ലജ്ജാഭാരത്താൽ പാതാളത്തിനപ്പുറത്തേക്കും ശിരസ് താഴുന്നവർ
Friday, November 8, 2019 1:12 AM IST
നിയമസഭാവലോകനം / സാബു ജോണ്
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് സംഭവമുണ്ടായപ്പോൾ ലജ്ജാഭാരത്താൽ ശിരസ് പാതാളത്തോളം താഴ്ന്നുപോകുന്നു എന്നായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കത്തിക്കുത്ത് കേസിന്റെ അനുബന്ധമായി പുറത്തുവന്ന പിഎസ്സി തൊഴിൽതട്ടിപ്പ് കേസിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോൾ ശിരസ് പാതാളത്തിനും താഴേക്കു താണുപോകുന്നില്ലേ എന്നു സ്പീക്കറോടു ചോദിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
പിഎസ്സി തട്ടിപ്പു കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. പ്രതിപക്ഷ ആരോപണങ്ങൾ പാടേ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ കേസുകൾ വരുന്പോൾ പറയുന്ന പല്ലവി ആവർത്തിച്ചു. കുറ്റവാളികൾക്കെതിരേ ശക്തമായ അന്വേഷണം നടക്കും. മുഖം നോക്കാതെ നടപടി ഉണ്ടാകും. പലകുറി കേട്ട ഈ ഉറപ്പ് ഒരിക്കൽകൂടി താങ്ങാനാകുന്നില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ ശിരസും പാതാളത്തിനു താഴേക്കുപോയെന്നു പറഞ്ഞതും പ്രതിപക്ഷ നേതാവ് തന്നെയാണ്.
കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം കിട്ടിയതു സമയത്തു കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പത്രസമ്മേളനം വിളിച്ചുകൂട്ടി വിളിച്ചുപറഞ്ഞതുതന്നെ പ്രതികൾക്കു തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. സിബിഐ അന്വേഷണത്തെ സർക്കാർ എന്തുകൊണ്ടു ഭയക്കുന്നു എന്നായിരുന്നു അനൂപിന്റെ ചോദ്യം.
കോപ്പിയടിച്ചതു തന്റെ മിടുക്കാണെന്നാണ് പ്രതി ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഇതിനെ വിമർശിച്ചവരെ ജാമ്യം കിട്ടി പുറത്തുവന്ന പ്രതി മർദിച്ചവശനാക്കി. രാഷ്ട്രീയ പിൻബലമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമോ? സിബിഐ അന്വേഷണം വഴി മാത്രമേ സത്യം പുറത്തുവരൂ എന്നായിരുന്നു അനൂപിന്റെ നിലപാട്.
എന്നാൽ, മുഖ്യമന്ത്രിക്കു ലജ്ജാഭാരത്തിന്റെയോ ശിരസ് താഴുന്നതിന്റെയോ പ്രശ്നമൊന്നുമില്ലായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി കാര്യമായി കാണുന്നില്ല. ഇത്തരമൊരു വൈകൃതം കാട്ടിയ ആൾ അതിനു തക്ക പ്രതികരണം നടത്തിയെന്നു കരുതിയാൽ മതിയത്രെ.
കുറ്റക്കാർ ജാമ്യം നേടി പുറത്തിറങ്ങി നടന്നു വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. സമീപകാലത്തു നടന്ന എല്ലാ പിഎസ്സി നിയമനങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞ കാര്യം രമേശ് ഓർമിപ്പിച്ചു. സഭ നിർത്തിവച്ചുള്ള ചർച്ചയോ സിബിഐ അന്വേഷണമോ നടക്കില്ലെന്നുറപ്പായപ്പോൾ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള തടസങ്ങൾ നീക്കാനുതകുന്ന വ്യവസ്ഥകളോടു കൂടിയ രണ്ടു ബില്ലുകളാണ് ഇന്നലെ സഭയിലെത്തിയത്. ചർച്ചയിൽ പങ്കെടുത്ത മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദറിന് വ്യവസായമന്ത്രി ഇ.പി. ജയരാജനോടു നല്ല മതിപ്പാണ്. ഖാദറിന്റെ അഭിപ്രായത്തിൽ ഈ മന്ത്രിസഭയിലെ പച്ചയായ രണ്ടു നല്ല മനുഷ്യരാണ് ജയരാജനും എം.എം. മണിയും. കമ്യൂണിസമെന്നു പറയുന്നതൊക്കെയുണ്ടെന്നു കരുതി പ്രസ്ഥാനത്തിൽ നിൽക്കുന്ന നല്ല മനുഷ്യരാണത്രെ ഇവർ. ജയരാജനാണെങ്കിൽ ഇസ്ലാമികമായ കാര്യങ്ങളേക്കുറിച്ചു പിടിപാടുള്ളയാളാണെന്ന അഭിപ്രായവും ഖാദറിനുണ്ട്. സാധാരണ മുസ്ലിംകൾ ദാനധർമങ്ങൾ നടത്തുമ്പോൾ ആദ്യം കുടുംബത്തിലുള്ളവർക്കു കൊടുക്കും. ജയരാജനും അങ്ങനെയാണ്. അദ്ദേഹം ആദ്യം കൊടുത്തത് ബന്ധുക്കൾക്കാണ്.
