‘നിവർത്തനപ്രക്ഷോഭ’ത്തിലെത്തിക്കരുത്
അനന്തപുരി /ദ്വിജൻ
Sunday, October 5, 2025 12:03 AM IST
എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയായിരുന്ന ഡിഎസ്യുവിന്റെ നേതാവായിരുന്ന ശിവൻകുട്ടി നായരല്ല ഇടതുമുന്നണിയുടെ സിപിഎം മന്ത്രിയായ വി.ശിവൻകുട്ടി എന്ന് മറന്നപോലാണ് അധ്യാപകനിയമന വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകളും പ്രവൃത്തിയും.
ഭിന്നശേഷിക്കാരെ ഏറ്റവും കരുതലോടെ ചേർത്തുനിർത്തുന്ന സമൂഹമാണ് ക്രൈസ്തവർ. കേരളത്തിൽ ഇക്കൂട്ടരെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയതുതന്നെ കത്തോലിക്കാ പുരോഹിതനായിരുന്ന അന്തരിച്ച ഫാ.ഫെലിക്സ് സിഎംഐ ആണ്. 1980കളിൽ അച്ചൻ കേരളത്തിൽ പലയിടങ്ങളിൽ ഇത്തരം കുട്ടികളുടെയും മാതാപിതാക്കളുടെയും ക്യാന്പുകൾ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി. അവിടെനിന്നുമാണ് സമൂഹം അവരെ അറിഞ്ഞുതുടങ്ങിയത്.
ഭിന്നശേഷിക്കാർക്ക് അധ്യാപകനിയമനങ്ങളിൽ സർക്കാർ സംവരണം ഏർപ്പെടുത്തിയത് 1996 ഫെബ്രുവരി ഏഴു മുതലാണ്. മൂന്നു ശതമാനമായിരുന്നു സംവരണം. 2017 മുതൽ അത് നാലു ശതമാനമാക്കി. 2022 ജൂണ് 25 വരെ ഇതുസംബന്ധിച്ച് കൃത്യമായി നിർദേശങ്ങളുണ്ടായിരുന്നില്ല.1996 മുതലുള്ള ഒഴിവുകൾ ഒറ്റയടിക്കു തീർക്കാൻ യോഗ്യതയുള്ളവരെ കിട്ടാനില്ല എന്ന യാഥാർഥ്യമുണ്ട്. 3000 ഒഴിവുകൾക്ക് വന്നത് 500 അപേക്ഷകരാണ്.
ഈ ഒഴിവുകൾ നികത്താത്തതിന്റെ പേരിൽ 2021 നവംബർ എട്ടിനുശേഷം വരുന്ന നിയമനങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സർക്കാർ. നവംബർ 21 ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ ഭിന്നശേഷിക്കാരുടെനിയമനം നടത്തിയാലേ മറ്റു നിയമനം അംഗീകരിക്കൂ എന്നു വ്യക്തമാക്കി. താത്കാലിക നിയമനമേ അംഗീകരിക്കൂ. താത്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ട. ഒരു തൊഴിലാളിവർഗ സർക്കാർ നടത്തുന്ന പ്രവൃത്തിയാണിത്.
