കടുവ കെടുത്തിയത് ഒരു കുടുംബത്തിന്റെ സ്വപ്നം
Thursday, July 2, 2020 12:29 AM IST
കാടിറങ്ങുന്ന ക്രൗര്യം -7
2020 ആരംഭിച്ച് ആറുമാസം പിന്നിടുന്നതിനു മുന്പ് പത്തനംതിട്ട ജില്ലയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതു രണ്ടുപേർക്കാണ്. തണ്ണിത്തോട്ടിൽ ടാപ്പ് ചെയ്തു കൊണ്ടിരുന്ന യുവാവിനെ കടുവ കൊന്നു. റാന്നിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് വനംവകുപ്പിന്റെ ട്രൈബൽ വാച്ചർ. കൂടാതെ കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് കാനനപാതയിൽ തമിഴ്നാട്ടുകാരനായ ഒരു അയ്യപ്പഭക്തനെ ഇടുക്കി അതിർ ത്തിയിൽ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റിൽ റബർ ടാപ്പു ചെയ്തു വന്ന ഇടുക്കി കട്ടപ്പന കഞ്ഞിക്കുഴി വടക്കേൽ ബിനീഷ് (37) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ മേയ് ഏഴിന്. ഇടുക്കിയിൽ നിന്നെത്തി ഗർഭിണിയായ ഭാര്യക്കൊപ്പം താമസിച്ചാണ് ബിനീഷ് തോട്ടത്തിലെ ടാപ്പിംഗ് നടത്തിവന്നത്. ബിനീഷ് റബർ ടാപ്പ് ചെയ്തു കൊണ്ടിരുന്ന പ്രദേശം റാന്നി വനമേഖലയിൽനിന്നു വിദൂരത്തിലാണ്. പ്ലാന്റേഷൻ കോർപറേഷൻ തോട്ടം വനവുമായി അതിർത്തി പങ്കിടുന്നുണ്ട്.
തണ്ണിത്തോട് മണ്പിലാവ് ഭാഗത്തു റബർമരം ടാപ്പ് ചെയ്യുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ചെറിയ ഏണി വച്ച് റബർ വെട്ടിക്കൊണ്ടിരുന്നപ്പോൾ തോട്ടത്തിന്റെ ഉയർന്ന ഭാഗത്തു നിന്നു ചാടിവീണ കടുവ ബിനീഷിന്റെ കഴുത്തിൽ പിടിച്ച് താഴെയിട്ട് മുപ്പത് മീറ്ററോളം വലിച്ചുകൊണ്ട് പോയി. സമീപത്തുണ്ടായിരുന്നവർ ബഹളം കൂട്ടിയതോടെ കടുവ ബിനീഷിനെ ഉപേക്ഷിച്ച് ഓടിപ്പോയി. ആക്രമണത്തിൽ വലതു ചെവിയുടെ ഭാഗത്തും കഴുത്തിനുമടക്കം ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. സംഭവസ്ഥലത്തു തന്നെ ബിനീഷ് മരിച്ചു.
വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾസ്വീകരിച്ചുകൊണ്ടിരിക്കെ കടുവ വീണ്ടുമെത്തി. വനപാലക സംഘത്തിന്റെ ബൈക്ക് തള്ളിയിട്ട് സീറ്റ് കടിച്ചു കീറി.
പിന്നീടുള്ള ഒരു മാസം തണ്ണിത്തോട്, വടശേരിക്കര, പേഴുംപാറ, മണിയാർ പ്രദേശങ്ങളിലായി വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടു. വളർത്തുമൃഗങ്ങളെ പലയിടത്തും ആക്രമിച്ചു. കടുവയെ കുടുക്കാനായി കൂട് സ്ഥാപിച്ച് കന്നുകുട്ടികളെ കെട്ടിയിട്ടെങ്കിലും ഇവിടേക്കു തിരിഞ്ഞു നോക്കിയില്ല. കടുവ തിരികെ കാടുകയറിയിരിക്കുമെന്നു കരുതിയിരുന്നപ്പോഴാണ് കഴിഞ്ഞ ഒന്പതിനു രാത്രി ഇതിനെ വീണ്ടും വടശേരിക്കര അരീക്കക്കാവിലെ ജനവാസ മേഖലയിൽ കണ്ടത്. അവശനായ കടുവ നടക്കാൻ തന്നെ ബുദ്ധിമുട്ടിയ സ്ഥിതിയിലായിരുന്നു. വനപാലകർ സ്ഥലത്തെത്തി കടുവയെ പിടികൂടാൻ ആലോചിക്കുന്നതിനിടെ ഇതു ചത്തുവീണു. പോസ്റ്റുമോർട്ടത്തിൽ കടുവയ്ക്ക് മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് വ്യക്തമായി.
