"86 സിംഫണി
Friday, November 27, 2020 1:45 AM IST
1986 ജൂൺ 22 ഫുട്ബോൾ പ്രേമികൾ മറക്കില്ല. മെക്സിക്കോയിലെ അസ്ടെക് സ്റ്റേഡിയത്തിൽ ‘ദൈവത്തിന്റെ കൈ’ പ്രത്യക്ഷമായ ദിവസം. അതുമാത്രമായിരുന്നില്ല. മാന്ത്രികച്ചിറകുകളിൽ മൈതാനത്തെ മായാവേദിയാക്കി ഫുട്ബോളിനെ മൊസാർട്ടിന്റെ സിംഫണി പോലെ അനുഭവിപ്പിച്ച ദിവസവും.
ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലായിരുന്നു അത്. ഫോക്ലൻഡ് യുദ്ധം കഴിഞ്ഞ് നാലുവർഷത്തിനു ശേഷമായിരുന്നു ഇംഗ്ലണ്ടും അർജന്റീനയും ഫുട്ബോൾ യുദ്ധത്തിനായി അണിനിരന്നത്. പരമ്പരാഗതവൈരികൾ എന്നതിനൊപ്പം യുദ്ധത്തിന്റെ പിരിമുറുക്കവും കൂടിയായപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന അവസ്ഥ.
രണ്ടാം പകുതിയുടെ ആറാം മിനിറ്റിലായിരുന്നു ആ ചരിത്രമുഹൂർത്തം. മാറഡോണയുടെ ഒറ്റയാൻ കുതിപ്പ്. പെനൽറ്റി ബോക്സിനു പുറത്ത് ഉയർന്നുവന്ന പന്ത് രക്ഷിക്കാനെത്തിയത് ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജ്. അടിച്ചകറ്റാൻ നോക്കിയപ്പോൾ ചുവടുപിഴച്ചു. ഇംഗ്ലീഷ് ഗോൾമുഖത്തേക്കാണ് പന്ത് ഉയർന്നത്. ഗോളി പീറ്റർ ഷിൽട്ടൺ എന്ന മഹാമേരു പന്തു തട്ടിയകറ്റാനെത്തി. ഒപ്പം ചാടിയ മാറഡോണയുടെ ഇടതുകൈയിൽ തട്ടി പന്ത് വലയിലേക്ക്. ഇംഗ്ലണ്ട് കളിക്കാർ ഹാൻഡ് ബോൾ എന്ന് അലറിവിളിച്ച് ടുണീഷ്യൻ റഫറി അലി ബെൻ നസീറിനെ വളഞ്ഞു. അദ്ദേഹം പക്ഷെ വഴങ്ങിയില്ല. അർജന്റീന മുന്നിൽ.
നാലുമിനിറ്റിനു ശേഷമാണ് മറ്റൊരദ്ഭുതം കണ്ട് കാണികൾ വിസ്മയസ്തബ്ധരായത്. അർജന്റീനയുടെ പകുതിയിൽ നിന്നായിരുന്നു ആ നൃത്തച്ചുവടുകളുടെ തുടക്കം. മധ്യരേഖയിൽ നിന്ന് ബാലെ നർത്തകന്റെ മികവോടെ ഒന്നിനു പിറകെ ഒന്നായി നാലു കളിക്കാരെ കാഴ്ചക്കാരാക്കിയ അതുല്യ പ്രകടനം. ആദ്യം ബിയർഡ്സ്ലി, പിന്നെ റീഡ്, ബുച്ചർ, ഫെൻവിക്, വീണ്ടും ബുച്ചർ, ഒടുവിൽ പീറ്റർ ഷിൽട്ടണും. പന്ത് ഗോൾവര കടക്കുംമുമ്പ് ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിലേക്കു കുടിയേറിയിരുന്നു.
സെമിയിലേക്കും ഫൈനലിലേക്കും കിരീടത്തിലേക്കുമുള്ള നിർണായക വഴിത്തിരിവായിരുന്നു ആ ഗോളുകൾ. വർഷങ്ങൾക്കു ശേഷം ആദ്യ ഗോളിനെക്കുറിച്ച് മാറഡോണ കുമ്പസാരിച്ചു.
‘ഇനി അതൊന്നും മാറ്റിയെഴുതാനാവില്ലല്ലോ. അത് ഗോളായിത്തന്നെ ചരിത്രത്തിൽ അവശേഷിക്കും. അർജന്റീന ചാമ്പ്യൻമാരായും ഞാൻ മികച്ച കളിക്കാരനായും’ -അദ്ദേഹത്തിന്റെ വാക്കുകൾ.
1986-ൽ ശരാശരിക്കാരായ കളിക്കാരുമായാണ് മാറഡോണ ലോകകപ്പിനായി മെക്സിക്കോയിലെത്തിയത്. ഇറ്റലിക്കെതിരെ സമനിലയുമായി തുടക്കം. രണ്ടാം മത്സരത്തിൽ ബൾഗേറിയയെ രണ്ടു ഗോളിനു തകർത്ത് പ്രീക്വാർട്ടറിൽ. അടുത്ത എതിരാളി ഉറുഗ്വേ. ഒരു ഗോളിന് ആ കടമ്പയും കടന്നാണ് ഇംഗ്ലണ്ടിനെ നേരിടാൻ ക്വാർട്ടറിലെത്തിയത്. സെമിയിൽ ബൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളെന്ന വ്യക്തമായ വ്യത്യാസത്തിൽ മറികടന്നാണ് ഫൈനലിൽ കുതിച്ചെത്തിയത്. ഫൈനലിൽ 3-2നു ജയവും ലോകകപ്പും. മികച്ച താരത്തിനുള്ള സുവർണപന്ത് അദ്ദേഹത്തിനായിരുന്നു.
1982-ൽ ദേശീയ ടീമിനൊപ്പം മാറഡോണ ലോകകപ്പിനെത്തിയിരുന്നു. എന്നാൽ, കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് പുറത്തായി. ബ്രസീലിന്റെ ജോവോ ബാറ്റിസ്റ്റ ഡിസിൽവയെ ചവിട്ടിവീഴ്ത്തിയതിന് ചുവപ്പുകാർഡ് കണ്ട ചീത്തപ്പേരും.
1990ലെ ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു നായകൻ. നിലവിലെ ചാമ്പ്യൻമാരെ ആദ്യ മത്സരത്തിൽ തന്നെ കാമറൂൺ അട്ടിമറിച്ചു. ഫൈനൽ വരെയെത്തിയ ശേഷം പശ്ചിമ ജർമനിയോടു തോറ്റു.
തുടർന്നങ്ങോട്ട് അദ്ദേഹത്തിന്റെ കഷ്ടകാലമായിരുന്നു. മയക്കുമരുന്നു കേസുകളും വിവാദങ്ങളും വേട്ടയാടി. വിലക്കും അറസ്റ്റുമൊക്കെ വന്നു. 94 ലോകകപ്പിൽ രണ്ടു മത്സരങ്ങളിലേ അദ്ദേഹത്തിനു കളിക്കാനായുള്ളു. ഗ്രീസുമായുള്ള കളിക്കു ശേഷം നടന്ന പരിശോധനയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്താക്കി. എഫഡ്രിൻ ആണ് കണ്ടെത്തിയത്.
നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകളാണ് സ്വന്തമായി നേടിയത്. സുവർണതളികയിലെന്നോണം കൂട്ടുകാർക്ക് കൊടുത്ത അവസരങ്ങളാവട്ടെ അനേകവും.
എസ്. ജയകൃഷ്ണൻ