ചാർജ് വർധന: ബസ് വ്യവസായത്തിന്റെ മരണമണി
ജയിംസ് വടക്കൻ
Sunday, May 1, 2022 2:01 AM IST
പുതുക്കിയ ബസ് ചാർജ് കേരളത്തിൽ ഇന്ന് നിലവിൽ വരുന്നതോടെ ബസ് യാത്രക്കാരിലെ 30 ശതമാനം യാത്ര ചെയ്യുന്ന ഓർഡിനറി, ടൗണ്, സിറ്റി ബസുകളിലെ മിനിമം ചാർജ് 2.5 കിലോ മീറ്ററിന് പത്തുരൂപയാണ്. അതായത് ഒരു കിലോ മീറ്റർ യാത്രക്കൂലി നാലു രൂപ. സംസ്ഥാന ആസൂത്രണ ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും കണക്കുകളനുസരിച്ച് ഒരു ഇലക്ട്രിക്ക് ടൂവീലറിൽ ഒരാൾ യാത്ര ചെയ്താൽ 15 പൈസയും രണ്ടുപേർ യാത്ര ചെയ്താൽ എട്ടു പൈസയുമാണ് കിലോ മീറ്ററിന് യാത്രച്ചെലവ്.
പെട്രോൾ ടൂവീലറിലാണെങ്കിൽ അത് യഥാക്രമം 2.25 രൂപ 1.13 രൂപ എന്നിങ്ങനെയാകും. പെട്രോൾ കാറിൽ ഒരാൾ മാത്രം യാത്ര ചെയ്താൽ 7.50 രൂപയും അനുവദനീയമായ അഞ്ചുപേർ യാത്ര ചെയ്താൽ 1.50 രൂപയും മാത്രമാണ്. ചുരുക്കത്തിൽ സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നതിന്റെ ഇരട്ടിയിലധികമാണ് പാവപ്പെട്ടവരുടെ യാത്രാവാഹനമായ സ്വകാര്യ ബസിലെ കിലോ മീറ്റർ യാത്രക്കൂലി. എന്തായാലും ഇത് പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സർക്കാരിന്റെ തീരുമാനമല്ല എന്നുറപ്പാണ്. ഓർഡിനറി ബസ്കൂലി കിലോ മീറ്ററിന് നാലു രൂപയാക്കി നിശ്ചയിച്ചത് പരിസ്ഥിതി സൗഹൃദവുമല്ല.
ഏറ്റവും കൂടിയ ബസ്കൂലി
രാജ്യത്തെ ഏറ്റവും കൂടിയ ബസ്കൂലിയാണ് കേരളത്തിലെ 2.5 കിലോമീറ്ററിന് 10 രൂപ എന്ന മിനിമം നിരക്ക്. സാധിക്കുന്നവരൊക്കെ ടൂവീലറുകളിലേക്കു മാറും എന്നതായിരിക്കും ഇതിന്റെ ഫലം. ബസ് യാത്രാ കൂലിയിൽ കിലോമീറ്റർ നിരക്കുമായുള്ള ബന്ധം നഷ്ടപ്പെട്ടത് 2011 ഓഗസ്റ്റ് എട്ടിനു നടത്തിയ ബസ് ചാർജ് വർധനവിലൂടെയായിരുന്നു.
ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നിരക്കു വർധനവ് ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനുമായി കേരള ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് 2010 ഓഗസ്റ്റ് 19ലെ ഉത്തരവു പ്രകാരം റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രൻ അധ്യക്ഷനായ ഫെയർ റിവിഷൻ കമ്മിറ്റി രൂപീകൃതമായി. പാലായിലെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ ഫയൽ ചെയ്ത കേസിലെ വിധിയെ തുടർന്നാണ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ ഫെയർ റിവിഷൻ കമ്മിറ്റിയെ നിശ്ചയിച്ചത്.
ഇടതുപക്ഷ ബുദ്ധിജീവിയും സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ ഗവേഷകനുമായ പ്രഫ. ഡി. നാരായണ ബസ്ചാർജ് നിശ്ചയിക്കാൻ കൊണ്ടുവന്ന മിനിമം ചാർജ് + കിലോമീറ്റർ നിരക്ക് എന്ന അശാസ്ത്രീയ നിർദേശം അതിന്റെ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യാതെ സർക്കാർ അംഗീകരിച്ചതാണ് പൊതുബസ് ഗതാഗതത്തിന്റെ മരണമണിയായത്.
