അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവി
ഡോ. കെ.വി. ജോസഫ്
Sunday, September 14, 2025 12:53 AM IST
ഏകദേശം 54.5 ലക്ഷം ഇന്ത്യൻ വംശജർ ഇപ്പോൾ അമേരിക്കയിൽ താമസക്കാരായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അത് അമേരിക്കൻ ജനസംഖ്യയുടെ 1.6 ശതമാനം വരും. എന്നാൽ, 1945ൽ 2,405 ഇന്ത്യക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് കൊണ്ടപ്പി എന്ന ഗവേഷകൻ നല്കുന്ന കണക്ക്. അന്നുവരെ വെള്ളക്കാരുടെ കുത്തകയായിട്ടാണ് അമേരിക്കയെ നിലനിർത്തിയിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യക്കാർ ചെറിയ തോതിൽ അമേരിക്കയിൽ കുടിയേറ്റം നടത്തിയിരുന്നതാണ്. എന്നാൽ, അമേരിക്കയിൽ പൗരത്വം നേടുന്നതിനോ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിനോ വെള്ളക്കാരെ വിവാഹം കഴിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. ഇന്ത്യൻ കുടിയേറ്റക്കാരോട് ഒരു അവജ്ഞാ മനോഭവമാണ് വെള്ളക്കാർ പുലർത്തിയിരുന്നത്.
കുടിയേറ്റത്തിന്റെ വളർച്ചയും കുടിയേറ്റക്കാരുടെ ഉയർച്ചയും
രണ്ടാം ലോകയുദ്ധത്തോടെ സ്വതന്ത്രലോകത്തിന്റെ നേതൃപദവിയിലേക്കുയർന്ന അമേരിക്ക തങ്ങളുടെ ഏഷ്യയിലെ സുഹൃദ്രാജ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി വെള്ളക്കാരല്ലാത്തവർക്ക് പൗരത്വം നല്കാൻ തയാറായി. എന്നാൽ, വളരെക്കുറച്ചു പേർക്കു മാത്രമേ കുടിയേറാൻ അനുവാദം ലഭിച്ചിരുന്നുള്ളൂ. തുടർന്ന് 1965 ആയപ്പോഴേക്കും തങ്ങളുടെതന്നെ സന്പദ്വളർച്ചയ്ക്കു വെള്ളക്കാരല്ലാത്ത രാജ്യങ്ങളിലെ വിദ്യാഭ്യാസയോഗ്യതയുള്ളവരെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ അതു ഗുണപ്രദമാകുമെന്ന ചിന്താഗതി വളർന്നുവന്നു. അതനുസരിച്ച് അമേരിക്കയിൽ നിക്ഷേപം നടത്തുന്നതിനു സന്നദ്ധതയുള്ളവരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും അമേരിക്കയിലേക്ക് സ്വാഗതമരുളാൻ സന്നദ്ധമായി. ഈ അവസരമുപയോഗിച്ച് തങ്ങളുടെ രാജ്യത്തു വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്ന അഭ്യസ്തവിദ്യരായ ധാരാളം ഇന്ത്യക്കാർ അമേരിക്കയിലേക്കു കുടിയേറാൻ മുന്പോട്ടു വന്നു.
തുടർന്നു വളർന്നുവന്ന വിവരസാങ്കേതിക മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ സേവനം ആവിർഭവിച്ചതും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് അനുഗ്രഹമായിത്തീർന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയിൽ ജനിച്ച കുടിയേറ്റക്കാരുടെ എണ്ണം 1960ൽ വെറും 12,300 ആയിരുന്നത് 1980ൽ 2,06,000, 1990ൽ 4,50,000, 2000ൽ 10,23,000, 2010ൽ 17,80,000, 2021ൽ 27,09,000 എന്നിങ്ങനെ ഉയർന്നു (ഇന്ത്യൻ വംശജർ എന്നതിൽ ഇന്ത്യയിൽ ജനിച്ചവരും അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജരുടെ കുട്ടികളും ഇതര രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു).
