Wednesday, May 6, 2020 11:50 PM IST
ഏകദേശം 25 കോടി വിദ്യാർഥികളും അവരുടെ കലാലയങ്ങളും സർവകലാശാലകളും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമേഖലയെ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ് കോവിഡ്-19 എന്ന സൂക്ഷ്മാണു. ലോക്ക് ഡൗൺ നമ്മുടെ ജീവനെ സംരക്ഷിക്കുന്നതോടൊപ്പം ഒരു പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്നു പരിശീലിപ്പിക്കുകയുമാണ്.
പല അധ്യാപകരും ഓൺലൈനിൽ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത്, വിദ്യാർഥികളുടെ പ്രശ്നങ്ങളെ തരണംചെയ്യാൻ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുന്നുമുണ്ട്. എന്നിരുന്നാലും കുറേ ആകുലതകളും പണസംബന്ധമായ പ്രശ്നങ്ങളും ഭൂരിഭാഗം വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അലട്ടുന്നു.
ഒരു ബിടെക് ഫൈനൽ ഇയർ വിദ്യാർഥിനിയുമായി ഫോണിൽ സംസാരിച്ചപ്പോൾ അവളുടെ ആകുലതകൾ ഇപ്രകാരമായിരുന്നു: അടുത്ത സെമസ്റ്ററിലെ പാഠങ്ങൾ എങ്ങനെ പഠിക്കുമെന്ന ആശങ്ക, കോഴ്സ് പൂർത്തിയാക്കുന്നതിലുള്ള അവ്യക്തത, ലോക്ക് ഡൗൺ കഴിയുന്പോഴുള്ള യൂണിവേഴ്സിറ്റി എക്സാം, പൂർത്തിയാകാത്ത പ്രോജക്ട് വർക്കുകൾ, വിജയകരമായി നടത്തിയ കാന്പസ് ഇന്റർവ്യൂവിന്റെ തുടർനടപടികൾ, മങ്ങുന്ന തുടർപഠന സാധ്യതകൾ, രക്ഷിതാക്കളുടെ സാന്പത്തികപ്രശ്നങ്ങൾ, അടഞ്ഞുകിടക്കുന്ന ലാബുകൾ-ലൈബ്രറികൾ... ഇവയെല്ലാം ചിന്തിച്ച് ഒന്നും പഠിക്കാൻ മൂഡ് തോന്നുന്നില്ല. ഒട്ടു മിക്കവരുടെയും പ്രശ്നങ്ങളാണിവ.
യുദ്ധവും പ്രളയവും മഹാമാരിയും ലോകത്തിൽ ഇടയ്ക്കെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ ഇതും കടന്നുപോകും. പിന്നീടുള്ളത് അതിജീവനത്തിന്റെ കഥയാണ്.
ടേക്ക് ഓഫ് ആകണം
കൊറോണക്കാലം ഒരു ടേക്ക് ഓഫ് ആകണം. സ്വയം ആവിഷ്കരിക്കാനുള്ള അവസരം. വൈറസിനെ തുരത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ ചില വിദ്യാർഥികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാർഹംതന്നെ.
കലാ-കായിക വിനോദങ്ങളും സാഹസികയാത്രകളുമൊക്കെ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൊറോണ വൈറസ് സമ്മാനിച്ചത് സാമൂഹിക അകലവും ലോക്ക് ഡൗണുമാണ്. ഇതു വെർച്വൽ സാമൂഹിക സമയങ്ങളിലേക്കും വെർച്വൽ പഠനകൂട്ടായ്മകളിലേക്കും നയിച്ചു. സാധാരണ ദിനചര്യകളിൽനിന്നുള്ള വ്യത്യസ്തതയെ ക്രിയാത്മകമാക്കാൻ കഴിയണം. എന്നെ ഞാൻ തന്നെ നയിക്കുന്ന പഠനരീതിയാണ് ഇപ്പോൾ അവലംബിക്കേണ്ടത്. മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും കൗൺസലർമാരുമെല്ലാം മുന്പത്തേതിനേക്കാൾ കൂടുതൽ അടുത്തായി കുട്ടികളോടൊപ്പമുണ്ട്.
സ്വന്തം കഴിവുകളും മികവും തിരിച്ചറിയാനുള്ള ദർശനം ഉണ്ടാകണം. ഈശ്വരൻ ഏതോ ദൗത്യവുമായാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത്. അപരന്റെ ദൗത്യമല്ല എന്റെ ദൗത്യം. കാരണം ഞാൻ അദ്വിതീയനാണ്. എന്റേതായ ശൈലിയിൽ ഞാൻ എന്റെ ജീവിതം മഹത്തരമാക്കി മാറ്റണം. അതായത് സമൂഹത്തിന് അവിസ്മരണീയമായതെന്തെങ്കിലും നൽകണം. സ്വപ്നങ്ങൾ ഉണ്ടാകണം. നിങ്ങളുടെ മനസിൽ വിരിഞ്ഞ സ്വപ്നമെന്ന തീക്കട്ടയെ വീട്ടിലോ ഹോസ്റ്റലിലോ കോളജിലോ ജോലിസ്ഥലത്തോ എവിടെയായിരുന്നാലും ജ്വലിപ്പിക്കാനുള്ള സമയമാണിത്. ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ ക്ഷമയോടെ കാത്തിരിക്കുകതന്നെ വേണം.
ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടാണം. അതിനായി കഠിനാധ്വാനം ചെയ്യണം. പ്രതിസന്ധികളെ തരണം ചെയ്ത് അത് നേടിയെടുക്കാനുമായി ഏതറ്റംവരെ പോകാനും തയാറാകണം. മഹാന്മാരായ എല്ലാ നേതാക്കന്മാർക്കും ലക്ഷ്യപ്രസ്താവനകൾ ഉണ്ടായിരുന്നു. അവർക്കുണ്ടായിരുന്ന ലക്ഷ്യബോധം നമുക്കും പ്രചോദനം പകരുന്നതാണ്. ഒന്നര മാസമായി നമ്മൾ ലോക്ക് ഡൗണിലൂടെ കടന്നുപോകുന്നു. എല്ലാവരുംതന്നെ വീടുകളിലാണ്. എല്ലാദിവസവും ഒരു പുതിയ കാര്യമെങ്കിലും ചെയ്യാൻ സാധിച്ചോ? ഉത്തരം നോ എന്നാണെങ്കിൽ, ആയിരിക്കുന്ന സാഹചര്യത്തിൽ സാധ്യമായ കാര്യങ്ങളെ നാം അവഗണിക്കുന്നുവെന്നുവേണം അനുമാനിക്കാൻ.
പഠനം എളുപ്പമാക്കാനും അലസത മാറ്റി ഒരു സെൽഫ് ഡിസൈനിംഗ് രൂപീകരിക്കാനും സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ:
1. Clarity in Goal (ലക്ഷ്യത്തെപ്പറ്റിയുള്ള വ്യക്തത)
ലക്ഷ്യത്തിൽ വ്യക്തത വരുന്പോൾ അലസത മാറും. എന്തിനുവേണ്ടിയാണ് ഞാൻ പഠനം നടത്തുന്നത്? ഇതുവഴി എന്ത് നേട്ടമാണ് ഉണ്ടാവുക? ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തത കൈവരുന്പോൾ ചെയ്യാനുള്ള പ്രവൃത്തികൾക്ക് പ്രചോദനമുണ്ടാകും എന്നതാണു സത്യം.
“ലോകത്തിന്റെ പ്രകാശം” (The light of the world) എന്ന വിശ്വവിഖ്യാത ചിത്രം വരച്ച ഹോർമൺ ഹുണ്ടിനോട് അത് എങ്ങനെ കഴിഞ്ഞു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ദിവസം എട്ടുമണിക്കൂർ വീതം 40 വർഷത്തെ പരിശീലനം’ എന്ന്.
2. Break down into small tasks - ലക്ഷ്യത്തെ ചെറിയ ചെറിയ പ്രവൃത്തികളായി വിഭജിക്കുക.
ഉദാഹരണമായി ലക്ഷ്യം 300 പേജുള്ള ഒരു പുസ്തകം ആറുദിവസംകൊണ്ട് വായിച്ചുതീർക്കുക എന്നതാണ്. അതിനെ നമുക്ക് ഇപ്രകാരം വിഭജിക്കാം. ദിവസം 50 പേജ് വായിക്കത്തക്കവിധത്തിൽ ക്രമീകരിക്കുക. രാവിലെ 25 പേജും വൈകുന്നേരം 25 പേജും.
3. Think about negative conse quences - പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കുക.
എന്റെ പഠനം ഞാൻ വിജയകരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയം. ഈ ഭയം ചില നേരങ്ങളിൽ പോസിറ്റീവ് പ്രതികരണമാക്കി മാറ്റാൻ നമ്മെ നിർബന്ധിക്കുന്നു. ഉദാഹരണമായി ഈ ബുക്ക് ഞാൻ വായിച്ചില്ലെങ്കിൽ എന്റെ ട്രെയിനിംഗ് മോശമാകും. അതെന്റെ പ്രഫഷനെ ബാധിക്കും. അതിനാൽതന്നെ വേദനകളെ മറികടന്നു പണിയെടുക്കാൻ നാം തയാറാകും.
4. Think about benefits - നേട്ടങ്ങളെപ്പറ്റിയുള്ള ചിന്ത.
എനിക്ക് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. എന്റെ ക്ലാസുകൾ മനോഹരമാക്കാൻ കഴിയും. മറ്റുള്ളവർക്ക് അതു ഗുണകരമാകും. ആത്മവിശ്വാസം വർധിക്കും. മറ്റുള്ളവരിൽനിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.
5. Change your environment
ലക്ഷ്യത്തിൽ നിന്നു നമ്മെ പിന്തിരിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുക. അതായതു കിടപ്പുമുറി പഠനസ്ഥലമാക്കരുത്. ഉചിതമായ സ്ഥലവും സാഹചര്യവും കണ്ടെത്തുക.
ഈ നിമിഷം മാത്രമാണ് നമ്മുടെ കൈവശമുള്ളത്. ഈ നിമിഷത്തിൽ ജീവിക്കുക. ഈ നിമിഷമെന്നത് കാലത്തിന്റെ അനന്തമായ ഒരു സംഗമവേദിയാണ്. വർത്തമാനകാലത്തിന്റെ പ്രാധാന്യം (കൊറോണക്കാലം, ലോക്ക് ഡൗൺ) അത് ഭൂതകാലത്തെയും ഭാവികാലത്തെയും പുണരുന്നുണ്ട് എന്നതാണ്. അതിന്റെ നിർമിതിയിൽ ഭൂതകാലത്തിന്റെ തുടർച്ചയുണ്ട്. ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ ഭാരമുണ്ട്. ജീവിതത്തിന്റെ ഫലദായകത്വത്തെ നാം ഭാവിയിലേക്ക്, ഉപരിനന്മയിലേക്ക് വേരുറപ്പിക്കുന്നത് ഇവിടെ ഈ നിമിഷത്തിലാണ്.
സിസ്റ്റർ വിമല ജോർജ് എസ്സിജെജി
(മനഃശാസ്ത്രജ്ഞയും സ്റ്റുഡന്റ് കൗൺ സലറുമാണ് ലേഖിക)