ഇത്തരം മായംകലർത്തൽ കണ്ടെത്താനുള്ള ലാബ് സൗകര്യങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ താത്കാലികമായി പ്രവർത്തിക്കാറുണ്ടെങ്കെിലും ആന്റിബയോട്ടിക്കുകൾ ചേർക്കുന്നത് കണ്ടെത്താൻ ക്ഷീരവികസന വകുപ്പിന്റെ ആലത്തൂരുലെ സെൻട്രൽ ലാബിൽ മാത്രമേ സംവിധാനമുള്ളൂ. ശീതീകരിക്കുന്ന പാൽ അഞ്ചു മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ കഴിയില്ലെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കവർ പാലുകൾ ദിവസങ്ങളോളം കേടാകാതെയിരിക്കുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾആന്റിബയോട്ടിക് കലർന്ന പാലിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയാക്കും. ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കാനും കാരണമാകും. പാലിന്റെ കൊഴുപ്പും ഇതര ഖരപദാർഥങ്ങളുടെ തോതും ശതമാനമായി കവറുകളിൽ രേഖപ്പടുത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതരസംസ്ഥാനത്തു നിന്നെത്തുന്ന പാൽ കവറുകളിൽ ഇവയൊന്നും രേഖപ്പടുത്താറില്ല.
പാലിൽ വെള്ളം ചേർത്ത് ഉപയോഗിക്കുന്നതുപോലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു പഠന റിപ്പോർട്ടുകൾ പറയുന്പോൾ കാസ്റ്റിക് സോഡ, പഞ്ചസാര, യൂറിയ, പശ, സോഡിയം കാർബണേറ്റ്, ഫോർമാലിൻ, അമോണിയം സൾഫേറ്റ് എന്നിവയടങ്ങിയ പാലാണ് നമുക്കു ലഭിക്കുന്നത്. കൃത്രിമ പാലിലെ യൂറിയ വൃക്കകളെ ബാധിക്കും.രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗത്തിനും മായം കലർന്ന പാലിന്റെ ഉപയോഗം വഴിവയ്ക്കും. ഫോർമാലിന്റെ സാന്നിധ്യം കരളിനെയും കാസ്റ്റിക് സോഡ കുടലുകളെയും ബാധിക്കുന്നു.
വഴിപാടാകുന്ന പരിശോധനഓണം, ക്രിസ്മസ്, ഈസ്റ്റർ എന്നീ സീസണിൽ മാത്രമാണ് മായം കലർന്ന പാലുവരുന്നതിനെ കുറിച്ച് ചർച്ചയാകുന്നത്. കേവലം പത്തു ദിവസത്തെ പരിശോധനയുണ്ടാകും. പരിശോധനാ സമയത്ത് കേരളത്തിലേക്ക് ശുദ്ധമായ പാൽ നൽകും. പരിശോധന കഴിയുന്പോൾ വീണ്ടും പഴയപടി തന്നെ.
കറിക്കൂട്ടുകളെല്ലാം പാക്കറ്റുകളിൽ നിറഞ്ഞതോടെ ഗുണമേന്മയുണ്ടോ എന്നു പോലും പരിശോധിക്കാതെ നമ്മൾ വാങ്ങാൻ തുടങ്ങി.
ഇതേക്കുറിച്ച് നാളെ...
തയാറാക്കിയത്
ജോണ്സണ് വേങ്ങത്തടം, ജോമി കുര്യാക്കോസ്, ജിബിൻ കുര്യൻ, ജെവിൻ കോട്ടൂർ, ലിജിൻ കെ. ഈപ്പൻ