ഇമ്രാനു വെല്ലുവിളി ഉയർത്തി മറിയം
Monday, November 23, 2020 11:52 PM IST
മറിയം പ്രസംഗിക്കുന്നതു കേൾക്കാൻ പാക്കിസ്ഥാനിലെ തെരുവുകളിലേക്ക് ജനം ഇടിച്ചിറങ്ങുകയാണ്. അത്ര ആവേശകരവും ചിലപ്പോഴൊക്കെ രസകരവുമാണ് തീ പാറുന്ന വാക്കുകൾ. അടുത്തയിടെ ചില കുളിമുറിക്കഥകൾകൂടി പറഞ്ഞതോടെ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
“രണ്ടു പ്രാവശ്യം ജയിലിൽ കിടന്നതാണു ഞാൻ. പാക്കിസ്ഥാനിലെ ജയിലുകളിൽ സ്ത്രീകളോടു പെരുമാറുന്നത് എങ്ങനെയാണെന്നു ഞാൻ തുറന്നു പറഞ്ഞാൽ പിന്നെ ഈ സർക്കാരിനു തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും. ജയിലിലെ സെല്ലിലും എന്തിന്, കുളിമുറിയിൽ പോലും കാമറ വച്ചിരിക്കുകയായിരുന്നു.’’ രണ്ടുതവണ ജയിലിൽ കിടക്കേണ്ടിവന്ന മറിയം നവാസ് ഷരീഫിന്റെ വാക്കുകൾക്ക് ഈയിടെ മൂർച്ച കൂടിയിട്ടുണ്ട്. ജയിലിലെ ദുരനുഭവങ്ങൾ മാത്രമല്ല രോഷത്തിനു കാരണം. പട്ടാഭിഷേകത്തിനുള്ള കോപ്പുകൂട്ടലുമാണ്.
എന്തായാലും രണ്ടും കൽപ്പിച്ചാണ് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റുമായ മറിയം നവാസ് ഷരീഫ്. പൊതുവേദികൾ ഇല്ലെങ്കിൽ സാമൂഹ മാധ്യമങ്ങളിലൂടെ തീയിടും. മറിയത്തിന്റെ പ്രസ്താവനകളും പ്രതികരണങ്ങളുമൊക്കെ വായിക്കാൻ ട്വിറ്ററിലേക്കു കണ്ണുംനട്ടിരിക്കുകയാണ് പാക്കിസ്ഥാൻ.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മറിയം വിളിച്ചതു യൂസ്ലെസ് എന്നാണ്. നാട്ടിൽ നടക്കുന്നതൊന്നും ഇമ്രാൻഖാൻ അറിയുന്നില്ലത്രെ. പട്ടാളത്തിന്റെയും മതമൗലികവാദികളുടെയുമൊക്കെ പിന്തുണയോടെ അധികാരത്തിലെത്തിയ ഇമ്രാൻ ഖാനെ പാഴെന്നൊക്കെ വിളിക്കണമെങ്കിൽ 2023ലേക്കു തന്നെയാണു മറിയത്തിന്റെ കണ്ണെന്നു പറയേണ്ടിവരും. അടുത്ത തെരഞ്ഞെടുപ്പ് അപ്പോഴാണല്ലോ.
സുന്ദരിയാണു പക്ഷേ
എന്തായാലും മറിയത്തെ അവഗണിച്ചു വിടാൻ പറ്റാത്ത സ്ഥിതിയിലാണ് പ്രധാനമന്ത്രി. സ്ത്രീയെന്ന പരിഗണനയിലാണ് പട്ടാളത്തെ അധിക്ഷേപിച്ച മറിയത്തെ വെറുതെ വിട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
തൊട്ടുപിന്നാലെ മന്ത്രി അലി അമീൻ പറഞ്ഞത്, മറിയം സുന്ദരിയൊക്കെയാണ് പക്ഷേ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സൗന്ദര്യം വർധിപ്പിച്ച് വേഷംകെട്ടുകയാണെന്നാണ്. മറിയം സൗന്ദര്യം വർധിപ്പിക്കാൻ സർജറികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പണം എടുത്ത് ഇങ്ങനെ സർജറികൾ നടത്തി സൗന്ദര്യം വർധിപ്പിക്കാനാണെങ്കിൽ ഈ ആൾക്കൂട്ടത്തിൽനിന്ന് ആരെയും വിളിച്ച് ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റിനെയും ടോം ക്രുയിസിനെയുംപോലെയാക്കാൻ എനിക്കും കഴിയും. മന്ത്രിയുടെ പൊതുവേദിയിലെ അധിക്ഷേപവും വിവാദമായിട്ടുണ്ട്. അഴിമതിക്കേസിൽ മറിയവും പിതാവ് നവാസ് ഷെറീഫും ഉൾപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങളുടെ നികുതിപ്പണത്തെക്കുറിച്ച് മന്ത്രി ഓർമിപ്പിക്കുകയാണ്.
