കാലം കാത്തുസൂക്ഷിച്ച കെടാവിളക്ക്
Wednesday, October 22, 2025 11:51 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത)
അറിവിന്റെ വൻമരമായ പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം, നന്ദിയോടെ കഴിഞ്ഞ കാലത്തേക്കു നോക്കാനും അഭിമാനത്തോടെ ഈ കാലത്തെ കാണാനും പ്രതീക്ഷയോടെ ഭാവിയെ നോക്കാനുമുള്ള അവസരമാണല്ലോ. കാർഷിക പാരമ്പര്യത്തിലധിഷ്ഠിതവും വിവിധ മതവിശ്വാസങ്ങളാൽ സമ്പന്നവുമായ പാലായിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടുകളിൽ ആശാൻകളരികളായിരുന്നു അക്ഷരങ്ങളിലേക്കുള്ള കുഞ്ഞുങ്ങളുടെ കിളിവാതിൽ. പള്ളിക്കൂടങ്ങൾ അക്ഷരങ്ങളിൽനിന്ന് അറിവിന്റെ മഹാവിസ്മയത്തിലേക്ക് അവരെ നയിച്ചു.
1937ൽ തുടങ്ങിയ ഉദ്യമം
ഉന്നതവിദ്യാഭ്യാസത്തിനായി ഒരു കോളജ് സ്ഥാപിക്കണമെന്ന ആഗ്രഹത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാലാ സെന്റ് തോമസ് ഹൈസ്കൂളിനെ സെക്കൻഡ് ഗ്രേഡ് കോളജായി ഉയർത്തണമെന്ന ആശയത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലാ വലിയപള്ളി വികാരിയായിരുന്ന കുളംകുത്തിയിൽ ദേവസ്യ കത്തനാർ, കെ.സി. സെബാസ്റ്റ്യൻ, എ.ഒ. ജോസഫ്, ജോർജ് തോമസ് കൊട്ടുകാപ്പള്ളി, മാത്യു സി. കട്ടക്കയം എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിലാണ് ആദ്യ അപേക്ഷ സമർപ്പിച്ചതെങ്കിലും തിരുവിതാംകൂർ യൂണിവേഴ്സിറ്റി ഉടൻ ആരംഭിക്കാൻ നീക്കം നടക്കുന്നതിനാൽ തിരുവിതാംകൂർ ഗവൺമെന്റിനാണ് അപേക്ഷ നൽകേണ്ടത് എന്നായിരുന്നു മദ്രാസ് യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട്. തുടർന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു.
1937ൽ ആരംഭിച്ച ഉദ്യമങ്ങൾ ലക്ഷ്യത്തോടടുക്കുന്നത് ഭാരതം സ്വതന്ത്രമായതിനു ശേഷമാണ്. ദിവാൻ ഭരണം അവസാനിച്ചതിനു ശേഷം പാലാ വലിയപള്ളി വികാരിയായിരുന്ന എമ്മാനുവേൽ മേച്ചേരിക്കുന്നേലച്ചൻ 1948 ഓഗസ്റ്റ് 15ന് തിരുവിതാംകൂർ സർക്കാരിന് ഒരു അപേക്ഷകൂടി സമർപ്പിക്കുകയും 1949 ഓഗസ്റ്റ് 22ന് പാലായിൽ മഹാ പൗരസമ്മേളനം വിളിച്ചുചേർക്കുകയും ചെയ്തു. ചങ്ങനാശേരി എസ്ബി കോളജ് പ്രിൻസിപ്പലായിരുന്ന വില്യം സി.ഡി. അച്ചനായിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. കോളജിന് അനുവാദവും ആശീർവാദവും നൽകിക്കൊണ്ടുള്ള ബിഷപ് ജയിംസ് കാളാശേരി പിതാവിന്റെ കത്ത് യോഗത്തിൽ വായിച്ചു. നിർമാണ കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഫാ. മാണി സെബാസ്റ്റ്യൻ വയലിൽ കളപ്പുരയാണ് അന്ന് സ്വാഗതപ്രസംഗം നടത്തിയത്.
പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂർ ഭരണം ഏറ്റെടുത്ത സന്ദർഭത്തിൽ ആർ.വി. തോമസ്, ചെറിയാൻ ജെ. കാപ്പൻ, കെ.എം. ചാണ്ടി എന്നിവർ നിയമസഭാ അംഗങ്ങൾ എന്ന നിലയിൽ ചെലുത്തിയ സ്വാധീനവും ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെയും വയലിൽ കളപ്പുര മാണിയച്ചന്റെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന ശ്രമങ്ങളും കോളജ് സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ പരിശ്രമങ്ങളെ ലക്ഷ്യത്തോടടുപ്പിച്ചു. 1949 ഡിസംബർ ആറിന് കോളജിന് താത്കാലിക അനുമതി ലഭിച്ചു. 1950ൽ ചങ്ങനാശേരി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ജേക്കബ് കല്ലറയ്ക്കൽ പാലായിൽ കോളജ് ആരംഭിക്കാൻ കൽപ്പന പുറപ്പെടുവിച്ചു.
1950 ഏപ്രിൽ 16ന് മദ്രാസ് ആർച്ച്ബിഷപ് ഡോ. മത്യാസ് തിരുമേനി കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് ഇന്റർമീഡിയറ്റ് ക്ലാസുകൾക്ക് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 1950 ഓഗസ്റ്റ് ഏഴിന് തോമസ് തറയിൽ പിതാവ് കോളജിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതേ ദിനംതന്നെയാണ് പാലാ രൂപതയുടെ പ്രഥമ മെത്രാനായി വയലിൽ കളപ്പുര മാണിയച്ചൻ നിയുക്തനായത് എന്നത് ധന്യമായ മറ്റൊരു സ്മരണയാണ്. “ആരോഗ്യവാന്മാരും ഐശ്വര്യവാന്മാരും വിജ്ഞാനികളും സന്മാർഗനിഷ്ഠരുമായ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നമായിരുന്നു പാലാ സെന്റ് തോമസ് കോളജിന്റെ പിറവിക്ക് പിന്നിലെ വലിയ പ്രചോദനം” എന്ന് കോളജിന്റെ സ്ഥാപകപിതാവുകൂടിയായ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിൽ അനുസ്മരിച്ചിട്ടുണ്ട്.
മികവാർന്ന സൗകര്യങ്ങൾ
ഇക്കാലഘട്ടത്തിലും അക്കാദമിക്-അക്കാദമികേതര മണ്ഡലത്തില്‍ നമ്മുടെ ശ്രദ്ധ സജീവമാണ്. കോളജില്‍ പ്രവർത്തിക്കുന്ന കരിയർ ആൻഡ് പ്ലേസ്മെന്റ് സെല്ലിലൂടെ വിദ്യാർഥികൾക്ക് മികച്ച സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള അവസരം ലഭിക്കുന്നു. അർണോസ് പാതിരി ചെയർ, ഫാ. കുര്യാക്കോസ് പാറപ്ലാക്കല്‍ ചെയർ, റവ. ഡോ. കുര്യന് മറ്റം ഫൗണ്ടേഷൻ, ഡോ. പി.ജെ. തോമസ് സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് തുടങ്ങിയവയുടെയും ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന വിവിധ അസോസിയേഷനുകളുടെയും എന്‍സിസി, എന്‍എസ്എസ് മുതലായ സന്നദ്ധ സംഘടനകളുടെയും വിവിധ ആർട്സ്, സ്പോർട്സ് ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ സമഗ്രമായ വികസനം കോളജ് ഉറപ്പുവരുത്തുന്നു. വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം വഴിയായി സ്ഥാപിച്ചിരിക്കുന്ന ഉടമ്പടി വഴി വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന ഗവേഷണ പദ്ധതികള്‍ക്കും കോളജ് അവസരമൊരുക്കുന്നു.
