കരുത്തു പകർന്ന് യുവ സ്റ്റാർട്ടപ്പുകൾ
Wednesday, November 18, 2020 10:39 PM IST
നൂറ്റാണ്ടിന്റെ മഹാമാരിയായ കോവിഡിന്റെ താണ്ഡവത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന ലോകം. ഭൂഖണ്ഡങ്ങളെ വളഞ്ഞ് 195 രാജ്യങ്ങളിലേക്ക് പറന്നു കയറിയ മാരക വൈറസ് ഒരു കോടിയോളം ഇന്ത്യക്കാരെയും വീഴ്ത്തി. കേരളത്തിൽ രോഗനിരക്ക് ഒരു ലക്ഷം കവിഞ്ഞപ്പോൾ മരണപ്പട്ടിക രണ്ടായിരത്തിലെത്തി. ലോക്ക്ഡൗണും കണ്ടെയിൻമെന്റും ക്വാറന്റൈനുമൊക്കെയായി ജനത്തെ മുറിയിൽ അടച്ച കോവിഡ് കഴിഞ്ഞ ഒരു വർഷത്തെ ജീവിതം നിശ്ചലമാക്കി.
വ്യക്തികളും സ്ഥാപനങ്ങളും സമൂഹവും സർക്കാരുമൊക്കെ മരവിപ്പിലും മാന്ദ്യത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ടപ്പോൾ അചിന്തനീയമാണ് പ്രത്യാഘാതങ്ങൾ. ആരോഗ്യവും തൊഴിലും വരുമാനവും വിദ്യാഭ്യാസവും സ്വാതന്ത്ര്യവുമൊക്കെ കോവിഡ് വർഷത്തിൽ നഷ്ടമായി. വീടും നാടും മാത്രമല്ല രാജ്യങ്ങൾതന്നെയും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം.
ഇതേ സമയം കോവിഡ് വ്യാപനത്തെയും പ്രത്യാഘാതങ്ങളെയും ചെറുക്കാൻ കേരളത്തിലെ ആരോഗ്യവിഭാഗവും ഇതര സംവിധാനങ്ങളും പ്രകടമാക്കിയ മഹനീയ മാതൃകയും സ്തുത്യർഹ സേവനവും ലോകത്തിന്റെ ആദരം നേടിയെടുക്കുകയും ചെയ്തു. സാന്പത്തികഭദ്രതയിൽ ഏറെ മുന്നിലായ മഹാരാഷ്ട്രയും തമിഴ്നാടും കർണാടകയുമൊക്കെ പതറിയപ്പോഴും കേരളം അതീജിവിച്ചു. കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനു കരുത്തുപകരുന്നത് കേരള സ്റ്റാർട്ടപ്പുകളുടെ സംഭാവനകളും സംരംഭങ്ങളുമാണ്.
ഇതിൽത്തന്നെ എൻജിനിയറിഗ്, മെഡിക്കൽ, സാങ്കേതിക മേഖലയിൽ നാളെയുടെ പ്രതീക്ഷകളായ കേരളത്തിന്റെ യുവജനങ്ങൾ കരുപ്പിടിപ്പിച്ച വികസന മോഡലുകളാണ് നാടിനും മറുനാടിനും നേട്ടമായിരിക്കുന്നത്. ഈ മോഡലുകൾ വലിയ സാധ്യതകളായി മാറുകയും ചെയ്യുന്നു.
ബുദ്ധിയും സിദ്ധിയും സാധ്യതയും അവസരോചിതമായി പ്രയോജനപ്പെടുത്തി വികസിപ്പിച്ച കണ്ടുപിടിത്തങ്ങളും ആശയങ്ങളും അഭിനന്ദനം അർഹിക്കുന്നവയാണ്. ഏതു വൻതകർച്ചയും പുതിയ സാധ്യതകളിലേക്കുള്ള വാതായനങ്ങളാണെന്നതിനു നേർസാക്ഷ്യമാണ് കേരളത്തിന്റെ കോവിഡ് അതിജീവന സ്റ്റാർട്ടപ്പുകൾ. വെന്റിലേറ്ററിലും റോബോട്ടിലും ഡ്രോണിലും പേജറിലും ഉൾപ്പെടെ വളർന്ന കണ്ടുപിടിത്തങ്ങൾ ചൈനയോടും അമേരിക്കയോടുംവരെ കിടപിടിച്ചു. ഈ വിജയഗാഥകൾ കേരളത്തിന്റെ വലിയ പ്രതീക്ഷയുമാണ്.
