മഹാമാരികളെ ഇന്ത്യ മുന്പു നേരിട്ട വിധം
Monday, May 11, 2020 10:52 PM IST
കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ. റയാൻ ഏതാനും ആഴ്ചമുന്പ് ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. പോളിയോ, വസൂരി എന്നീ രണ്ട് നിശബ്ദ കൊലയാളികളെ നിർമാർജനം ചെയ്യാൻ ലോകത്തിന് നേതൃത്വം നൽകിയ ഇന്ത്യക്ക് മാരകമായ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും സംഭാവന നൽകാനാവും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പോളിയോ, വസൂരി എന്നീ രണ്ട് മഹാമാരികളെ ഇന്ത്യ ഇല്ലാതാക്കിയത് പൊതുജന പങ്കാളിത്തത്തോടെയാണ്. ലോകത്തിനു മുഴുവൻ വലിയ പാഠവും മാതൃകയുമാണിതെന്നും റയാൻ പറഞ്ഞു.
1980കൾ വരെ ലോകത്തെ 125-ൽപരം രാജ്യങ്ങളിൽ ദുരന്തം വിതച്ച മഹാമാരിയായിരുന്നു പോളിയോ. ഈ മഹാരോഗത്തിന് ഏറ്റവും അധികം ഇരകളായിരുന്നത് ദക്ഷിണ ഏഷ്യയിലേയും ആഫ്രിക്കയിലെയും ദരിദ്ര രാജ്യങ്ങളായിരുന്നു. ഇതിൽ തന്നെ ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഇന്ത്യയിൽ 2009 ഓടുകൂടി സമഗ്ര പോളിയോ നിർമാർജനം സാധ്യമാകുന്നതിന് മുന്പ് പ്രതിവർഷം ലോകമെന്പാടുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മൂന്നരലക്ഷം പോളിയോ കേസുകളിൽ രണ്ടു ലക്ഷവും ഇന്ത്യയിലായിരുന്നു. 1988-2009 കാലയളവിൽ ലോകത്ത് റിപ്പോർട്ട് ചെയ്ത മുഴുവൻ പോളിയോ കേസുകളിൽ പകുതിയും ഇന്ത്യയിലായിരുന്നു.
1979 മുതൽ പ്രത്യേകമായ ദേശീയ ഇമ്മ്യൂണൈസേഷൻ ദിവസം ഓറൽ പോളിയോ വാക്സിനുകൾ വ്യാപകമായി നൽകാൻ തുടങ്ങിയെങ്കിലും ഈ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ നമുക്കു കഴിഞ്ഞില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വ്യാപകമായി വാക്സിനുകൾ വിതരണം ചെയ്തെങ്കിലും അക്കാലയളവിൽ രണ്ടു ലക്ഷം മുതൽ മൂന്നര ലക്ഷം വരെ പോളിയോ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പറയുന്നത് ടൈപ്പ്-1, ടൈപ്പ്-3 പോളിയോ വൈറസുകൾക്കെതിരെ നമ്മുടെ വാക്സിനുകൾ ഉപകാരപ്രദമായിരുന്നില്ല എന്നാണ്.
ഈ സാഹചര്യത്തിൽ 1988-ൽ പോളിയോ നിർമാർജനത്തിനുള്ള 25 വർഷത്തെ കർമപദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ഓറൽ വാക്സിനുകൾക്ക് പകരം കുത്തിവയ്ക്കാവുന്ന വാക്സിനുകളുടെ സാധ്യതകൾ പരിശോധിക്കുകയും ഇതിനുവേണ്ടി വ്യാപകമായി ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 1996 മുതൽ യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ പോളിയോ നിർമാർജന പരിപാടികൾ ആരംഭിച്ചു. ദേശീയ പൾസ് പോളിയോ പ്രചാരണ പരിപാടികൾ രാജ്യമെന്പാടും സംഘടിപ്പിക്കപ്പെട്ടു. ശക്തമായ നിർമാർജന പ്രചാരണ പരിപാടികളുടെ ഫലമായി 2005ൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വെറും 66 ആയി കുറഞ്ഞു.