ഒളിമ്പിക് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ, വുഡൻ ഫ്ലോറിംഗ് ഉള്ള മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം, ടെന്നീസ് കോർട്ട്, മൂന്ന് ടർഫ് വിക്കറ്റുകളോടു കൂടിയ ക്രിക്കറ്റ് ഫീൽഡ്, ഇൻഡോർ-ഔട്ട്ഡോർ സൗകര്യങ്ങളോടുകൂടിയ വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, രണ്ട് ഫുട്ബോൾ സ്റ്റേഡിയം എന്നിവയും ക്രിക്കറ്റ്, വോളിബോൾ, സ്വിമ്മിംഗ്, അത്ലറ്റിക്സ് അക്കാദമികളും ഇന്ന് കോളജിന് സ്വന്തമാണ്. ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബാഡ്മിന്റൺ അക്കാദമിയിലൂടെ സ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്ക് സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച വിജയം നേടാനും സാധിക്കുന്നു.
ഉറച്ച ലക്ഷ്യബോധം
കാലഘട്ടത്തിന്റെ ചുവരെഴുത്തു വായിച്ച കർമയോഗി സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ നിശ്ചയദാർഢ്യമാണ് പാലായ്ക്ക് വിജ്ഞാനത്തിന്റെ മഹാദ്ഭുതമായ സെന്റ് തോമസ് കോളജിനെ സമ്മാനിച്ചത്. “എന്റെ സർവ ശ്രദ്ധയും കോളജ് സ്ഥാപനത്തിലായിരുന്നു. എന്റെ സമയവും കഴിവുകളും അതിനുവേണ്ടി പൂർണമായി സമർപ്പിച്ച് അധ്വാനിച്ചുകൊണ്ടിരുന്നു. പാലായിൽ ഒരു കോളജ് സ്ഥാപിക്കുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. നമ്മുടെ കുട്ടികൾ വിദ്യയഭ്യസിച്ച് ജ്ഞാനികളും സംസ്കൃതചിത്തരുമായിത്തീരുന്നതു വഴി വീടും നാടും നന്നാകുമല്ലോ എന്ന ചിന്തയാണ് എന്നെ നയിച്ചിരുന്നത്. അതിനുവേണ്ടി പരിശ്രമിക്കുന്നതും ക്ലേശങ്ങൾ സഹിക്കുന്നതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു...” എന്നാണ് കോളജിന്റെ സ്ഥാപനത്തെക്കുറിച്ച് വയലിൽ പിതാവ് തന്റെ ആത്മകഥയിൽ കുറിച്ചത്.
വയലിൽ പിതാവിന്റെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി കർമോത്സുകതയോടെ പ്രവർത്തിച്ച ജോസഫ് പള്ളിക്കാപറമ്പിൽ പിതാവും ഈ കോളജിനെ രൂപതയുടെ അഭിമാനമായി കരുതി സമഗ്ര വളർച്ചയിലേക്ക് നയിച്ചു. പാലാ രൂപതയോളം ചരിത്രമുള്ള ഈ വിജ്ഞാനകേന്ദ്രം രൂപതയുടെ ബാലാരിഷ്ടതയിലും അറിവിന്റെ വെളിച്ചത്തിനു നേർക്ക് തുറന്ന സഭയുടെ കണ്ണുകളായി. വിദ്യാഭ്യാസത്തിലൂടെ ദരിദ്രരുടെ ഉന്നമനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, പൊതുസമൂഹത്തോടുള്ള സഭയുടെ ഉത്തരവാദിത്വത്തിന്റെ പ്രതീകമായി ഈ കലാലയം നിലകൊള്ളുന്നു.
നവീനമായ ആശയങ്ങളും ധാർമിക ചിന്തകളും ഉജ്വലമായ കാഴ്ചപ്പാടുകളും ജാതി മതഭേദമെന്യേ വിദ്യാർഥിലോകത്തിന് നൽകാൻ തക്കവിധം ശക്തമായ ഉപാധിയായി വിദ്യാഭ്യാസത്തെ രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് ഈ കോളജിന്റെ മുഖമുദ്ര. കഴിഞ്ഞ 75 വർഷങ്ങളിലും ഗുണമേന്മയും മൂല്യബോധവുമുള്ള വിദ്യാഭ്യാസം നൽകുക എന്ന ശുശ്രൂഷയിൽനിന്ന് ഈ സ്ഥാപനം ഒരടിപോലും പിന്നോട്ടു പോയിട്ടില്ല എന്ന് അഭിമാനത്തോടെ എനിക്ക് പറയാനാവും. ഈ പ്രഖ്യാപിതലക്ഷ്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കാന്‍ കോളജിന്റെ മാനേജർ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അക്ഷീണം പ്രയത്നിക്കുന്നു എന്നത് ഏറെ അഭിമാനകരവും സന്തോഷദായകവുമാണ്. പ്രിൻസിപ്പൽ ഡോ. സിബി ജയിംസിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും ദീർഘവീക്ഷണവും കഠിനാധ്വാനവും കോളജിന് കൂടുതൽ കരുത്തേകുന്നു.
