ജൈവകൃഷി ശീലമാക്കാം
പ്രഫ. കെ. നസീമ
Wednesday, October 15, 2025 12:37 AM IST
ജൈവകൃഷിക്ക് കാലികപ്രസക്തിയേറെയുണ്ട്. ഒട്ടേറെ രോഗങ്ങൾക്ക് ശാശ്വതപരിഹാരം, വിശേഷിച്ചും വയോധികർക്ക്.
മണ്ണും മനുഷ്യനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിലുള്ള ധാതുക്കളും ലവണങ്ങളും ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതം. മണ്ണിലുള്ള സൂക്ഷ്മാണുക്കൾ സസ്യങ്ങളിലൂടെ വിറ്റാമിനുകളും ധാതുക്കളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. അത് മറക്കുന്ന, അല്ലെങ്കിൽ മനസിലാക്കാത്ത മനുഷ്യർ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നു. സസ്യങ്ങൾ ഉത്പാദിപ്പിക്കുന്നത് മനുഷ്യനു വേണ്ട അളവിൽ സ്വീകരിക്കുന്നില്ല എന്നതാണ് പരമാർഥം.
കേരളീയമല്ലാത്ത ഭക്ഷണരീതിയാണ് ഇന്നത്തെ പരിഷ്കാരം. അത് നമ്മെ അനാരോഗ്യത്തിലും അകാലവാർധക്യത്തിലും എത്തിക്കുന്നു. ആരോഗ്യവും ദീർഘായുസും ആഗ്രഹിക്കുന്നവർ നാരുകളും ജലാംശവും കൂടുതലുള്ള, വിഷരഹിതമായ സമീകൃതാഹാരം ശീലിക്കുന്നു. ഇതു വിഷമില്ലാത്ത ജൈവകൃഷിയിലൂടെ വിശ്വസ്തതയോടെ നേടിയതും ആയിരിക്കണം.
നാം കഴിക്കുന്ന ജൈവസമീകൃതാഹാരത്തിൽ അന്നജം, മാംസ്യങ്ങൾ, കൊഴുപ്പുകൾ, ലവണങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കണം. സമീകൃതാഹാരമാകുമ്പോൾ ഇവയെല്ലാം കൃത്യമായ അളവിലുമാകണം. മറിച്ചായാൽ ആരോഗ്യമോ പ്രതിരോധശേഷിയോ ഉണ്ടാകില്ല. ശാരീരികാരോഗ്യം പ്രകൃതി നല്കുന്ന മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ്. ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യനു വേണ്ട ഉത്കൃഷ്ടമായ ആഹാരവും ഭൂമിയിൽത്തന്നെയുണ്ട്.
ജൈവഭക്ഷണത്തിൽനിന്നു കിട്ടുന്ന ഊർജം ഏറെ ശ്രേഷ്ഠമാണ്. വിഷച്ചേരുവയില്ലാത്തതും രാസപദാർഥങ്ങൾ കലരാത്തതുമാകണം നമ്മുടെ രുചിക്കൂട്ടുകൾ. അതാകട്ടെ അമിതവുമാകരുത്. ആയുർവേദ വിധിപ്രകാരം ഔഷധഗുണമുള്ള ആഹാരവസ്തുക്കളാണ് ജൈവകൃഷിയിലൂടെ ലഭിക്കുന്നത്.
പാശ്ചാത്യ ഭക്ഷണക്രമത്തിലേക്കു നീങ്ങിയതിനാൽ പലവിധ ജീവിതശൈലീ രോഗങ്ങൾ നമ്മെ പിടികൂടുന്നു. വ്യായാമമില്ലായ്മയും കൃത്രിമ രാസവസ്തുക്കളുമാണ് ‘അഭ്യസ്തവിദ്യ’രായ മലയാളികളുടെ ആരോഗ്യകാര്യത്തിലെ വില്ലന്മാർ.
രാസവള പച്ചക്കറികൾ ഉപേക്ഷിക്കാനും ടെറസിലെ കൃഷി, അടുക്കളത്തോട്ടം എന്നിവ പ്രോത്സാഹിപ്പിക്കാനും സർക്കാരിന്റെ പദ്ധതികളുണ്ട്. ഇതിലൂടെ ഗാർഹിക മാലിന്യങ്ങൾ സംഭരിച്ച് ജൈവകൃഷിക്കു വേണ്ട വളവും ജൈവ കീടനാശിനികളുമുണ്ടാക്കാനാകും. ജൈവകൃഷിയിലൂടെ വ്യായാമവും ജീവവായുവായ ഓക്സിജനുംകൂടി നേടുന്നു. ജൈവകൃഷി നല്കുന്ന ആനന്ദം മാനസികസംഘർഷങ്ങളെയും അകറ്റുന്നു.
ശാസ്ത്രം പുരോഗമിച്ചു. സാങ്കേതികവിദ്യ വളർന്നു. എന്നാൽ, ആരോഗ്യം ക്ഷയിച്ചു. പലതരം അർബുദങ്ങളും മാറാരോഗങ്ങളും നമ്മെ തേടിയെത്തി. മറുനാടുകളിൽനിന്നു വരുന്ന വിഷപ്പച്ചക്കറികളും പുതുതലമുറയുടെ ചങ്കായ ‘ജങ്ക് ഫുഡും’ കൃത്രിമ പാനീയങ്ങളും രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടി.
ജൈവകൃഷിയുടെ മേന്മ കേരളം മനസിലാക്കിയിട്ടുണ്ട്. ജൈവകൃഷി നല്കുന്ന ശാരീരിക, മാനസിക ആരോഗ്യം നിരവധി പേർ മനസിലാക്കിക്കഴിഞ്ഞു. ‘ആരോഗ്യമുള്ള ജനതയ്ക്കായി ജൈവകൃഷി ശീലമാക്കൂ!’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.