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ വംശജർ താമസക്കാരായിട്ടുണ്ടെങ്കിലും കലിഫോർണിയ, ന്യൂ ജഴ്സി, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ഇല്ലിനിയോസ് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികമുള്ളത്. വിദ്യാഭ്യാസയോഗ്യതയിൽ ഇന്ത്യൻ വംശജർ പൊതുവേ മുൻപന്തിയിൽ നിൽക്കുന്നവരാണ്. 25 വയസിനു മുകളിലുള്ളവരിൽ 80 ശതമാനം പേർ കോളജ് തലത്തിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. തത്ഫലമായി മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ജോലികളാണ് ഏറെ ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുന്നത്. അധ്വാനശീലത്തിൽ അവർ മുൻപന്തിയിലുമാണ്. തത്ഫലമായി ഒരിന്ത്യൻ കുടുംബത്തിന്റെ ശരാശരി വരുമാനം പ്രതിവർഷം ഒന്നര ലക്ഷം ഡോളറുമാണ്. ഇതര കുടിയേറ്റക്കാരുടെ കാര്യത്തിൽ അത് ഒരു ലക്ഷം ഡോളർ മാത്രമേ വരുന്നുള്ളൂ. അതേയവസരത്തിൽ ഇന്ത്യൻ വംശജർക്ക് മൊത്തത്തിൽ ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ട്. തദ്വാരാ അവർക്ക് സാധാരണ അമേരിക്കക്കാരുമായി ഇടപെടാനും സാധിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ അവർക്കു നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
ഈ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ കുടിയേറ്റക്കാർക്ക് അമേരിക്കയിലെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ ഉന്നതസ്ഥാനീയരാകുന്നതിനും ഇടയായിത്തീർന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് രാഷ്ട്രീയരംഗം. 2020ൽ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായതോടെ അമേരിക്കയിൽ അവരുടെ സ്വാധീനം ശക്തമായി. 2024ൽ കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്ന കാര്യവും ശ്രദ്ധേയമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നതിനു മുന്പ് പല ഇന്ത്യൻ വംശജരും സംസ്ഥാന ഗവർണർമാരും സെനറ്റർമാരും പ്രതിനിധി സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമല്ല, ഇതര മേഖലകളിലും ഉന്നതശ്രേണിയിൽ നില്ക്കുന്ന പല ഇന്ത്യക്കാരുമുണ്ട്. നൊബേൽ സമ്മാനക്കാർ, ഉയർന്ന ശാസ്ത്രജ്ഞർ, വ്യവസായപ്രമുഖർ തുടങ്ങി പലരും ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. സിലിക്കണ്വാലിയിലെ പല സിഇഒമാരും ഇന്ത്യക്കാർ തന്നെ. ചുരുക്കത്തിൽ, ഇതര രാജ്യങ്ങളിലെ ബുദ്ധിമാന്മാരെ തങ്ങളുടെ രാജ്യത്ത് ആകർഷിക്കുകയും അവരുടെ ജീവിതാഭിലാഷങ്ങൾ സഫലീകരിക്കുന്നതിനുള്ള അവസരം നല്കുകയും അമേരിക്ക ചെയ്തുവരുന്നുവെന്ന് ബൈഡൻ പറഞ്ഞത് ഇന്ത്യക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടും അന്വർഥമായിത്തീർന്നിട്ടുണ്ട്.
ട്രംപ് സൃഷ്ടിച്ചിരിക്കുന്ന ആശങ്കകൾ
ഇന്ത്യൻ കുടിയേറ്റക്കാർ അസൂയാവഹമായ തോതിൽ അമേരിക്കൻ സമൂഹത്തിൽ മുന്നേറുന്ന അവസരത്തിലാണ് കുടിയേറ്റവിരുദ്ധനായ ട്രംപ് 2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ കുടിയേറിയിട്ടുള്ള പലരും അനധികൃതമായിട്ടാണ് കുടിയേറിയതെന്നും അവരിൽ പലരുടെയും ജീനുകൾ ദുഷിച്ചതാണെന്നും പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്നുമുള്ള പ്രചരണത്തോടെയാണ്. ട്രംപ് തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയതുതന്നെ അവരെയെല്ലാം തെരഞ്ഞുപിടിച്ചു പുറത്താക്കുമെന്നും അമേരിക്കയുടെ അതിർത്തികൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്. അധികാരത്തിലേറിയ ഉടന്തന്നെ പല അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ചങ്ങലയ്ക്കിട്ടു തിരിച്ചയയ്ക്കുകതന്നെ ചെയ്തു. 1870കളിൽ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ ജർമൻകാരന്റെ ചെറുമകനായ ട്രംപ് ഇത്ര ക്രൂരമായി പെരുമാറിയത് വിരോധാഭാസമെന്ന് പറയേണ്ടിയിരിക്കുന്നു. കൂടുതൽ ആളുകളെ തെരഞ്ഞുപിടിച്ച് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ നടത്തിവരികയുമാണ്. അമേരിക്കയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടിയാണ് ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നാണ് ട്രംപിന്റെ വാദഗതി.
അതേയവസരത്തിൽ നിയമാനുസൃതം കുടിയേറിയ വിദേശികൾ ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരാണെന്ന് ട്രംപ് ഓർമപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും ഏതു സമയത്തും ഞങ്ങളുടെ രേഖകൾ പരിശോധിച്ചേക്കുമെന്നുമുള്ള ഭയത്തിലാണ് പല കുടിയേറ്റക്കാരും കഴിഞ്ഞുകൂടുന്നതുതന്നെ. പോരെങ്കിൽ 50 ലക്ഷത്തോളം ഗ്രീൻകാർഡ് ഉടമകളുടെ രേഖകൾ പുനഃപരിശോധിക്കുമെന്നുമുള്ള വാർത്തകൾ അടുത്തദിവസം പുറത്തുവന്നിട്ടുമുണ്ട്.
