കർഷകന്റെ കണ്ണീർവീണ് നെൽപാടങ്ങൾ
Wednesday, October 28, 2020 12:05 AM IST
മണ്ണിൽ പൊന്നു വിളയിക്കുന്നവനാണു കർഷകർ എന്നു നിങ്ങൾ പറയും. എന്നാൽ, ചേറിൽ പൊന്നു വിളയിച്ചാൽ കർഷകരായ ഞങ്ങളുടെ മനസിൽ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങൾ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടൻ കർഷകന്റെ ഹൃദയത്തിൽ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്.
2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങൾ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താൽ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് കൊയ്തു പാടത്ത് കൂട്ടിയിട്ട് ഏഴും പത്തും ദിവസങ്ങൾ കഴിഞ്ഞു. നെല്ല് സംഭരിക്കാൻ ഇന്നു വരും, നാളെ വരും എന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. എന്നാൽ, ആരും എത്തുന്നില്ല. ഞങ്ങൾക്കു ചേറ്റിൽ പണിയെടുക്കാനും പൊന്ന് വിളയിക്കാനുമേ അറിയൂ. അതിനുമപ്പുറമുള്ള കളികൾ അറിയില്ല.
ഞങ്ങൾ കണ്ടത്തിൽ നെല്ലും കൂട്ടി കാത്തിരിക്കുന്നു. അപ്പോളറിയുന്നു നെല്ല് സംഭരണം സഹകരണ സംഘം വഴിയാണെന്ന്. നൂറു കണക്കിനു വാഹനങ്ങളും ആവശ്യത്തിനു സംഭരണശാലകളും തൊഴിലാളികളുമുള്ള വൻകിട മില്ലുകാർക്കുപോലും പാടശേഖരത്തിലെ നെല്ല് സംഭരിക്കാൻ ആഴ്ചകൾ വേണം. അങ്ങനെ ഇരിക്കെ ആൾബലവും സ്ഥലസൗകര്യവും പരിചയവുമില്ലാത്ത സഹകരണ സംഘങ്ങളെ സംഭരണം ഏല്പിക്കുന്നത് പെട്ടിക്കടക്കാരനെ മാൾ തുടങ്ങാൻ ഏല്പിക്കുന്നതു പോലെ ആവില്ലെ എന്നാണ് ഞങ്ങളുടെ സംശയം.
എങ്ങനെ നോക്കിയാലും ഞങ്ങൾക്കു നഷ്ടം തന്നെ. കൊയ്തിട്ട നെല്ല് അങ്ങനെ കൂട്ടിയിടാൻ ആവില്ലല്ലോ. അത് ഒരോ ദിവസവും ഇളക്കിമറിച്ച് ചൂട് അടിക്കാതെ, കേടാകാതെ നോക്കാൻ കൂലിക്ക് ആളെ നിർത്തണം. ആളെ കിട്ടാനില്ല. നെല്ല് ചുമക്കാൻ ആളുകൾ ധാരാളം. കാരണം ഒരു ക്വിന്റൽ ചുമന്ന് വണ്ടിയേൽ കയറ്റാൻ 120 രൂപ മുതൽ 140 രൂപ വരെ കൂലികിട്ടും. അതുകൊണ്ടു തൊഴിലാളികളെ വച്ച് നെല്ല് കേടാകാതെ നോക്കാം എന്നും പ്രതീക്ഷ ഇല്ല. ഇരട്ടി കൂലിയും മറ്റു ചെലവുകളും നല്കിയാൽ ചിലരെ കിട്ടിയാലായി.
നാടിനെ പോറ്റുന്ന കർഷകർ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാൽ ഈ നട്ടെല്ലുകൾ ഇന്ന് ഒടിഞ്ഞിരിക്കുന്നു അത് വേണ്ടപ്പെട്ടവർ അറിയുന്നുണ്ടോ ആവോ? ഞങ്ങൾ മണ്ണിനെ സ്നേഹിക്കുന്നു. അതുകൊണ്ടു മാത്രം ഈ കൃഷിയുമായി മുന്നോട്ട് നീങ്ങുന്നു. വെള്ളപ്പൊക്കത്തിലും മഹാമാരിയിലും നഷ്ടങ്ങൾ സഹിച്ചും വലിയ കൂലി നല്കിയും ഞങ്ങൾ വിളയിച്ച നെല്ല് വിറ്റ് വരുമ്പോൾ ഞങ്ങളുടെ കണക്ക് പുസ്തകത്തിൽ നഷ്ടക്കണക്കാണ് എന്നും മുന്നിൽ. ഈ വർഷം സംഭരണത്തിന്റെ പേരിൽ കിട്ടേണ്ടതു കൂടി ഇല്ലാതാകുമ്പോൾ ഞങ്ങളുടെ കടം കൂടും. ആരെങ്കിലും സ്വയം ജീവനെടുത്താൽ അന്നേക്ക് വരാൻ കാത്തിരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവർ അല്പം നേരത്തെ എത്തിയാൽ ചില ജീവനുകൾ രക്ഷിക്കാനാവും.
വീണ്ടും പറയട്ടെ, ഞങ്ങൾ പാടത്തേയും ചെളിയേയും നെല്ലിനേയും സ്നേഹിക്കുന്നു, മരണത്തെയല്ല. വേണ്ടപ്പെട്ടവർ കേൾക്കും എന്ന പ്രതീക്ഷയോടെ.
എഎംഎ ചമ്പക്കുളം