ശബ്ദം
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Wednesday, October 15, 2025 12:47 AM IST
ജീവിതകാലത്തിനിടയില്‍ മൂന്നു തവണയാണ് ചെമ്പൈക്ക് നാദം നിലച്ചുപോയത്. ഓരോ തവണ ശബ്ദം നിലയ്ക്കുമ്പോഴും ചെമ്പൈ സങ്കടപ്പെട്ടിരുന്നില്ല. എല്ലാം ഗുരുവായൂരപ്പന് ശരിയാക്കിത്തരും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സന്ധ്യാവന്ദനം കഴിഞ്ഞ് അല്പനേരം മിഴികള്‍ പൂട്ടി ഭഗവാനെ മനസില്‍ ആവാഹിച്ചൊന്നിരുത്തിയാല് മതി ഉരുളവലിപ്പത്തില് ഗുരുവായൂരപ്പന് വെണ്ണ തരും. അതൊന്നിറക്കിയാല്, പോയ ശബ്ദത്തെക്കാളേറെ സുഭഗമായൊരു ശബ്ദം വരും. ചെമ്പൈക്ക് നാദം നിലച്ചപ്പോഴെല്ലാം പാഞ്ചജന്യം കൊടുക്കുകയായിരുന്നു ഭഗവാന് എന്നല്ലേ കവിമൊഴി.
സ്വരചക്രവര്ത്തിയായ ചെമ്പൈയുടെ നാദം വെങ്കലനാദമായിരുന്നു. തമിഴില്‍ പറയും, “ആനൈ പുകന്ത ശെമ്പുകടൈ” എന്ന്. ആന കയറിയ വെങ്കലപാത്രക്കട. അതുപോലായിരുന്നു ആ ശബ്ദം. ചെമ്പൈ ഗുരുവായൂരില്‍ വരുമ്പോള്‍ നല്ല തിരക്കാണെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അദ്ദേഹം വിളിച്ചുപറയും, “ആന വരുന്നേ, ആന വരുന്നേ, വഴി മാറിക്ക”എന്ന്. തിരക്കിനിടയില്‍ വഴി കിട്ടാനായിരുന്നു അത്. ഇങ്ങനെ ചെമ്പൈക്കു ചുറ്റുമായി കഥാസരിത്സാഗരംതന്നെ ഒഴുകിക്കിടപ്പുണ്ട്.
ശബ്ദമില്ലാത്ത ഏറെപ്പേരെ ഞാന്‍ പലപ്പോഴായി കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെയെല്ലാം ഭാഷ ശരീരത്തിന്റെ ഭാഷയായിരുന്നു. നാവില്‍ കിളിര്‍ക്കുന്ന വാക്കിന്റെ തളിരിലകളെ മാത്രമല്ല അവര്‍ വച്ചുനീട്ടുന്നത്. ഒരു മഹാശാഖിതന്നെ അവര്‍ നമുക്ക് കാട്ടിത്തരുന്നു. ഒരിക്കല്‍ കവി ലൂയിസ് പീറ്റര്‍ എനിക്കൊരാളെ പരിചയപ്പെടുത്തിത്തന്നു.
ഒരു നിശബ്ദന്‍. പക്ഷേ അയാള്‍ എന്നോട് എന്റെ ഭാഷയില്‍ മിണ്ടിപ്പറഞ്ഞു. ഒരു കിളികുലം കളസംഗീതമൊരുക്കുംപോലെ. “ഇന്നു ഭാഷയതപൂർണമിങ്ങഹോ” എന്ന മട്ടില്‍ ഞാന്‍ പകച്ചുനിന്നപ്പോള്‍ ലൂയിസ് പറഞ്ഞു. മിണ്ടിയിരുന്നെങ്കില്‍ ഇവനൊരു വിവേകാനന്ദനും എഴുതിയിരുന്നെങ്കില്‍ ഇവനൊരു കാളിദാസനുമാകുമായിരുന്നു. ഞാനയാളുടെ പാദങ്ങളില്‍ തൊട്ട് നമസ്കരിച്ചു. സകലാധാരഭൂതമായ ഒരു ചൈതന്യം എന്റെ മുന്നില്‍ മര്ത്യാകാരം പൂണ്ടുനില്ക്കുന്നു. അര്‍ത്ഥശങ്കയാല്‍ വന്നുപോകുന്ന പിഴകളെ ഓര്‍ത്തു ഞാന്‍ ലജ്ജിച്ചു നിശബ്ദനായിപ്പോകുന്നു.