വനിതകൾ ഇസ്ലാമബാദിനെ ഇളക്കിമറിക്കുന്നത് ആദ്യമല്ല. പണ്ട് ബേനസീർ ഭൂട്ടോ കളത്തിലിറങ്ങിയപ്പോഴും ജനങ്ങൾ രണ്ടുംകല്പിച്ച് പിന്നാലെയുണ്ടായിരുന്നു. എൺപതുകളിലായിരുന്നു ആ വിപ്ലവം. അതിനു സമാനമാണ് കാര്യങ്ങൾ. സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ ബേനസീർ ഉയർന്നുവന്നതുപോലെ നവാസ് ഷരീഫിന്റെ മകൾ മറിയവും പാർട്ടിയിലും രാജ്യത്തും ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പ്രസിഡന്റ് മുഹമ്മദ് ഷഹബാസ് ഷരീഫ് ആണെങ്കിലും വൈസ് പ്രസിഡന്റ് മറിയം അടുത്ത തെരഞ്ഞെടുപ്പാകുന്പോഴേക്കും അധികാരത്തിലെത്തുമെന്നാണ് അണികളുടെ ആഗ്രഹവും രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളും.
പാക്കിസ്ഥാനിലെ മാത്രമല്ല, വിദേശ മാധ്യമങ്ങളും മറിയത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പട്ടാളത്തെയും വിമർശിച്ചുകൊണ്ടാണ് മറിയത്തിന്റെ വരവ്. അതേസമയം, ഇമ്രാൻ ഖാൻ അധികാരത്തിൽനിന്ന് ഒഴിയുകയാണെങ്കിൽ സൈന്യവുമായി ഭരണഘടനയുടെ പരിധിയിൽനിന്നുകൊണ്ടുള്ള ചർച്ചകൾക്ക് തയാറാണെന്നാണ് മറിയം പറയുന്നത്. പട്ടാളം ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്കൊന്നും എതിരല്ല പക്ഷേ, രഹസ്യ ഇടപാടുകൾക്കൊന്നുമില്ല. ജനാധിപത്യത്തിന്റെ തട്ടകത്തിൽ നിന്നുള്ള ചർച്ചകൾ മാത്രം. സൈന്യത്തെയും മതമൗലികവാദികളെയുമൊന്നും വെറുപ്പിക്കാനും മറിയം തയാറല്ല. രാഷ്ട്രീയക്കാരിയുടെ തന്ത്രങ്ങൾ വശമാക്കിത്തുടങ്ങിയെന്നു ചുരുക്കം.
തുടക്കം സാമൂഹിക സേവനത്തിലൂടെ
1973-ൽ ജനിച്ച മറിയത്തിന്റെ വിദ്യാഭ്യാസം ലാഹോറിലെ ജീസസ് ആൻഡ് മേരി കോൺവെന്റ് സ്കൂൾ, കിംഗ് എഡ്വേർഡ് മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു. അവിടെയും വിവാദമായി. ഡോക്ടറാകാനായിരുന്നു ആഗ്രഹമെങ്കിലും കോളജിൽ പ്രവേശിച്ചത് അനധികൃത ഇടപെടലിലൂടെയാണ് എന്ന ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല.
സമൂഹത്തിലേക്ക് ഇറങ്ങിയത് പൈതൃകമായി കുടുംബം ചെയ്തുകൊണ്ടിരുന്ന ചില കാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ്. 19-ാമത്തെ വയസിൽ സഫ്ദർ അവാനെ വിവാഹം കഴിച്ചു. മൂന്നു മക്കളാണുള്ളത്.
2013-ലെ പൊതു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലിറങ്ങി. വിവാദങ്ങളും ഒപ്പമിറങ്ങി. പ്രധാനമന്ത്രിയുടെ യുവജനപദ്ധതിയുടെ അധ്യക്ഷയായിട്ടായിരുന്നു തുടക്കം. നിയമനം നേരായ വഴിയിലൂടെയല്ല എന്നാരോപിച്ച് അതും കേസായി. തുടർന്ന് ആ സ്ഥാനം രാജിവച്ചു.
