ഇന്ത്യയുടെ തന്ത്രപരമായ ഞാണിന്മേൽക്കളി?
ശശി തരൂർ
Sunday, October 5, 2025 12:10 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടിയാൻജിൻ സന്ദർശനം ചൈനയിൽ ഏഴുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യത്തേതായിരുന്നു. അവിടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമൊപ്പമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തെ അസ്വസ്ഥമാക്കാനുള്ള ബഹുമുഖ ഒത്തൊരുമയുടെ പ്രതീകമായി ഉയർത്തിക്കാട്ടി. എന്നാൽ, ഈ കാഴ്ചയ്ക്കു പിന്നിൽ തന്ത്രപരമായ ഒരു യാഥാർഥ്യമുണ്ട്. അതാകട്ടെ കൂടുതൽ സങ്കീർണമാണ്. ജാഗ്രതയോടും വ്യക്തതയോടുംകൂടിയാ ണ് ഇന്ത്യ കൈകാര്യം ചെയ്യേണ്ടത്.
മോദിയുടെ ചൈനാ യാത്രയ്ക്ക് നയതന്ത്ര പുനഃക്രമീകരണത്തിന്റെ തൊങ്ങലുകളുണ്ടായിരുന്നു. മോദിയും ഷിയുമായുള്ള ഊഷ്മളമായ ഒരു മണിക്കൂർ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കാൻ സമ്മതിച്ചു. ടിബറ്റിൽ സ്ഥിതിചെയ്യുന്ന ഹിന്ദു തീർഥാടനകേന്ദ്രമായ കൈലാസ്- മാനസസരോവറിലേക്കുള്ള പാത വീണ്ടും തുറക്കാനും മോദിയും ഷിയും തലകുലുക്കി. ഹസ്തദാനങ്ങൾക്കിടയിൽ കാമറ ഫ്ളാഷുകൾ മിന്നി. അതോടെ രണ്ട് ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള സമാധാനപരമായ സഹകരണത്തിന്റെ പുതിയ ഘട്ടം തുടങ്ങുന്നതുപോലെ തോന്നി.
എന്നാൽ, സന്ദേഹിക്കാൻ വലിയ കാരണമുണ്ട്. 1950 മുതൽ ഇന്ത്യ നിരന്തരം ചൈനയുമായി അനുരഞ്ജനത്തിനു ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. വഞ്ചനപോലും നേരിടേണ്ടിവന്നു. ഹിമാലയൻ അതിർത്തിയിലൂടെ ചൈനീസ് സൈന്യം നടത്തിയ ആസൂത്രിത ആക്രമണത്തിലൂടെ തുടങ്ങിയ 1962ലെ യുദ്ധം സുഗമമായ ബന്ധത്തിന്റെ ആദ്യപ്രതീക്ഷകൾ തകർത്തു.
എൺപതുകളുടെ ഒടുക്കം, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇടപെടലിലൂടെ താരതമ്യേന ശാന്തമായ കാലഘട്ടത്തിനു തുടക്കമിട്ടു. എന്നാൽ, കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷിബന്ധം പിരിമുറുക്കമുള്ളതായി. 2013ൽ ഡെപ്സാംഗിലും 2014ൽ ചുമാറിലും 2017ൽ ഡോക്ലാമിലും അതിർത്തി സംഘർഷങ്ങളുണ്ടായി. പിന്നാലെ 2020ൽ ഗാൽവനിൽ ജീവഹാനിയുണ്ടായ ഏറ്റുമുട്ടലും.
ചൈന-ഇന്ത്യ അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്നും തുടരുന്നു. നിയന്ത്രണരേഖയോടു ചേർന്ന് ചൈന അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതും തുടരുകയാണ്. അതേസമയം, പാക്കിസ്ഥാനുമായുള്ള ചൈനയുടെ ആഴത്തിലുള്ള ബന്ധം ഇന്ത്യയുടെ തന്ത്രപരമായ ദൗർബല്യങ്ങൾക്ക് അടിവരയിടുന്നു. ചൈന- പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിലും പാക്കിസ്ഥാനുള്ള ചൈനയുടെ സൈനിക, നയതന്ത്ര പിന്തുണയിലും ഈ ബന്ധം വ്യക്തമാണ്. വളരെ ശ്രദ്ധാപൂർവം തിരശീലയിട്ടാൽ പോലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അങ്ങേയറ്റത്തെ ബുദ്ധിമുട്ട് മറയ്ക്കാനാകില്ല.
