വ്യക്തിത്വ തകരാറുകൾ
സിസ്റ്റർ ജോയിസ് മരിയ എസ്എച്ച്
Tuesday, September 16, 2025 12:22 AM IST
സാമൂഹികമായ കാഴ്ചപ്പാടിലൂടെ നോക്കിയാൽ അസാമാന്യമായ ഒരു കൂട്ടം പെരുമാറ്റ സവിശേഷതകളാണ് വ്യക്തിത്വ തകരാറുകളായി കണക്കാക്കുന്നത്. ഇത്തരം പെരുമാറ്റം വ്യക്തിക്ക് ദോഷകരമായി തോന്നില്ലെങ്കിലും സമൂഹത്തിന് ദോഷകരമായി ഭവിക്കുന്നു. ചെറുപ്പത്തിലേതന്നെ ഇത്തരം പ്രത്യേകതകൾ കണ്ടുതുടങ്ങുമെങ്കിലും യൗവനത്തോടെയാണ് ഇവ പ്രകടമായിത്തീരുന്നത്. ഇത്തരം അപസാമാന്യ പെരുമാറ്റം മസ്തിഷ്കത്തകരാറുകൊണ്ടോ രോഗങ്ങൾകൊണ്ടോ മറ്റു മാനസിക തകരാറുകൾകൊണ്ടോ ഉണ്ടാകുന്നവയാണ്. ഇവരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ശ്രദ്ധേയമായ അപഭ്രംശം സംഭവിക്കുകയും ഇവരുടെ ചിന്ത, വികാരങ്ങൾ, പ്രത്യക്ഷണം, മറ്റുള്ളവരുമായുള്ള ഇടപെടൽ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന തരത്തിലുള്ള അപസാമാന്യ പെരുമാറ്റമാണ് ഇവ. ഈ പെരുമാറ്റമാതൃക അവരുടെ വ്യക്തിപരവും തൊഴിൽപരവും സാമൂഹികവുമായ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം പെരുമാറ്റം ചെറുപ്പം മുതൽ തുടങ്ങുകയും യുവത്വത്തിലേക്ക് കടക്കുന്നതോടെ കൂടുതൽ പ്രകടമായിത്തീരുകയും ചെയ്യുന്നു. ഇത്തരം വ്യക്തിത്വ തകരാറുകളിൽ പ്രധാനമാണ് സാമൂഹ്യവിരുദ്ധ വ്യക്തിത്വം.
സാമൂഹ്യവിരുദ്ധ വ്യക്തിത്വം
സുഗമമായ വ്യക്തിബന്ധങ്ങൾ അസാധ്യമാക്കുന്ന തരം വ്യക്തിത്വ സവിശേഷതകളും പെരുമാറ്റങ്ങളും സാമൂഹ്യവിരുദ്ധ വ്യക്തിത്വമുള്ളവരിൽ കണ്ടുവരുന്നു. ഇത്തരം വ്യക്തിത്വം സൈക്കോപതിക് പേഴ്സണാലിറ്റി എന്നും അറിയപ്പെടുന്നു. സുഗമമായ സമൂഹവുമായി എപ്പോഴും ഇവർ സംഘർഷത്തിലായിരിക്കും. സദാചാരപരമോ ധാർമികമോ ആയ യാതൊരു മൂല്യങ്ങളും ഇവർക്കുണ്ടായിരിക്കില്ല. സമൂഹം അംഗീകരിച്ച രീതിയിലുള്ള പെരുമാറ്റങ്ങൾ ഇവർ പ്രകടിപ്പിക്കാറില്ല. വ്യക്തികളോടോ സമൂഹത്തോടോ യാതൊരു കടപ്പാടും ഇവർക്കുണ്ടാകില്ല. പൊതുവേ ബുദ്ധിശാലികളും പെട്ടെന്ന് മറ്റുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുന്നവരും എല്ലാവരും പൊതുവെ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവർ. മറ്റുള്ളവരെ സമർഥമായി ചൂഷണം ചെയ്യാനുള്ള ഇവരുടെ കഴിവ് എടുത്തുപറയേണ്ടതാണ്.
കുറ്റകൃത്യങ്ങൾ ചെയ്യുന്നതും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതും ഇവർക്ക് രസമാണ്. തത്കാല നേട്ടമാണ് പ്രധാനം. ഉത്തരവാദിത്വമില്ലായ്മ മൂലം ഒരു ജോലിയിലും ഉറച്ചുനിൽക്കാനാവില്ല. മറ്റുള്ളവരുടെ സ്നേഹവും സൗഹൃദവും ഇവർ പെട്ടെന്ന് സന്പാദിക്കും. തമാശ പറയാനും മറ്റുള്ളവരെ രസിപ്പിക്കാനും ഇവർക്ക് നല്ല കഴിവാണ്. മറ്റുള്ളവരുടെ മുന്പിൽ നല്ലപിള്ള ചമയാൻ ഇവർ സമർഥരാണ്. തങ്ങളുടെ കുറ്റങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ താൻ മനഃപൂർവം ചെയ്തതല്ലെന്നും തന്റെ ഉദ്ദേശ്യം അതായിരുന്നില്ലെന്നും പറയും. പറ്റിയ തെറ്റിൽ ആത്മാർഥമായി പശ്ചാത്തപിക്കുന്നതായി ഇവർ അഭിനയിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചും അവരുടെ ദൗർബല്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടാകും. ഈ അറിവ് അവരെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
സാമൂഹിക നിയന്ത്രണങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന രീതിയിലായിരിക്കും ഇവരുടെ പെരുമാറ്റം. പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികാരികളുമായും നിയമപാലകരുമായും മറ്റും ഇവർ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കും. ശിക്ഷ ലഭിച്ചാലും വീണ്ടും പഴയ പ്രവൃത്തികൾ തുടരും. മറ്റുള്ളവരുടെ ഇഷ്ടവും സൗഹൃദവും പെട്ടെന്ന് നേടാൻ കഴിയുമെങ്കിലും ഇവർക്ക് നീണ്ടുനിൽക്കുന്ന അടുത്ത സുഹൃദ് ബന്ധങ്ങൾ ഉണ്ടാകില്ല. ഇവരുടെ അടുപ്പം താത്കാലികമായിരിക്കും. മറ്റുള്ളവരോട് നന്ദിയോ കടപ്പാടോ വിധേയത്വമോ ഇവർക്കുണ്ടാവില്ല.