2018 ഏപ്രിൽ ഏഴിന് കോന്നിയിലെ കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ കിടങ്ങിൽ കിഴക്കേതിൽ രവി കൊല്ലപ്പെട്ടത് കാട്ടുമൃഗത്തിന്റെ ആക്രമണത്തിലാണ്. മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്താനായത്. കടുവയാണ് ആക്രമിച്ചതെന്ന് വനപാലകർ നിഗമനത്തിലെത്തി. പുലിയുടെ ആക്രമണവും കോന്നി, റാന്നി വനമേഖലയോടു ചേർന്ന ജനവാസ മേഖലകളിലുണ്ടായിട്ടുണ്ട്. വളർത്തുമൃഗങ്ങളെയാണ് ഇവ ഏറെയും ആക്രമിക്കുന്നത്. കഴിഞ്ഞ മേയിലും പുലിയുടെ ആക്രമണം ഉണ്ടായി.
വനപാലകനും രക്ഷയില്ല
റാന്നി വനംമേഖലയിൽ കഴിഞ്ഞ ഫെബ്രുവരി 26ന് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വനപാലകനാണ്. രാജംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ എ.എസ്. ബിജു (52)വാണ് മരിച്ചത്. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതിർത്തിമേഖലയിൽ പന്പാനദിയോടു ചേർന്ന ജനവാസ മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ ഇതിനെ തുരത്താൻ ഇറങ്ങിയ സംഘത്തിലെ വാച്ചറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
2015 ജനുവരി 21ന് ഗവിയിൽ പട്ടാപ്പകൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ സഞ്ചാരികളായെത്തിയ ദന്പതികൾ മരിച്ചു. അഹമ്മദാബാദിൽ നിന്നുള്ള ഭുപേന്ദ്ര റാവൽ (52) ഭാര്യ ജഗരൂദി (50) എന്നിവരാണ് മരിച്ചത്. ഗവി റൂട്ടിൽ സഞ്ചാരികളുടെ വാഹനങ്ങൾക്കുനേരെയും കെഎസ്ആർടിസി ബസിനു നേരെയുമൊക്കെ കാട്ടാനയുടെ ആക്രമണം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ജനവാസ മേഖലയായ കൊച്ചുപന്പയിലും ഗവിയിലുമൊക്കെ പുറത്തിറങ്ങുന്ന കാട്ടാന വീടുകൾക്കടക്കം നാശം വരുത്താറുണ്ട്.