സാന്പത്തിക ക്രമക്കേടിനെത്തുടർന്ന് അവൻഫീൽഡ് റഫറൻസ് കേസിൽ 2018ൽ കോടതി ഏഴു കൊല്ലം തടവുശിക്ഷ വിധിച്ചു. പക്ഷേ, 2019ൽ വെറുതെ വിട്ടു. പിതാവിനു 10 കൊല്ലവും മകൾക്കും ഭർത്താവിനും ഏഴുകൊല്ലം വീതവുമായിരുന്നു ശിക്ഷ.
പനാമ അഴിമതിക്കേസിൽ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ് നവാസ് ഷരീഫ് രാജിവച്ചത്. ചൗധരി ഷുഗർ മിൽ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായി. ഷുഗർ മില്ലിന്റെ ഷെയറുകൾ അനധികൃതമായി സ്വന്തം പേരിലാക്കി എന്നതായിരുന്നു കേസ്.
ഈ കേസിൽ ജയിലിൽ കിടന്നപ്പോൾ അതിക്രമങ്ങൾക്ക് ഇരയായെന്നാണ് മറിയം അഭിമുഖത്തിൽ പറഞ്ഞത്. മുറിയിലേക്ക് അതിക്രമിച്ചു കയറി പിതാവ് നവാസ് ഷെറീഫിന്റെ മുന്നിൽവച്ച് അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തെങ്കിൽ പാക്കിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും മറിയം പ്രസംഗിക്കുന്നു. ജനങ്ങൾ കൈയടിക്കുന്നു.
തനിക്ക് ദുരനുഭവമുണ്ടായപ്പോൾ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് മറിയം ഏറെ വാചാലയാണെങ്കിലും പാക്കിസ്ഥാനിലെ ന്യൂനപക്ഷ സ്ത്രീകളുടെ സ്ഥിതിയെക്കുറിച്ച് മറിയത്തിനും ആശങ്കയില്ല. ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട പ്രായപൂർത്തിയായ പെൺകുട്ടികളെ പട്ടാപ്പകൽ പരസ്യമായി തട്ടിക്കൊണ്ടുപോകുകയും വിവാഹം കഴിച്ചെന്നു കള്ളരേഖകൾ തയാറാക്കുകയും ചെയ്യുന്നതൊന്നും ഈ നേതാവിനെയും അലോസരപ്പെടുത്തുന്നില്ല. കോടതിയിൽപ്പോലും ന്യൂനപക്ഷവനിതകൾക്കു രക്ഷയില്ലെന്നു തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള മറിയത്തിന്റെ വേവലാതികണ്ട് ന്യൂനപക്ഷമതവിഭാഗത്തിലെ വനിതകൾ പ്രതീക്ഷയൊന്നും വച്ചുപുലർത്തുന്നില്ല. അവർക്ക് ഇമ്രാൻഖാനും മറിയവും തമ്മിൽ വ്യത്യാസമൊന്നുമില്ല. അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാനും അധികാരത്തിന്റെ സിംഹാസനമൊരുക്കാനുമുള്ള റാലികളാണ് പഞ്ചാബിലും മറ്റിടങ്ങളിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചെറുതും വലുതുമായ 11 പ്രതിപക്ഷ പാർട്ടികളെ ചേർത്തുകൊണ്ടാണ് മറിയത്തിന്റെ തേരോട്ടം. പിതാവ് നവാസ് ഷരീഫിന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ല. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ സ്ഥിതി ആശാവഹമല്ല. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ വളർച്ച കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ താഴോട്ടാണ്. ഇനി നേതാവ് താനാണെന്ന് ജനത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു മറിയം. പ്രധാന പ്രതിപക്ഷപാർട്ടികളും അത് അംഗീകരിച്ച മട്ടാണ്. ഇനി പോരാട്ടം ഇമ്രാൻഖാനുമായി നേർക്കുനേരാകും. ക്രിക്കറ്റ് കണ്ട് കൈയടിച്ചവരൊന്നും ഇപ്പോൾ ഇമ്രാന്റെ ഒപ്പമല്ല. അവരൊക്കെ മറിയത്തിന്റെ പകിട്ടിനുചുറ്റും വട്ടമിടുകയാണ്.
വാർത്തയ്ക്കുപിന്നിൽ / ജോസ് ആൻഡ്രൂസ്