മറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും : കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക
Friday, May 7, 2021 12:55 AM IST
മഹാരാഷ്ട്രയിൽ മറാത്ത വിഭാഗങ്ങൾക്കു16% ഒബിസി സംവരണം അനുവദിച്ച 2018ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിലുള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നു കോടതി നിരീക്ഷിച്ചു. ഈ വിധി 10% സാമ്പത്തിക സംവരണത്തിനു തടസമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഈ വിധി സാമ്പത്തിക സംവരണത്തെ എങ്ങനെ ബാധിക്കുന്നില്ല എന്നു വ്യക്തമാക്കുകയാണിവിടെ.
മറാത്ത സംവരണ കേസ്
2018ൽ മഹാരാഷ്ട്ര സർക്കാർ ആ സംസ്ഥാനത്തെ മൂന്നിലൊന്നു ജനങ്ങൾ ഉൾക്കൊള്ളുന്ന മറാത്ത ജനതയെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (Socially and Educationally Backward Class) എന്ന പദവി നൽകി 16% സംവരണം ജോലിയിലും വിദ്യാഭ്യാസമേഖലയിലും നൽകി. ഇതുമൂലം മഹാരാഷ്ട്രയിലെ മൊത്തം സംവരണം 52 ശതമാനത്തിൽനിന്ന് 68 ശതമാനമായി ഉയർന്നു. ഇതിനെതിരേ മുംബൈ ഹൈക്കോടതിയിൽ കേസ് വന്നു. ജോലിയിൽ 12 ശതമാനവും വിദ്യാഭ്യാസ മേഖലയിൽ 13 ശതമാനവുമായി നിജപ്പെടുത്തി 2019ൽ മുംബൈ ഹൈക്കോടതി, മറാത്ത സംവരണം അംഗീകരിക്കുകയും ചെയ്തു. ഈ വിധിയെ ചോദ്യം ചെയ്തുസുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട അപ്പീലിലാണ് ജസ്റ്റീസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.
മറാത്ത സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ രണ്ടു പ്രധാന നിരീക്ഷണങ്ങളുണ്ട്.
1. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEBC) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരത്തെ സുപ്രീം കോടതി ചോദ്യംചെയ്യുന്നു. 2018ലെ 102-ാം ഭരണഘടനാ ഭേദഗതി പ്രകാരം രാജ്യത്തെ/ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ മുഖേന രാഷ്ട്രപതിക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ആർട്ടിക്കിൾ 342 A(1) പ്രകാരം രാഷ്ട്രപതിക്കു സംസ്ഥാന ഗവർണറുമായി ആലോചിച്ചതിനുശേഷം ഒരു സംസ്ഥാനത്തിന്റെ പിന്നാക്ക വിഭാഗങ്ങളെ വിജ്ഞാപനം ചെയ്യാം. ആർട്ടിക്കിൾ 342 A(2) പ്രകാരം ഒരു ജനതയെ പിന്നാക്ക വിഭാഗത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താനും പുറത്താക്കാനുമുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. അതിനാൽ മറാത്ത ജനതയെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് സംവരണം നൽകിയ മഹാരാഷ്ട്ര സർക്കാരിന്റെ നടപടി സാധുതയില്ലാത്തതാണ്.
2. രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കവിയരുത് എന്ന ഒബിസി സംവരണവുമായി ബന്ധപ്പെട്ട 1992ലെ ഇന്ദിര സാഹ്നി കേസിലെ വിധിയുടെ നിലപാട് കോടതി ഇവിടെയും ആവർത്തിച്ചു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭരണഘടനയുടെ ആർട്ടിക്കിൾ 15(4), 16(4) എന്നീ വകുപ്പുകൾ അനുസരിച്ചുള്ള ഒബിസി/എസ്ഇ ബിസി സംവരണത്തിനു മാത്രമേ മറാത്ത സംവരണ വിധി ബാധകമാകുന്നുള്ളൂ. ജാതി സംവരണം പരമാവധി 50% എന്നതാണ് ഇന്ദിര സാഹ്നി കേസിലും മാറാത്ത സംവരണക്കേസിലും സുപ്രീം കോടതി നിലപാട്. ഇതു ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തിൽ സ്പഷ്ടമാണ്.
ആർട്ടിക്കിൾ 15 (6), 16(6) എന്നീ വകുപ്പുകൾ പ്രകാരമാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം നിലവിൽ വന്നിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നയരൂപീകരണാധികാരവും പാർലമെന്റിന്റെ നിയമനിർമാണ അധികാരവും ഉപയോഗിച്ച് സുവ്യക്തമായ ഭരണഘടനാടിത്തറയോടെയാണ് 2019ൽ 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.