കാരണങ്ങൾ
സാമൂഹ്യവിരുദ്ധ വ്യക്തിത്വത്തിന് വഴിതെളിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്ന് പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല ഘടകങ്ങളും പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാറുകൾ, ചില പഠനങ്ങളിൽ സാമൂഹ്യവിരുദ്ധ വ്യക്തിത്വമുള്ളവരുടെ മസ്തിഷ്കതരംഗങ്ങളിൽ ചില പ്രത്യേകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പലരും അസാധാരണമായ മസ്തിഷ്കതരംഗങ്ങൾ പ്രകടിപ്പിക്കുന്നതായി കണ്ടിട്ടില്ല. ചില സൈക്കോപത്തുകൾക്ക് വൈകാരിക ഉത്തേജനം കുറവാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. സാധാരണക്കാർക്ക് ഭയവും ഉത്കണ്ഠയും തോന്നുന്ന സന്ദർഭങ്ങളിൽ ഇവർക്ക് അപ്രകാരം തോന്നാത്തത് ഇതുകൊണ്ടായിരിക്കാം. സാധാരണ രീതിയിലുള്ള മനഃസാക്ഷിയുടെ വികസനവും സാമൂഹ്യവത്കരണവും നടക്കാത്തതിനും ഇതായിരിക്കാം കാരണം.
അസ്വസ്ഥമായ കുടുംബാന്തരീക്ഷവും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും വ്യക്തിത്വ തകരാറുകൾക്കു വഴിതെളിക്കുമെന്ന് കണ്ടിട്ടുണ്ട്. പലരുടെയും ബാല്യകാലം മാതാപിതാക്കളുടെ അഭാവംകൊണ്ട് ശ്രദ്ധേയമാണ്. പല ഗവേഷകരുടെയും അഭിപ്രായത്തിൽ മാതാപിതാക്കളുടെ നഷ്ടത്തേക്കാൾ അവ കുടുംബബന്ധങ്ങളിൽ സൃഷ്ടിക്കുന്ന വൈകാരിക അസ്വസ്ഥതകളാണ് പ്രധാനം. കുട്ടികളെ അവഗണിക്കുകയും നിരസിക്കുകയും സ്നേഹിക്കാതിരിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ അവരിൽ സാമൂഹ്യവിരുദ്ധ വ്യക്തിത്വം രൂപപ്പെടാൻ ഇടയാക്കുന്നു. സ്ഥിരതയില്ലാത്ത ശിക്ഷണരീതികളും മറ്റൊരു കാരണമാണ്.
അനുകരണത്തിലൂടെയാണ് കുട്ടികൾ പല പെരുമാറ്റ സവിശേഷതകളും സ്വാംശീകരിക്കുന്നത്. മാതാപിതാക്കളെയും മുതിർന്നവരെയുമാണ് കുട്ടികൾ മാതൃകയാക്കുന്നത്. കണ്ടുവളരുന്നത് തെറ്റായ മാതൃകകളാണെങ്കിൽ അത്തരം സവിശേഷതകൾ കുട്ടികളിൽ രൂപപ്പെടുന്നു. ചില പഠനങ്ങളിൽ ആന്റിസോഷ്യൽ വ്യക്തിത്വമുള്ള പുരുഷന്മാരുടെ കുട്ടികൾ അത്തരക്കാരായി മാറുന്നു എന്നു കണ്ടിട്ടുണ്ട്. ടെലിവിഷൻ, സിനിമ തുടങ്ങിയവയിലൂടെ കുട്ടികൾ കാണുന്ന അക്രമാസക്തിയും കുറ്റകൃത്യങ്ങളും തെറ്റായ മാതൃകകളാണ്.
സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളും പ്രധാനമാണ്. ചേരിപ്രദേശങ്ങളിലെ താമസം, ഒറ്റപ്പെടൽ, വർണവിവേചനം, ജനസംഖ്യാവർധന തുടങ്ങിയ പല ഘടകങ്ങളും ഇത്തരം വ്യക്തിത്വ സവിശേഷതകൾക്ക് ഇടവരുത്തുന്നു. പരന്പരാഗതമായ മനഃശാസ്ത്ര ചികിത്സകൾകൊണ്ട് ഇവ പൂർണമായി പരിഹരിക്കുന്നതിന് കഴിയുമെന്ന് കണ്ടിട്ടില്ല. എങ്കിലും ബിഹേവിയർ മോഡിഫിക്കേഷൻ ടെക്നിക്കുകൾ പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.
(കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും
ലേണിംഗ് ഡിസെബിലിറ്റി സ്പെഷലിസ്റ്റുമാണ് ലേഖിക)