തൂക്കുകയർ തയാർ, കഴുത്തെവിടെ?
അലക്സ് ഒഴുകയിൽ
Sunday, September 14, 2025 12:44 AM IST
1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന മിക്കവാറും ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്നത് ഭൂമി പതിച്ചുകൊടുക്കുന്നത് കൃഷിക്കും വീട് വയ്ക്കാനുമായിട്ടാണ് എന്നാണ്. അന്നത്തെ സാഹചര്യത്തിൽ കൃഷിയായിരുന്നു മുഖ്യ ജീവനോപാധി, അതുകൊണ്ടുതന്നെ അത്തരം ഒരു നിബന്ധനയിൽ അസാധാരണത്വമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, കർഷകർക്ക് കൃഷി ചെയ്യണമെങ്കിൽ ആ സ്ഥലത്തു ജീവിക്കുകയും സാധാരണ മനുഷ്യരുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, പോസ്റ്റ് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, മറ്റു വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കൂടിയേ തീരൂ എന്നത് പ്രത്യേകം എടുത്തുപറയേണ്ടാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ കൃഷിക്കും വീടുവയ്ക്കാനും എന്ന് നിബന്ധനയോടുകൂടെ പതിച്ചു നൽകപ്പെട്ട ഭൂമിയിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉയരുകയും പഞ്ചായത്തും റവന്യു വകുപ്പും അത്തരം കെട്ടിടങ്ങൾക്കു പ്രത്യേകം ഫീസ് വാങ്ങുകയും ചെയ്തിരുന്നു.
അത്തരം വാണിജ്യകെട്ടിടങ്ങളിൽ യാതൊരു നിയമവിരുദ്ധതയും 1960 മുതൽ 2016 വരെയുള്ള 65 വർഷക്കാലം കേരളം ഭരിച്ചിരുന്ന ഒരു സർക്കാരുകളും കണ്ടിരുന്നില്ല. എന്നാൽ, 2016ൽ കേരള ഹൈക്കോടതിയിൽ വന്ന ഒരു കേസുമായി ബന്ധപ്പെട്ട് അന്നത്തെ പിണറായി വിജയൻ സർക്കാരാണ് ആദ്യമായി അത്തരം വാണിജ്യകെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന വിചിത്ര വാദം ഉയർത്തിയതും അതിന്റെ അടിസ്ഥാനത്തിൽ അത്തരം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതും. അത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമാകാതിരിക്കണമെങ്കിൽ സർക്കാർ ചട്ടം മാറ്റണമെന്നും കേരള ഹൈക്കോടതി വിധിച്ചു.
2012ൽ കേരള ഭൂപതിവ് നിയമത്തിൽ കൊണ്ടുവന്ന സെക്ഷൻ 7 ഭേദഗതി പ്രകാരം, പ്രസ്തുത നിയമത്തിന്റെ കീഴിൽ കൊണ്ടുവന്നിട്ടുള്ള ഏതു ചട്ടവും മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ നിയമം ഉപയോഗിച്ചുകൊണ്ട് അത്തരം ചട്ടങ്ങളിൽ കൃഷിക്കും വീടിനും എന്നതിനൊപ്പം ‘മറ്റ് ആവശ്യങ്ങളും’ എന്നു മാത്രം കൂട്ടിച്ചേർത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു ഒരു ജനകീയ സർക്കാർ ചെയ്യേണ്ടത്. അതിനു പകരം, 1960ലെ നിയമംതന്നെ ഭേദഗതി ചെയ്ത്, പിഴ അടച്ചു മാത്രമേ അത്തരം കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ പറ്റൂ എന്ന വ്യവസ്ഥ കൊണ്ടുവരുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്.
ഇത് ജനങ്ങളെ പിഴിയുന്നതിനും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും തോന്നുംപോലെ കൈക്കൂലി വാങ്ങുന്നതിനുള്ള സുവർണാവസരമാക്കി മാറ്റിയിരിക്കുന്നു. ഈ നിയമ ഭേദഗതി പ്രകാരം നിലവിലുള്ള കെട്ടിടങ്ങൾ മാത്രമേ സർക്കാർ നിശ്ചയിക്കുന്ന പിഴ അടച്ചു ക്രമപ്പെടുത്താൻ പറ്റൂ. അതായത്, ഇനി മുന്നോട്ട് അത്തരം ഭൂമികളിൽ യാതൊരുവിധ വാണിജ്യ കെട്ടിടങ്ങളും പണിയാൻ സാധ്യമല്ല.
താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടിയ മുഴുവൻ ഭൂമിയിലും ഇതുവരെ പണിത മുഴുവൻ വാണിജ്യകെട്ടിടങ്ങളും സർക്കാർ നിശ്ചയിക്കുന്ന തുക നൽകി ക്രമപ്പെടുത്തണം. ഇനി മുന്നോട്ട് അത്തരം ഭൂമിയിൽ യാതൊരുവിധ വാണിജ്യകെട്ടിടങ്ങളും പണിയുക സാധ്യവുമല്ല. കേരളത്തിൽ സർക്കാർ പതിച്ചുകൊടുത്തിരിക്കുന്ന 95 ശതമാനം ഭൂമിയും താഴെ കൊടുത്തിരിക്കുന്ന 11 ചട്ടങ്ങൾ പ്രകാരമാണ് പതിച്ചുകൊടുത്തിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ വിഷയത്തിന്റെ രൂക്ഷത മനസിലാവുന്നത്.