അഞ്ചു ലക്ഷം മുടക്കിൽ അഞ്ചാം ദിനം നേട്ടം
അഞ്ചു ദിവസത്തിനുള്ളിൽ നാലു ലക്ഷം രൂപയുടെ മുടക്കുമുതൽ തിരിച്ചുപിടിച്ച സംരംഭമാണ് മൂടിത. കോവിഡിൽ കേരളത്തെ ഫേസ് ഷീൽഡിൽ സംരക്ഷിച്ച പ്രഥമ സംരഭം.
കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ജോസ് സ്റ്റാൻലി പങ്കുവച്ച ആശയത്തിൽനിന്നാണ് മൂടിതയുടെ തുടക്കം. രാജ്യത്ത് ആദ്യമായി സോളാർ കടത്തുബോട്ട് നിർമിച്ച കൊച്ചിയിലെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്സ് സ്ഥാപകൻ സന്ദീപ് തണ്ടാശേരിയും ആലപ്പുഴയിലെ വോൾവോ ഡീലർഷിപ്പായ വിസ്റ്റ ഡ്രൈവ് ലൈൻ മോട്ടോഴ്സ് എംഡി സിബി മത്തായിയും ചേർന്നാണ് മൂടിക ടെക്നോളജീസ് സ്ഥാപിച്ചത്. വൈറ്റിലയിലെ സുരാക്സ് ഫിൽറ്റേഴ്സ് സിഇഒ ഹബീബ് ഇതിന് സാങ്കേതിക പിൻതുണ നൽകി.
ഡിസൈനർ പ്രതീക് അശോകൻ ത്രീ ഡി പ്രിന്റിംഗിലൂടെ പേഴ്സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡിന്റെ പ്രോട്ടോ ടൈപ്പ് നിർമിച്ചു.
കട്ടിയുള്ള ഫിലിമും മുഖത്ത് ഉറപ്പിക്കാവുന്ന ഫ്രെയിമും ചേർന്ന 10 ഫേസ് മാസ്ക് നിർമിച്ച് കോട്ടയം മെഡിക്കൽ കോളജിന് നൽകി. മെഡിക്കൽ ബോർഡ് സംതൃപ്തി അറിയിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങിയ നിർമാണം വൻ കുതിപ്പായി വളർന്നു. ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ പതിനായിരം യൂണിറ്റ് വിറ്റതോടെ മുടക്കുമുതൽ തിരിച്ചുകിട്ടി.
കേരളത്തിലും പുറത്തുമായി അഞ്ചു മെഡിക്കൽ കോളജുകളിലും ആറ് ജില്ലാ ആശുപത്രികളിലും ഉൾപ്പെടെ 40 ആശുപത്രികളിലും 20 പ്രമുഖ സ്ഥാപനങ്ങളിലും അമേരിക്ക ഉൾപ്പെടെ 12 വിദേശ രാജ്യങ്ങളിലും ഇന്ന് മൂടിത ബ്രാൻഡ് ഫേസ് ഷീൽഡ് കോവിഡ് കവചമാണ്. അമേരിക്കയിൽ വാൾമാർട്ട് വിൽക്കുന്ന ഫേസ് ഷീൽഡിനു വില 30 ഡോളറാണ്. (2,225 രൂപ). മൂടിത പേഴ്സണൽ പ്രൊട്ടക്ഷൻ ഫേസ് ഷീൽഡിനു വില 100 രൂപ മാത്രം.
