കാലത്തിന്റെ അടയാളങ്ങൾ
Thursday, September 10, 2020 11:24 PM IST
2020 ലോകത്തെ സംബന്ധിച്ച് അസാധാരണമായ ചില കാര്യങ്ങൾ സംഭവിച്ച വർഷമാണ്. ഏറ്റവും പ്രധാനമായതു കൊറോണ വൈറസ് ബാധതന്നെ. ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത വിധത്തിൽ അതു ലോകത്തെ ഭയപ്പെടുത്തുകയും നിഷ്ക്രിയമാക്കുകയും ചെയ്തു. ഒന്നും രണ്ടും മഹായുദ്ധങ്ങൾ ഒഴിച്ചാൽ ലോകം മുഴുവനായും ഉൾപ്പെട്ട ഇത്തരം ഒരു ഭീതി വേറെ ഉണ്ടായിട്ടില്ല. ഈ ഭീതി, വാക്സിൻ നിർമിച്ചെടുത്ത്, അടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളോടെ മറികടക്കാനായേക്കും എന്നൊരു ശുഭ പ്രതീക്ഷ ലോകത്തെമ്പാടും നിലനിൽക്കുന്നു.
2020ലെ മറ്റൊരു പ്രധാന സംഭവം ചൈന അതിന്റെ ദംഷ്ട്രങ്ങൾ പുറത്തുകാണിക്കാൻ തുടങ്ങി എന്നതാണ്. അമേരിക്കയുമായി സാമ്പത്തിക വിഷയങ്ങളിൽ തുടങ്ങിയ ഉടക്ക് ഹോങ്കോംഗ് വിഷയത്തിൽ വളർന്നു. ഹോങ്കോംഗ് സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സംഘത്തോട്, തീയോട് കളിച്ചാൽ പൊള്ളുമെന്നു താക്കീത് നല്കാൻ ചൈനക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നത്, ചൈനയുടെ സാമ്പത്തികവും പ്രതിരോധ സംവിധാനപരവും ആയ താൻപോരിമയെ പ്രതിധ്വനിപ്പിക്കുന്നു. ദക്ഷിണ ചൈനാക്കടലിൽ ദ്വീപുകൾ നിർമിച്ചെടുത്ത് കടലിന്റെ അവകാശം സ്ഥാപിച്ചെടുക്കാനുള്ള ചൈനീസ് ശ്രമങ്ങൾ വേറൊരു ഭാഗത്ത് കലഹകാരണമായി ഉയർന്നു വരുന്നു .
ബ്രിട്ടീഷ് നിയന്ത്രണത്തിൽ ആയിരുന്ന ഹോങ്കോംഗ് പരസ്പര ധാരണ പ്രകാരം 1997 ൽ ചൈനയ്ക്ക് കൈമാറി. ഹോങ്കോംഗ് ചൈനയുടെ ഭാഗമാണെങ്കിലും, സ്വയംഭരണ അധികാരം ഉള്ള ഒരു പ്രവിശ്യ ആയി നിലനിർത്താം എന്നതായിരുന്നു ധാരണ. അടുത്തകാലത്തു ചൈന ഹോങ്കോംഗിന്റെ സ്വയം ഭരണ അധികാരങ്ങളിൽ കൈകടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു തികഞ്ഞ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഹോങ്കോംഗ് നിവാസികൾക്ക്, കമ്യൂണിസത്തിന്റെ അടിമത്ത വിലങ്ങുകൾ അണിയിക്കാനാണു പുതിയ നിയമ നിർമാണമെന്നാണു വിലയിരുത്തൽ. ബ്രിട്ടനും അമേരിക്കയ്ക്കുമൊക്കെ ഹോങ്കോംഗിൽ വലിയ ബിസിനസ് താത്പര്യങ്ങളുണ്ട്.
ഇതിനിടയിൽ ഇന്ത്യ, പ്രത്യേകിച്ചും മോദി ഗവൺമെന്റ്, പടിഞ്ഞാറൻ ചേരിയിലേക്ക് ചായുകയും, അമേരിക്കയുമായി കൂടുതൽ അടുക്കുകയും ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയ്ക്ക് ബദലായി ഇന്ത്യയുമായുള്ള ബന്ധം വളർത്തിക്കൊണ്ടുവരുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങി. നമ്മുടെ അതിർത്തിയിൽ കടന്നു കയറി, ഇന്ത്യ അത്രക്കൊന്നുമില്ലെന്നു പടിഞ്ഞാറിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ചൈന!
