അന്വേഷണം ഇവിടെ നിൽക്കില്ല
Tuesday, July 14, 2020 12:51 AM IST
പി. എസ്. സരിത്തും സ്വപ്ന സുരേഷും ഫൈസല്‍ ഫരീദും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രം. എന്‍ഐഎ അന്വേഷണം ശക്തമാകുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയനേതാക്കളും കണ്ണികളായി മാറം. രാജ്യത്തു സ്വാധീ നമുള്ള ഏതാനും മതതീവ്രവാദ സംഘടനകളും രംഗത്തുവരാം. യുഎഇ കോണ്‍സലേറ്റിന്റെ മറവില്‍ കോടികളുടെ സ്വര്‍ണം കടത്തിയതു ജ്വല്ലറികള്‍ക്കുവേണ്ടിയല്ല, തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായിട്ടാണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചതോടെ കള്ളക്കടത്തിനു പുതിയ മാനങ്ങൾ കൈവരികയാണ്.
പി.എസ്. സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. ഭീകര പ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്നാണ് എന്‍ഐഎ എഫ്ഐആറില്‍ പറയുന്നത്. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ വ്യാജരേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികള്‍ക്കെതിരേ അന്വേഷണം നടക്കുക.
യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത്. നയതന്ത്ര പരിരക്ഷയോടെ ബാഗ് അയയ്ക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഈ മാസം 21 വരെ കസ്റ്റഡിയിൽ ലഭിച്ചതിനാൽ വരുംദിവസങ്ങളിൽ നിർണായക വിവരങ്ങൾ പുറത്തുവന്നേക്കാം.
പിടികിട്ടാനുള്ള ഫൈസല്‍ ഫരീദിനായി വാറൻഡ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഐഎ സമര്‍പ്പിച്ച എഫ്ഐആറില്‍ മൂന്നാം പ്രതിയായ ദുബായിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ സ്വദേശം തൃശൂരാണ്. എഫ്ഐആറിലെ കൊച്ചി സ്വദേശിയെന്ന മേല്‍വിലാസം തിരുത്താനും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫാസിലെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് ഫൈസല്‍ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്.
ഫൈസല്‍ ഫരീദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം എന്‍ഐഎ തുടങ്ങി. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്നാണ് കസ്റ്റംസും എന്‍ഐഎയും വ്യക്തമാക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന
സ്വര്‍ണക്കടത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നിട്ടുള്ളതെന്നാണ് എന്‍ഐഎ നിലപാട്. കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എവിടെനിന്നു വരുന്നു, എന്തിനെല്ലാമാണ് ചെലവഴിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പ്രതികൾ നടത്തിയ ഇടപാടുകള്‍ എന്തെല്ലാമെന്നും തിരിച്ചറിയേണ്ടതുണ്ട്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണ്. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്നു യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണനിര്‍മാണത്തിനല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
ഉന്നതബന്ധം
സ്വപ്നയുടെയും സന്ദീപിന്റെയും സരിത്തിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ച സംഘത്തിനു ലഭിച്ചത് സ്വര്‍ണക്കടത്തു സംഘത്തിനു സംസ്ഥാന സര്‍ക്കാരിലെ പല ഉന്നതരുമായുള്ള ദൃഢബന്ധത്തിന്റെ സൂചനകളാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ എം. ശിവശങ്കറുമായി സ്വപ്നയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. ശിവശങ്കര്‍ പലപ്പോഴും സ്വപ്നയുടെ ഫ്ളാറ്റില്‍ എത്താറുണ്ടെന്നു സമീപവാസികളും സെക്യൂരിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കർ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും സര്‍ക്കാരിനുവേണ്ടി ചില ഫയലുകള്‍ തയാറാക്കിയതുമായും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ എന്‍ഐഎ സംഘത്തിനു ശേഖരിക്കേണ്ടതുണ്ട്. ഇതിൽ വ്യക്തത വരുത്താന്‍ പല ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യേണ്ടിവരും.
യുഎപിഎ ചുമത്തുമ്പോള്‍
2009ല്‍ കൊച്ചിയിലെത്തിയ എന്‍ഐഎ സംസ്ഥാനത്ത് ഇതുവരെ അന്വേഷിച്ചത് അമ്പതോളം കേസുകള്‍. ഏറ്റെടുത്ത എല്ലാ കേസിലും ബഹുഭൂരിപക്ഷം പ്രതികളും വിചാരണത്തടവുകാരായിരുന്നു. ജാമ്യം കിട്ടാതെ തടവില്‍ കഴിഞ്ഞാണ് പ്രതികള്‍ വിചാരണ നേരിട്ടത്. സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപിനുമെതിരേ കഴിയുന്നത്ര വേഗം കുറ്റപത്രം നല്‍കും. അതുകൊണ്ടുതന്നെ ഇവരുടെ പുറത്തിറങ്ങല്‍ അനിശ്ചിതമായി നീളും. വിചാരണക്കാലത്തും ജാമ്യം കിട്ടില്ല. ജീവപര്യന്തം തടവ് കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സുപ്രീംകോടതിക്കും പ്രതികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാന്‍ കഴിയില്ല. സാധാരണ ക്രിമിനല്‍ കേസുകളില്‍ ആദ്യ റിമാന്‍ഡ് കാലാവധിയായ 14 ദിവസത്തിനുള്ളിലാണു പ്രതികളെ അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കുക. യുഎപിഎ കേസുകളില്‍ പ്രതികളെ എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ വാങ്ങാം. അതുകൊണ്ടുതന്നെ ദീര്‍ഘമായ ചോദ്യം ചെയ്യൽ ഉണ്ടാകും.
അഞ്ചുവര്‍ഷംമുതല്‍ ജീവപര്യന്തംവരെയാണ് യുഎപിഎ കേസുകളില്‍ പരമാവധി ശിക്ഷ. ശിക്ഷിക്കപ്പെട്ടാല്‍ പരോള്‍പോലും ലഭിക്കില്ല. ഇതിനായി പരോള്‍ ചട്ടങ്ങളില്‍പ്പോലും മാറ്റം വരുത്തിയിരുന്നു. 14 വര്‍ഷത്തിനുശേഷം സര്‍ക്കാരിന് ശിക്ഷയില്‍ ഇളവുനല്‍കാമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍, യുഎപിഎ കേസില്‍ ഇത്തരമൊരു പരിഗണന സാധാരണ ലഭിക്കാറില്ല.
സെക്ഷന്‍ 43 ഇ അനുസരിച്ച് തെറ്റു ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതര്‍ തെളിയിച്ചാലേ ജാമ്യത്തിനുള്ള സാധ്യതയുള്ളൂ. സെക്ഷന്‍ 44 അനുസരിച്ച് കേസിലെ സാക്ഷികളെ ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും പ്രവൃത്തിയുണ്ടായാല്‍ പ്രതിസന്ധികൂടും.