ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ 96-ാം ചരമവാർഷികദിനം ഇന്ന്
Sunday, October 5, 2025 12:45 AM IST
സിസ്റ്റർ ലിസ് ഗ്രെയ്സ് എസ്ഡി സുപ്പീരിയർ ജനറൽ
നേരം പുലർന്നിട്ടില്ല. കൈയിലെ റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ദൂരെ ദേവാലയം... മുറ്റത്തുകൂടെ ആരോ സാവധാനം നീങ്ങുന്നത് കാണാം. അടുത്തു ചെന്നാൽ തിരിച്ചറിയാം ഒരു വൈദികനാണ്. ക്രിസ്തുവിന്റെ പീഡാസഹനമരണ വഴികളിലൂടെ ധ്യാനപൂർവം നടന്നു നീങ്ങുന്നു. തൊട്ടടുത്തുനിന്ന് നോക്കിയാൽ മാത്രം കാണാം, പാതിയടഞ്ഞ മിഴികളോടെ അന്ന് ഗാഗുൽത്തായിലേക്ക് കുരിശുമായി നീങ്ങിയ ഒരു 33 വയസുകാരൻ യുവാവിനോടൊപ്പം സഞ്ചരിക്കുകയാണെന്ന... അപ്പോൾ ക്രിസ്തു അയാൾക്ക് തന്റെ ഹൃദയ രഹസ്യം കൈമാറിക്കൊണ്ടിരുന്നു “ഗാഗുൽത്തായിലെ കുരിശിൽ മുറിക്കപ്പെടുന്ന അപ്പത്തിന്റെ” രഹസ്യമായിരുന്നു അത്. അപ്പോൾ നേരം പുലർന്നിരുന്നു. സമയം ആറുമണി. വിശുദ്ധ കുർബാനയ്ക്കുള്ള ദേവാലയമണി മുഴങ്ങുന്നു. തുറക്കപ്പെട്ട കണ്ണുകളോടെ അദ്ദേഹം ദേവാലയത്തിലെ ബലിപീഠത്തിലേക്ക്. അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പത്തിന്റെ രഹസ്യം അറിഞ്ഞ ക്രിസ്തുവിന്റെ പുരോഹിതൻ.
1876 ഓഗസ്റ്റ് എട്ടിന് എറണാകുളം അതിരൂപതയിൽ തേവരയ്ക്കടുത്ത് കോന്തുരുത്തിയിൽ ജനിച്ച ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റേത് ദിവ്യകാരുണ്യപ്രദക്ഷിണംപോലെ ഒരു ജീവിതമായിരുന്നു. അപ്പത്തിലെ യേശുവിലേക്കും അവിടെനിന്ന് അഗതിയിലെ യേശുവിലേക്കും നിരന്തരം യാത്ര ചെയ്ത് 1929 ഒക്ടോബർ അഞ്ചിന് സ്വർഗത്തിലെ വീട്ടിലേക്ക് അദ്ദേഹം യാത്രയായി. 53 വർഷങ്ങൾ മാത്രം നീണ്ട ഭൗമികജീവിതം.
അദ്ദേഹത്തിന്റെ സ്വർഗപ്രവേശനത്തിന്റെ 96-ാം വാർഷികദിനത്തിൽ ഓർമകളുടെ ഗാലറിയിൽ വിശുദ്ധിയുടെ പല വർണചിത്രങ്ങൾ… അതിലൊന്നിൽ അദ്ദേഹം ആലുവയിൽനിന്നു ഷൊർണൂർക്കുള്ള ട്രെയിനിൽ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലെയും പതിവ് കാഴ്ച. റെയിൽവേ ജോലിക്കാർക്ക് പരിശുദ്ധ കുർബാന അർപ്പിക്കുന്നതിന് വേണ്ടിയുള്ള യാത്രയാണത്.
മറ്റൊന്ന് കടമക്കുടിയിൽനിന്നുമാണ്. അജപാലന ശുശ്രൂഷയിലെ ആദ്യ കർമരംഗവും ഇവിടമാണ്. 1909-10 കളിലെ കടമക്കുടി. പരിമിതമായ ജീവിതസൗകര്യങ്ങൾ… മീൻപിടിത്തവും കൃഷിയും ജീവിതമാർഗമാക്കിയ പാവപ്പെട്ട മനുഷ്യർ. ആ വയൽവരന്പിലൂടെ അദ്ദേഹം അവർക്കു മുൻപേ ദേവാലയത്തിലേക്ക് നടക്കുകയാണ്. ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കാതെ തങ്ങളുടെ ജീവിതമാർഗം തേടി മീൻപിടിത്തത്തിനായി ഇറങ്ങിയ പാവപ്പെട്ട മനുഷ്യർക്ക് തന്റെ പരിമിതമായ വരുമാനത്തിൽനിന്നു നൽകിക്കൊണ്ട് വിശുദ്ധ കുർബാനയ്ക്കായി അവരെ തിരിച്ചുകൊണ്ടുവരികയായിരുന്നു അദ്ദേഹം.