നമ്മുടെ രാജ്യം വലിയ ഭീഷണിയിലാണെന്നു പറയാതെ വയ്യ. ചൈനയുടെ യഥാർഥ സൈനികശേഷി എന്തെന്നുപോലും ആർക്കും കൃത്യമായി അറിയില്ല. 1970 മുതൽ ചൈന കൈവരിച്ച സാമ്പത്തിക വളർച്ച ലോകത്ത് ഒരു രാജ്യത്തിനും കൈവരിക്കാൻ കഴിയാത്ത അത്രയും ഭീമമാണ്. അവരുടെ കൈയിലെ ആയുധങ്ങളെക്കുറിച്ചും വലിയ പിടിപാടില്ല. ഇരുമ്പുമറയ്ക്കുള്ളിലെ ഒരു കമ്യൂണിസ്റ്റ് രാജ്യം, ഷി എന്നൊരു ഏകാധിപതി, ശാസ്ത്ര - സാങ്കേതിക വിദ്യയിൽ വളരെ മുൻപന്തിയിൽ, 13 ശതമാനം വരുന്ന പാർട്ടി അംഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന, 87 ശതമാനം അടിമകൾക്ക് തുല്യമായ മനുഷ്യരുടെ കായികശേഷി; ലോകത്ത് ഇത്തരം ഒരു സംവിധാനം വേറേയില്ല. ശരിക്കും ഭയക്കണം! അംഗീകൃത രാജ്യാന്തര അതിർത്തി കടന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലെത്തിയിട്ടും, നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ അതറിഞ്ഞില്ല എന്നും മനസിലാക്കണം. ചൈനയുമായി ഒരു യുദ്ധം, ഇപ്പോൾത്തന്നെ തകർന്നു കിടക്കുന്ന നമ്മുടെ സാമ്പത്തിക അവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല. രണ്ട് ന്യൂക്ലിയർ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നതു ലോകത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന ഗൗരവമേറിയ സംഗതിയുമാണ്. അമേരിക്കയെ മറികടന്ന്, ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന് സ്ഥാപിക്കലാണ് ചൈനീസ് ശ്രമങ്ങൾക്ക് പിന്നിലെന്നുവേണം കരുതാൻ.
മുസ്ലിം ആധിപത്യം ലോകത്തിൽ നടപ്പാക്കാൻ അന്ത്യകാലത്തെത്തുമെന്ന് ചില മുസ്ലിം വിഭാഗങ്ങൾ പ്രതീക്ഷിക്കുന്ന മഹ്ദി (Mahdi) എന്ന് സ്തുതിപാഠകർ വിശേഷിപ്പിക്കുന്ന, തുർക്കി ഭരണാധികാരി എർദോഗനാണ് മറ്റൊരു ‘വിനാശത്തിന്റെ അശുദ്ധ’ ലക്ഷണം. അഭിപ്രായങ്ങളിലും വിദേശ ബന്ധങ്ങളിലും ഇരട്ടത്താപ്പുകൾ നയമാക്കിയ ഇദ്ദേഹം, ഇസ്ലാം ഭീകരതയെ കൈ അയച്ചു പ്രോത്സാഹിപ്പിക്കുകയാണ്. വലിയ ആയുധ ശേഷിയുള്ള തുർക്കിയെ ലോകശക്തിയെന്നാണ്, ഗ്രീസിനെ ഭീഷണിപ്പെടുത്തുന്ന വേളയിൽ, എർദോഗൻ വിശേഷിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. പഴയ ഇസ്ലാമിക് ഖാലിഫേറ്റ് ആയ ഓട്ടോമാൻ സാമ്രാജ്യം പുനഃസ്ഥാപിച്ച്, അന്നെന്നതുപോലെ തുർക്കിയെ അതിന്റെ ആസ്ഥാനമാക്കലാണ് തന്റെ സ്വപ്നമെന്ന് ഒളിഞ്ഞും തെളിഞ്ഞും എർദോഗൻ വെളിവാക്കുന്നു.
