കാലത്തിന്റെ അടയാളങ്ങൾ
Saturday, May 23, 2020 11:18 PM IST
നാട് ദേശീയ ദുരിതത്തിലാണ്. കോവിഡ് എന്ന മഹാമാരിയാണു വില്ലൻ. ദുരിതത്തെ നേരിടുന്നതിനുള്ള 1897 ലെ പകർച്ചവ്യാധി നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. സംസ്ഥാന സർക്കാരുകൾക്കു ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് അധികാരം കൊടുക്കുന്ന ഈ നിയമം 2020 മാർച്ച് മുതൽ ഇന്ത്യയിലാകെ പ്രാബല്യത്തിലാണ്. അതുകൊണ്ടു തന്നെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് മിക്കവാറും എല്ലാക്കാര്യത്തിലും വളരെ ശക്തമായ അധികാരങ്ങളുണ്ട്.
അധികാരത്തിലുള്ളവർ ഇതുപയോഗിച്ച് അവരുടെ പാർട്ടി വളർത്താനും സ്വന്തം കാര്യങ്ങൾ നിറവേറ്റാനും ശ്രമിക്കാം. എന്നാൽ, ഈ നിയമം പ്രാബല്യത്തിലായിരിക്കുന്പോൾ ഇതനുസരിച്ച് നല്ല ഉദ്ദേശ്യത്തോടെ എടുത്ത നടപടികൾക്കെതിരേ ആർക്കും കോടതിയെ സമീപിക്കാൻ ആവില്ല. ഉദ്ദേശ്യം ശുദ്ധമല്ലെന്ന കാരണത്തിനാണ് കോടതിയെ സമീപിക്കാവുന്നത്. കോവിഡ് കേസുകൾ വന്നപ്പോൾ വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കാൾ വലുതാണു ജീവൻ എന്നു ഭാരതത്തിലെ സുപ്രീം കോടതി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ മുൻ ജഡ്ജിമാർ തന്നെ വിവാദമാക്കിയെങ്കിലും ഇപ്പോഴത്തെ ജഡ്ജിമാർ ആ നിലപാടുകാരാണ്. ഇത്രയും മനസിലാക്കിയില്ലെങ്കിൽ മനസിലാക്കാത്തവർക്കു വെറുതെ കഷ്ടപ്പാടുകൾ ഉണ്ടാവാം.
ചെകുത്താന്റെ പണിപ്പുരകളോ?
മഹാമാരിമൂലം ആരംഭിച്ച ലോക്ക്ഡൗൺ മൂലം അന്പതു ദിവസത്തിലേറെയായി ജനം കൊറോണയെക്കുറിച്ചുള്ള ഭയം മൂലം കതകുകൾ അടച്ച് വെറുതെ ഇരിക്കുകയാണ്. വെറുതെ ഇരിക്കുന്നവന്റെ മനസ് ചെകുത്താന്റെ പണിപ്പുരയാകുമെന്നു പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പല ആഘോഷങ്ങളും കൊണ്ടെത്തിക്കുന്ന നിഗമനം കൂടിയാവുകയാണ് ഇത്. ചിത്രങ്ങളും വാർത്തകളും വളച്ചൊടിച്ച് സമൂഹത്തിലെ പലരെയും സംശയത്തിന്റെ പുകമറയ്ക്കുള്ളിലെങ്കിലും നിർത്താൻ നടത്തുന്ന ബോധപൂർവമായ നീക്കങ്ങളെ പിന്നെന്താണ് വിളിക്കേണ്ടത്?
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും വ്യക്തികളെ തേജോവധം ചെയ്യുന്നതുമായ ഇത്തരം കടന്നാക്രമണങ്ങൾക്കെതിരേ ഹൈക്കോടതിയിൽ തന്നെ പല കേസുകളായി. വ്യാജ പ്രോഫൈലിൽ ഗ്രൂപ്പുകളുണ്ടാക്കി ക്രൈസ്തവ സമൂഹത്തിലേക്കു കടന്നു കയറാൻ പലരും ബോധപൂർവം ശ്രമിക്കുന്നതിന്റെ അടയാളങ്ങളുമായി. ഇത്തരം വാട്ട്സാപ്പ് കൂട്ടായ്മകൾക്കെതിരേ ശക്തമായ ബോധന നീക്കങ്ങളും നടക്കുന്നുണ്ട്.
സർക്കാർ പദ്ധതികൾ
കൊറോണ ഉണ്ടാക്കിയ ദാരുണ സാഹചര്യത്തെ നേരിടാനെന്ന പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. ഈ പദ്ധതികൾ വിഭാവനം ചെയ്യുന്ന സഹായം എങ്ങനെ ലഭ്യമാക്കാമെന്നു കണ്ടെത്തി സ്വന്തം പാർട്ടി പ്രവർത്തകരെ എങ്കിലും കരുത്തരാക്കുകയാണ് പ്രതിപക്ഷത്തിന് ഇക്കാലത്ത് ചെയ്യാവുന്ന നല്ല ഒരു പ്രവൃത്തി. അതിനെതിരേ പ്രസ്താവനകൾ മാത്രം നടത്തി ഉപഭോക്താവിന് സഹായം കിട്ടാത്ത നിലയാക്കുകയാണ് പലപ്പോഴും ചെയ്യുക.