വിദൂരപരിചയമുള്ള ഒരു ഗായകനെ എനിക്കോര്‍മ വരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് തന്റെ ശബ്ദം എന്നെന്നേക്കുമായി നിലച്ചുപോകുമോ എന്നയാള്‍ ഏറെ ഭയന്നിരുന്നു. അതിനാല്‍ അയാള്‍ താന്‍ വേദിയില്‍ പാടി പൊലിപ്പിച്ചിട്ടുള്ള പാട്ടുകളെല്ലാം സ്റ്റുഡിയോയില്‍ പോയി റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചു. അതില്‍ ചിലതു പിന്നീട് ഞാന്‍ കേള്‍ക്കുകയുണ്ടായി.
വല്ലാത്ത വികാരമൂര്‍ച്ഛ ആ പാട്ടുകള്ക്കെല്ലാമുണ്ടായിരുന്നു. എരിഞ്ഞടങ്ങുംമുമ്പുള്ള ആളിക്കത്തല്പോലെ. അയാളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. പക്ഷേ, ആ പാട്ടുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നു നെഞ്ചില്‍ കൈതൊട്ട് പറയാനാകും.
ഒരിക്കല്‍ നഷ്ടപ്പെട്ട ശബ്ദം ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ തൊണ്ടക്കുഴലിലൂടെ ഒഴുകിവരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെത്രപേരുണ്ടാകും? ഒരുപാടുപേര് കാണും. “എന്റെ ശബ്ദം വേറിട്ടു കേട്ടുവോ” എന്ന ഇടശേരിയുടെ ചോദ്യം എല്ലാ മനുഷ്യരുടെയും ഉള്ളിലെ ചോദ്യമാണ്. ആ ചോദ്യം ആത്മപ്രകാശനത്തിന്റെ ഒരുത്തരംകൂടിയാണ്.
മലയാളത്തിലെ ശ്രദ്ധേയരായ ചില എഴുത്തുകാര്‍ കടന്നുപോകുമ്പോള്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അവരെക്കുറിച്ച് സമാദരമാര്ന്ന ശീര്‍ഷകങ്ങള്‍ വരാറുണ്ട്. ഓരോ പത്രത്തിലും വരുന്ന ശീര്‍ഷകങ്ങള്‍ എന്തായിരിക്കുമെന്ന് തലേ രാത്രിതന്നെ ഞാനെഴുതി സൂക്ഷിക്കുമായിരുന്നു. ഇതു കുട്ടിക്കാലം മുതലേ എനിക്കൊരു ഹരമായിരുന്നു. അടുത്ത ദിവസം എഴുതിയ ശീര്ഷകക്കുറിപ്പുമായി വായനശാലയിലേക്ക് ഓടും. എല്ലാം ഒത്തുനോക്കും. ചിലത് ഞാനെഴുതിയതുമായി ഒത്തുവരും. ചിലതെന്നെ ഞെട്ടിക്കും. ചിലതെന്നെ നിരാശപ്പെടുത്തും. ഇപ്പോഴും രഹസ്യമായി ഞാനതു ചെയ്യാറുണ്ട്.