ഇന്ദിര സാഹ്നി കേസ്
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ രാജ്യത്താകെ ഒബിസി സംവരണം നടപ്പിലാക്കുന്നതിനായി വി.പി. സിംഗ് സർക്കാർ തീരുമാനമെടുത്തു. ഇതിനെതിരായി 1992ൽ ഇന്ദിര സാഹ്നി എന്ന യുവതി ഫയൽ ചെയ്ത കേസ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരേ നാലു പ്രധാന കാര്യങ്ങൾ അവർ മുന്നോട്ടുവച്ചു:
1. സംവരണത്തിനുള്ള വർധന ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള തുല്യ അവസരം എന്ന നിലപാടിനെതിരാണ്.
2 . ജാതി ഒരിക്കലും സാമൂഹിക- വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി പരിഗണിക്കാൻ പറ്റില്ല.
3. ഇത്തരമൊരു സംവരണം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയെ ബാധിക്കും.
4. രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കൂടരുത്.
എന്നാൽ, സാമൂഹിക- വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കാക്കുന്നതിനുള്ള പ്രായോഗിക മാനദണ്ഡം ജാതി മാത്രമാണെന്നും ക്രീമിലെയർ എന്ന ആശയം ഉൾപ്പെടുത്തി അതിനു താഴെ വരുന്ന ഒബിസി വിഭാഗങ്ങൾക്ക് 27% സംവരണം അനുവദിക്കാമെന്നും ആകെ സംവരണം 50 ശതമാനത്തില് കൂടരുതെന്നുമുള്ള വ്യവസ്ഥകളോടെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.
മറാത്ത സംവരണവിധി സാമ്പത്തിക സംവരണത്തെ എടുത്തുകളയില്ല
2019ലെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ബിജെപി ഗവൺമെന്റ് നടപ്പാക്കിയ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് ഇപ്പോൾ വന്നിരിക്കുന്ന വിധി യാതൊരു കാരണവശാലും തടസമാകുന്നില്ല. കാരണങ്ങൾ വ്യക്തമാക്കാം.
1. ഇപ്പോൾ വന്നിരിക്കുന്ന വിധി മറാത്ത ജനതയ്ക്ക് ഒബിസി /എസ്ഇ ബിസി സംവരണം നൽകിയ മഹാരാഷ്ട്ര സർക്കാരിന്റെ നിയമനിർമാണം റദ്ദ് ചെയ്യുന്നതാണ്. സാമ്പത്തിക സംവരണം (EWS) ആയി ബന്ധപ്പെട്ട 103-ാം ഭരണഘടനാ ഭേദഗതിക്കെതിരേ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീംകോടതി വാദം കേൾക്കാൻ ഇരിക്കുന്നതേയുള്ളൂ. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിന് ഇടക്കാല സ്റ്റേ പോലും അനുവദിച്ചിട്ടില്ല.
2. രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള ഇന്ദിര സാഹ്നി കേസിലെ വിധിയിലും അസാധാരണമായ സാഹചര്യങ്ങളിൽ ഇത് 50 ശതമാനത്തിൽ കൂടാം എന്ന ഒരു സാധ്യത നിലനിർത്തിയിട്ടുണ്ട്. ഇത്തരത്തിൽ 50% സംവരണ പരിധി മറികടന്നുകൊണ്ടു ജാതി സംവരണം അനുവദിക്കത്തക്ക പിന്നാക്കാവസ്ഥ മറാത്താ വിഭാഗങ്ങൾക്കില്ലെന്നുള്ള കോടതിയുടെ കണ്ടെത്തലാണ് ഈ വിധിയുടെ കാതൽ.
3. സാമ്പത്തിക സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം നൽകിയിട്ടുണ്ട് . മറാത്ത വിഭാഗത്തിന്റെ ഒബിസി പദവി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യമുണ്ടായപ്പോൾ 2020 ഡിസംബറിൽതന്നെ മഹാരാഷ്ട്ര സർക്കാർ 10% ഇഡബ്ള്യുഎസ് സംവരണം നടപ്പിലാക്കുകയും മറാത്ത വിഭാഗത്തെ സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകുകയും ചെയ്തു. നിലവിലെ സ്ഥിതി ഇതായിരിക്കെ മറാത്ത വിഭാഗത്തിന് ഇനി ഒബിസി സംവരണം പ്രായോഗികമായി ആവശ്യമില്ല.
4. 50 ശതമാനത്തിൽ കൂടുതൽ ജാതി സംവരണം (ഒബിസി /എസ്ഇ ബിസി ) വേണമെന്ന ആവശ്യവുമായി കർണാടക അടക്കമുള്ള പല സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മാത്രമല്ല തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ 68 ശതമാനം സംവരണം നിലവിലുമുണ്ട്. ഇത്തരം നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മറാത്ത കേസിലെ സുപ്രീം കോടതി വിധി.