=കണ്ടുകൃഷി ലാൻഡ് അസൈൻമെന്റ് റൂൾസ് 1958
=സ്പെഷൽ റൂൾസ് ഫോർ റബർ കൾട്ടിവേഷൻ 1960
=ഭൂദാൻ അസൈൻമെന്റ് റൂൾസ് 1962
=കേരള ലാൻഡ് അസൈൻമെന്റ് റൂൾസ് 1964
=ഹൈറേഞ്ച് കോളനൈസേഷൻ സ്കീം 1968
=വയനാട് കോളനൈസേഷൻ സ്കീം റൂൾസ് 1969
=കൃഷിയോഗ്യമായ വനഭൂമി പതിച്ചുനൽകൽ റൂൾസ് 1970
=കോ-ഓപ്പറേറ്റീവ് കോളനൈസേഷൻ സ്കീം 1971
=കേരള ലാൻഡ് അസൈൻമെന്റ് (ഫോറസ്റ്റ് ലാൻഡ്) സ്പെഷൽ റൂൾസ് 1993
=മുനിസിപ്പൽ/ കോർപറേഷൻ മേഖലകളിൽ സ്ഥലം പതിച്ചുനൽകുന്നത്തിനുള്ള ചട്ടങ്ങൾ 1995
=സർക്കാർ ഭൂമി ഷെഡ്യുൾഡ് ട്രൈബൽസിനു നൽകാനുള്ള സ്പെഷൽ റൂൾ 2001
ഓരോ തരം കെട്ടിടങ്ങൾക്കും താഴെപ്പറയുന്ന പട്ടിക പ്രകാരം ആ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായവിലയുടെ നിശ്ചിത ശതമാനമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇത്തരം ചട്ടപ്രകാരം പതിച്ചുനൽകിയിട്ടുള്ള ഭൂമിയിൽ പുതിയ നിർമിതികൾ നടത്തുന്നതിന് അനുമതി ഇല്ല. വാണിജ്യ കെട്ടിടനിർമാണ നിരോധനം തുടരും. ഭാവിയിൽ ജീവനോപാധിക്കു വേണ്ടിയുള്ള കെട്ടിടങ്ങളാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം കെട്ടിടം നിർമിക്കാൻ അനുവദിക്കും.
ഇതിൽ ഏറ്റവും കൂടുതൽ അഴിമതിക്ക് സാധ്യതയുള്ള ഭാഗം വിദ്യഭ്യാസം, മതപരം, സാംസ്കാരികം, വിനോദം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, രാഷ്ട്രീയ പാർട്ടികൾ, സർക്കാർ അംഗീകൃത സാമൂഹിക സംഘടന, സഹകരണ സംഘങ്ങൾ എന്നിവയുടെ കെട്ടിടങ്ങൾക്കു വെറും ഒരു ശതമാനം മാത്രമാണ് ഫീസ് എന്നതാണ്. സർക്കാർ അംഗീകൃത സാമൂഹിക സംഘടന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി എന്നിവയുടെ നിർവചനമൊക്കെ ഭരിക്കുന്ന സർക്കാരിന് തരാതരം പോലെ മാറ്റാവുന്നതായതുകൊണ്ടു സർക്കാരിന് വേണ്ടപ്പെട്ടവരുടെ കെട്ടിടങ്ങൾ ഒരു ശതമാനം മാത്രം വാങ്ങി ക്രമപ്പെടുത്തുകയും മറ്റുള്ളവരെ പിഴിയുകയും ചെയ്യുക എന്നതായിരിക്കും സംഭവിക്കുന്നത്.
താഴേത്തട്ടിൽ വൻ തോതിൽ അഴിമതിക്ക് അവസരം ഒരുക്കുന്നതോടൊപ്പംതന്നെ, കെടുകാര്യസ്ഥതകൊണ്ട് താറുമാറായിക്കിടക്കുന്ന സർക്കാർ ഖജനാവിലേക്കു തങ്ങളുടേതല്ലാത്ത കുറ്റത്തിന് നാട്ടുകാരെ പിഴിഞ്ഞ് പണം മുതൽ കൂട്ടുക എന്ന ലക്ഷ്യംകൂടി സർക്കാരിനുണ്ടെന്നു വേണം കരുതാൻ. ഉദാഹരണത്തിന്; തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റത്തിനു കിട്ടിയ 1.5 ലക്ഷം അപേക്ഷകൾ പൂർത്തീകരിച്ചപ്പോൾ പിഴയായി സർക്കാർ വാങ്ങിയത് 15,00 കോടിയോളം രൂപയാണ്. ഇനിയും ലക്ഷക്കണക്കിന് അപേക്ഷകൾ ക്രമപ്പെടുത്താനുമുണ്ട്. അതിലും വലിയ രീതിയിലുള്ള കൊള്ളയാണ് സർക്കാർ 1960ലെ നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.