ശബരിമല കാട്ടുപാതയിലും തീർഥാടനകാലത്ത് അയ്യപ്പഭക്തർക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇക്കഴിഞ്ഞ മകരവിളക്കു കാലത്ത് ജനുവരി അഞ്ചിന് പന്പയിലേക്കുള്ള കാനനപാതയിൽ വെള്ളാരം ചിറയിൽ കാൽനടയാത്രക്കാരനായ അയ്യപ്പഭക്തനെ ആന ആക്രമിച്ചു കൊന്നു. കോയന്പത്തൂർ സ്വദേശിയായ ബദരിപ്പനാണ് (58) മരിച്ചത്. 2019ലെ തീർഥാടനകാലത്ത് സേലം സ്വദേശിയായ അയ്യപ്പഭക്തനും 2018ൽ കരിമലയിൽ ചെന്നൈ സ്വദേശിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കാട്ടുപന്നി ശല്യക്കാരൻ; ഉത്തരവ് നടപ്പാക്കാൻ വൈമുഖ്യം
കാട്ടുപന്നിയെ ശല്യക്കാരനായി കണ്ടെത്തി വെടിവയ്ക്കാൻ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തു തന്നെ ഇത്തരമൊരു ഉത്തരവിന്റെ പിൻബലത്തിൽ നടപടിയെടുത്തത് കോന്നി വനംഡിവിഷനിലാണ്. കഴിഞ്ഞ 14നു രാത്രി കോന്നി വനമേഖലയിൽ ഉത്തരവ് നടപ്പാക്കി. കോന്നി ഡിഎഫ്ഒയുടെ ഉത്തരവു പ്രകാരം ശല്യക്കാരനായ ഒരു കാട്ടുപന്നിയെ വനപാലകർ തന്നെ വെടിവച്ചു. കോന്നി അരുവാപ്പുലത്താണ് നാളുകളായി കൃഷി നശിപ്പിച്ചുവന്ന പന്നിയെ വെടിവച്ചത്. ഉത്തരവ് നടപ്പാക്കുന്നതിലും അനുമതി നൽകുന്നതിലും വനപാലകർക്ക് മടിയാണ്. ലൈസൻസുള്ള തോക്കുള്ളവരെ ഉൾപ്പെടുത്തി അഞ്ചുപേരെ എം പാനൽ ചെയ്തു നൽകി ശല്യക്കാരായ പന്നിയെ വെടിവയ്ക്കാൻ അനുമതി നൽകാമെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് കോടഞ്ചേരിയിൽ കഴിഞ്ഞദിവസം ഒരു പന്നിയെ വെടിവച്ചു. പന്നിയുടെ കുത്തേറ്റ് ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. കഴിഞ്ഞ ജൂണ് ഒന്പതിനു പുലർച്ചെ വടശേരിക്കര അരീക്കക്കാവിൽ ബൈക്കിൽ ടാപ്പിംഗിനു പോകുകയായിരുന്ന ഇ.വി. റെജികുമാറിന്റെ (52) ബൈക്കിനു മുന്നിലേക്കു കാട്ടുപന്നി ചാടി. വാഹനം മറിഞ്ഞുണ്ടായ ഗുരുതരമായ പരിക്കിൽ റെജി കുമാർ മരിച്ചു.
കോന്നിയിലെ ഫൈനാൻസിയേഴ്സ് ഉടമയും കേരള കോൺഗ്രസ് -എം അരുവാപ്പുലം മണ്ഡലം പ്രസിഡന്റുമായിരുന്ന സ്റ്റാൻലി ചള്ളയ്ക്കൽ (52) കഴിഞ്ഞ 14 മാസമായി ഒരേ കിടപ്പിലാണ്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുന്നിലേക്ക് അരുവാപ്പുലം വെൺമേലിപ്പടിയിൽ രാത്രി യാത്രയ്ക്കിടെ കാട്ടുപന്നി കുറുകെച്ചാടിയാണ് ആക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായ സ്റ്റാൻലിയെ വിവിധ ചികിത്സകൾക്കു വിധേയനാക്കിയെങ്കിലും ഇപ്പോഴും അർധ ബോധാവസ്ഥയിലാണ്. മലയാപ്പുഴ ചെങ്ങറയിൽ ഒരു വർഷം മുന്പ് രാവിലെ വെള്ളം കോരാൻ കിണറ്റിൻകരയിലേക്കെത്തിയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. ഇത്തരത്തിൽ പന്നിയുടെ ആക്രമണത്തിനു വിധേയരായവർ പത്തനംതിട്ട ജില്ലയിൽ നിരവധിയുണ്ട്.
കാട്ടുപന്നി നാട്ടിൻപുറങ്ങളിൽ പെറ്റുപെരുകുകയാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്പോഴും കാട്ടുപന്നിയുടെ ശല്യം കാരണം കാർഷികമേഖലയിലുണ്ടാകുന്ന നഷ്ടം കർഷകരെ പിന്നോട്ടടിക്കുകയാണ്. സൗരോർജ്ജവേലിയും മറ്റും സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും പ്രാവർത്തികമാകുന്നില്ല. പലയിടത്തും സ്വയം വേലികൾ സ്ഥാപിച്ചും തുണി വലിച്ചുകെട്ടിയുമൊക്കെയാണ് കർഷകർ പ്രതിരോധം തീർത്തിരിക്കുന്നത്.
(തുടരും)