2010 മുതലാണ് ബസ് ചാർജും സർക്കാർ പറയുന്ന കിലോമീറ്റർ നിരക്കുമായി
യാതൊരു ബന്ധവുമില്ലാതെ വന്നതും കിലോമീറ്റർ യാത്രക്കൂലി ഒരു രൂപയാണെന്ന് സർക്കാർ പറയുന്പോഴും ഓർഡിനറി കിലോമീറ്റർ നിരക്ക് നാലു രൂപയാകുന്നതും. ഗതാഗത മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ഗതാഗത വൈദഗ്ധ്യമില്ലാത്ത ഫെയർ റിവിഷൻ കമ്മിറ്റി അടിയന്തരമായി പിരിച്ചുവിടണം. ജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫെയർ റിവിഷൻ കമ്മിറ്റി നിലനിൽക്കെത്തന്നെ വിദ്യാർഥികളുടെ ബസ് ചാർജ് നിശ്ചയിക്കാൻ പുതിയൊരു കമ്മിറ്റിയെ സർക്കാർ നിയമിച്ചത് ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നു തെളിയിക്കുന്നു.
യാത്രക്കാരുടെ എണ്ണം കുറയുന്നു
ഓരോ തവണ ബസ് ചാർജ് വർധിപ്പിക്കുന്പോഴും യാത്രാബസുകളിലെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുകയും ബസുകളുടെ എണ്ണംതന്നെ കുറയുകയും ചെയ്യുന്നു എന്നു കണക്കുകൾ തെളിയിക്കുന്നു. അതേസമയം തന്നെ ടുവീലറുകൾ ക്രമാതീതമായി വർധിക്കുന്നു.
അശാസ്ത്രീയ ബസ് ചാർജ് വർധനവ് നടപ്പിലാക്കിയ 2011ൽ കേരളത്തിൽ 36,10,838 ടുവീലറുകളാണുണ്ടായിരുന്നതെങ്കിൽ 2021-ൽ ടുവീലറുകളുടെ എണ്ണം 96,72,694 ആയി ഉയർന്നു. ഇതിൽ 80% ടുവീലറുകളും രാവിലത്തെയും വൈകുന്നേരത്തെയും തിരക്കേറിയ സമയങ്ങളിൽ റോഡിൽ ഓടുന്നു. റോഡിൽ ഒരു ബസ് എടുക്കുന്ന സ്ഥലം വേണം ഏഴു ടുവീലറുകൾക്ക് ഓടാൻ. ഒരു ബസിൽ 70 മുതൽ 100 യാത്രക്കാർ വരെ പീക്ക് ടൈമിൽ യാത്ര ചെയ്യുന്പോൾ ഏഴു ടുവീലറുകളിൽ പരമാവധി യാത്ര ചെയ്യാവുന്നത് 14 പേർക്കാണ്. കേരളത്തിലെ വീതി കുറഞ്ഞ റോഡുകളിൽ ടുവീലറുകൾ നിറയുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതൽ സങ്കീർണമാകും.
കേരളത്തിലെ ഗതാഗത മേഖലയിലെ മന്ത്രി തൊട്ടുള്ള വിദഗ്ധരൊക്കെ നിരവധി വിദേശ രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളെപ്പറ്റി പഠിക്കാൻ പോയിട്ടുണ്ട്, പോയിക്കൊണ്ടുമിരിക്കുന്നു. അവിടെയൊക്കെ പൊതുഗതാഗത യാത്രാ നിരക്കുകൾ സ്വകാര്യ ടുവീലർ-കാർ യാത്രാ ചെലവിന്റെ മൂന്നിലൊന്നേ വരൂ. തമിഴ്നാട്ടിൽ രണ്ടു കിലോ മീറ്റർ യാത്ര ചെയ്യാൻ ഓർഡിനറിയിൽ മിനിമം അഞ്ചു രൂപ നൽകിയാൽ മതി.