ബിസി എട്ടാം നൂറ്റാണ്ടു മുതൽ എഡി 14-ാം നൂറ്റാണ്ടു വരെ ചരിത്രമുള്ള റോമാ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചത് ഓട്ടോമാൻ മുന്നേറ്റമാണ്. രൂപംകൊണ്ട കാലം മുതൽ തീവ്ര ശത്രുതയോടെ റോമൻ ചക്രവർത്തിമാർ അടിച്ചമർത്തിയിരുന്ന ക്രിസ്തുമതത്തെ, എഡി 313 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി, വ്യക്തിപരമായ അദ്ഭുത അനുഭവത്തെ തുടർന്ന് അംഗീകരിക്കുകയും, എഡി 380 ൽ തിയോഡോഷ്യസ് ചക്രവർത്തി റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്തു. എഡി അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യം ശിഥിലമായിപ്പോയെങ്കിലും, ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമായി പടർന്നു കിടന്ന, കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ തുർക്കിയിലെ ഒരു പട്ടണം ) കേന്ദ്രമായിരുന്ന ബൈസന്റൈൻ സാമ്രാജ്യമെന്നറിയപ്പെടുന്ന കിഴക്കൻ റോമൻ സാമ്രാജ്യം ശക്തമായി തുടർന്നു.
ഇന്നത്തെ തുർക്കിയുടെ തന്നെ ഒരു ഭാഗമായ അനറ്റോളിയയിലെ ഒരു ഗോത്രത്തിൽ നിന്നാണ് ഓട്ടോമാൻ വംശത്തിന്റെ തുടക്കം . 1453 ൽ അവർ ബൈസന്റൈൻ കീഴടക്കിയതോടെ ആയിരത്തി അഞ്ഞൂറിലധികം വർഷം ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി നിലനിന്ന റോമാ സാമ്രാജ്യത്തിന്റെ അന്ത്യമായി. അന്നുമുതൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലം വരെ ലോകത്തിലെ പ്രമുഖ ശക്തി ആയിരുന്നു ഓട്ടോമൻ സാമ്രാജ്യം; 16 ഉം 17 ഉം നൂറ്റാണ്ടുകളിൽ ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും പടർന്നു കിടന്ന ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യവുമായിരുന്നു. 1517 ൽ ഈജിപ്ത് പിടിച്ചടക്കിയ ഓട്ടോമൻ സാമ്രാജ്യം, സ്വയം മുഹമ്മദ് നബിയുടെ പിന്മുറക്കാരായ ഖലീഫമാരായി പ്രഖ്യാപിക്കുകയും, ലോക മുസ്ലിം നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
എഡി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, രണ്ടാമത്തെ ഖലീഫയായിരുന്ന ഉമർ, ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഏഷ്യയിലെ പ്രധാന ഭാഗങ്ങൾ പിടിച്ചടക്കി. ജറുസലേം അടക്കമുള്ള ക്രിസ്തീയ - യഹൂദ വിശുദ്ധ സ്ഥലങ്ങളും ഇതിൽ പെടുന്നു. 1453 ൽ ഓട്ടോമൻ മുന്നേറ്റത്തിൽ പെടുന്നതുവരെ വിവിധ ഖലീഫമാരുടെ കീഴിലായിരുന്നു വിശുദ്ധ സ്ഥലങ്ങൾ. എഡി 705 - 715 കാലഘട്ടത്തിൽ, ജറുസലേം ദേവാലയം നിലനിന്നിരുന്ന ടെംപിൾ മൗണ്ടിൽ, അൽ അക്സ എന്ന മോസ്ക്, ഉമൈദ് ഖലീഫ പണിതുയർത്തിയതോടെ ജറുസലേം മുസ്ലിങ്ങളുടെയും പുണ്യ സ്ഥലമായി മാറി. ഇന്ന് മെക്കയും മെദീനയും കഴിഞ്ഞാൽ മുസ്ലിംങ്ങൾ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത് അൽ അക്സ പള്ളിയെ ആണ്.
