ക്ഷീരമേഖലയിൽ വിടരണം, നീതിയുടെ പുലരി
Saturday, September 13, 2025 12:41 AM IST
ക്ഷീണിക്കുന്ന ക്ഷീര ജീവിതം/ സിജോ പൈനാടത്ത്
2022 ഡിസംബറിലാണു സംസ്ഥാനത്ത് അവസാനമായി പാലിന്റെ വില വർധിപ്പിച്ചത്. അന്ന് ലിറ്ററിന് ആറു രൂപ കൂട്ടി. 2019 സെപ്റ്റംബറിൽ ലിറ്ററിന് നാലു രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ മിൽമ പാൽ വില (ടോൺഡ് മിൽക്) ലിറ്ററിന് 52 രൂപ. ഉത്പാദന ചെലവ് കൂടിയ സാഹചര്യത്തിൽ പാൽ വില വർധിപ്പിക്കണമെന്ന് ഏതാനും വർഷങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ട്. ലിറ്ററിനു ചുരുങ്ങിയത് 65 രൂപയായി ഉയർത്തണമെന്നതാണു കർഷകരുടെ ആവശ്യം.
മിൽമ ഫെഡറേഷനാണ് സംസ്ഥാനത്തു പാലിന്റെ വില പുതുക്കാൻ തീരുമാനമെടുക്കേണ്ടത്. ഈ തീരുമാനത്തിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയാണ് പതിവ്. ഫെഡറേഷന്റെ ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ ജൂലൈയിൽ വിഷയം ചർച്ച ചെയ്തെങ്കിലും വില വർധിപ്പിക്കാൻ മടിച്ചു. ഇത് ക്ഷീരകർഷകരെയും സംഘടനകളെയും നിരാശപ്പെടുത്തി.
മിൽമ ഫെഡറേഷനിൽ സംസ്ഥാനത്തു മൂന്നു മേഖല യൂണിയനുകളുണ്ട്. ഇതിൽ മധ്യകേരളത്തിലെ ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലാ യൂണിയൻ പാൽവില ലിറ്ററിനു 10 രൂപ വർധിപ്പിക്കണമെന്ന പരസ്യനിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉത്പാദന ചെലവിനനുസരിച്ചു പാലിനു വില കൂട്ടണമെന്ന നിലപാടിലാണ് തിരുവനന്തപുരം യൂണിയൻ. എന്നാൽ 10 രൂപ കൂട്ടണമെന്ന നിലപാട് തിരുവനന്തപുരത്തിനില്ല. അതേസമയം, പാൽവില വർധിപ്പിക്കേണ്ടെന്ന നിലപാടാണ് മലബാർ യൂണിയൻ സ്വീകരിച്ചത്.
കൂട്ടുമോ ഇല്ലയോ
സംസ്ഥാനത്തു പാൽവില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടോയെന്നതു പഠിക്കാൻ മിൽമ ഫെഡറേഷൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഞ്ചുപേരുൾപ്പെട്ട സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നറിയിച്ചെങ്കിലും ഫെഡറേഷൻ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സമിതിയുടെ റിപ്പോർട്ട് ഫെഡറേഷന്റെ ബോർഡ് യോഗത്തിൽ അവതരിപ്പിച്ചശേഷമാകും വിലവർധന സംബന്ധിച്ചു തീരുമാനിക്കുകയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
സെപ്റ്റംബർ 15ന് മിൽമ ഫെഡറേഷൻ ബോർഡ് യോഗവും പിറ്റേന്നു വാർഷിക ജനറൽ ബോഡി യോഗവും നടക്കും. ഇതിൽ പാൽവില വർധന തീരുമാനമുണ്ടാകുമെന്നാണു കർഷകരുടെ പ്രതീക്ഷ. ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടിയേക്കും. അതിലധികം വർധനയുണ്ടായാലേ പിടിച്ചുനിൽക്കാനാകൂ എന്നു കർഷകർ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ പാൽവില വർധിപ്പിക്കുന്നത് ക്ഷീണമാകുമെന്നു സർക്കാരിനോട് ആഭിമുഖ്യമുള്ള വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പാർലമെന്ററി സമിതി പറഞ്ഞത്
പാലിനു വില കൂട്ടുന്പോൾ കർഷകർക്ക് എന്തുകിട്ടും? ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകനു മിൽമ പാലിന്റെ വിപണിവില (ഇപ്പോൾ ലിറ്ററിന് 52 രൂപ) കിട്ടില്ല. അതേസമയം പ്രാദേശികമായി പാൽ വിൽപന നടത്തുന്നവർക്ക് വിപണിവിലയോ കൂടുതലോ ലഭിക്കും.