അവഗണിക്കപ്പെടുന്നവർ
കേരളത്തിലെ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് സമകാലിക കേരളത്തിന്റെ ദുരന്തം. ഭരണാധികാരികൾ സംഘടിതരെയും സന്പന്നരെയും കേൾക്കുന്പോൾ പാവപ്പെട്ടവരെയും അസംഘടിതരെയും അവഗണിക്കുന്നു. ബസ് ചാർജ് വിഷയത്തിലും നിലപാടുകൾക്കു മാറ്റമില്ല. വിമാന യാത്രാക്കൂലി കൂട്ടുന്നതിനെതിരേ പ്രതികരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ബസ് ചാർജ് കൊള്ളയെപ്പറ്റി വാ തുറക്കുന്നില്ല.
ഒരു കോടി രൂപ വിലയുള്ള ആഡംബര കാറിന് ഈടാക്കുന്ന വാഹന നികുതിയേക്കാൾ കൂടിയ നികുതിയാണ് ഒരു ഓർഡിനറി ബസിന്റെ ഒരു സീറ്റിന് സംസ്ഥാന സർക്കാർ ചുമത്തുന്നത്. 2012-2017 പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയ്ക്കായി കേന്ദ്ര സർക്കാർ നിയമിച്ച ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വർക്കിംഗ് ഗ്രൂപ്പ് 2012 ജൂണിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതും കേന്ദ്ര സർക്കാർ അംഗീകരിച്ചതുമായ റിപ്പോർട്ടിൽ സ്വകാര്യ, പൊതുമേഖല യാത്രാ ബസുകളുടെ വാഹന നികുതി പൂർണമായി പിൻവലിക്കണമെന്നു നിർദേശിച്ചിരുന്നു. ഗതാഗത മേഖലയിലെ ഭരണാധികാരികളൊന്നും ഇത്തരം റിപ്പോർട്ടുകൾ കണ്ടിട്ടുപോലുമുണ്ടാവില്ല.
അഞ്ചു രൂപയിൽ ഒതുക്കാം
പുതുക്കിയ യാത്രാക്കൂലിയിൽ ആദ്യത്തെ നാലു സ്റ്റേജുകളിലെ (10 കിലോ മീറ്റർ) ശരാശരി കിലോമീറ്റർ യാത്രക്കൂലി 2.60 രൂപയാണ്. ഒരു ഓർഡിനറി ബസിൽ 48 യാത്രക്കാരെ ഇരുത്തിയും 12 യാത്രക്കാരെ നിർത്തിയും യാത്ര ചെയ്യിപ്പിക്കാം. ഒരു ഓർഡിനറി ബസ് ഒരു ദിവസം ശരാശരി 240 മുതൽ 300 കിലോ മീറ്റർവരെ സർവീസ് നടത്തും. അങ്ങനെയെങ്കിൽ ഫുൾകപ്പാസിറ്റിയിൽ ഒരു കിലോ മീറ്റർ ഓടിച്ചാൽ പുതിയ യാത്രക്കൂലിയിൽ ലഭിക്കാവുന്ന വരുമാനം 144 രൂപയാണ്.
80% കപ്പാസിറ്റിയിൽ അത് 115 രൂപയും 50% യാത്രക്കാരെ ഉള്ളൂ എങ്കിൽ വരുമാനം 72 രൂപയുമാണ്.സ്വകാര്യ ബസുകളുടെ പ്രവർത്തനചെലവ് ശാസ്ത്രീയമായി കണക്കാക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നാറ്റ്പാക്ക് കാലാകാലങ്ങളിൽ തയാറാക്കുന്ന പിസ്കോ (പ്രൈസ് ഇൻഡക്സ് ഫോർ സ്റ്റേജ് കാര്യേജ് ഓപറേഷൻസ്) പ്രകാരം 2021 ജൂലൈയിലെ സ്വകാര്യ ബസ് കിലോ മീറ്റർ പ്രവർത്തനചെലവ് 52.56 രൂപയാണ്. അന്നത്തെ ഡീസൽ വില 95.74 രൂപയും. അങ്ങനെയെങ്കിൽ 52.56 രൂപ കിട്ടാൻ ഓർഡിനറി കിലോ മീറ്റർ യാത്രക്കൂലി 80 പൈസയിൽ കൂടേണ്ട കാര്യമില്ല. 2.5 കിലോ മീറ്ററിന് മിനിമം കൂലി അഞ്ചു രൂപയിൽ കൂടേണ്ട കാര്യമില്ല.