പതിനായിരം ഫേസ് ഷീൽഡ് നിർമിക്കുന്പോൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്ഥാപനം രണ്ടായിരം എണ്ണം സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി നൽകുന്നു. പത്തു മാസം പിന്നിടുന്പോൾ മൂടിത ഒരു ലക്ഷം ഫേസ് ഷീൽഡ് നിർമിച്ചു വിപണനം ചെയ്തുകഴിഞ്ഞു.
ആശ്വാസം പകരുന്ന ശയ്യ മെത്തകൾ
കോവിഡിനെ പ്രതിരോധിച്ച പിപിഇ കിറ്റുകളുടെ അവശിഷ്ടങ്ങൾ മെത്തകളാക്കി മാറ്റി വൈറസ് ബാധയിൽ കിടപ്പിലായവർക്ക് ആശ്വാസം പകർന്നതിൽ തുടങ്ങാം വിജയഗാഥ. ദിവസം ഇരുപതിനായിരം പിപിഇ കിറ്റുകൾ ഇക്കാലത്ത് കേരളത്തിൽ നിർമിക്കുന്നുണ്ട്. ഇത്രയേറെ കിറ്റുകൾ തയാറാക്കുന്പോഴുണ്ടാകുന്ന വേസ്റ്റ് എവിടെ, എങ്ങനെ നശിപ്പിക്കുമെന്ന് ആശങ്ക ഉയർന്നപ്പോൾ ഇവ ഇഴയിൽകോർത്ത് പിന്നിയെടുത്താൽ ഒന്നാംതരം മെത്തയാക്കാമെന്ന് തെളിയിച്ചു കൊച്ചിയിലെ ലക്ഷ്മി മേനോൻ എന്ന യുവ സംരംഭക. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളെ കിടത്തുന്ന ശയ്യ എന്ന പേരിലുള്ള മെത്ത ലക്ഷ്മി മേനോന്റെ കരവിരുതിൽ വിടർന്ന ആശയമാണ്. 325 രൂപ മാത്രം മുടക്കു വരുന്ന ശയ്യ ബ്രാൻഡ് മെത്ത കോവിഡ് സെന്ററുകളിലെ കിടക്കയാണിപ്പോൾ.
പിപിഇ കിറ്റ് അവശിഷ്ടങ്ങളിൽ പ്ലാസ്റ്റിക് അടങ്ങിയതിനാൽ അവ കത്തിച്ചാലും മറവുചെയ്താലും പരിസ്ഥിതിക്കുവിനയാകുന്ന സാഹചര്യത്തിലാണ് മെത്ത എന്ന ആശയം ലക്ഷ്മിയുടെ മനസിലുണ്ടായത്. ഈ തുണി അവശിഷ്ടങ്ങൾ പരസ്പരം അടുക്കി ഇഴപിരിച്ച് ആറടി നീളത്തിലും രണ്ടരയടി വീതിയിലുമാണ് ലക്ഷ്മി മെത്തയാക്കി മാറ്റുന്നത്. നൂലോ സൂചിയോ ഇല്ലാതെ കൈയിൽ പിരിച്ചെടുക്കുന്ന മെത്തയിൽ വെള്ളം പിടിക്കില്ല. കഴുകി ഉണക്കുകയും ചെയ്യാം. ആറു ടണ് പിപിഇ കിറ്റ് അവശിഷ്ടങ്ങളിൽനിന്ന് 2400 മെത്തകളുണ്ടാക്കാമെന്നാണ് ലക്ഷ്മിയുടെ പക്ഷം.
