരുന്നു എന്നതാണ്. പ്രത്യേകിച്ചും നേപ്പാൾ രാജാധികാര രാഷ്ട്രമായിരുന്നെങ്കിലും അവിടത്തെ ഭരണാധികാരികൾ ബ്രിട്ടീഷ് കൊളോണിയൽ ശക്തിയുടെ പിൻബലത്തിൽ ഭരണം നടത്തിയവരായിരുന്നു.
കോളനിവാഴ്ച കാലഘട്ടത്തിലും അതിൽനിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷവും ഇവിടെയൊക്കെ നടന്നിട്ടുള്ള, നടക്കാൻ ഇടയുള്ള സംഭവങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള എക്കാലത്തെയും മികച്ച പോസ്റ്റ് കൊളോണിയൽ ചിന്തകനാണ് ഫ്രാൻസ് ഫാനൺ. കറുത്ത വർഗക്കാരനായി ഫ്രഞ്ച് കോളനിയായ അൽജീരിയയിൽ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽതന്നെ കോളനിവത്കരണത്തിന്റെ മനഃശാസ്ത്ര വശമാണ് അദ്ദേഹം കൂടുതലും വിശദീകരിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും മുൻകാല കോളനികളിലും അതുപോലെയുള്ള ഭരണപ്രദേശങ്ങളിലും നടക്കുന്നത് എന്നുള്ളത് പഠനാർഹമാണ്; പ്രത്യേകിച്ച് ഇന്ത്യയും ഒരു മുൻകാല കോളനിയായതുകൊണ്ട്.
ഫാനന്റെ പഠനം
ഫാനന്റെ പഠനത്തിൽ കോളനിവാഴ്ചക്കാലത്ത് കോളനിവാസികൾ അതിനിഷ്ഠുരമായ മനുഷ്യത്വരാഹിത്യത്തിനും അക്രമത്തിനും വിധേയരായിട്ടുണ്ട്. ഇത് ശാരീരികപീഡനത്തിനപ്പുറം അചിന്തനീയമായ മാനസിക മുറിവുകൾ ഉണ്ടാക്കി. “റെച്ചഡ് ഓഫ് ദ ഏർത്’’ എന്നാണ് ഫാനൻ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴാകട്ടെ ഭരണാധികാരികളായി വന്നത് കോളനിയിലെ ദേശീയ ബൂർഷ്വകൾ എന്നറിയപ്പെടുന്ന വരേണ്യവർഗമാണ്. അവരാകട്ടെ കൊളോണിയൽ ഭരണകർത്താക്കളുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയതിന്റെ ഗുണഭോക്താക്കളായിരുന്നു. അതുകൊണ്ട് പുറമെ തദ്ദേശീയരായി കാണപ്പെട്ടെങ്കിലും കോളനി ഭരണകർത്താക്കളുടെ മോശമായ പതിപ്പുകളായിരുന്നു. അവരുടെ പകരക്കാരായി അവരേക്കാൾ മോശമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അവർ എല്ലാ അർഥത്തിലും കൊളോണിയൽ യജമാനന്മാരെ അവരേക്കാൾ മോശമായി അനുകരിച്ചു.
ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ഉപകാരപ്രദമായ വികസനപ്രവർത്തനങ്ങളോ വിദ്യാഭാസ പ്രവർത്തനങ്ങളോ മറ്റു സൗകര്യങ്ങളോ ചെയ്തുകൊടുക്കാതെ, ദേശീയ ഗാനത്തിലും പതാകയിലും മാറ്റങ്ങൾ വരുത്തി വലിയ ദേശീയതയായി അതിനെ ആഘോഷിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി. ചുരുക്കത്തിൽ, വേറൊരുതരം പുതിയ കൊളോണിയലിസമായി ഭരണം അധഃപതിച്ചു. പക്ഷേ ഭരണകർത്താക്കളോടുള്ള വെറുപ്പും പ്രതിഷേധവും എല്ലായ്പോഴും ജനങ്ങൾ തങ്ങളുടെ മനസിൽ സൂക്ഷിച്ചു. പ്രത്യേകിച്ചും കൊളോണിയൽ ഭരണകർത്താക്കളുടെ ആർഭാടവും അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സ്വേച്ഛാധിപത്യ പ്രവണതകളും പുതിയ ഭരണകർത്താക്കളും പിന്തുടർന്നു. ഇതിനോടൊക്കെ പ്രതിഷേധം ഉണ്ടങ്കിലും ഒരു കൊളോണിയൽ വിധേയമനസ് തങ്ങൾക്കുള്ളതുകൊണ്ടും ദേശീയത ഒരു വികാരമായി ജനങ്ങളിൽ വളർന്നതുകൊണ്ടും ഈ ഭരണവൈകല്യങ്ങളെയെല്ലാം ജനം സഹിച്ചു എന്നുള്ളതാണ് ഇതിന്റെ മനഃശാസ്ത്രം.
ഭരിക്കുന്ന ഒരു വലിയ വർഗം ഉടലെടുത്തു. ഈ ഭരണവർഗവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം അടിക്കടി വർധിച്ചു. ഒരുപക്ഷേ, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ളതിനേക്കാൾ അസമത്വം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലാണെന്നുള്ളത് ഭീകരമായ വെറുപ്പും പ്രതിഷേധവും ജനങ്ങളിൽ ഉണ്ടാക്കി. എന്നാലും, ഭരണകർത്താക്കൾ കൊളോണിയൽ യജമാനന്മാരുടെ സ്ഥാനത്തായതുകൊണ്ട് ജനങ്ങൾക്ക് ഒരുതരം യാന്ത്രിക അനുസരണവും വിധേയത്വവും ഉണ്ടായി.
