പറക്കട്ടെ, വെള്ളരിപ്രാവുകൾ
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, September 13, 2025 12:48 AM IST
നീതി വൈകുന്നതു നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണെന്ന അർഥത്തിൽ ഇംഗ്ലീഷിൽ വിഖ്യാതമായൊരു ചൊല്ലുണ്ട്. നിയമനടപടികൾ വളരെയധികം സമയമെടുക്കുന്പോൾ, ആത്യന്തികമായി ഫലം അനുകൂലമാണെങ്കിൽപോലും, നീതി തേടുന്നയാൾക്ക് അതിന്റെ മൂല്യവും അർഥവും നഷ്ടപ്പെടുന്നുവെന്നു ചുരുക്കം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വലിയ കാലതാമസം നീതിയുടെ പൂർണമായ നിഷേധം പോലെ ദോഷകരമായിരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റോണ് 1800കളിൽ പറഞ്ഞ കാര്യം ഇപ്പോഴും പ്രസക്തമാണ്.
വൈകിയെങ്കിലും സ്വാഗതാർഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മണിപ്പുർ സന്ദർശിക്കുകയാണ്. 2023 മേയ് മൂന്നിന് മണിപ്പുരിൽ കലാപം തുടങ്ങിയശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. വെറും മൂന്നു മണിക്കൂറാണ് മോദിയുടെ മണിപ്പുരിലെ സന്ദർശനം. മൂന്നൂറിലേറെ പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും 70,000ലേറെ പേർ ഭവനരഹിതരാവുകയും ചെയ്ത കലാപം തുടങ്ങി 27 മാസങ്ങൾക്കുശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ വൈകി. എങ്കിലും സമാധാനത്തിലേക്കുള്ള ഏതൊരു നീക്കവും സുപ്രധാനമാകും. രണ്ടേകാൽ വർഷത്തിലേറെയായി തുടരുന്ന അശാന്തിക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാക്കുകയാണു പ്രധാനം.
ഇന്ത്യയുടെ ഭരണത്തലവന്റെ മണിപ്പുർ സന്ദർശനം പലതുകൊണ്ടും സ്വാഗതാർഹമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പുരിലെ കുക്കി സംഘടനകളും മോദിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
കുന്നുകളിലും താഴ്വരയിലും
സംസ്ഥാന തലസ്ഥാനവും മെയ്തെയ്കളുടെ കേന്ദ്രവുമായ ഇംഫാലിലും കുക്കി ഗോത്ര വിഭാഗങ്ങളുടെ കേന്ദ്രമായ ചുരാചന്ദ്പുരിലും പ്രധാനമന്ത്രി സന്ദർശിക്കുന്നതു നല്ല കാര്യമാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ഇരുപക്ഷത്തെയും കലാപബാധിതരെ മോദി സന്ദർശിക്കും. ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും ഇംഫാലിലെ കാംഗ്ല കോട്ടയിലും പ്രധാനമന്ത്രി പ്രസംഗിക്കും.
മണിപ്പുരിലെ വിവിധജില്ലകളിലായുള്ള 280ലധികം ദുരിതാശ്വാസ ക്യാന്പുകളിലായി ഏകദേശം 57,000 ആളുകൾ ഇപ്പോഴും താമസിക്കുന്നുവെന്നാണു സർക്കാർ കണക്ക്. ദുരിതബാധിതരിൽ മഹാഭൂരിപക്ഷവും കുക്കി സോ വംശജരാണ്. ദുരിതാശ്വാസ ക്യാന്പുകളും കൂടുതൽ മെയ്തെയ് കുന്നുകളിലാണ്. ഭൂരിപക്ഷ മെയ്തെയ്കളിലും ഇരകളേറെയുണ്ട്. മെയ്തെയ്കൾക്കു സർക്കാരിന്റെയും പോലീസിന്റെയും പിന്തുണ ഉണ്ടായെന്നതു വലിയ രഹസ്യമല്ല.
മൂന്നു മണിക്കൂറിനു നീളമേറെ
അയൽസംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് ഉച്ചയ്ക്ക് 12.30ന് കുക്കി സോ ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലേക്കാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ചുരാചന്ദ്പുരിൽനിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ ഇംഫാലിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ മെയ്തെയ്കളുടെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കും. ഇംഫാലിൽ 1,200 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 7,300 കോടി രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യുമെന്നാണ് മണിപ്പുർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ അറിയിച്ചത്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കു പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നതാണ് മണിപ്പുരികൾ ഉറ്റുനോക്കുന്നത്.
രാഷ്ട്രപതി ഭരണം പാഴാകരുത്
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ കേന്ദ്രം നേരിട്ടാണു ഭരണം നടത്തുന്നത്. രാഷ്ട്രപതി ഭരണം നിലവിൽവന്ന ശേഷവും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ലെന്നതാണു ഖേദകരം. ബിരേൻ സിംഗിന്റെ റിമോട്ട് കണ്ട്രോളാണു പ്രശ്നമെന്നു കുക്കികൾ ആരോപിക്കുന്നു.
ഈ വർഷാവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളും അടച്ചുപൂട്ടുമെന്നും ഇതിനായി മൂന്നു ഘട്ടങ്ങളിലുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ. സിംഗ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനമല്ലാതെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഇനിയുമുണ്ടായിട്ടില്ലെന്ന് മെയ്തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു. ഇടയ്ക്കെങ്കിലും അക്രമങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.
