അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
Tuesday, September 16, 2025 12:28 AM IST
ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി ഐക്യ-ജാഗ്രത കമ്മീഷൻ)
ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്കു പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്നു വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃതലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാടുതന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ പ്രലോഭനങ്ങളിലൂടെയോ യഥാർഥമായ മതംമാറ്റം സംഭവ്യമാകുന്നില്ല. കാരണം, മതംമാറ്റത്തിന്റെ അടിസ്ഥാനം മനംമാറ്റമാണ്. മനംമാറ്റം ആത്യന്തികമായി ആന്തരികപ്രവൃത്തിയാണ്. ബാഹ്യനിർബന്ധങ്ങൾ ഈ അന്തരികതയെ നിർണയിക്കുകയോ നിശ്ചയിക്കുകയോ ചെയ്യുന്നില്ല.
നിർബന്ധിത മതംമാറ്റം നിർബന്ധമായും അരുത്
കത്തോലിക്കാ സഭയ്ക്ക് ആധുനികമുഖം നല്കിയ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളിൽ ഏറ്റവും പ്രാധാന്യമേറിയതായി പോൾ ആറാമൻ മാർപാപ്പ വിശേഷിപ്പിച്ചതാണ് 1965 ഡിസംബറിൽ പുറപ്പെടുവിച്ച മതസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പ്രഖ്യാപനം (DIGNITATIS HUMANAE). ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്ന നിലപാടിൽനിന്നു കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു പ്രഖ്യാപനമായിരുന്നു അത്. നിർബന്ധിത മതപരിവർത്തനം എന്ന ആശയത്തെ നിഷേധിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്തീയവിശ്വാസം സമാശ്ലേഷിക്കാൻ ഒരുവനെയും അവന്റെ മനസിനെതിരായി നിർബന്ധിച്ചുകൂടാ. കാരണം, സ്വഭാവത്താലെതന്നെ സ്വതന്ത്രമനസിൽനിന്ന് ഉദ്ഭൂതമാകുന്ന ഒന്നാണ് വിശ്വാസപ്രഖ്യാപനം. ...അതുകൊണ്ട് മതകാര്യങ്ങളിൽ മനുഷ്യന്റെ ഭാഗത്തുനിന്നുള്ള എല്ലാത്തരം സമ്മർദങ്ങളും ഒഴിവാക്കുക എന്നത് വിശ്വാസത്തിന്റെ സ്വഭാവവുമായി യോജിച്ചുപോകുന്ന കാര്യമാണ്.” (ഖണ്ഡിക 10). ക്രിസ്തീയവിശ്വാസം സ്വീകരിക്കാൻ ആരെയും നിർബന്ധിച്ചുകൂടാ എന്നുള്ളത് ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും കാലടികളെ പിന്തുടർന്നുള്ള, എന്നും പാലിക്കപ്പെട്ടിട്ടുള്ള സഭയുടെ പഠനമായിട്ടാണ് കൗൺസിൽ വിലയിരുത്തുന്നത്.
കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തനത്തെ അനുകൂലിക്കുന്നില്ല എന്നു മാത്രമല്ല, അത്തരം ശ്രമങ്ങളെ ഒരുവന്റെ മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായി വീക്ഷിക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യത്തെ ആത്യന്തികമായി അംഗീകരിക്കുകയും പൗരാവകാശമായി സ്ഥാപിക്കുകയും ചെയ്യണമെന്ന നിലപാട് സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും കൗൺസിൽ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തെ സമസ്ത മനുഷ്യരുടെയും സമൂഹങ്ങളുടെയും അവകാശമായി അംഗീകരിക്കുകയും ഭരണഘടനയിൽ ഉൾപ്പെടുന്ന നിയമമായി ഉറപ്പിക്കുകയും ചെയ്യേണ്ടതുതന്നെയാണ് എന്ന ശക്തമായ നിലപാടാണ് ഈ പ്രഖ്യാപനത്തിന്റെ കാതൽ (ഖണ്ഡിക 13). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 160-ാം നമ്പറിൽ സഭയുടെ നിലപാട് വ്യക്തതയോടെ സംഗ്രഹിച്ചിരിക്കുന്നതു കാണാവുന്നതാണ്: “വിശ്വാസം മാനുഷികമാകുന്നതിന്, മനുഷ്യൻ നല്കുന്ന വിശ്വാസത്തിന്റെ പ്രത്യുത്തരം സ്വതന്ത്രമായിരിക്കണം; ഇക്കാരണത്താൽ, സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിശ്വാസം സ്വീകരിക്കാൻ ആരിലും സമ്മർദം ചെലുത്താൻ പാടില്ല; പ്രകൃത്യാ തന്നെ വിശ്വാസപ്രഖ്യാപനം ഒരു സ്വതന്ത്ര പ്രവർത്തനമാണ്.”