ഈ കലാലയത്തിൽനിന്നു പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെയും ഇപ്പോഴത്തെ വിദ്യാർഥികളുടെയും സന്തോഷത്തിൽ ഞാൻ പങ്കുചേരുന്നു. ഈ സ്ഥാപനം യാഥാർഥ്യമാകുന്നതിന് അക്ഷീണം പരിശ്രമിച്ചവർക്കും ഇതിനെ വളർത്തിയ മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കും ഇതിന്റെ ഗുണപരമായ വളർച്ചയ്ക്ക് നിരന്തരം സംഭാവന ചെയ്യുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി.
മഹാരഥന്മാരുടെ പിന്തുണ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം, ഗവർണർമാരായിരുന്ന വി.വി. ഗിരി, എം.എം. ജേക്കബ്, കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി, നൊബേൽ സമ്മാന ജോതാക്കളായ പ്രഫ. അദാ ഇ. യോനാഥ്, പ്രഫ. ക്ലോസ് വോൺ ക്ലിറ്റ്സിങ്ങ്, ലോകപ്രശസ്ത സ്കോട്ടിഷ് ചരിത്രകാരനായ വില്യം ഡാൽറിംപിൾ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മഹനീയ സാന്നിധ്യത്താൽ അനുഗൃഹീതമായ ഈ കലാലയം അതിന്റെ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യയുടെ ആദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശ്രേഷ്ഠ സന്ദർശനത്തിലൂടെ കൂടുതൽ യശസിലേക്കും വിജ്ഞാനത്തിന്റെ ശോഭയിലേക്കും കുതിക്കട്ടെ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും ക്രിയാത്മക പദ്ധതികളിലൂടെയും വരുംതലമുറകളെ നല്ല പൗരന്മാരായി രൂപപ്പെടുത്താന്‍ സെന്റ് തോമസ് കോളജിന് ഈ പ്ലാറ്റിനം ജൂബിലി വർഷം പ്രചോദനമാകട്ടെ.
ഓട്ടോണമസ് പദവിയിൽ
ആധുനിക വിദ്യാഭ്യാസ കാലഘട്ടത്തിലും സെന്റ് തോമസ് കോളജ് അതിന്റെ പ്രയാണം ഊർജസ്വലമായി തുടരുന്നു. 2021ൽ നടന്ന നാക് റീ അക്രിഡിറ്റേഷനിൽ A++ ഗ്രേഡ് കരസ്ഥമാക്കി. 2024ൽ ഓട്ടോണമസ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ എല്ലാവർക്കും തുല്യമായ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പ്രോഗ്രാമുകളിലും പെൺകുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കിക്കൊണ്ടാണ് കോളജ് പ്ലാറ്റിനം ജൂബിലിക്ക് തുടക്കം കുറിച്ചത്. നിലവില്‍ 2200ല്‍പരം വിദ്യാർഥികളും 150ല്‍പരം അധ്യാപകരും 46 അനധ്യാപകരുമാണ് കോളജിലുള്ളത്.