ഈ അവസരത്തിൽ ഭരണകക്ഷിക്കാർ അവരുടെ ആൾക്കാർക്ക് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സിപിഎം വളരെ കൃത്യമായി ഇക്കാര്യം നടത്തുന്നുണ്ട്. ആ സഹായം കിട്ടാൻ ഇപ്പുറത്തെ കൂടാരത്തിൽ നിന്ന് ആൾക്കാർ കൂടുമാറേണ്ടി വരുന്ന സ്ഥിതിയുണ്ടാവും. കേരളത്തിലെ വെള്ളക്കാർഡുകാർക്കുള്ള സർക്കാർ സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിൽ ഉണ്ടായ തിരക്ക് വലിയ സൂചനയാണ്. മിക്കവാറും റേഷൻ കടകളിൽ സാമൂഹിക അകലം പോലെയുള്ള നിബന്ധനകൾ പോലും തിരക്കു മൂലം പാലിക്കാനാവാതെ വന്നു. വെള്ളക്കാർഡുകാർ എന്നാൽ സന്പന്ന വർഗം എന്നാണ് ഏതാണ്ട് ധാരണ. ഒപ്പം മിഥ്യാഭിമാനവും ചേരുന്പോൾ പലരും റേഷൻ കടയിൽ പോകുന്നതും ക്യൂ നിൽക്കുന്നതുമെല്ലാം കുറച്ചിലായി കാണുന്നവരാണ്.
റേഷൻ കാർഡിൽ പേരുള്ളവരാരെങ്കിലും ചെന്നാലേ കിറ്റ് വാങ്ങാനാവൂ. എന്നിട്ടും വിതരണം രണ്ടു ദിവസം കൂടി നീട്ടിവയ്ക്കേണ്ടി വരുന്നു എന്ന യഥാർഥ്യം കേരളത്തിലെ ഇടത്തരക്കാരെക്കുറിച്ചുള്ള വലിയ തിരിച്ചറിവാണ്. പഴയ മിഥ്യാഭിമാനവും പിടിച്ചിരുന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നു ജനത്തിനു മനസിലായിട്ടുണ്ട്. ഈ തിരിച്ചറിവിനു യോജിച്ച പരിപാടികൾ ഉണ്ടാവണം.
പാക്കേജുകൾ
പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും പ്രഖ്യാപിച്ച പാക്കേജുകളുടെ കുറവുകൾ എന്തുമാകട്ടെ, അവയൊന്നും അതിലൂടെ കിട്ടേണ്ട സഹായം വാങ്ങിച്ചെടുക്കാൻ തടസമാകരുത്. പാക്കേജ് ശരിക്കും പഠിക്കണം. അങ്ങനെ പഠിക്കുന്പോൾ അതിനെ വിമർശിക്കാനുള്ള വിവരവും കിട്ടും. പദ്ധതികളിലെ സഹായം എങ്ങനെ നേടിയെടുക്കാനാകുമെന്ന് വിദഗ്ധരോട് ചോദിക്കണം. അതിനനുസരിച്ച് സഹായിക്കാൻ പാർട്ടികൾക്കാവണം. ഇല്ലെങ്കിൽ മാറിനിൽക്കുന്നവർക്ക് പല സഹായവും കിട്ടാതാകും. മറ്റു വിഭാഗക്കാർ വാങ്ങിച്ചെടുക്കുന്നത് എല്ലാവർക്കും കാണാനാവുന്നതാണ്. അതോടെ അവർക്ക് കൂടുമാറേണ്ടി വരും.
പതിവു മുദ്രാവാക്യങ്ങളായ എല്ലാം വിറ്റുതുലയ്ക്കുന്നു എന്നതുപോലെയുള്ള വായ്ത്താരികൾ ഇനി ഏറെപ്പേർ വിഴുങ്ങില്ല. കോണ്ഗ്രസ് ആരംഭിച്ച സാന്പത്തിക പരിഷ്കരണമാണിത്. വിറ്റു മാറുന്നതോടെ നികുതി ദാതാവിന് വലിയ ബാധ്യതയാണ് ഒഴിവാകുക.
നരേഷ് ചന്ദ്ര കമ്മറ്റി 2003 ൽ സമർപ്പിച്ച റിപ്പോർട്ടിൽ എയർഇന്ത്യ വിൽക്കണമെന്ന് നിർദേശിച്ചു. അന്ന് ഇന്ത്യയിലെ വ്യോമയാന യാത്രക്കാരിൽ വലിയ പങ്കും ഉപയോഗിച്ചിരുന്നത് എയറിന്ത്യയാണ്. കടം കുറവുമായിരുന്നു. ഇപ്പോൾ എയറിന്ത്യയുടെ കടം 52,000 കോടി രൂപയിലധികമാണ്. യാത്രക്കാരുടെ പങ്കാകട്ടെ 14 ശതമാനത്തിൽ താഴെയും. 2013 ൽ കൊടുത്ത 25,000 കോടി ജലരേഖയായി. ഇനി വിൽക്കണമെങ്കിൽ തന്നെ 52,000 കോടി ജനം സഹിക്കണം.