പതിറ്റാണ്ടുകൾക്കു മുമ്പ് സർക്കാർ നൽകിയ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്തും റവന്യുവും അടക്കം എല്ലാ വിധ സർക്കാർ വകുപ്പുകളുടെയും അനുമതിയോടെ അവർ നിശ്ചയിച്ച ഫീസടച്ചു വാണിജ്യ കെട്ടിടങ്ങൾ പണിതത് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടായതുകൊണ്ടാണ്. ആ വിശ്വാസം കേവലം സാമ്പത്തികനേട്ടത്തിനുവേണ്ടി സർക്കാർ തകർക്കുന്നത് ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. ഇതിലെ ഏറ്റവും ക്രൂരമായ വശം ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പിഴ നിശ്ചയിക്കുന്നത് എന്നതാണ്. കട്ടപ്പന പോലെയുള്ള ടൗണിൽ ന്യായവില സെന്റിന് 20 ലക്ഷത്തിനു മുകളിലാണ്. ഇത്രയും വലിയ ന്യായവില വന്നത് കട്ടപ്പന ടൗണിൽ വാണിജ്യകെട്ടിടങ്ങൾ ഉയർന്നതുകൊണ്ടാണ്. അങ്ങനെ വാണിജ്യകെട്ടിടങ്ങൾ വന്നതുകൊണ്ടു മാത്രം ഉയർന്ന ന്യായവിലപ്രകാരം പിഴ വാങ്ങി പോക്കറ്റിൽ ഇട്ടിട്ട്, വാണിജ്യകെട്ടിടങ്ങൾ എല്ലാം നിയമവിരുദ്ധമാണെന്നും ഇനി അത്തരം കെട്ടിടങ്ങൾ പണിയാൻ സാധ്യമല്ലെന്നും പറയുന്നത് എന്തു തരം നീതിയാണ്? കൃഷി മാത്രമേ പറ്റുകയുള്ളൂ എങ്കിൽ എങ്ങനെയാണ് ഇത്രയും ഉയർന്ന ന്യായവില അത്തരം ഭൂമികൾക്കു വന്നത്?
നിലവിൽ 11 ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമികൾ ക്രമവത്കരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ ഓരോ ചട്ടവും പ്രകാരം എത്ര ഏക്കർ ഭൂമി, ഏതൊക്കെ ജില്ലകളിൽ കൊടുത്തിട്ടുണ്ട് എന്നും ഇപ്പോൾ അവയുടെ അവകാശികൾ ആരൊക്കെ എന്നും എത്ര വാണിജ്യകെട്ടിടങ്ങൾ അത്തരം ഭൂമികളിൽ നിലവിലുണ്ട് എന്നും സർക്കാരിന്റെ കൈയിൽ കണക്കില്ല. 1961ൽ നിലവിൽ വന്ന റബർ കൾട്ടിവേഷൻ റൂൾ പ്രകാരം ധാരാളം സ്ഥലം കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി അടക്കമുള്ള ടൗണുകൾ പോലും നല്ലൊരു ശതമാനം റബർ കൾട്ടിവേഷൻ പട്ടയഭൂമിയിലാണുള്ളത്. അത്തരം കെട്ടിടങ്ങൾ മുഴുവൻ നിയമവിരുദ്ധമാവുകയും ക്രമപ്പെടുത്തേണ്ടിവരുകയും ചെയ്യും. അതുപോലെതന്നെ വയനാട് കോളനൈസേഷൻ സ്കീം പ്രകാരം പതിച്ചുനൽകിയ ഭൂമി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ അടക്കമുണ്ട്. അതും ക്രമവത്കരിക്കണമെന്നാണ് സർക്കാർ പറയുന്നത്. ചുരുക്കം പറഞ്ഞാൽ, ഈ വിഷയം ഇടുക്കി ജില്ലയെ മാത്രം ബാധിക്കുന്ന ഒന്നല്ല; മറിച്ച്, കേരളത്തിൽ സർക്കാർ എവിടെയൊക്കെ ഭൂമി പതിച്ചുകൊടുത്തിട്ടുണ്ടോ അവിടെയൊക്കെ ബാധിക്കുന്ന പ്രശ്നമാണ്.

അതുകൊണ്ട് ഈ വിഷയത്തിൽ എത്രയും പെട്ടന്ന് നിയമ ഭേദഗതി റദ്ദാക്കി, മുൻകാല പ്രാബല്യത്തോടെ ചട്ട ഭേദഗതി ചെയ്തുകൊണ്ട് ഇതുവരെയുള്ള എല്ലാ കെട്ടിടങ്ങളും നിയമവിധേയമാക്കണം. കൂടാതെ, ഇനി മുന്നോട്ടും കെട്ടിടങ്ങൾ പണിയാനുള്ള അവകാശം ഭൂ ഉടമകളിൽ നിലനിർത്തിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കണം.