അടുത്തിടെ കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരംസമിതി കേന്ദ്രസർക്കാരിനു മുന്നിൽവച്ച നിർദേശങ്ങളിൽ പാൽവില വർധന സംബന്ധിച്ചുള്ളതും ഉണ്ടായിരുന്നു. പാലിന്റെ വില വർധിപ്പിക്കുന്പോൾ അതു ക്ഷീരകർഷകർക്കു നേട്ടമുണ്ടാകുന്ന രീതിയിലാകണമെന്നതായിരുന്നു പ്രധാനപ്പെട്ട ഒരു ശിപാർശ. കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ പാൽ വിലവർധന കർഷകർക്കു കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നാണു സമിതിയുടെ കണ്ടെത്തൽ.
സഹകരണ സംഘങ്ങളിലും സ്വകാര്യ ഡെയറികളിലും പാൽ നൽകുന്ന ക്ഷീരകർഷകർക്കു പാലിനു മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യോത്പന്നങ്ങളുടെ വിലയ്ക്ക് ആനുപാതികമായി പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വില വർധിക്കുന്നില്ല. ഭക്ഷ്യോത്പന്നങ്ങൾക്ക് ആറു ശതമാനം വില വർധിച്ചപ്പോൾ പാൽ, പാലുത്പന്ന വില 1.6 ശതമാനമാണു വർധിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി.
ഒരു ലിറ്റർ പാലിന് 56 രൂപ ഉത്പാദനച്ചെലവ് വരുമെന്നാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ ശാസ്ത്രീയപഠനത്തിൽ പറയുന്നത് (ചെലവ് അതിൽ കൂടുമെന്നു ചെറുകിട കർഷകർ). സൊസൈറ്റികളിൽനിന്നു കർഷകർക്കു ലഭിക്കുന്നത് ലിറ്ററിന് 40-43 രൂപയാണ്.
പശുവിന്റെ പാൽ നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ്. അതോടൊപ്പം അതുത്പാദിപ്പിക്കാൻ വിയർപ്പൊഴുക്കുന്ന കർഷകന്റെ ആകുലതകളും ആവശ്യങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം.
നമുക്കായി നേരത്തേ ഉണരുന്നവർ...
എന്നും പുലർച്ചെ നമ്മളുണരുംമുന്പേ എഴുന്നേറ്റു തൊഴുത്തിലെത്തി, പശുക്കളെ സ്നേഹത്തോടെ പരിചരിച്ച്, പാൽ കറന്നു, നേരം വെളുക്കുന്പോഴേക്കും ആവശ്യക്കാരിലേക്കെത്തിക്കുകയാണു നമുക്കു ചുറ്റുമുള്ള ക്ഷീരകർഷകർ. ഓരോ ദിനവും കന്നുകാലികളുടെ പരിചരണത്തിനായി അവർ പല യാത്രകളും ആഘോഷങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്.
നമുക്കായിക്കൂടി നേരത്തേ ഉണരുന്ന ക്ഷീരകർഷകർ, തങ്ങളുടെ മേഖലയിൽ പ്രത്യാശാഭരിതമായ പുലരികൾ സ്വപ്നം കാണുന്നുണ്ട്. അതവർക്കായി ഒരുക്കി നൽകുന്നതിലാണു കാലത്തിന്റെ നീതി.
കേരള ഡയറി ഫാർമേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്ന ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ
1. ഉയർന്നുകൊണ്ടിരിക്കുന്ന കാലിത്തീറ്റ വില.
2. തൊഴിലാളികളുടെ കൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർധന.
3. പുല്ല് കൃഷി ചെയ്യാനുള്ള അധികചെലവും കാലാവസ്ഥാമാറ്റം മൂലം പുല്ലു നശിച്ചുപോകുന്നതും.
4. വെറ്ററിനറി സേവനങ്ങൾക്കുണ്ടായ അധികനിരക്ക്.
5. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയ ചെലവ്.
6. വൈദ്യുതി, വെള്ളം എന്നിവയുടെ കൂടിയ ചാർജും ലഭ്യതക്കുറവും.