ഇതാണു സഭയുടെ നിലപാട് എന്നിരിക്കെ, കത്തോലിക്കാ സഭ നിർബന്ധിത മതപരിവർത്തന നിലപാടുകൾ സ്വീകരിക്കുന്നു എന്ന ചിലരുടെ ആരോപണം വസ്തുത മനസിലാക്കാത്തതിനാലും അന്ധമായ വർഗീയ നിലപാടുകൾ പുലർത്തുന്നതിനാലും രൂപപ്പെടുന്നതാണ് എന്നു പറയാതെ വയ്യ.
എല്ലാവരോടും സുവിശേഷം പ്രസംഗിക്കുക എന്ന കടമ, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സഭ ലോകത്തിൽ എല്ലായിടത്തും തുടരുന്നു. അതു സാമൂഹിക നീതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിലപാടുകളാണ്. അഗതികളിലും പരിത്യക്തരിലും നിരക്ഷരരിലും ചൂഷിതരിലും ക്രിസ്തുവിനെ കണ്ടുകൊണ്ടുള്ള നിസ്വാർഥ സേവനങ്ങളാണ്. ജീവസംരക്ഷണത്തിനുള്ള പ്രേഷിതത്വമാണ്. നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കായുള്ള ഇടപെടലുകളാണ്. അംഗീകരിക്കാനുള്ള വൈമനസ്യംകൊണ്ടോ അറിവില്ലായ്മകൊണ്ടോ ഇത്തരം ശ്രമങ്ങളെ മതപരിവർത്തനശ്രമങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണു വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത്.
രാജസ്ഥാൻ തുറന്നുവിടുന്നത് ഭീതിയുടെ നിയമവിരുദ്ധത
ബലപ്രയോഗം, അനാവശ്യ സ്വാധീനം, പ്രലോഭനം, മതംമാറ്റം മാത്രം ലക്ഷ്യമാക്കിയുള്ള വിവാഹം അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനത്തെ നിരോധിക്കാനാണ് രാജസ്ഥാൻ ഈ നിയമം പാസാക്കിയത്. പക്ഷേ, നിയമത്തിലെ വകുപ്പുകൾ എല്ലാംതന്നെ നിർബന്ധിത മതപരിവർത്തനത്തെയല്ല, ഒരുവന്റെ സ്വന്തം തീരുമാനപ്രകാരമുള്ള മതംമാറ്റത്തെ പോലും അകാരണമായി നിയന്ത്രിക്കുന്നു. മതം മാറണമെങ്കിൽ ഏതൊരു വ്യക്തിയും 90 ദിവസം മുമ്പും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമികനാകുന്ന വ്യക്തി രണ്ടുമാസം മുമ്പും ജില്ലാ മജിസ്ട്രേറ്റിനോ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തിയാൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചപോലും ഏഴുവർഷം മുതൽ പതിനാലുവർഷം വരെ നീളുന്ന ജയിൽശിക്ഷയ്ക്കും മൂന്നു മുതൽ അഞ്ചുലക്ഷംരൂപ വരെ കുറയാത്ത പിഴശിക്ഷയ്ക്കും കാരണമായേക്കാം.
മതംമാറ്റത്തിനായുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകന്റെ വിശദമായ വിവരങ്ങൾ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കണം. മതപരിവർത്തനം സംബന്ധിച്ചുള്ള പരാതികൾ പൊതുജനങ്ങളിൽ ആർക്കും നൽകാനാകും എന്നതിനാൽ പരാതി നല്കാൻ ആരെങ്കിലും ഉണ്ടാകും എന്നതിൽ സംശയമൊന്നും വേണ്ടതില്ല.