മാവോയിസ്റ്റുകളെന്നു പറഞ്ഞു രണ്ടു ചെറുപ്പക്കാർക്കു മേൽ യുഎപിഎ ചുമത്തിയ സമയത്ത് അവർക്കു തൊഴിൽ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന അഭിപ്രായവും ഖാദർ പ്രകടിപ്പിച്ചു. മാവോയിസ്റ്റുകളുടെ രീതിയോടു യോജിപ്പില്ലെങ്കിലും സമൂഹത്തിലെ അസന്തുലിതാവസ്ഥയാണു മാവോയിസ്റ്റുകൾക്കു പിന്തുണ ലഭിക്കാൻ കാരണമാകുന്നതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. മാവോയും ലെനിനുമൊക്കെ ഇപ്പോൾ ആർക്കും എടുത്തുപയോഗിക്കാവുന്ന പേരുകളായത്രെ. കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്കു ലെനിനിസ്റ്റ് എന്നാണു പേരിട്ടിരിക്കുന്നത്. ഇങ്ങനെ സ്വന്തമായി പാർട്ടി തുടങ്ങുന്നവർ സ്വന്തം പേരോ പിതാവിന്റെ പേരോ ഇട്ടാൽ പോരേ എന്നൊരു അഭിപ്രായവും ഖാദറിനുണ്ട്.
മാവോയിസ്റ്റ് വേട്ടയെക്കുറിച്ചു ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിൽ ഖാദർ ശരികേടു കണ്ടു. ഇദ്ദേഹമെന്താ സാഹിത്യകാരനാകാൻ പോകുകയാണോ? അതോ റിട്ടയർ ചെയ്ത ശേഷം വല്ല തസ്തികയിലും നോട്ടമിട്ടിട്ടുണ്ടോ എന്ന സംശയവുമുണ്ട്. മുഖ്യമന്ത്രിയെ സുഖിപ്പിക്കാനായി എഴുതിയതാണോ എന്നും ഖാദർ സംശയിക്കുന്നു.
എൽഡിഎഫ് വരും, എല്ലാം ശരിയാക്കും എന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുകാല മുദ്രാവാക്യത്തോട് പ്രതിപക്ഷത്തിനു പരിഹാസമാണെന്നു ഭരണപക്ഷത്തെ വി. ജോയിക്ക് അറിയാം. എങ്കിലും എൽഡിഎഫ് വന്നപ്പോൾ എല്ലാം ശരിയായി തുടങ്ങി എന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല.
ഫിഷറീസ് മേഖലയിൽ നല്ല നിലയിൽ പ്രവർത്തനം നടത്തുന്നു എന്ന ആത്മവിശ്വാസം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കുണ്ട്. അതുകൊണ്ടുതന്നെ വിമർശനം മന്ത്രിക്കു സഹിക്കാനാകില്ല. മത്സ്യത്തൊഴിലാളികൾക്കു നിരന്തരം മുന്നറിയിപ്പു കൊടുക്കുന്നതിനാൽ വർഷത്തിൽ ബഹുഭൂരിപക്ഷം ദിവസവും കടലിൽ പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നു ചോദ്യോത്തരവേളയിൽ പറഞ്ഞത് എം. വിൻസന്റ് ആണ്. ഓഖി കാലത്തു പറ്റിയ പിശകിന്റെ പേരിൽ ഇപ്പോൾ എല്ലാ ദിവസവും മുന്നറിയിപ്പു കൊടുക്കുകയാണത്രെ. ഇതു നാണക്കേടാണെന്നു വിൻസന്റ് പറഞ്ഞു. അംഗത്തിനു മാന്യതയുടെ ലവലേശമില്ലാത്തതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ മറുപടി.
അംഗത്തിനു മാന്യതയില്ലെന്നു പറഞ്ഞു എന്നു ചൂണ്ടിക്കാട്ടി കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളം കൂട്ടി. മന്ത്രിയുണ്ടോ വഴങ്ങുന്നു. അങ്ങനെ വിരട്ടാൻ നോക്കേണ്ട എന്നായി മന്ത്രി. മന്ത്രിക്കു നാണമില്ലേ എന്നു പറയുന്നതും അംഗത്തിനു മാന്യതയില്ലെന്നു പറയുന്നതും ഒരു പോലെ എന്നു പറഞ്ഞ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരം കണ്ടു. ചോദ്യോത്തരവേള സമാപിച്ചതിനാൽ ആ വിവാദം അവിടെ അവസാനിച്ചു.