മുറിവുണക്കുക പരമപ്രധാനം
മെയ്തെയ്കളും കുക്കികളും തമ്മിലുണ്ടായ വേർതിരിവിന്റെ ആഴം കുറയ്ക്കാനും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാനും ഇനിയും സർക്കാരിനു കഴിഞ്ഞിട്ടില്ല. മലയോരങ്ങളും താഴ്വാരങ്ങളും രണ്ടു വ്യത്യസ്ത രാജ്യങ്ങൾ പോലെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കുക്കി സോ ഗോത്ര വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള മലന്പ്രദേശ ജില്ലകൾക്കായി നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്നാണു കുക്കികളുടെ ആവശ്യം. ചുരുങ്ങിയതു പ്രത്യേക സ്വയംഭരണ സംവിധാനമെങ്കിലും വേണമെന്ന ആവശ്യത്തിൽഗോത്രജനത ഉറച്ചുനിൽക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽനിന്നുകൊണ്ടുതന്നെ സ്വതന്ത്ര ഭരണസംവിധാനം അനുവദിച്ചില്ലെങ്കിൽ ദീർഘകാല സമാധാനം കൈവരില്ലെന്ന് മണിപ്പുരിലെ സെയ്ത്തു മണ്ഡലത്തിൽനിന്നുള്ള കുക്കി എംഎൽഎ ഹാക്കോലത്ത് കിപ്ഗെൻ പറഞ്ഞു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഇതിനു വകുപ്പുണ്ടെന്നു മറ്റു കുക്കി എംഎൽഎമാരും പറയുന്നു. മെയ്തെയ്കളുടെ ഭരണത്തിൽ കീഴിൽ ഗോത്രജനതയ്ക്ക് വിശ്വാസമില്ല. മണിപ്പുർ സംസ്ഥാനത്തിനുള്ളിൽ കേന്ദ്രഭരണ പ്രദേശമോ, പ്രത്യേക സ്വയംഭരണ കൗണ്സിലോ അനുവദിക്കാനാകില്ലെന്നു ബിജെപി നേതാക്കളും മെയ്തെയ് സംഘടനകളും തറപ്പിച്ചു പറയുന്നു.
എസ്ഒഒ കരാർ ചെറുമീനല്ല
കുക്കി-സോ സായുധ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയതു സമാധാനത്തിലേക്കുള്ള ഒരു ചുവടാകും. മെയ്തെയ്കളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണു സെപ്റ്റംബർ രണ്ടിനു വിമത കുക്കി ഗ്രൂപ്പുകളുമായി സർക്കാർ എസ്ഒഒ കരാർ ഒപ്പുവച്ചത്.
സങ്കീർണതകളുടെ മണിപ്പുർ
ഗോത്രജനതയുടെ ഭൂമിയിലും തൊഴിൽ, വിദ്യാഭ്യാസ സംവരണ അവകാശങ്ങളിലും കടന്നുകയറാനുള്ള ഭൂരിപക്ഷ മെയ്തെയ്കളുടെ അതിമോഹം തുടങ്ങിവച്ച കലാപത്തിനുള്ള പരിഹാരം സമഗ്രമാകണം. അതിനു മുന്നോടിയായി മണിപ്പുരിനു രാഷ്ട്രീയ പരിഹാരം ആവശ്യമാണ്.
കുക്കി-സോ പ്രദേശങ്ങൾക്കു നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യത്തിൽ ഭാവി ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു എസ്ഒഒ കരാറിനെ തുടർന്നു സായുധ ഗ്രൂപ്പുകളും സർക്കാർ പ്രതിനിധികളും സമ്മതിച്ചതെന്നു കുക്കി സംഘടനകൾ അവകാശപ്പെട്ടു. ഇതിൽനിന്നു വ്യതിചലിക്കുന്നതാണു കേന്ദ്രസർക്കാരിന്റെ പത്രക്കുറിപ്പെന്നാണ് കുക്കി വിമത ഗ്രൂപ്പുകളുടെ വാദം. സർക്കാരിന്റെ വ്യതിചലനം കുക്കി സോ ഗോത്രങ്ങളുടെ വികാരങ്ങളെ ഗുരുതരമായി അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്) എന്നീ ഗ്രൂപ്പുകൾ പ്രസ്താവനയിൽ മുന്നറിയിപ്പു നൽകിയതു വെറുതെയാകില്ല.
ചർച്ചകളിലൂടെ വരട്ടെ, സമാധാനം
മണിപ്പുർ നേരിടുന്ന രാഷ്ട്രീയപ്രശ്നത്തിനുള്ള പരിഹാരമാകും പുതിയൊരു ജനാധിപത്യ സർക്കാർ. ബിരേൻ സിംഗിനെ പോലെയൊരു മുഖ്യമന്ത്രിയെ കുക്കികളും മെയ്തെയ്കളിലെ മിതവാദികളും അംഗീകരിക്കില്ല. എല്ലാവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുന്നതാകണം പുതിയ സർക്കാർ. സമാധാനത്തിനുള്ള ആദ്യപടിയെന്ന നിലയിൽ കലാപബാധിതരായ കുക്കി, മെയ്തെയ് ജനതകൾക്കായി പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കാം. മണിപ്പുരിൽ എത്രയുംവേഗം പൊതുസ്വീകാര്യനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനകീയ സർക്കാർ സ്ഥാപിക്കുക എന്നതും പരിഹാരങ്ങളിലൊന്നാകും. പ്രധാനമന്ത്രി മോദിയുടെ മണിപ്പുർ സന്ദർശനം ശുഭകരമായ പുതിയ തുടക്കമാകട്ടെ.