അഴീക്കോട് മാഷ് മരിച്ചപ്പോള്‍ ദിനപത്രങ്ങളില്‍ വന്ന മുഖ്യ ശീര്‍ഷകങ്ങള്‍ ഞാനിപ്പൊഴും ഓര്‍ക്കുന്നുണ്ട്. സാഗരം ഉറക്കമായി (മനോരമ), സാഗരഗര്‍ജനം നിലച്ചു (ദേശാഭിമാനി), വാക്കിന്റെ കടല്‍ മൗനമായി (ദീപിക), ഇനി ഞാന്‍ ഉപസംഹരിക്കട്ടെ (മാധ്യമം). എത്ര അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍. കടലിനെയും വാക്കിനെയും തൊടാതെ അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍ എഴുതിയ മറ്റു പത്രങ്ങളുമുണ്ട്. എന്നാല്‍, ഈ ശീര്ഷകങ്ങള്ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഉറക്കമായി, നിലച്ചു, ഉപസംഹരിക്കട്ടെ എന്നിങ്ങനെയാണ് അനുബന്ധവാക്കുകളെല്ലാം ചെന്നവസാനിക്കുന്നത്.
ഒരു പുഴ കടലില്‍ ചെന്നുചേരുംപോലെയാണ് ഈ ഒഴുകിപ്പരക്കല്‍. ഈ വാക്കുകളെല്ലാം ശബ്ദവുമായി ബന്ധപ്പെട്ടതാണ്. അതാണു നിലച്ചതും ഉറക്കമായതും മൗനമായതും ഉപസംഹരിക്കപ്പെട്ടതും. സാഗരസാന്നിധ്യമായിരുന്നു അഴീക്കോട് മാഷ്. കടല്‍ ശബ്ദംകൂടിയാണ്. ആ ഇരമ്പലാണ് മാഷ് കടന്നുപോയപ്പോള്‍ ഇല്ലാതായത്.
ഇതെഴുതിവന്നപ്പോള് പണ്ടെങ്ങോ വായിച്ച രസകരമായ ഒരു കാര്യം ഓര്‍മവരുന്നു. സുപ്രസിദ്ധ ഹിന്ദി ചലച്ചിത്രതാരം ഷമ്മി കപൂര്‍ ഒരിക്കല്‍ ഹിമാലയ യാത്ര കഴിഞ്ഞ് ഹരിദ്വാറിലേക്ക് മടങ്ങിവരികയായിരുന്നു. താഴ്വാരത്തേക്കു കുത്തനെയുള്ള വഴി ആയാസപ്പെട്ട് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹത്തെ ഒരാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.
അയാള്‍ ഷമ്മി കപൂറിന്റെ അടുക്കലേക്കുചെന്ന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “ആപ് കി ആവാസ് ചലി ഗയി” എന്ന്. “താങ്കളുടെ ശബ്ദം താങ്കള്‍ക്ക് നഷ്ടപ്പെട്ടു.” ഷമ്മി കപൂറിന് ഒന്നും മനസിലായില്ല. എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ അയാള്‍ ഏറെ മുകളിലെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മനസ് അല്പനേരം അസ്വസ്ഥമായി. അപരിചിതനായ യാത്രികന് പറഞ്ഞ കാര്യം ഷമ്മി കപൂര്‍ യാത്രാക്ഷീണത്താല്‍ മറന്നുപോയി.
ഹരിദ്വാറില്‍നിന്ന് ഡല്‍ഹിയിലെത്തി ഹോട്ടല്‍മുറിയില്‍ വിശ്രമിക്കുമ്പോഴാണ് തലേദിവസത്തെ പത്രം ഷമ്മി കപൂര്‍ ശ്രദ്ധിച്ചത്. അതിലെ പ്രധാന വാര്‍ത്ത ‘മുഹമ്മദ് റാഫി അന്തരിച്ചു’ എന്നായിരുന്നു. റാഫി സാബ് പാടിയതിലധികവും തനിക്കുവേണ്ടിയായിരുന്നല്ലോ എന്ന് അപ്പോഴാണ് ഷമ്മി കപൂറിന് ശരിക്കും ബോധ്യപ്പെട്ടത്. അതെ, ചിലര്‍ കടന്നുപോകുമ്പോള്‍ നമ്മുടെ ശബ്ദംകൂടിയാണ് നിലച്ചുപോകുന്നത്.