കടമക്കുടിയിൽ ആയിരിക്കുന്പോഴാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷമായി കൊണ്ടാടുന്നതിനുള്ള അനുവാദത്തിനായി അദ്ദേഹം ലൂയിസ് പഴേപറന്പിൽ പിതാവിന് എഴുതുന്നത്. 1920-22കളിൽ ആരക്കുഴ പള്ളിവികാരി ആയിരിക്കുന്പോൾ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ വചനസന്ദേശശേഷമുള്ള അദ്ദേഹത്തിന്റെ വോയിസ് ക്ലിപ് “മീൻകുന്നംകാർ ഇനിമുതൽ ഞായറാഴ്ച വിശുദ്ധ കുർബാനിയിൽ പങ്കെടുക്കുവാൻ ഇങ്ങോട്ട് വരേണ്ടതില്ല. ഞാൻ അവിടെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കാം”. കിലോമീറ്ററുകൾ താണ്ടി വിശുദ്ധ കുർബാനയ്ക്കായി എത്തുന്ന ദൈവജനത്തിന്റെ കഷ്ടപ്പാടുകൾ മനസിലാക്കിയ ആ പുരോഹിതൻ തന്റെ വാക്കു പാലിക്കുക മാത്രമല്ല, മീൻകുന്നത്ത് ദേവാലയം പണിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കുകകൂടി ചെയ്തു.
മാർ അഗസ്റ്റിൻ കണ്ടത്തിലിന് അദ്ദേഹം ഇങ്ങനെ എഴുതി, “ഈ പള്ളിയിൽ ഈ മാസത്തിൽ ഏതെങ്കിലും 10 ദിവസങ്ങളിൽ വിശുദ്ധ കുർബാന പരസ്യമായി എഴുന്നള്ളിച്ചു വച്ച് കൊന്ത നമസ്കാരം നടത്തുന്നതിനും വിശുദ്ധ കുർബാനയുടെ വാഴ്വ് കൊടുക്കുന്നതിനുമുള്ള തീരുമാനം നടപ്പാക്കുന്നതിന് പിതാവിന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു’’.
ആലുവ സെന്റ് മേരീസ് സ്കൂളിലെ മാനേജരായിരുന്ന അദ്ദേഹത്തെക്കുറിച്ച് പൂർവ വിദ്യാർഥികളിൽ ഒരാളായ ഫാ. ജോസഫ് വിതയത്തിൽ ഇങ്ങനെ ഓർക്കുന്നു “ഞങ്ങളെ പ്രത്യേകം ആകർഷിച്ചിരുന്നത് ഭക്തിയോടു കൂടിയ അദ്ദേഹത്തിന്റെ ദിവ്യപൂജാർപ്പണം ആയിരുന്നു”. ദിനംതോറും വിശുദ്ധ കുർബാന പാപരഹിതമായി സ്വീകരിക്കുന്നതിന് അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിച്ച് ഉപദേശിച്ചിരുന്നു.
അൾത്താരയിലെ ബലിപീഠത്തിൽ തന്റെ കൈകളിൽ മുറിയപ്പെടുന്ന അപ്പത്തിലേക്ക് അദ്ദേഹം ഹൃദയം കൊണ്ടു നോക്കി. ആ വെളിച്ചത്തിൽ അദ്ദേഹം കണ്ടു- അപ്പത്തിന് ക്രിസ്തുവിന്റെ മുഖമാണ്, മറുവശം അഗതിയുടെ മുഖവും. അപ്പോൾ ആരാധനയെക്കുറിച്ചുള്ള പഴയ സങ്കല്പങ്ങളുടെ വിരി കീറിയിരുന്നു. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെക്കുറിച്ച് ക്രിസ്തു അദ്ദേഹത്തോട് സംസാരിച്ചു.
അങ്ങനെ 1927 മാർച്ച് 19ന് ആലുവ ചുണങ്ങംവേലിയിൽ അഗതികൾക്ക് അഭയമായി ഒരു സന്യാസസമൂഹം രൂപം കൊണ്ടു ‘സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്’. അവരെ അദ്ദേഹം പഠിപ്പിച്ചത് ദിവ്യകാരുണ്യ ആരാധനയുടെ പുതിയ പാഠം: “നിങ്ങളുടെ ഭക്തി പാവങ്ങളോടുള്ള ഭക്തിയാകണം”. ഈ ദിവ്യകാരുണ്യജീവിതം1422 സഹോദരിമാരിലൂടെ പഞ്ചഭൂഖണ്ഡങ്ങളിൽ അദ്ദേഹം തുടരുന്നു. അൾത്താരയിലെ അപ്പത്തെ ആരാധിച്ച് അഗതിക്കുള്ള അപ്പമായി മാറിയ ആ വിശുദ്ധ സ്മരണകൾക്ക് പ്രണാമം.