ഇക്കാര്യത്തിൽ 2025 ൽ മാർച്ച് 10 ന് എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതിവിധി അനുസരിച്ച് ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള ഒഴിവുകൾ നികത്താം. ഭിന്നശേഷിക്കാരല്ലാത്തവരുടെ തസ്തികകൾ അംഗീകരിക്കണം. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജോർജ് മസി എന്നിവരുടെ ബെഞ്ച് പുറപ്പെടുപ്പിച്ച ഈ വിധി എല്ലാവർക്കും ബാധകം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതിയും എല്ലാവർക്കും ബാധകം എന്നു വിശദീകരിച്ചു. പക്ഷേ സർക്കാർ അംഗീകരിക്കുന്നില്ല. വിധി നടപ്പാക്കാൻ സർക്കാർതന്നെ ഹൈക്കോടതിയിൽനിന്ന് രണ്ടുമാസത്തെ സാവകാശം വാങ്ങി. അതുകഴിഞ്ഞിട്ടും അനുമതി കൊടുക്കുന്നില്ല. ഇപ്പോൾ പറയുന്നു സുപ്രീംകോടതിയുടെ ഉത്തരവ് വാങ്ങാൻ. ഇതാണോ പാവപ്പെട്ടവരുടെ സർക്കാർചെയ്യേണ്ടത്? അംഗീകൃത അധ്യാപക സംഘടനകൾ പ്രതികരിക്കുന്നില്ല. ഇതാണോ അധ്യാപകസംഘടനകൾ ചെയ്യേണ്ടത്? ആ വിധി എൻഎസ്എസിന് മാത്രം എന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം കൊടുത്തു എന്നാണ് സർക്കാർ പറയുന്നത്. ഭരണഘടനയുടെ 141-ാം വകുപ്പനുസരിച്ച് സുപ്രീംകോടതി വിധി ഇന്ത്യക്കാകെ ബാധകമാണ്.
1932ൽ തിരുവിതാംകൂറിൽ ഉണ്ടായ നിവർത്തനപ്രക്ഷോഭംപോലെ കേരളത്തിലെ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒറ്റക്കെട്ടായി ഇടതുസർക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയിലേക്കാണ് ശിവൻകുട്ടി കാര്യങ്ങൾ കൊണ്ടുപോകുന്നത്. അയ്യപ്പസംഗമത്തെ പിന്താങ്ങിയ എൻഎസ്എസ് നേതാവ് സുകുമാരൻ നായരുടെ വാക്കുകൾ ഇടതുമുന്നണിക്ക് ഉണ്ടാക്കുന്ന അനുകൂലമായ അന്തരീക്ഷത്തിന്റെ നാലിരിട്ടിയാണ് ഈ വിഷയം ഉണ്ടാക്കുന്ന അപകടം.
2016 മുതൽ 2025 വരെ സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയ 1.12,650 നിയമനങ്ങളിൽ 36,318 എണ്ണമാണ് സ്ഥിരനിയമനം. ബാക്കി താത്കാലികമാണ്. 2021നും 2025നും ഇടയിൽ നടത്തിയ 60,500 നിയമനങ്ങളിൽ 90 ശതമാനവും ദിവസക്കൂലിക്കാരാണ്. നിയമനം അംഗീകരിച്ചുകിട്ടാൻ കാത്തുകഴിയുന്ന 16,000 അധ്യാപകരും മനുഷ്യരാണ്. അവർക്കും വോട്ടുണ്ട്. സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
വിഷയം നിയമസഭയിൽ ഉന്നയിച്ച മോൻസ് ജോസഫിനോട് സ്പീക്കർ ഷംസീർ പറഞ്ഞതായി പത്രങ്ങളിൽ വന്ന പ്രതികരണം ക്രൈസ്തവരിൽ വേദന ഉണ്ടാക്കുന്നതാണ്. ബിഷപ്പുമാരുടെ നിലപാട് അവതരിപ്പിക്കുവാനുള്ളതല്ല നിയമസഭ എന്ന് ഷംസീർ പറഞ്ഞതായാണ് വാർത്ത. ഇടയലേഖനങ്ങൾ ഉദ്ധരിക്കുന്നവർ ഇങ്ങനെ പറയുന്നതിനെ ജനം പരിഹസിക്കും. നിയമനവുമായി ബന്ധപ്പെട്ടു മോൻസ് ജോസഫും മന്ത്രി റോഷിയും കേരള കോണ്ഗ്രസ് മാണി സംഘവും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ട്. അവരോട് അനുകൂലമായാണ് ശിവൻകുട്ടി മന്ത്രി പ്രതികരിച്ചത്. പക്ഷേ, പത്രക്കാരെ കാണുന്പോൾ പറയുന്നത് മറ്റൊരുസ്വരത്തിലാണ്.
