തന്ത്രം മെനഞ്ഞ് സ്വപ്ന
Saturday, July 25, 2020 11:01 PM IST
സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിച്ചുകൊണ്ടുള്ള മൊഴി സ്വപ്ന സുരേഷ് നല്‍കിയതോടെ രാഷ്ട്രീയരംഗത്തുള്ള പൊട്ടിത്തെറിക്കു ശമനമുണ്ടാകുമെന്നു പലരും കണക്കുകൂട്ടുന്നു. യുഎഇ കോണ്‍സല്‍ ജനറലിനെതിരേയുള്ള സ്വപ്നയുടെ മൊഴിയിലൂടെ അന്വേഷണസംഘത്തെ വെട്ടിലാക്കാമെന്നും അവർ കരുതുന്നു.
പ്രതികളിലൊരാളായ സന്ദീപും അറ്റാഷെയ്ക്കെതിരേ ശക്തമായ മൊഴിയാണു കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഈ മൊഴികൾ നിര്‍ണായകവുമാണ്. അറ്റാഷയെ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യത എന്‍ഐഎയും കസ്റ്റംസും തിരിച്ചറിയുന്നുണ്ട്.
ശിവശങ്കറിനെ രക്ഷിക്കാനുള്ള ശ്രമം സ്വപ്ന തുടക്കം മുതല്‍ നടത്തിയിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാല്‍ മറ്റു പ്രതികളെല്ലാം ശിവശങ്കറിനു കേസിലുള്ള പ്രാധാന്യം സൂചിപ്പിക്കുകയും ചെയ്തു. ഗൂഢാലോചന നടത്താന്‍ അവർ ഒത്തുകൂടിയ സ്ഥലങ്ങളിലെല്ലാം ശിവശങ്കറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ശിവശങ്കറിനെ സംബന്ധിച്ച സ്വപ്നയുടെ മൊഴി കസ്റ്റംസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെങ്കിലും അറ്റാഷെയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ എന്‍ഐഎയും കസ്റ്റംസും ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തിന് അറ്റാഷെയ്ക്കു കൃത്യമായി വിഹിതം നല്കിയിരുന്നുവെന്നു സ്വപ്നയ്ക്കു പുറമേ മറ്റു പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോടു സമ്മതിച്ചിട്ടുണ്ട്.
അറ്റാഷയെ കൂടാതെ യുഎഇ കോണ്‍സല്‍ ജനറലിനെയും സ്വപ്ന നിരവധി തവണ വിളിച്ചതിനു ഫോണ്‍രേഖകള്‍ പുറത്തു വന്നിരുന്നു.
നാളെ നിര്‍ണായകം
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎയും കസ്റ്റംസും ശിവശങ്കറിനെ മാറിമാറി ചോദ്യംചെയ്തെങ്കിലും ശക്തമായ നിയമനടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയില്ല. നാളെ കൊച്ചിയിലേക്കു ശിവശങ്കറിനെ വിളിച്ചിരിക്കുകയാണ്. ഈ ചോദ്യംചെയ്യല്‍ നിര്‍ണായകമാകും. സ്വപ്നയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും കള്ളക്കടത്ത് നടക്കുന്നത് അറിയില്ലായിരുന്നുവെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. മൊഴികളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ശിവശങ്കര്‍ വിയര്‍ക്കും.
സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതു സംബന്ധിച്ച് എന്‍ഐഎ നിയമോപദേശം തേടിയിട്ടുണ്ട്. സാക്ഷിയാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ശിവശങ്കറിനെ കാണാന്‍ മറ്റു പ്രതികള്‍ക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളില്‍ എത്തിയിട്ടുണ്ടെന്നു സരിത്ത് കസ്റ്റംസിനോടു പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കണ്ടെത്തിയശേഷം പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതായ ആരോപണത്തില്‍ അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുധ്യമുള്ളത്. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്
സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായിട്ടുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. ഇതു സമ്മതിച്ചു സ്വപ്ന മൊഴിയും നല്കി. തിരുവനന്തപുരം അടക്കം വിവിധ മേഖലകളില്‍ സ്വപ്ന ഉള്‍പ്പെടുന്ന സംഘം സ്ഥലം വാങ്ങിക്കൂട്ടിയതു പരിശോധിച്ചുവരികയാണ്. സ്വപ്നയുടെ ലോക്കറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ അടുത്തിടെ നടന്ന ഒരു ഇടപാടിനു ലഭിച്ച പ്രതിഫലമാണ്.
തിരുവനന്തപുരത്തെ ചില ബിസിനസ് പ്രമുഖരുമായി സ്വപ്ന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഒരു എക്സ്പോര്‍ട്ടറും സംശയനിഴലിലാണ്. സ്വപ്നയുമായി വൻകിടക്കാരായ പലർക്കും അടുപ്പം വന്നത് ഈ വ്യവസായിയിലൂടെയായിരുന്നെന്നാണ് സൂചന. റിയല്‍എസ്റ്റേറ്റ് ബിസിനസിനെക്കുറിച്ചും വ്യവസായികളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റും അന്വേഷിക്കും.
സത്യമറിയാന്‍ കത്ത്
സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിവരങ്ങള്‍ തേടി ഡോ. ബാബാസാഹേബ് അംബേദ്കര്‍ യൂണിവേഴ്സിറ്റിക്കു പോലീസ് കത്തയച്ചു. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സ്വപ്ന ജോലി സന്പാദിച്ചത്. ഐടി വകുപ്പിന്റെ പരാതിയിലാണു സ്വപ്ന സുരേഷിനെതിരേ കേസെടുത്തത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി ജോലിയില്‍ പ്രവേശിച്ചു എന്നാണു പരാതി.
മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജി യൂണിവേഴ്സിറ്റിയില്‍നിന്നു 2011 ല്‍ കൊമേഴ്സില്‍ ബിരുദം നേടിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന നിയമനം നേടിയത്.
പങ്കുപറ്റിയവര്‍ സിനിമയിലും
സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കു മലയാള സിനിമയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ പലരും സംശയനിഴലിലാണ്. ഇതിനിടയില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കറിന്റെ തുറന്നുപറച്ചില്‍ സിനിമയ്ക്കകത്തും പുറത്തുമുള്ളവരെ ഞെട്ടിച്ചു. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നാണു സിയാദ് കോക്കര്‍ പറഞ്ഞത്.
സ്വര്‍ണക്കടത്തു പണം ഉപയോഗിച്ച് മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ടെന്നു നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍. ഫൈസല്‍ ഫരീദ് സിനിമക്കാരുമായി ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന വിവരമാണു പുറത്തുവരുന്നത്.
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്
നടി ലീന മരിയ പോളിന്റെ കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യപ്രതി ഡോ. അജാസിനെ ദുബായില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതു സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദാണെന്നും അന്വേഷണസംഘം കണ്ടെത്തി. സിനിമാനിര്മാതാവു കൂടിയായ അജാസും ഫൈസലും ഒരുമിച്ചുള്ള ഫോട്ടോ കേരള പോലീസിന്റെ കൈവശമുണ്ടെന്നാണു വിവരം. പോലീസാണു ചിത്രം കസ്റ്റംസിനു കൈമാറിയത്.
വിദേശത്തുള്ള അജാസിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. അധോലോക കുറ്റവാളി രവി പൂജാരിക്കു വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തു പിടികൂടിയ സ്വര്‍ണക്കടത്തു കേസുകളുടെ പൂര്‍ണ വിവരം എന്‍ഐഎ ആവശ്യപ്പെടുകയും പോലീസും എക്സൈസും കൈമാറുകയും ചെയ്തു.
ജോണ്സണ് വേങ്ങത്തടം