പ്രസ്തുത നിയമത്തിന്റെ ഒന്പതാം വകുപ്പുപ്രകാരം, മുമ്പു പറഞ്ഞ രീതിയിലുള്ള പ്രക്രിയകളിലൂടെ ഒരു വ്യക്തി നിയമപരമായി മതം മാറിയാലും, പ്രസ്തുത വ്യക്തിയുടെ മതംമാറ്റം നിയമാനുസൃതമായിരുന്നു എന്നു പ്രഖ്യാപിക്കപ്പെടണമെങ്കിൽ വീണ്ടും നിയമവഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. മതംമാറിയതിനുശേഷം 72 മണിക്കൂറിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിനു മുൻപാകെ നിർദിഷ്ട ഫോമുമായി മതം മാറിയ വ്യക്തി ഹാജരാകുന്നതിൽ തുടങ്ങുന്നു ഈ പ്രക്രിയ. 10 ദിവസത്തിനുള്ളിൽ ജില്ലാ മജിസ്ട്രേറ്റിനു മുൻപാകെ വീണ്ടും ഹാജരാകണം. തുടർന്ന് മതം മാറിയ വ്യക്തിയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ഒരിക്കൽകൂടി പരസ്യപ്പെടുത്തുകയും ആർക്കെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ 30 ദിവസത്തേക്ക് അവസരം നല്കുകയും ചെയ്യും.
ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തിയുടെ മതംമാറ്റം ജില്ലാ മജിസ്ട്രേറ്റിന് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. മതംമാറ്റം നിരാകരിച്ചാൽ മതംമാറ്റത്തോടു ബന്ധപ്പെട്ട എല്ലാവരും ക്രിമിനൽ നടപടികൾക്ക് വിധേയരാക്കപ്പെടും. ഈ നിയമത്തിലെ വകുപ്പുകളിൽപ്പെടുന്ന കുറ്റകൃത്യങ്ങളെല്ലാംതന്നെ ജാമ്യമില്ലാത്തതും (വകുപ്പ് 7) ചില വകുപ്പുകൾ 20 വർഷം മുതൽ മരണംവരെ തടവുശിക്ഷ വിധിക്കുന്നതുമാണ് (വകുപ്പ് 5.5) എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ഫലത്തിൽ, ഈ നിയമം അപേക്ഷകനു നല്കുന്നത് നിയമ പരിരക്ഷയല്ല, ഭീതിയാണ്. മതംമാറ്റത്തിനായുള്ള ഒരാളുടെ അപേക്ഷയും അതിനുള്ള ശ്രമങ്ങളും പ്രസ്തുത വ്യക്തിയെ ദീർഘകാലം ജയിൽവാസത്തിലേക്കു നയിക്കാനുള്ള ഭീതികരമായ സാധ്യതകൂടിയാണ് ഈ നിയമം തുറന്നിടുന്നത്. ഗവൺമെന്റ് അന്വേഷണം അപേക്ഷകന് അനുകൂലമാവുകയും പൊതുജനങ്ങളിൽ ആർക്കും എതിർപ്പില്ലാതിരിക്കുകയും ചെയ്താൽ മാത്രമേ ഒരാളുടെ മതംമാറ്റം സാധ്യമാകൂ. ഒരാളുടെ പൂർണ സമ്മതപ്രകാരമുള്ള മതപരിവർത്തനംപോലും അധികാരികൾ തീരുമാനിക്കുന്നത് പൗരാവകാശങ്ങളുടെ കടുത്ത നിഷേധമാണ് എന്നു പറയാതിരിക്കാനാവില്ല.
വേട്ടക്കാരുടെ ആയുധം
മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവരെ അടിച്ചമർത്താൻ ഈ നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഏറ്റവും ഒടുവിൽ ഛത്തീസ്ഗഡിൽ രണ്ട് കത്തോലിക്കാ സന്യാസിനിമാരെയും ഒരു ക്രൈസ്തവ യുവാവിനെയും ഹിന്ദുത്വ തീവ്രവാദികളുടെ വ്യാജ ആരോപണങ്ങളെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആരോപിച്ച കുറ്റങ്ങൾ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആയിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരേ വ്യക്തവും ശക്തവുമായ നിലപാട് പ്രഖ്യാപിച്ച കത്തോലിക്കാ സഭ പോലും ഇവിടെ അകാരണമായി ആക്രമിക്കപ്പെടുന്നുവെങ്കിൽ, നിർബന്ധിത മതപരിവർത്തനമല്ല, മതമാണ് വർഗീയതിമിരം ബാധിച്ചവരുടെ കാതലായ വിഷയമെന്നു മനസിലാക്കാവുന്നതാണ്. സ്വമേധയാ മറ്റൊരു മതം സ്വീകരിച്ചവരെയും തലമുറകളായി മറ്റൊരു മതവിശ്വാസത്തിൽ കഴിയുന്നവരെയും നിർബന്ധിച്ചും ഊരു വിലക്കിയുമൊക്കെ ‘ഘർ വാപ്പസി’ നടത്തുന്നത് നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങൾ വർഗീയലക്ഷ്യങ്ങളോടെ നിർമിക്കപ്പെട്ടതാണ് എന്നതു വ്യക്തമാണ്.