വിമോചനസമരമൊന്നും ഇനി ഉണ്ടാവില്ല എന്നു കരുതിയാലും ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുവാൻ നോക്കിയ സർ സിപിക്കു 1947ലും മുണ്ടശേരിക്ക് 1957ലും എം.എ. ബേബിക്ക് 2006ലും, അവരുടെ സർക്കാരുകൾക്കും സംഭവിച്ചത് ഓർക്കുന്നതും നല്ലത്.
സുപ്രീംകോടതിയുടെ വിധിയിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാലയങ്ങൾക്ക് ലഭിച്ച നിയമന അവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ശിവൻകുട്ടിക്ക് അറിയാത്തതല്ല. ശിവൻകുട്ടി കുത്തുന്നത് സ്വന്തം കുഴി തന്നെയാണ്. ഇടതുമുന്നണിയിലെ ജനപിന്തുണയുള്ള കക്ഷിയായ കേരള കോണ്ഗ്രസ് മാണിക്കാരുടെ വേരറക്കുന്ന പണിയാണിത്. മുഖ്യമന്ത്രി ഇടപെടണം. ഏറെ വർത്തമാനങ്ങൾ പറയിക്കരുത്.
രാജയ്ക്കു പറ്റാത്തത് മോദിക്കോ?
2025 സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡിഗഡിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) 25-ാം പാർട്ടി കോണ്ഗ്രസ് തമിഴ്നാട്ടിൽനിന്നുള്ള നേതാവ് ഡി. രാജയെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.11 അംഗ നാഷണൽ സെക്രട്ടേറിയറ്റ് 33 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
2026 ജൂണിൽ 76 വയസാകുന്ന രാജ മൂന്നാംവട്ടമാണ് സെക്രട്ടറി ആവുന്നത്. പാർട്ടിയുടെ പരമോന്നതപദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദളിത് നേതാവാണ് അദ്ദേഹം. പാർട്ടി പദവികൾക്ക് 75 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയാണ് നിയമനം. പ്രായപരിധി സംബന്ധിച്ച നിബന്ധനയിൽ വെള്ളം ചേർക്കുന്നതിനെ കേരളത്തിൽനിന്നുള്ള സഖാക്കൾ എതിർത്തു.
രാഷ്ട്രീയത്തിൽ പ്രായപരിധി നല്ലതാണെന്ന് എല്ലാവരും പറയും. പക്ഷേ നടപ്പാക്കില്ല. ദേശീയ പാർട്ടി എന്ന അംഗീകാരംപോലും ഇല്ലെങ്കിലും കേഡർ പാർട്ടി എന്ന് പറയുന്ന സിപിഐക്കുപോലും അതിനു സാധിക്കുന്നില്ല. പിന്നെന്തിന് മറ്റു പാർട്ടികളെക്കുറിച്ചു പറയുന്നു? സെപ്റ്റംബർ 25ന് മോദിക്ക് 75 തികഞ്ഞപ്പോൾ മോദിവിരുദ്ധർ മോഹിച്ചതാണത്. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും പ്രായവിലക്ക് കല്പിച്ച ബിജെപി അതെല്ലാം മറന്നു.
രാജിയുടെ കാര്യത്തിൽ കാണിച്ച ഔദാര്യത്തിനപ്പുറം ചണ്ഡിഗഡ് സമ്മേളനംകൊണ്ട് പാർട്ടിക്കോ നാടിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലയനത്തെക്കുറിച്ച് ഇടക്കാലത്ത് ഉയർന്ന നല്ല വാക്കുകൾപോലും ഇക്കുറി കേട്ടില്ല.
