ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ്
Thursday, September 22, 2022 10:10 PM IST
അഡ്വ. ജോഷി ജേക്കബ്
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെല്ലാം. എന്നാൽ അതിനായി യോജിച്ച പ്രവർത്തനത്തിന് ഇതുവരെ കളമൊരുങ്ങിയിട്ടില്ല. ഒരുവിഭാഗം ആളുകൾ രാജ്യമൊട്ടാകെ ഇന്നും ജനസ്വാധീനമുള്ള പ്രതിപക്ഷ കക്ഷി കോണ്‍ഗ്രസ് ആണെന്നും അതിനാൽ മതേതരത്വം രക്ഷപ്പെടാൻ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഉത്തർപ്രദേശ് ഉൾപ്പെടെ കോണ്‍ഗ്രസ് തീർത്തും അപ്രസക്തമായ സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ളത് കോണ്‍ഗ്രസ് ഇതര പാർട്ടികൾക്കാണ്. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കി ബിജെപി ഇതര കക്ഷികൾ അധികാരത്തിലേറിയാലും ജനങ്ങളുടെ ദുരിതം അവസാനിക്കില്ലെന്നതു വേറേകാര്യം.
കോണ്‍ഗ്രസ് സാധ്യതകൾ
കോണ്‍ഗ്രസ് ദേശീയ കക്ഷിയാണെന്നും ബിജെപിക്കു ബദലാണെന്നു പറയുന്പോഴും അനവധി വലിയ സംസ്ഥാനങ്ങളിലും ചെറിയ സംസ്ഥാനങ്ങളിലും ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയിൽ കോണ്‍ഗ്രസിനെ കണക്കാക്കാനാവില്ല. എന്നാൽ കോണ്‍ഗ്രസിനെ പൂർണമായും ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പു തന്ത്രം വ്യവസ്ഥാപിത രാഷ്ട്രീയത്തിൽ ബിജെപിയെ പുറത്താക്കാൻ ഒട്ടും സാധ്യവുമല്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതീക്ഷ ഉയർത്തുന്നുണ്ട്.
കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തുന്നത് അതിന്റെ ജനാധിപത്യ വിരുദ്ധവും ആർഎസ്എസ്, വിഎച്ച്പി തുടങ്ങിയ ഹിന്ദുത്വവാദ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും വളർത്തിയതുമായ ചരിത്രം തന്നെയാണ്. ഇന്നത്തെ മാറിയ സാഹചര്യത്തിൽ ജനാധിപത്യകക്ഷിയെങ്കിലും ആകേണ്ടത് കോണ്‍ഗ്രസിന് അടിയന്തരാവശ്യവുമാണ്. ഇവ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുവാൻ രാഹുൽ ഗാന്ധി തന്റെ അടഞ്ഞ മനസ് തുറക്കുകയാണ് ആദ്യം വേണ്ടത്. പ്രസിഡന്റ് പദവി വേണ്ടെന്നു നിർബന്ധം പിടിക്കുകയും മറുവശത്ത് പാർട്ടിയുടെ മുഴുവൻ നിയന്ത്രണവും കുടുംബത്തിന്റെ കൈയിൽ വേണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയ പാപ്പരത്തമാണ്.
കക്ഷികളിൽ ജനാധിപത്യം തകരുന്നത് രാജ്യത്തെ ജനാധിപത്യ തകർച്ചയുടെ മുന്നോടിയാണെന്ന ഡോ. ലോഹ്യയുടെ പ്രവചനപരമായ മുന്നറിയിപ്പ് രാഷ്ട്രീയ കക്ഷികളും ജനങ്ങളും ഇന്നത്തെ സാഹചര്യത്തിൽ ഗൗരവമായി എടുക്കണം. അതുകൊണ്ട് കോണ്‍ഗ്രസിലെ ജനാധിപത്യ അഭിലാഷത്തിനുള്ള സമ്മർദം ഒട്ടും തള്ളിക്കളയാവുന്നതല്ല. അത് ബിജെപിക്ക് എതിരേയുള്ള ജനാധിപത്യ ദിശയിലുള്ള ഒരു കാൽവയ്പു തന്നെയാണെന്ന് രാഹുൽ ഗാന്ധി അംഗീകരിക്കുകയാണ് വേണ്ടത്.