7. കാലിത്തൊഴുത്തിലേക്ക് ആവശ്യമായ മെഷീനുകൾ, അതിന്റെ പാർട്സ് എന്നിവയുടെ വിലക്കയറ്റം.
8. മിൽമ പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ല.
പശുവളർത്തൽ മെച്ചപ്പെടുത്താൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയ നിർദേശങ്ങൾ
1. പശുവിനു തീറ്റച്ചെലവ് കുറയ്ക്കാൻ ഫോഡർ ബാങ്കുകളും സൈലേജ് ഉത്പാദനവും പ്രോത്സാഹിപ്പിക്കണം.
2. തരിശുനിലങ്ങളിലും വലിയ വൃക്ഷങ്ങളുടെ ഇടവിളയായും തീറ്റപ്പുൽ വളർത്തൽ
പ്രോത്സാഹിപ്പിക്കണം.
3. ചെറുകിട കർഷകർക്ക് സൊസൈറ്റികൾ മുഖേന സമീകൃത കാലിത്തീറ്റ നൽകണം.
4. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.
5. ക്ഷീരകർഷകരെ പോർട്ടബിൾ മിൽക്കിംഗ് മെഷീൻ ഉപയോഗിക്കാൻ പരിശീലിപ്പിക്കണം.
6. പശുവളർത്തൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം.
7. പ്രതിരോധ കുത്തിവയ്പ്പുകൾ സമയബന്ധിതമായി നടപ്പാക്കണം.
8. കന്നുകാലികൾക്ക് കൃത്യസമയത്ത് ശാസ്ത്രീയചികിത്സ ഉറപ്പാക്കണം.
കർഷകർക്കൊപ്പമെന്ന് മിൽമ
ക്ഷീരകർഷകരുടെ ക്ഷേമത്തിന് മിൽമ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ പാലുത്പാദനം വർധിപ്പിക്കാനും കർഷകരെ പ്രോത്സാഹിപ്പിക്കാനും മിൽമയും സർക്കാരും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പല പദ്ധതികൾക്കും ആവശ്യമായ തുക സർക്കാർ വകയിരുത്തുന്നില്ല. ക്ഷീരമേഖലയ്ക്കു സർക്കാർ കൂടുതൽ കരുതലും ഫണ്ടും ലഭ്യമാക്കണം.
സബ്സിഡികൾ ലഭിക്കുന്നതിനു വരുമാനപരിധി ഉൾപ്പെടെ അശാസ്ത്രീയ മാനദണ്ഡങ്ങൾ ഒഴിവാക്കണം. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ പരിപാടികൾക്കു മിൽമയുടെ പാൽ നിർബന്ധമാക്കണം. പാലിനു 10 രൂപ വർധിപ്പിക്കണമെന്നതാണു മിൽമ എറണാകുളം മേഖല യൂണിയന്റെ നിലപാട്. അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്കു മേഖലാ യൂണിയനും നീങ്ങേണ്ടിവരും.
സി.എന്. വത്സലന്പിള്ള, മിൽമ, എറണാകുളം മേഖല യൂണിയൻ ചെയര്മാന്
സഹായം കർഷകരിലെത്തണം
ക്ഷീരകർഷകരെ സഹായിക്കാൻ ക്ഷീരവികസന വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലം കർഷകരിലേക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പശു, കറവയന്ത്രം എന്നിവയെല്ലാം വാങ്ങുന്നതിനുൾപ്പെടെ അനുവദിക്കുന്ന തുകയുടെ പ്രധാന ഗുണഭോക്താക്കൾ പലപ്പോഴും ഇടനിലക്കാരാണ്.
കറവയന്ത്രത്തിനോ മാറ്റിനോ എംആർപി അടിസ്ഥാനമാക്കി നിശ്ചിത തുക സബ്സിഡി നൽകുന്നതുകൊണ്ടു കർഷകനു കാര്യമായ പ്രയോജനമില്ല. പാൽ അളക്കുന്നതിന് ആനുപാതികമായി പ്രതിവർഷം കർഷകർക്കു സഹായം ഇൻസെന്റീവായി നൽകണം. സർക്കാരും മിൽമയും ഈ രീതി അവലംബിച്ചാൽ കർഷകർക്കു ഗുണം ചെയ്യും.
ബെന്നി കാവനാൽ, തൊടുപുഴ ക്ഷീരകർഷകൻ, കേരള ഡെയറി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
(അവസാനിച്ചു)