ഇത്തരത്തിലുള്ള വിമർശനങ്ങൾ തിരിച്ചറിയാനുള്ള വിവരമൊക്കെ ഇവിടത്തെ സാധാരണക്കാരനും ആവുകയാണ്. കേരളത്തിലെ കെഎസ്ആർടിസി പോലെയുള്ള സ്ഥാപനങ്ങൾ എന്തിന് ഇനിയും സർക്കാർ നടത്തണം!
ജനക്ഷേമ പദ്ധതികൾ
സർക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അവയുമായി ആത്മാർഥമായി സഹകരിക്കാൻ ഓരോ പാർട്ടിയും പരമാവധി യത്നിക്കണം. സുഭിക്ഷ കേരളം, ജീവനി തുടങ്ങിയ പദ്ധതികൾ പഠിക്കണം. അതിൽ നിന്നുള്ള സഹായങ്ങൾ എത്തിക്കണം. ഇതിനകം 50 ലക്ഷം വിത്തുകൾ സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. അവയ്ക്കൊക്കെ കർഷകനു മുടക്കേണ്ടിവരുന്നത് വളരെ തുച്ഛമായ തുകയാണ്. പലതും സൗജന്യമാണ്. തരിശു ഭൂമി കൃഷി ചെയ്യുന്നതിനുള്ള പദ്ധതിയുണ്ട്. ഇത്തരം പദ്ധതികളുടെ സഹായങ്ങൾ ലഭ്യമാക്കാൻ കർഷകരെ സഹായിക്കുക.
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് ഉമ്മൻ ചാണ്ടി നടത്തിയ വ്യക്തിപരമായ ഇടപെടലുകളെക്കുറിച്ചു ചില ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടു. ഇത്തരം സംഭവങ്ങൾ പത്രസമ്മേളനത്തിൽ തന്നെ പറയുകയും അങ്ങനെ സഹായിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ബന്ധപ്പടേണ്ട ഫോണ് നന്പരും ഒക്കെ കൊടുക്കുകയും ചെയ്താൽ ജനങ്ങളെ ഏറെ സഹായിക്കാനാവും. യുവ എംഎൽഎമാർ പ്രവാസികൾക്കു തിരിച്ചുവരാൻ ടിക്കറ്റ് ഉണ്ടാക്കി കൊടുത്തതും നല്ല ശ്രമമമാണ്.
ഇങ്ങനെ ആവശ്യമുള്ളവരെ സഹായിക്കാനും സംഘടിത ശ്രമം ഉണ്ടാകണം. അന്യസംസ്ഥാനത്തൊഴിലാളികൾക്കു പ്രിയങ്ക ഉത്തർപ്രദേശിൽ ക്രമീകരിച്ച ബസുകൾക്ക് യോഗി ആദിത്യനാഥ് അനുമതി കൊടുക്കാത്തതുപോലെ സർക്കാർ തടസമുണ്ടാക്കിയെന്നുവരും. പക്ഷേ അതു പ്രിയങ്കയുടെ ശ്രമങ്ങളെ പരാജപ്പെടുത്തില്ല. അവർക്കു പ്രതിഫലം ഉണ്ടാവും.
വിമർശിക്കണം
അതിനർഥം സർക്കാർ ചെയ്യുന്നതും മുതലാക്കുന്നതുമായ എല്ലാം കണ്ണടച്ച് അംഗീകരിക്കണമെന്നല്ല. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുള്ള വിഷയങ്ങളുമായി കോടതിയെ സമീപിക്കാം. കേരള സർക്കാർ പകർച്ചവ്യാധിയുടെ വിവരശേഖരണത്തിന് നിയോഗിച്ച സ്പ്രിങ്ക്ളർ കന്പനിയെ സംബന്ധിച്ച വിവാദം തന്നെ ഉദാഹരണം. ആദ്യം സർക്കാർ കടുംപിടിത്തത്തിലായിരുന്നെങ്കിലും ഹൈക്കോടതിയിൽ എത്തിയതോടെ സർക്കാർ നിലപാട് മാറ്റി. സ്പ്രിങ്ക്ളറോട് വിവരങ്ങൾ മുഴുവൻ നശിപ്പിക്കാൻ ആവശ്യപ്പെട്ടതായും ഹൈക്കോടതിയെ കേരള സർക്കാർ അറിയിച്ചതായാണ് വാർത്ത.
ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ പുറത്തായതായി ഓസ്ട്രിയൻ സുരക്ഷാ വിദഗ്ധർ വെളിപ്പെടുത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടി വേണം ഇക്കാര്യം കാണുവാൻ. എല്ലാം കൂട്ടിവായിക്കുന്പോൾ സംശയം വളരുന്നുണ്ട്. പുര കത്തിയപ്പോൾ വാഴ വെട്ടുകയായിരുന്നില്ലേ സർക്കാർ എന്ന സംശയം ബലപ്പെടുന്നുണ്ട്.
അനന്തപുരി/ ദ്വിജൻ