ധർമചിന്തയും ആപേക്ഷികതയും
Friday, June 12, 2020 11:01 PM IST
രണ്ടും രണ്ടും കൂട്ടിയാൽ അഞ്ചാണെന്നു പറഞ്ഞാലും മൂന്നാണെന്നു പറഞ്ഞാലും അത് അംഗീകരിക്കാനുള്ള കഴിവിനെ "ദ്വിഗുണ ചിന്താശേഷി’ (double thinking) എന്ന് ആദ്യം വിശേഷിപ്പിച്ചത് ആംഗലേയ സാഹിത്യകാരനായ ജോർജ് ഓർവെൽ (എറിക് ആർതർ ബ്ലെയർ) ആയിരിക്കണം. അദ്ദേഹത്തിന്റെ ജീവിതകാലത്തു പ്രസിദ്ധപ്പെടുത്തിയ അവസാന നോവലായിരുന്നു 1949-ൽ വെളിച്ചംകണ്ട ഡിസ്റ്റോപ്പിയൻ ഫിക്ഷൻ ആയ "1984’. ഭരണകൂടത്തിനുവേണ്ടി ചരിത്രം തിരുത്തിയെഴുതുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രധാന കഥാപാത്രമായ വിൻസ്റ്റന്റ് സ്മിത്തിലൂടെയാണ് ഓർവൽ ഈ ആശയം അവതരിപ്പിക്കുന്നത്. ഭരണകൂടങ്ങളുടെ ഏകാധിപത്യ പ്രവണതയാണ് ഇവിടെ വിഷയമെങ്കിൽ സമൂഹത്തിൽ വളർന്നുവരുന്ന മറ്റു ചില പ്രവണതകളെ സൂചിപ്പിക്കാനും ഈ പ്രയോഗം സഹായകമാണ്.
ചില സമകാലിക യാഥാർഥ്യങ്ങളെ ധാർമികതയുടെ അളവുകോൽകൊണ്ട് തിട്ടപ്പെടുത്താൻ ശ്രമിക്കുന്നതു ദുഷ്കരമാണ്. ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള ഏതു ചർച്ചയിലും ഉരുത്തിരിയാവുന്ന ഒരു ചോദ്യം ‘എല്ലാവർക്കും ഒരുപോലെ ബാധകമായ, സ്വീകാര്യമായ ഒരു ധാർമികത ഉണ്ടോ ’ എന്നുള്ളതാണ്. ധാർമികതയെ ആപേക്ഷികമായി മാത്രം കാണാൻ ശ്രമിക്കുന്നവർക്ക് എമ്മാനുവൽ കാന്റിന്റെ ‘അഴിവില്ലാത്ത ധാർമിക കർത്തവ്യം’(Categorical Imperative) എന്ന ദർശനം ദഹിച്ചെന്നുവരില്ല. പക്ഷേ എന്തിനെയും ആപേക്ഷികമായി മാത്രം വിലയിരുത്താനും വിമർശിക്കാനുമുള്ള പ്രവണത സമൂഹത്തിൽ വളരുന്നത് അപകടകരമാണ്. പൊതുവേ സ്വീകാര്യമായ മൂല്യങ്ങളുടെ അഭാവത്തിൽ വ്യക്തികേന്ദ്രീകൃതമായ ധാർമികാവബോധം സമൂഹത്തിൽ വളരുകയും തത്ഫലമായി ധാർമികമൂല്യങ്ങൾക്ക് അപചയം സംഭവിക്കുകയും ചെയ്യും.
ശരിയും തെറ്റും തമ്മിൽ വേർതിരിക്കുന്ന രേഖ എന്തായിരിക്കണം? ഒരു പ്രവൃത്തി ശരിയോ തെറ്റോ എന്നു വിലയിരുത്തപ്പെടുന്നത് എപ്പോഴാണ്? മോഷ്ടിക്കരുത് എന്നത് ഒരു പൊതുനിയമമല്ലെങ്കിൽ എനിക്കു നേട്ടമുണ്ടാകുന്പോൾ മോഷ്ടിക്കാമെന്നും മറ്റൊരാൾ അതു ചെയ്താൽ തെറ്റാണെന്നുമുള്ള വ്യാഖ്യാനത്തിനു സാധുതയുണ്ടാകും. ചില പ്രവൃത്തികൾ ആരു ചെയ്തു എന്നു നോക്കി ശരിതെറ്റുകൾ നിർണയിക്കുന്നതും ശരിയല്ല. ഇങ്ങനെയുള്ള പ്രവണതകൾ അപകടകരമായ ഒരു സമൂഹവ്യവസ്ഥിതിയിലേക്ക് വിരൽചൂണ്ടുന്നു.