ഇന്ത്യൻ കുടിയേറ്റത്തിന്റെ ഭാവി
താരിഫിന്റെ കാര്യത്തിലും വിദേശനയത്തിന്റെ പേരിലും ഇന്ത്യയുമായി ശീതസമരം നടത്തുന്ന അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യൻ കുടിയേറ്റക്കാരോട് വലിയ മമതയൊന്നും ഉണ്ടാവുകയില്ലതന്നെ. ഇന്ത്യയിൽനിന്നുമുള്ള കുടിയേറ്റക്കാരിൽ പലരും അനധികൃതമായി കുടിയേറിയിട്ടുള്ളവരുമാണ്. അവരുടെ സംഖ്യ 6,75,000 വരുമെന്നാണ് ചില പഠനങ്ങൾ നല്കുന്ന കണക്ക്.
ഏതായാലും അങ്ങനെയുള്ളവരെ തിരിച്ചയയ്ക്കുകതന്നെ ചെയ്യും. തുടർന്നുള്ള കുടിയേറ്റവും മുൻകാലത്ത് നടന്നതുപോലെ അത്ര എളുപ്പമുള്ളതാവുമെന്നു തോന്നുന്നില്ല. രണ്ട്, മൂന്ന് വിഭാഗക്കാർക്ക് അത് കൂടുതൽ ദുഷ്കരംതന്നെയായിരിക്കും. അതിലൊന്നാണ് ഐടി മേഖല. ഈ മേഖലയിൽ ഇന്ത്യൻ ടെക്കികൾ ഒരുതരത്തിലുള്ള ആധിപത്യം പുലർത്തിവരുന്നുമുണ്ട്. എന്നാൽ, അവരെ ഒഴിവാക്കി തദ്ദേശീയ ടെക്കികളെ നിയോഗിക്കണമെന്നാണ് ട്രംപിന്റെ നിർദേശം അങ്ങനെ വരുന്പോൾ ഈ മേഖലയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം നിലച്ചുപോയി എന്നും വരാം.
അമേരിക്കയിലെ ഹോട്ടൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിപക്ഷം പേരും ഗുജറാത്തിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പട്ടേൽ മോട്ടൽ എന്നറിയപ്പെടുന്ന ഈ സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്നവരിലധികവും ഗുജറാത്തികൾ തന്നെ. അവർക്ക് ശരിയായ രേഖകൾ ഉണ്ടോയെന്നത് സംശയാസ്പദമാണ്. അങ്ങനെ വരുന്പോൾ അവരിൽ പലരെയും തിരിച്ചയച്ചുവെന്നുവരാം. അത് ഗുജറാത്തികളുടെ ഹോട്ടൽ വ്യവസായത്തെ അധോഗതിയിലേക്ക് നയിക്കുന്നതാണ്.
ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരു നല്ല വിഭാഗം വിദ്യാർഥികളാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ന് അമേരിക്കയിൽ പഠനം നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിനും പഠനത്തിനുശേഷം ജോലി ലഭിക്കുന്നതിനുമുള്ള സാധ്യതകളാണ് ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിലേക്ക് ആകർഷിച്ചിരിക്കുന്നത്. പഠനം കഴിഞ്ഞിട്ടു പലരും അവിടെ തുടരുന്നുമുണ്ട്. ട്രംപിന്റെ നയംമാറ്റത്തിന്റെ ഫലമായി വിദ്യാർഥികൾക്കുള്ള പല ആനുകൂല്യങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. മാത്രമല്ല, അധ്യയനത്തിനു ശേഷമുള്ള തൊഴിൽസാധ്യതയും നിഷേധിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തത്ഫലമായി വിദ്യാർഥികളുടെ കുടിയേറ്റവും ഇന്നത്തെ രീതിയിൽ തുടർന്നുവെന്നു വരില്ല.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഫലം അമേരിക്കയിൽ മാത്രം ഒതുങ്ങിനില്ക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾതന്നെ യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ കുടിയേറ്റവിരുദ്ധ പ്രകടനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം കറുത്ത വർഗക്കാരോട് അവജ്ഞയോടെയാണ് അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നത്.
വെള്ളക്കാരുടെ മേധാവിത്വ മനോഭാവം പുനരവതരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ വരുന്പോൾ വിദേശരാജ്യ കുടിയേറ്റം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ യുവജനതയ്ക്ക് മോഹഭംഗമാവും. മാത്രമല്ല, ഇന്ത്യക്കു പ്രവാസികളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ അളവിലും ഇടിവു സംഭവിക്കാം. ചുരുക്കത്തിൽ, ട്രംപിന്റെ കുടിയേറ്റനയം ഇന്ത്യക്ക് പലതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.