ദേശീയ പതാക
Friday, December 31, 2021 2:24 AM IST
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പതാകയിൽ വിവിധ മാറ്റങ്ങൾ വരുത്തിയാണ് ഇന്നത്തെ ദേശീയ പതാകയിലേക്ക് ഇന്ത്യ എത്തുന്നത്. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ അംഗീകരിച്ചത്. ത്രിവർണപതാക എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. പിംഗളി വെങ്കയ്യയാണ് പതാക രൂപകല്പന ചെയ്തത്. പതാകയിൽ മുകളിൽ കേസരി (കാവി നിറം), നടുക്ക് വെള്ള, താഴെ പച്ച നിറങ്ങളാണ് ഉള്ളത്.
മധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം.
പതാകയുടെ വീതിയുടെയും നീളത്തിന്റെയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ദേശീയ പതാകയാണ് ഉപയോഗിക്കുന്നത്. പതാക ഖാദിയിൽ മാത്രമേ നിർമിക്കാവു എന്നാണ് നിർദേശം.