എന്നാൽ ഫാനന്റെ അഭിപ്രായത്തിൽ, ഭീകരമായ പ്രതിഷേധവും അക്രമവുംകൊണ്ടു മാത്രമേ ഈ ദുഃസ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ. അങ്ങനെ അക്രമത്തിൽകൂടി മാത്രമേ പൂർണമായ അപകോളനീകരണം സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ അക്രമം സൃഷ്ടിപരമായി മാറുന്നു. ഇങ്ങനെ മാത്രമേ ഭരണകർത്താക്കളെ സ്വന്തം രാജ്യഭരണകർത്താക്കളാക്കി മാറ്റാൻ സാധിക്കൂ, പുതിയ തദ്ദേശ ഭരണകർത്താക്കൾ ഉദയം ചെയ്യൂ. അങ്ങനെ മാത്രമേ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം കുറയൂ. അപ്പോഴാണ് അപകോളനീകരണം (decolonisation) പൂർണമാകുന്നത്.
അപകോളനീകരണത്തിന്റെ ഭാഗം
ജെൻ സി വിപ്ലവം അത്തരത്തിൽ അപകോളനീകരണത്തിന്റെ ഭാഗമാണ് എന്നു വേണം കരുതാൻ. കൊളോണിയൽ അടിമത്ത മനോഭാവത്തിൽനിന്ന് പൂർണമായും മോചിതരായ തലമുറയാണ് ജെൻ സി. ഭരണവർഗ ധൂർത്തും അധികാര ദുർവിനിയോഗവും ചോദ്യം ചെയ്യാൻ പ്രാപ്തരും സ്വന്തം ഭാവിയെ നിർണയിക്കാൻ ഉത്തരവാദപ്പെട്ടവരും തികച്ചും അപകോളനീകരിക്കപ്പെട്ടവരുമാണ് അവർ. കൊളോണിയലിസത്തിന്റെ അവശേഷിപ്പുകൾ അവരിൽ ഇല്ലെന്നു സാരം. അതുകൊണ്ട് ഭരണവർഗത്തെ നിശിതമായി നേരിടാനും വേണ്ടിവന്നാൽ പുറത്താക്കാനും അവർക്ക് ഒരു മടിയുമില്ല.
കൊളോണിയൽ കാലഘട്ടത്തിലെ അധികാര ഗിമ്മിക്കുകൾക്കൊണ്ടൊന്നും പുതിയ തലമുറയെ അടക്കിനിർത്താൻ സാധിക്കുകയില്ല എന്നർഥം. ഇതിന്റെ ഭാഗമായ കണ്ണഞ്ചിപ്പിക്കുന്ന വലിയ സുരക്ഷയോ അംഗരക്ഷകരോ പട്ടാളമോ മണിമന്ദിരങ്ങളോ അധികാരചിഹ്നങ്ങളോ ഒന്നും പുതിയ തലമുറ വകവയ്ക്കില്ല എന്നതിന്റെ തെളിവാണ് ഈ വിപ്ലവങ്ങൾ. ഫാനൻ പ്രവചിച്ചതുപോലെ അക്രമത്തിലൂടെയുള്ള അപകോളനീകരണത്തിന്റെ മുഹൂർത്തമായി വേണം ഇത്തരം കലാപത്തെ മനസിലാക്കാൻ. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മുതലാളിത്ത രാജ്യങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുന്ന, കോർപറേറ്റ് സംവിധാനങ്ങളുടെ ലാഭം മാത്രം ഉറപ്പാക്കുന്ന, അതുവഴി അധികാരത്തിൽ തുടരാമെന്നും വേണ്ടിവന്നാൽ സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ നടപ്പാക്കാമെന്നും ചിന്തിക്കുന്ന, തദ്ദേശീയ ജനങ്ങളുടെ ആവശ്യങ്ങൾ മറക്കുന്ന, എഴുപതും എൺപതും കഴിഞ്ഞ ഭരണാധികാരികൾക്കും ഭരണശൈലിക്കും ഉള്ള താക്കീതായി വേണം നേപ്പാൾ കലാപത്തെ കാണാൻ.
സ്വന്തം രാജ്യം വികസിച്ചുകാണാനും അങ്ങനൊരു രാജ്യത്ത് ജീവിക്കാനുമുള്ള പുതുതലമുറയുടെ നിശ്ചയദാർഢ്യമാണിത്. അതിന് തടസം നിൽക്കുന്ന എന്തിനെയും അവർ ചോദ്യംചെയ്യും, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കും. മുതിർന്ന തലമുറയുടെ കൊളോണിയൽ മൂല്യബോധങ്ങളൊന്നും അവരിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. അവരിലേക്ക് അധികാരം സാവധാനത്തിൽ കൈമാറുകയെന്നുള്ളതാണ് പരിഹാരം.
75 കഴിഞ്ഞാലും അധികാരത്തിൽ തുടരണോ എന്നുള്ളതൊക്കെ തീർത്തും അപ്രസക്തമായ ചർച്ചകളായി മാറിക്കഴിഞ്ഞു. ഇത്തരം ആൾക്കാർ ഇപ്പോഴും ഭരണത്തിൽ തുടരുന്നതും യുവത്വത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വിരോധാഭാസം തന്നെയാണ്. രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് അനിവാര്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയിലെ ജെൻ സികളും മറിച്ചു ചിന്തിക്കാൻ വഴിയില്ല.
ഭരണകർത്താക്കൾ ഇതുകൂടി പരിഗണിച്ചു ഭരണമാറ്റങ്ങൾ നടത്തിയാൽ നന്ന്. അല്ലാത്തപക്ഷം നമ്മെയും കാത്തിരിക്കുന്നത് മറ്റൊരു ഭാവിയല്ല എന്നോർക്കുന്നത് ഉചിതം.