വലിയ സാന്പത്തിക അസന്തുലിതാവസ്ഥയും ഇന്ത്യ-ചൈന ബന്ധത്തിലുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഏകദേശം നൂറ് ബില്യൺ ഡോളറാണ്. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ നിർമാണസാമഗ്രികൾ മുതൽ അപൂർവ മൂലകങ്ങൾക്കുവരെ ചൈനയെ ആശ്രയിക്കുന്നതിന്റെ പരിണതഫലം. ഇന്ത്യൻ വിവരസാങ്കേതിക കന്പനികളും സേവനദാതാക്കളും ചൈനീസ് വിപണിയിൽ പ്രവേശിക്കാൻ പാടുപെടുന്പോഴും, ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ വിതരണ ശൃംഖലകളിൽ ആധിപത്യം പുലർത്തുന്നു. ഇതുവരെ, സാന്പത്തിക സഹവർത്തിത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യ-ചൈന ബന്ധത്തെ ചൂഴുന്ന ഘടനാപരമായ പിഴവുകൾ അടയാളപ്പെടുത്താൻ ഒരു ഉച്ചകോടിക്കും കഴിയില്ല. എസ്സിഒ ഉച്ചകോടിയിൽ ഷി പറഞ്ഞത് വ്യാളിയും ആനയും ഒരുമിച്ച് നടക്കുന്നതിനെക്കുറിച്ചാണ്. മോദിയാകട്ടെ, അതിർത്തിയിലെ സമാധാനത്തിനും മികച്ച വ്യാപാരബന്ധങ്ങൾക്കുംവേണ്ടി വീണ്ടും ആവശ്യപ്പെട്ടു. ചൈനയുടെ അന്തർദേശീയ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തോടുള്ള ഇന്ത്യയുടെ എതിർപ്പും തീവ്രവാദത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടും അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ അവകാശപ്പെടുന്ന, പാക്കിസ്ഥാൻ പ്രദേശത്തുകൂടിയുള്ള ഹൈവേയാണ് റോഡ് സംരംഭത്തിലെ വലിയ പദ്ധതി.
ഉഭയകക്ഷി അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും രണ്ടു രാജ്യങ്ങളും വ്യത്യസ്തരാണ്. ചൈന ഒരു ബദൽ ആഗോളക്രമം പ്രോത്സാഹിപ്പിക്കുന്നു. നിർമിത ബുദ്ധി, ധനകാര്യം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെടുത്തൽ എസ്സിഒ ഉച്ചകോടിയിൽ ഷി ജിൻപിംഗ് ഉയർത്തിപ്പിടിച്ചു. പാശ്ചാത്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഉപരോധങ്ങളാൽ വലയുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് ഭൗമരാഷ്ട്രീയ ജീവരേഖയാണ്. എന്നാൽ, പ്രാദേശിക ഇടപെടലിനുള്ള സൗകര്യപ്രദമായ വേദിയായും തന്ത്രപരമായ സ്വയംഭരണാധികാരം ഉറപ്പിക്കുന്നതിനുള്ള വേദിയായും മാത്രമാണ് ഇന്ത്യ എസ്സിഒയെ കാണുന്നത്. അമേരിക്കയുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിക്കാൻ ഇന്ത്യക്ക് യാതൊരു താത്പര്യവുമില്ല.
ഇന്ത്യയുടെ വിദേശനയം ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള സാധ്യത ചിലപ്പോൾ അമിതമായി കാണുന്നതുപോലെ, അമേരിക്കയുമായുള്ള ബന്ധത്തിന്റെ പ്രതിരോധസാധ്യതയെ കുറച്ചുകാണുകയും ചെയ്യുന്നു. ചൈനയിൽനിന്നു വ്യത്യസ്തമായി, അമേരിക്ക ഇന്ത്യൻ പ്രദേശം കൈക്കലാക്കുകയോ യുദ്ധസമയത്ത് പാക്കിസ്ഥാനെ സഹായിക്കുകയോ ഏഷ്യയിൽ അതിർത്തികൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. നേരേമറിച്ച്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രതിരോധകാര്യങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങളുടെ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവ ഉൾക്കൊള്ളുന്ന തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും അമേരിക്കയും വളരെ ശ്രമകരമായി രൂപപ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുമൊത്ത് ക്വാഡ് സഖ്യത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇന്തോ-പസഫിക്കിൽ സ്ഥിരമായ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ഉച്ചകോടിയുടേതുൾപ്പെടെ ക്വാഡിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ അനിവാര്യതയെ നിഷേധിക്കുന്നില്ല.
മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് അമേരിക്ക. കൂടാതെ അർധചാലകങ്ങൾ മുതൽ മലിനീകരണരഹിത ഊർജം വരെയുള്ള നിർണായകമേഖലയിലെ നിക്ഷേപകരും. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണ് അമേരിക്ക. 40 ബില്യൺ ഡോളർ ഉഭയകക്ഷി വ്യാപാരമിച്ചം ഇതിനു തെളിവായുണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം തീർച്ചയായും പിരിമുറുക്കത്തിലാണ്. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ആഗോളവ്യാപാരത്തിൽ ഇന്ത്യയെയും ചൈനയ്ക്കും റഷ്യക്കുമൊപ്പം ‘മോശം അഭിനേതാക്കൾ’ എന്നാണു വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടമാകട്ടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയും ചുമത്തി. എങ്കിലും ഉഭയകക്ഷി വ്യാപാരതർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകും. അത് നടന്നുകൊണ്ടിരിക്കുകയാണ്.
ആത്യന്തികമായി ഇടപാടിലല്ല, ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ യുക്തി. അത് ഘടനാപരമാണ്. നിലവിലൊരു മാന്ദ്യം ഉണ്ടെങ്കിലും ആഗോള വിതരണശൃംഖലകൾ സുരക്ഷിതമായി നിലനിർത്തുന്നതിലും ചൈനയുടെ ആധിപത്യമോഹം നിയന്ത്രിക്കുന്നതിലും ഇരുവർക്കും പൊതു താത്പര്യമുണ്ട്. നേരേമറിച്ച്, ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ മോദിയുടെ ചൈന സന്ദർശനം ആവശ്യമാണെങ്കിലും യഥാർഥ മഞ്ഞുരുക്കത്തിനുള്ള ശക്തമായ തടസം ഇപ്പോഴുമുണ്ട്. എത്ര രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിലും ഭൂമിശാസ്ത്രം, പ്രത്യയശാസ്ത്രം, അധികാര അസമത്വം എന്നിവ നയതന്ത്രത്തിന് എളുപ്പം വഴങ്ങില്ല.
രണ്ടു ധ്രുവങ്ങൾക്കിടയിലെ നെട്ടോട്ടമല്ല തന്ത്രപരമായ പരമാധികാരമെന്ന് ഈ ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ ഓർക്കേണ്ടതുണ്ട്. മറ്റൊരു ശക്തിയുടെ അജൻഡയിൽ കുടുങ്ങാതെ ഇന്ത്യക്ക് അതിന്റെ താത്പര്യങ്ങൾ പിന്തുടരാൻ കഴിയുന്ന ഇടം രൂപപ്പെടുത്തലാണത്. ചൈനയുമായുള്ള സംഘർഷം കുറയ്ക്കുക എന്നതിനർഥം പങ്കാളിത്തത്തിന്റെ മിഥ്യാധാരണകൾക്ക് ഇരയാകുക എന്നതല്ല. അതുപോലെ അമേരിക്കയുമായി ഉറച്ച ചർച്ചകൾ നടത്തുക എന്നുവച്ചാൽ നിർണായകമേഖലയിലെ ഇടപെടലുകളെ തടസപ്പെടുത്താൻ വിയോജിപ്പുകളെ അനുവദിക്കുക എന്നതുമല്ല.
ഇന്ത്യയുടെ വിദേശനയം ഉച്ചകോടിയുടെ നാടകവേദിയിലൂടെയല്ല നയിക്കപ്പെടേണ്ടത്. മറിച്ച്, തന്ത്രപരമായ താത്പര്യത്തിന്റെ സത്തയിലൂടെയാണ്. വ്യാളി ഹസ്തദാനം ചെയ്തേക്കും. അപ്പോഴും അതിന്റെ നഖങ്ങൾ കാണാം. കഴുകന്റെ തൂവലുകൾ അലങ്കോലപ്പെട്ടിരിക്കാം. പക്ഷേ, അതിന്റെ ചിറകുകൾ ഇപ്പോഴും ഉയർത്താൻ പര്യാപ്തമാണ്. രണ്ടുമായും ഇടപെടാൻ ഞാണിൻമേൽക്കളി മാത്രമല്ല, ദീർഘവീക്ഷണവും ആവശ്യമാണ്.
Copyright: Project Syndicate, 2025.
www.project-syndicate.org