ഒരു വസ്തുതയെ പല ദിശയിൽ നിന്നു നോക്കിക്കാണാമെന്നതു ശരിതന്നെ. ജൈനതത്വശാസ്ത്രത്തിലെ ‘സ്യാദ്വാദം’ ഈ ആപേക്ഷികചിന്തയെ സാധൂകരിക്കുന്നതാണെങ്കിലും സത്യാന്വേഷണത്തെക്കാൾ വ്യക്തിതാത്പര്യം ഈ നോട്ടത്തിനു പിന്നിലുണ്ടെന്നുവരുന്പോൾ സത്യത്തിന്റെ നിറം മങ്ങും.
പരീക്ഷയ്ക്കു കോപ്പിയടിക്കുന്നതു തെറ്റാണെങ്കിൽ ഏതു സാഹചര്യത്തിലും അതു തെറ്റുതന്നെയാകണം. ഓരോ തെറ്റിനും അർഹിക്കുന്ന ഗൗരവമേ കൊടുക്കാവൂ എന്നതിൽ സംശയമില്ല. ഇതു തെറ്റായ പ്രവൃത്തിയിൽ ഉൾച്ചേർന്നിട്ടുള്ള കുറ്റകരമായ ഉദ്ദേശ്യം (Mens rea) കൂടി കണക്കിലെടുത്തുവേണം എന്നു നിയമപുസ്തകങ്ങൾ പറഞ്ഞുതരുന്നുണ്ട്. എന്നാൽ, അറിയാതെയാണെങ്കിൽപോലും ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതിന് മറ്റൊരാൾ കാരണക്കാരനായാൽ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുന്നതിന് ഇതേ നിയമം അനുശാസിക്കുന്നുണ്ട്. ചില ധാർമികമൂല്യങ്ങൾ പൊതുവായി കരുതപ്പെടുന്നവയാണെന്നും അവയുടെ ലംഘനം ചില ക്രമങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്നുമുള്ള ധർമചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞ നിയമങ്ങളാണിവ.
സമൂഹത്തിൽ ചില ‘കാറ്റഗോറിക്കൽ ഇംപരേറ്റീവ് ’കൾ ആവശ്യമാണ്. ഇല്ലെങ്കിൽ ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധം ക്രമേണ ഇല്ലാതാകും. നിയമങ്ങൾ ഒരുകാലത്ത് ധാർമികമൂല്യങ്ങളെ സംരക്ഷിക്കാനായിരുന്നു. ധാർമികതയിൽ പ്രതിഫലിക്കുന്നത് മനുഷ്യനോടും ജീവനോടുമുള്ള ആദരവും. എന്നാൽ, ഇന്നു നിയമത്തെ ധാർമികതയിൽനിന്നു വേർപെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. “വ്യഭിചാരം കുറ്റം (crime) അല്ല’’ എന്ന സുപ്രീംകോടതി വിധിക്കു പ്രേരകമായ കാരണങ്ങൾ പലതാണെങ്കിലും ഈ വിധിയിൽ സംഭവിച്ചതു മേൽപറഞ്ഞതുപോലെ കുറ്റവും തെറ്റും തമ്മിൽ വേർതിരിക്കുന്നതിനുള്ള ശ്രമമാണ്. തെറ്റ് ധാർമികതലത്തിൽ മാത്രം നിൽക്കുന്നതാണ്. ഇവയെ വേർതിരിക്കുന്പോൾ സംഭവിക്കുന്നതു തെറ്റായ ഒരു കാര്യം ശിക്ഷാർഹമല്ലാതെയാകുന്നു എന്നുള്ളതാണ്. ശിക്ഷയുടെ അഭാവത്തിൽ തെറ്റുകൾ ആവർത്തിക്കപ്പെടാം. പക്ഷേ നിയമം ഇടപെടുന്നില്ല എന്നു മാത്രം.
കോപ്പിയടിക്കുന്നത് ഇനിമുതൽ കുറ്റമല്ല എന്നൊരു നിയമം വന്നാൽ എത്രമാത്രം കോപ്പിയടിച്ചാലാണു ശിക്ഷിക്കപ്പെടുന്നത്, ഏതുവിധമാണ് അതു കൈകാര്യം ചെയ്യേണ്ടത് എന്നൊന്നും ചിന്തിച്ച് തലപുണ്ണാക്കേണ്ടതില്ലല്ലോ. കോപ്പിയടിച്ച വ്യക്തിയുടെ മാനസികാവസ്ഥയെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.
ചേർപ്പുങ്കലിൽ നടന്ന സംഭവത്തെ വൈകാരികമായി മാത്രം നോക്കിക്കണ്ട മാധ്യമങ്ങളും വ്യക്തികളും കാണാതെപോകുന്ന പല സത്യങ്ങളുമുണ്ട് എന്നു സൂചിപ്പിച്ചുവെന്നേയുള്ളൂ. അതോ മുന്പ് പറഞ്ഞതുപോലെ ചിലയിടങ്ങളിൽ സംഭവിച്ചതുകൊണ്ട് അത് അങ്ങനെ മാത്രമേ കാണാനും വിലയിരുത്താനും സാധിക്കൂ എന്നാണോ?
ഡോ. ജോർജ് തെക്കേക്കര