5.103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥ എന്നതുകൂടി സംവരണത്തിന്റെ മാനദണ്ഡമായി നിയമ നിർമാണം നടന്നുകഴിഞ്ഞു. അതോടെ ഇന്ദിര സാഹ്നി കേസിലെ 50% സംവരണപരിധി എന്നത് മറികടക്കുന്നതിനുള്ള ഒരു അസാധാരണ സാഹചര്യം നിയമപരമായി സംജാതമാകുന്നു.
6. നിലവിൽ 50% ജാതി സംവരണവും 10% സാമ്പത്തിക സംവരണവും ചേർത്ത് ആകെ സംവരണം 60% ആയിട്ടുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള സംവരണം 50% ആയി കുറയ്ക്കണമെങ്കിൽ ഇനി അത് സാമ്പത്തിക സംവരണക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. മറിച്ച് ഒബിസി അടക്കമുള്ള മറ്റു സംവരണങ്ങളും കൂടി ഒരുമിച്ച് വെട്ടിച്ചുരുക്കി 50 ശതമാനത്തിൽ ഒതുക്കുക എന്നതാണ് ശരിയായ നടപടി. ഒബിസി സംവരണത്തിനും ഇഡബ്ള്യുഎസ് സംവരണത്തിനും ഭരണഘടനാപരമായി ഒരേ അടിത്തറയാനുള്ളത്. 50% എന്ന പരിധിക്കുള്ളിൽ ഇഡബ്ള്യുഎസ് സംവരണം ഉൾപ്പെടുത്തണമെങ്കിൽ സുപ്രീംകോടതി വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കും.
മറാത്ത സംവരണകേസിന്റെ നാൾവഴികളിൽ സുപ്രീംകോടതി ചോദിച്ച ചോദ്യം ഇനിയുമെത്രനാൾ ഈ സംവരണം തുടർന്നുകൊണ്ടു പോകേണ്ടിവരും എന്നാണ് . മാത്രമല്ല രാജ്യം മുഴുവൻ സാമ്പത്തിക സംവരണത്തിലേക്കു മാറുന്ന ഒരു ദിനം വരുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ജാതി കേന്ദ്രീകൃത വേർതിരിവുകൾക്കല്ല രാജ്യത്തു പരിഗണനനൽകേണ്ടത് എന്നു വിധിന്യായത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ക്രിസ്ത്യൻ നാടാർ സംവരണത്തെ ബാധിക്കില്ല
എസ്ഐയുസി ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ സംസ്ഥാന ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷം സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനം മറാത്ത സംവരണ വിധിയുടെ അടിസ്ഥാനത്തിൽ അസാധുവാകുമെന്ന് മുൻ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ അഭിപ്രായം ഒരു പത്രത്തിൽ വന്നിട്ടുണ്ട്. അതു തികച്ചും വസ്തുതാവിരുദ്ധമാണ്. 2000ൽ തന്നെ എല്ലാ ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെയും സെൻട്രൽ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് വസ്തുത. എന്നാൽ സ്റ്റേറ്റ് ഒബിസി ലിസ്റ്റിൽ എസ്ഐയുസി ഒഴികെയുള്ള നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നുമില്ല. കാലങ്ങളായി തുടർന്ന ആ തെറ്റ് തിരുത്തുക മാത്രമാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. മറാത്ത സംവരണവിധിയിൽ ക്രിസ്ത്യൻ നാടാർ വിഭാഗങ്ങൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
ബാധിച്ചാൽ ഒരുമിച്ച്
ചുരുക്കത്തിൽ മറാത്ത സംവരണക്കേസിലെ വിധിയും ജാതി സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയും സാമ്പത്തിക സംവരണത്തെ പ്രതികൂലമായി ബാധിക്കുന്നതല്ല. ഇനി അഥവാ ബാധിക്കുകയാണെങ്കിൽ എല്ലാവിധ സംവരണങ്ങളെയും ഒരുമിച്ചായിരിക്കും ബാധിക്കുന്നത്.
ഇന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിന് അർഹതയുള്ളവർക്ക് അതു ലഭിക്കുന്നതിന് ഈ നിമിഷവും അവകാശമുണ്ട്. ഉദ്യോഗസ്ഥരോ മറ്റോ ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ തെറ്റിദ്ധാരണ പരത്തിയാൽ നിയമപരമായിത്തന്നെ നേരിടണം. ഇഡബ്ള്യുഎസ് സംവരണം ഇപ്പോഴും പ്രാബല്യത്തിലാണെന്നതിൽ ഒരു സംശയവും വേണ്ട. അതിൽ പുകമറ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത് വിലപ്പോകില്ല.
ഫാ. നൗജിൻ വിതയത്തിൽ
(ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം ഡയറക്ടറാണ് ലേഖകൻ)