കോളജില്‍ ആദ്യമായി ബിരുദാനന്തരബിരുദ കോഴ്സ് ആരംഭിക്കുന്നത് 1957ല്‍ ഹിന്ദി വിഭാഗത്തിലാണ്. കോളജില്‍ ഏറ്റവും ആദ്യം ഗവേഷണകേന്ദ്രമായി മാറിയതും ഏറ്റവും കൂടുതൽ പിഎച്ച്ഡി അവാർഡ് ചെയ്യപ്പെട്ടതും ഹിന്ദി വിഭാഗത്തിൽ തന്നെയായിരുന്നു. കോളജിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർഭവും സാഹചര്യവുമനുസരിച്ച് വ്യത്യസ്ത വിഷയങ്ങളിൽ ബിരുദ പ്രോഗ്രാമുകളും ബിരുദാനന്തര പ്രോഗ്രാമുകളും ഗവേഷണ വിഭാഗങ്ങളും ആരംഭിച്ചു. നിലവില്‍ 15 യുജി പ്രോഗ്രാമുകളും 16 പിജി പ്രോഗ്രാമുകളും 11 പിഎച്ച്ഡി പ്രോഗ്രാമുകളുമുണ്ട്. മാനവികവിഷയങ്ങൾക്കും ശാസ്ത്രവിഷയങ്ങൾക്കുമൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകൾക്കും കോളജ് പ്രാധാന്യം നൽകുന്നു. ബിഎസ്സി സൈക്കോളജി, എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ കോഴ്സുകളും ബിസിഎയുടെ അധികബാച്ചുമാണ് ഈ വർഷം ആരംഭിച്ചത്. കൂടാതെ, മൈക്രോബയോളജി, ബയോസ്റ്റാറ്റിറ്റിക്സ്, ബയോടെക്നോളജി തുടങ്ങിയ പ്രഫഷണൽ കോഴ്സുകളുമുണ്ട്. സിവില്‍ സർവീസ് പരിശീലനരംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന പാലാ സിവില്‍ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് കോളജ് കാമ്പസിലാണ് ആരംഭിച്ചതും വികസിച്ചതും. കോളജ് വിദ്യാർഥികൾക്ക് ബിരുദ പഠനത്തോടൊപ്പം സിവില്‍ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കാനും ഇൻസ്റ്റിറ്റ്യൂട്ട് വഴി സാധിക്കുന്നു.
പാദമുദ്ര പതിപ്പിച്ച പ്രഗത്ഭരേറെ
ജവഹർലാൽ നെഹ്റുവിന്റെ സാമ്പത്തികോപദേഷ്ടാവും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്ന ഡോ. പി.ജെ. തോമസായിരുന്നു പ്രഥമ പ്രിൻസിപ്പൽ. പ്രഫ. വി.ജെ. ജോസഫ് വൈസ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ടു. മുന്നൂറിലധികം വിദ്യാർഥികളും 14 അധ്യാപകരും ഏതാനും അനധ്യാപകരുമാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. 1953 ഡിസംബർ ഒന്നിന് പൗരസ്ത്യ തിരുസംഘം സെക്രട്ടറി കർദിനാൾ ടിസറാങ് കോളജിന്റെ പ്രധാന മന്ദിരമായ ‘എ’ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോളജിന്റെ രണ്ടാമത്തെ പ്രിൻസിപ്പലും കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവുമായിരുന്ന മോൺ. ജോസഫ് കുരീത്തടത്തിലിന്റെ നേതൃത്വത്തിലാണ് അക്കാദമിക് മേഖലയിലും ഭൗതികരംഗത്തും സെന്റ് തോമസ് കോളജ് ശക്തമായി നിലയുറപ്പിച്ചത്. ഒട്ടനേകം പുതിയ കോഴ്സുകൾ ആരംഭിച്ചതും പുതിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കപ്പെട്ടതും ഇക്കാലഘട്ടത്തിലായിരുന്നു. മഹത്തായ സ്വപ്നങ്ങളുടെയും ഉന്നതമായ ദീർഘവീക്ഷണത്തിന്റെയും തുടർച്ചയെന്നവണ്ണം ദേശീയതലത്തിലും അന്തർദേശീയ തലത്തിലും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വപ്രഗത്ഭരെ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് സെന്റ് തോമസ് കോളജ് 75 വർഷം പിന്നിടുന്നത്.
വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിൽ വലിയ സംഭാവനകളാണ് സെന്റ് തോമസ് കോളജ് നൽകിയിട്ടുള്ളത്. മെത്രാന്മാർ, രാഷ്ട്രീയനേതാക്കൾ, മന്ത്രിമാർ, ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, വൈസ് ചാൻസലർമാർ, ജഡ്ജിമാർ, സാഹിത്യകാരന്മാർ, കായികതാരങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികൾ കോളജിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരുമാണ് എന്നു പറയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്.