2013-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചു.
പ്രതിവർഷം കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മറ്റൊരു മഹാമാരി ആയിരുന്നു വസൂരി. 1950കളിൽ ലോക വ്യാപകമായി വസൂരി നിർമാർജനത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരുടെ മുന്പിലെ കീറാമുട്ടി ഇന്ത്യയും ചൈനയും പോലെ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്നതായിരുന്നു.
ലോകം ഉയർത്തിയ ആശങ്കകൾക്കിടയിൽ 1962ൽ ഇന്ത്യൻ ദേശീയ വസൂരി നിർമാർജന പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. 15 വർഷം കൊണ്ട് തീവ്രയജ്ഞത്തിലൂടെ വസൂരി നിർമാർജനം ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വസൂരി വാക്സിൻ കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ വസൂരി നിർമാർജന പദ്ധതി 1962-ൽ ആരംഭിച്ചു. ഇന്ത്യയിലെ മുഴുവൻ വീടുകളിലും എത്തിയ ആരോഗ്യ പ്രവർത്തകർ മുഴുവൻ ആളുകൾക്കും നേരിട്ട് വാക്സിൻ നൽകി. ലോകത്ത് തന്നെ അസാധാരണമായ ഒരു സംഭവം ആയിരുന്നു ഇത്.
1968-1972 കാലയളവിൽ രോഗം ഉള്ളവരെകൂടി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. 1973-1975 കാലയളവിൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് തീവ്രപ്രചാരണ പരിപാടികൾ ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ‘ഓപ്പറേഷൻ സ്മോൾ പോക്സ് സീറോ’ പദ്ധതി 1975-1977 കാലയളവിൽ നടപ്പാക്കി. പനി ബാധിച്ചും ശരീരത്തു പാടുകളുമായും വരുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കി റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധിതമാക്കി.
വസൂരി നിർമാർജന യജ്ഞം വിജയത്തിലെത്തിയതിനു പിന്നിലെ രഹസ്യം അതിനുവേണ്ടിയുള്ള കഠിനാധ്വാനവും ജനപങ്കാളിത്തവും ആയിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒപ്പം ലോകാരോഗ്യ സംഘടനയും ഇന്ത്യയോട് അണിചേർന്നു. 31 രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരായ 230 മെഡിക്കൽ വിദഗ്ധർ വിശ്രമമില്ലാതെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു. പദ്ധതിയുടെ വിജയത്തിന്റെ മുഖ്യഘടകം താഴേക്കിടയിലുള്ള ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനമായിരുന്നു.
വസൂരി വിമുക്ത ഇന്ത്യക്കായി ആറുലക്ഷത്തോളം ഗ്രാമങ്ങളിലെ പത്തു കോടിയോളം ആളുകൾക്കു വാക്സിനുകൾ വിതരണം ചെയ്തു. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ത്യൻ സൈന്യവും ഇക്കാര്യത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്. അതുപോലെ ബിഹാറിന്റെ ചില പ്രദേശങ്ങളിൽ ടാറ്റായുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു. സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് കന്പനിയിലെ സാധാരണ തൊഴിലാളികൾ മുതൽ നഴ്സുമാർ വരെയുള്ള ജീവനക്കാരെ വസൂരി നിർമാർജന പ്രവർത്തനങ്ങൾക്കായി ടാറ്റാ വിട്ടുനൽകി. എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെഫലമായി 1977ൽ ഇന്ത്യയെ വസൂരി വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.
ലോകത്തിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിച്ചേർത്ത സംഭവങ്ങളായിരുന്നു പോളിയോ, വസൂരി എന്നീ മഹാവ്യാധികളിൽ നിന്ന് ഇന്ത്യ വിമുക്തി നേടിയത്. ലോകാരോഗ്യ സംഘടനയുടെ തന്നെ ചരിത്രത്തിൽ ഇതിനു സമാനതകളുള്ള മറ്റൊരു മുന്നേറ്റം ഉണ്ടായിട്ടില്ല.
പ്രഫ. റോണി കെ. ബേബി