കോണ്‍ഗ്രസിതര കക്ഷികൾ
തന്റെ കോണ്‍ഗ്രസ് വിരുദ്ധതയിൽ കർഷക സംഘടനകളെ ഏകീകരിച്ചും വ്യാപിപ്പിച്ചും ബിജെപിക്ക് എതിരേ കോണ്‍ഗ്രസിതര ബദൽ ഉണ്ടാക്കാമെന്ന പ്രതീക്ഷ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വച്ചുപുലർത്തുന്നു. ആ ലക്ഷ്യത്തിൽ അദ്ദേഹം കർഷക സംഘടനകളുടെ ഒരു യോഗം ഹൈദ്രാബാദിൽ വിളിച്ചു കൂട്ടുകയും ചെയ്തു. എന്നാൽ ഈ ലേഖകനും പങ്കെടുത്ത ആ യോഗത്തിൽ പ്രബലമായ കർഷക സംഘടനകൾ ഭൂരിപക്ഷവും പങ്കെടുക്കുകയുണ്ടായില്ല. എന്നുമാത്രമല്ല, തെലങ്കാനയുടെ പുറത്ത് ടിആർഎസിന്റെ സ്വാധീനം ഒട്ടും തന്നെയില്ലായെന്നു പറയാം. ശരത് പാവറും പ്രധാനമന്ത്രി പദവി മോഹിക്കാതെയിരിക്കുന്നില്ല. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിലാഷമാണ് ഏറ്റവും ശക്തം.
എന്നാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അദ്ദേഹത്തിന്റെ ചേരി മാറ്റം പുതിയൊരു സാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരപ്രദേശിലെ സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നവർ നിതീഷിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ 80 സീറ്റും ബീഹാറിലെ 40 സീറ്റും ചേർത്ത് 120 സീറ്റ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ നിർണായകമായ ഒരു ഘടകമാണ്.
എന്തായാലും ഒരു സംഗതിയുണ്ട് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളായ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ബിജെപി മേൽക്കൈ നേടില്ല. തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്ര എന്നീ നാല് തെക്കൻ സംസ്ഥാനങ്ങളിലും ബിജെപി നേടുന്നത് തുലോം തുച്ഛമായിരിക്കും. അതിൽ ആന്ധ്രയിലെ രാജശേഖര റെഡ്ഡി കോണ്‍ഗ്രസ് ബിജെപി പക്ഷത്തേക്കാണ് ചാഞ്ഞു നിൽക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ രണ്ട് വലിയ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് തീർത്തും മോശമല്ലാത്ത ശക്തി തെളിയിക്കാം. രാജസ്ഥാനിൽ കോണ്‍ഗ്രസിനായിരിക്കും മേൽക്കൈ എന്നു വിലയിരുത്തേണ്ടി വരും. പഞ്ചാബിൽ ബിജെപി മുന്നിൽ വരാൻ പോകുന്നില്ല. ഡൽഹിയിലും അതു തന്നെയാകും സ്ഥിതി. ഹരിയാനയിൽ ബിജെപി മേൽക്കൈ നിലനിർത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ. എന്നാൽ ബിജെപി വിരുദ്ധ ചേരിയുടെ ഭിന്നതയായിരിക്കും അതിന്റെ ദൗർബല്യം.
കോർപറേറ്റ് പണം
രാഷ്ട്രീയ കക്ഷികളെയും ജനപ്രതിനിധികളെയും വിലയ്ക്കുവാങ്ങുവാൻ ബിജെപിക്കുവേണ്ടി കോർപറേറ്റ് ശക്തികൾ ആവശ്യത്തിലധികം പണം ഒഴുക്കുകയാണ്. ഏതെല്ലാം പാർട്ടികൾ എവിടെയെല്ലാം മേൽക്കൈ നേടിയാലും തെരഞ്ഞെടുപ്പിനു ശേഷം അവരെയെല്ലാം കുതിരക്കച്ചവടത്തിലൂടെ വിലയ്ക്കു വാങ്ങുവാൻ കഴിയുമെന്ന സാഹചര്യം ജനവിധിയെ അട്ടിമറിച്ച് ബിജെപിയെ വീണ്ടും ഭരണത്തിലേറ്റുമോ എന്ന ആശങ്ക തള്ളിക്കളയുവാനാവില്ല. ഏറ്റവും ഒടുവിൽ കോണ്‍ഗ്രസിന്റെ എംഎൽഎമാരെ വിലയ്ക്കെടുത്ത് കോണ്‍ഗ്രസിനെ ഗോവയിൽ ഒന്നുമല്ലാതാക്കിയ അനുഭവം ഉണ്ടല്ലോ.
തങ്ങളുടെ കക്ഷികളുടെ മാത്രം മേൽക്കൈയും ആധിപത്യവും അധികാര പ്രാപ്തിയും ലക്ഷ്യമാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതിയെ വിലയിരുത്തി വലിയൊരു അപകടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കുവാൻ സംസ്ഥാന തലത്തിലെങ്കിലും മുന്നണിയോ ധാരണയോ ഉണ്ടാക്കുവാൻ തയാറാകണം.