2400 സാധാരണ മെത്ത കടകളിൽ വാങ്ങാൻ 12 ലക്ഷം രൂപയോളം ചെലവാകും. ഒരു ശയ്യ മെത്തയുടെ വില 325 രൂപ മാത്രം- പ്യൂവർ ലിവിംഗ് ഫൗണ്ടേഷൻ സ്ഥാപകയായ ലക്ഷ്മി മേനോൻ പറയുന്നു. കിലോയ്ക്ക് അഞ്ചു രൂപ നിരക്കിൽ വേസ്റ്റ് ശേഖരിച്ചു മെത്തയാക്കാൻ ലക്ഷ്മി നിരവധി വീട്ടമ്മമാരെ പരിശീലിപ്പിച്ചു. കോവിഡ് മാന്ദ്യം നേരിടുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഇത് തൊഴിലും വരുമാനവുമായി. കാഞ്ഞിരമറ്റം അരയൻകാവ് ഗ്രാമത്തിലാണ് ശയ്യ മെത്തയുടെ വിപുലമായ നിർമാണം.
കാവലാളായി ഗരുഡ്

പനി പരിശോധിക്കും, ഭാരം വഹിക്കും, 40 കിലോമീറ്റർ വരെ തുടരെ പറക്കും. എറണാകുളം കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജിലെ എഐ ഏരിയൽ ഡൈനാമിക്സ് വികസിപ്പിച്ച ചെലവുകുറഞ്ഞ ഗരുഡ് ഡ്രോണ് നാടിനു കാവലാളായി മാറി. ലോക്ക്ഡൗണ് കാര്യക്ഷമമായി നടപ്പാക്കാൻ കേരള പോലീസിനെ സഹായിച്ചതിൽ പ്രധാനി ഗരുഡാണ്. പരിധി ലംഘിച്ച് ഒത്തുകൂടിയവരെയും സമയപരിധി ലംഘിച്ചു പുറത്തിറങ്ങിയവരെയും നിയമങ്ങൾ ലംഘിച്ചവരെയും ഗരുഡ് പോലീസിന് കാണിച്ചുകൊടുത്തു. വേറെയുമുണ്ട് ഈ ഡ്രോണിനു കഴിവുകൾ. ആൾക്കൂട്ടത്തിൽ നിൽക്കുന്നവരുടെ ശരീരോഷ്മാവ് നിരീക്ഷിക്കാനും മരുന്ന് ഉൾപ്പെടെ സാധനങ്ങൾ വിതരണം നടത്താനും ആകാശത്തുനിന്ന് അണുനാശിനി തളിക്കാനും ഗരുഡിനു കഴിയും.
പച്ചക്കറിയോ പാത്രമോ മൊബൈൽ ഫോണോ എന്തുമാവട്ടെ ഏതു വസ്തുവും അണുവിമുക്തമാക്കാനും ആകാശ നിരീക്ഷണം നടത്താനും പകർച്ച വ്യാധി വ്യാപനം നിരീക്ഷിക്കാനും മനുഷ്യ ഇടപെടലില്ലാതെ സ്രവ സാംപിളുകൾ ശേഖരിക്കാനും കഴിയും. 60 കിലോ വരെ വഹിക്കാനാവുന്നതിനാൽ സാധന വിതരണത്തിനും ഉപയോഗിക്കാം.
സ്പീക്കറിലൂടെ പൊതുജനങ്ങൾക്കു നിർദ്ദേശങ്ങൾ നൽകാനും ആകാശമേലാപ്പിൽനിന്ന് ഇങ്ങുതാഴെ ഒരു സെന്റീമീറ്ററിനുള്ളിലെ കാര്യങ്ങൾ വരെ കൃത്യമായി നിരീക്ഷിച്ച് ഫോട്ടോയെടുത്ത് ദൃശ്യങ്ങൾ ഓപ്പറേറ്റിംഗ് കേന്ദ്രത്തിൽ റിക്കാർഡ് ചെയ്യാനും സാധിക്കും. രണ്ടര മണിക്കൂർ ബാറ്ററി ശേഷി തീരുകയോ റേഞ്ച് നഷ്ടമാവുകയോ ചെയ്താൽ യാത്രയാരംഭിച്ച സ്ഥലത്തു തിരികെ ലാൻഡ് ചെയ്യും. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ പൂർണമായും ഓട്ടോമേഷനിലാണ് ദൗത്യം.
(തുടരും).
കോവിഡ് അതിജീവനം കേരള മോഡൽ -1 / റെജി ജോസഫ്