വർഗീയതയുടെ അണുബാധയേറ്റു തളർന്നുകിടക്കാനുള്ളതല്ല നമ്മുടെ ഭരണഘടന; മതസ്വാതന്ത്ര്യം എടുത്തുമാറ്റാൻ തന്ത്രങ്ങൾ മെനയുന്നവർക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല നമ്മുടെ ഭരണഘടന.
മതസ്വാതന്ത്ര്യം നിർബന്ധമാണ്
ഏറ്റവും ഒടുവിലായി, സെപ്റ്റംബർ ഒമ്പതിന്, ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷാവകുപ്പുകളോടെ, രാജസ്ഥാൻ നിയമസഭയിലാണ് മതപരിവർത്തന നിരോധന നിയമം (The Rajasthan Prohibition of Unlawful Conversion of Religion Act, 2025) പാസാക്കിയത്. നിർബന്ധിത മതപരിവർത്തനത്തെ തടയാൻ എന്ന രീതിയിൽ തയാറാക്കിയിട്ടുള്ള ഈ നിയമത്തിൽ, ഒരു വ്യക്തിക്ക് സ്വതന്ത്രമായി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയോ അകാരണമായി വൈകിക്കുകയോ ചെയ്യാനുള്ള വകുപ്പുകൾ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നതു കടുത്ത മനുഷ്യാവകാശലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ച് ആർക്കും പരാതി നൽകാവുന്ന സാഹചര്യങ്ങൾ, അപേക്ഷകന്റെ സ്വകാര്യ വിവരങ്ങളുടെ പരസ്യപ്പെടുത്തൽ, പൂർവമതത്തിലേക്കുള്ള മതംമാറ്റത്തെ ഈ നിയമത്തിൽ ഉൾപ്പെടുത്താത്തത്, നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കു നല്കുന്ന അനാവശ്യവും അനാരോഗ്യകരവുമായ നിയമപരിരക്ഷ തുടങ്ങിയ കാരണങ്ങളാൽ ഈ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്.
ബലം പ്രയോഗിച്ചോ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകിയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ മറ്റോ ഒരു വ്യക്തിയെയോ വ്യക്തികളെയോ അവരായിരിക്കുന്ന മതത്തിൽനിന്നു മറ്റൊരു മതത്തിലേക്ക് ചേർക്കുന്നതിനെയാണ് നിർബന്ധിത മതപരിവർത്തനമായി വ്യാഖ്യാനിക്കുന്നത്. വ്യക്തികളുടെ നിസഹായതയും അജ്ഞതയും മുതലെടുക്കുന്ന നിർബന്ധിത മതംമാറ്റങ്ങൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്. എങ്കിലും, ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളുടെ വകുപ്പുകളിലൂടെ നടപ്പിലാക്കിയിരിക്കുന്നത് ഒരു വ്യക്തിയുടെ പൂർണബോധ്യത്തോടെയും സമ്മതത്തോടെയുമുള്ള മതപരിവർത്തനംപോലും നിഷേധിക്കുന്ന സാഹചര്യങ്ങളാണ്.
അതായത്, നിർബന്ധിത മതപരിവർത്തനം എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന നല്കിയിട്ടുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിന്മേലുള്ള (ആർട്ടിക്കിൾ 25-28), കടന്നുകയറ്റമാണ് പ്രായോഗിക തലങ്ങളിൽ ഇത്തരം നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷമത വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഇത്തരം നിയമങ്ങൾ നിർമിക്കപ്പെടുന്നത് എന്നതാണ് മതപരിവർത്തന നിരോധന നിയമങ്ങൾക്ക് എതിരായുള്ള മുഖ്യ ആരോപണം.
അതു ശരിവയ്ക്കുന്ന തരത്തിലാണ് ഇത്തരം സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങളും. മാത്രമല്ല, തീവ്രഹിന്ദുത്വ സംഘടനകളാൽ നയിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ അവരോട് വിധേയപ്പെടുകയോ ചെയ്യുന്ന സർക്കാരുകളാണു മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുന്നത് എന്നതും ഗൗരവമേറിയ വസ്തുതയാണ്.