കാനവും ബിനോയിയും ഒക്കെ പിണറായിയുടെ പ്രഭാവത്തിൽ മയങ്ങിക്കഴിയുകയാണ്. കേരളത്തിൽ ഭരണമുള്ളതുകൊണ്ട് പിണറായിയും ബിനോയിയും ഫലത്തിൽ ദേശീയ സെക്രട്ടറിയേക്കാൾ ഉയരത്തിലാണ്. ദേശീയസെക്രട്ടറി ആക്കാമെന്ന് പറഞ്ഞാലും രണ്ടാളും ഇപ്പോൾ കേരളം വിടില്ല. പണ്ട് മുസ്ലിം ലീഗിനായിരുന്നു ദേശീയ അധ്യക്ഷനേക്കാൾ വലിയ സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അങ്ങനെയായി. ഇടതായാലും പണത്തിനു മീതെ പരുന്തും പറക്കില്ല.
വോട്ടർപട്ടികയും കേരളവും
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് ഇവിടത്തെ വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ കേരള നിയമസഭ ഏകകണ്ഠമായി എതിർത്തു. എന്തുകൊണ്ട്?
ദീർഘകാല തയാറെടുപ്പും കൂടിയാലോചനകളുംആവശ്യമായ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനാ പ്രക്രിയ ജനവിധി അട്ടിമറിക്കുവാനാണെന്നും ഈ തിടുക്കവും പരിശോധനയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കി എന്നും നിയമസഭ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തിടുക്കപ്പെട്ട് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്ന്. സഭ അംഗീകരിച്ച പ്രമേയം പറയുന്നു. പട്ടികയിൽ ഉൾപ്പെടുന്നതിന് 1987ന് ശേഷം ജനിച്ചവർ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖകൂടി നൽകിയാലേ വോട്ടറാവൂ. 2003ന് ശേഷം ജനിച്ചവർ പിതാവിന്റെയും മാതാവിന്റെയും പൗരത്വരേഖ കാണിക്കണം. ഇതെല്ലാം ദുരുദ്ദേശ്യപരമാണ്. പ്രവാസി വോട്ടർമാരുടെ വോട്ടവകാശം നിലനിർത്തണം എന്നും പ്രമേയംആവശ്യപ്പെട്ടു.
കേന്ദ്ര കമ്മീഷൻ ബിഹാറിൽ നടത്തിയ തീവ്ര പുനഃപരിശോധനയിലൂടെ 47 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്നു പുറത്തായി. മരിച്ചവർ, ബിഹാറിൽ നിന്നു കുടിയേറി പോയവർ, നേപ്പാളികൾ, ബംഗ്ലാദേശികൾ, മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.പുതിയ പട്ടികയനുസരിച്ച് ബിഹാറിൽ 7.42 കോടി വോട്ടർമാരാണുള്ളത്.
കരടു പട്ടികയിൽ ഉണ്ടായിരുന്നത് 7.24 കോടി വോട്ടർമാരായിരുന്നു. 21.53 ലക്ഷം വോട്ടർമാർ കൂടി പുതുതായി ചേർക്കപ്പെട്ടു. 3.66 ലക്ഷം ഒഴിവാക്കപ്പെട്ടു. ഇവരിൽ രണ്ടുലക്ഷവും ജനിച്ച നാടുവിട്ട് കുടിയേറി അവിടെ വോട്ടവകാശം വിനിയോഗിക്കുന്നവരാണ്. 60,000 പേർ മരണപ്പെട്ടു.
80,000 പേർ രണ്ടിടത്ത് വോട്ടുണ്ടെന്ന് കണ്ടെത്തി ഒരിടത്തെ വോട്ട് റദ്ദാക്കപ്പെട്ടവരാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പട്ടികയിൽ ഉണ്ടായിരുന്ന 7.89 കോടി വോട്ടർമാരിൽ 65 ലക്ഷം പുറത്തായി.
ഇത്തരത്തിൽ ഒരു പരിഷ്കരണത്തെ എന്തിനാണ് എതിർക്കുന്നത്? കള്ളത്തരം കാണിക്കാതെ ജാഗ്രത പുലർത്തുകയല്ലേ വേണ്ടത്?