ഒന്നാം ലോകമഹായുദ്ധകാലഘട്ടം ആയപ്പോഴേക്കും ഓട്ടോമൻ സാമ്രാജ്യം ഏറെ മെലിഞ്ഞ്, തുർക്കിയും ഇന്നത്തെ കുറെഅറേബ്യൻ രാജ്യങ്ങളുമായി ചുരുങ്ങിയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ പക്ഷത്തു ചേർന്ന ഓട്ടോമൻ സാമ്രാജ്യം, യുദ്ധ പരാജയത്തെ തുടർന്ന് ബ്രിട്ടനടക്കമുള്ള ശത്രുപക്ഷത്തിന്റെ കൈയിൽപ്പെട്ടു. ഓട്ടോമൻ ആധിപത്യം പൂർണമായി അവസാനിപ്പിച്ച്, തുർക്കിയെ ഒരു റിപ്പബ്ലിക് ആക്കിമാറ്റുകയും, മറ്റു പ്രദേശങ്ങളിലെ ഓട്ടോമൻ ആധിപത്യം ചരിത്രമാവുകയും ചെയ്തു. റിപ്പബ്ലിക്കായി മാറിയ തുർക്കിയിൽ വന്ന ജനാധിപത്യ ഗവൺമെന്റ്, പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്നതും മതേതരവുമായിരുന്നു. ഓട്ടോമൻ ഭരണ കാലത്ത് മോസ്കുകൾ ആക്കിമാറ്റിയ ഹാഗിയാ സോഫിയ പോലെയുള്ള പ്രമുഖ ക്രിസ്തീയ ദേവാലയങ്ങൾ, പുതുതായി രൂപംകൊണ്ട ജനാധിപത്യ ഗവൺമെന്റ് മ്യൂസിയങ്ങൾ ആക്കി മാറ്റി. ഏതാണ്ട് 100 വർഷം മുൻപ് വന്ന ഈ പരിഷ്കാരത്തെത്തുടർന്ന് മ്യൂസിയങ്ങൾ ആയി മാറിയ ഇസ്താംബൂളിലെ ഹാഗിയാ സോഫിയ, ഹോളി സേവിയർ ദേവാലയങ്ങളാണ് ഒരു ഓട്ടോമൻ പുനർരചന നടപടിയെന്നോണം എർദോഗൻ മോസ്ക്കുകൾ ആക്കി മാറ്റിയത്.
ഓട്ടോമൻ ഭരണത്തിൻ കീഴിലായിരുന്ന പലസ്തീൻ പ്രദേശങ്ങൾ ഒന്നാം ലോകമഹായുദ്ധ ശേഷം ബ്രിട്ടീഷ് ആധിപത്യത്തിലായി. ഇവിടെയാണ്, രണ്ടാം ലോക മഹായുദ്ധ ശേഷം, 1948 ൽ ഇസ്രയേൽ രാജ്യം രൂപം കൊണ്ടത്. രൂപീകരണ സമയത്ത്, ജറുസലേം യഹൂദ - അറബ് പൊതു പ്രദേശമായി നിലനിർത്തിയെങ്കിലും, 1967 ലെ യുദ്ധത്തിൽ ജറുസലേം പൂർണമായി ഇസ്രയേൽ പിടിച്ചെടുത്തു. അൽ അക്സ മോസ്ക് നിൽക്കുന്ന ടെംപിൾ മൗണ്ട് ഇസ്രയേൽ ആധിപത്യത്തിൽ ആണെങ്കിലും, ഒരു മുസ്ലിം വഖഫ് ബോർഡിന്റെ കീഴിൽ മോസ്ക്കും പരിസരവും മുസ്ലിം ഉടമസ്ഥതയിൽ അവിഘ്നം തുടരുന്നു.
ഇസ്ലാമിക തീവ്രവാദികളുടെ വലിയ സ്വപ്നമാണ് ജറുസലേം കൈയടക്കുക എന്നത്. നിലവിൽ ഇസ്രയേലും തുർക്കിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും , എർദോഗന്റെ ബുദ്ധിയിൽ ഈ ഭ്രാന്തൻ ആശയം കയറിക്കൂടിയാൽ കാര്യങ്ങൾ പ്രവചനാതീതമാവും!!
ഡോ. ജോസ് ജോൺ മല്ലികശ്ശേരി
(ലേഖകൻ കോഴിക്കോട് ദേവഗിരി കോളേജിന്റെ മുൻ പ്രിൻസിപ്പലാണ്.)