വിഴിഞ്ഞം സമരം വഞ്ചനയുടെ ഫലം
Wednesday, September 28, 2022 10:36 PM IST
ഡോ. ആന്റണി എൽ. കപ്പൂച്ചിൻ
നമ്മുടെ രാജ്യത്തെ പൊതു മനഃസാക്ഷി വിഴിഞ്ഞം സമരം ഉയർത്തുന്ന ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളേണ്ടതാണ്. ഭരണഘടനാപരമായി സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഒരു ജനവിഭാഗത്തിന് അതു നഷ്ടമാകുന്പോൾ ഏതു വിഭാഗം എന്നു നോക്കാതെ സ്വസ്ഥതയില്ലായ്മ അനുഭവിക്കുന്ന പൊതുജനമനഃസാക്ഷി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കരുത്തായിരിക്കുമെന്ന് ഡോ. അംബേദ്കർ പറഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയുടെ കടൽത്തീരം, കടലുകളുടെ സംഗമബിന്ദുവായ കന്യാകുമാരിയിൽനിന്ന് ദൂരെയല്ലാത്തതിനാൽ പരിസ്ഥിതിപരമായി അതിലോല തീരമാണ്. കൂട്ടുകടലിൽഎന്തു സംഭവിച്ചാലും അതു തീരത്തെയും ബാധിക്കാറുണ്ട്. 2004ലെ സുനാമി, 2017ലെ ഓഖി, 2021ലെ യാസ് എന്നിവ ഉദാഹരണം. കേരള കടൽത്തീരം അതിന്റെ പ്രത്യേകതകൊണ്ട് ദുരന്തലഘൂകരണ പരിപാലനം ആവശ്യമായ തീരമേഖലയാണെന്ന് പഠന റിപ്പോർട്ടുകളുണ്ട്. (ഡോ. ജെ. ഷാജിയുടെ പഠനവും മറ്റു പഠനങ്ങളും ലഭ്യമാണ്).
തെക്ക് -വടക്ക് പ്രതിഭാസം
മത്സ്യത്തൊഴിലാളികളുടെ പാരന്പര്യ കടലറിവിൽനിന്ന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട പ്രതിഭാസമാണ് തെക്ക്-വടക്ക് പ്രതിഭാസം. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ തീരത്ത് കടലിലേക്ക് നിർമിതി നടന്നാൽ അതിന്റെ വടക്കു ഭാഗത്ത് തീരശോഷണം സംഭവിക്കുന്ന പ്രക്രിയയാണിത്. ഇത് ഈ തീരപ്രദേശത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. ജൂണ്-ജൂലൈ മാസങ്ങളിൽ തീരത്തെ മണൽ തെക്കോട്ട് ഒഴുകുന്നതിന്റെ ഫലമായി ഈ മാസങ്ങളിൽ തീരശോഷണം സംഭവിക്കുന്ന സ്ഥലങ്ങളിൽ ഓഗസ്റ്റ് മുതൽ മണൽ വടക്കോട്ടൊഴുകി തീരം പൂർവസ്ഥിതിയിലാവുകയും ചെയ്യുന്നു. ഈ സ്വാഭാവിക പ്രക്രിയ തടസപ്പെട്ടാൽ, തെക്ക്-വടക്ക് പ്രതിഭാസം അതിരൂക്ഷമാകും. കടലിലേക്കുളള മനുഷ്യനിർമിതി മൂലം മണലൊഴുക്ക് തടസപ്പെടുന്നതിന്റെ വടക്കുഭാഗത്ത് അതിരൂക്ഷ തീരശോഷണം അനുഭവപ്പെടും. എന്നാൽ കടലിലുളള സ്വാഭാവിക നീളൻകുന്നുകൾ മണലൊഴുക്കിന് തടസമാകുന്നില്ല.
കേരള കടൽത്തീരത്തിന്റെ പരിസ്ഥിതിദുർബല സ്വഭാവം ബ്രിട്ടീഷ് നാവിക ശാസ്ത്രജ്ഞർ മനസിലാക്കിയിരുന്നതുകൊണ്ടാണ് തെക്കു-വടക്കൻ മണൽസഞ്ചാരത്തിന്റെ ക്രമത്തിനു ഭംഗം വരുത്താതെയുള്ള ഉയർന്ന തുറമുഖങ്ങൾ അഥവാ കടൽപ്പാലങ്ങൾ നിർമാണരീതിയായി വലിയതുറയിലും ആലപ്പുഴയിലും സ്വീകരിച്ചത്. തിരുവനന്തപുരം കടൽത്തീരത്തിന്റെ പരിസ്ഥിതി സ്വഭാവം ശാസ്ത്രീയമായി മനസിലാക്കിയാൽ ഈ പ്രദേശത്ത് കടൽ നികത്തി നിർമിതി പാടില്ലാത്തതാണെന്ന് ഡോ. സ്വാമിനാഥന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. തീരത്തിനും കടൽജീവജാല സംരക്ഷണത്തിനുമായി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനോട് ഡോ. സ്വാമിനാഥൻ ആവശ്യപ്പെട്ടത് ഈ വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
ആർച്ച്ബിഷപ്പിന്റെ നിലപാടു മാറ്റം
വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം പരന്പരാഗത മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾക്കോ മത്സ്യബന്ധനത്തിനോ പ്രതികൂലമായി ഒന്നും സംഭവിക്കില്ലെന്നും ശാസ്ത്ര-സാങ്കേതിക അറിവുകളുടെ പിൻബലത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും സർക്കാർ ഉറപ്പു നൽകിയതനുസരിച്ചാണ് പദ്ധതിയുമായി ആദ്യം സഹകരിച്ചത് എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് എമിരറ്റസ് ഡോ. സൂസപാക്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി പുരോഗമിക്കുന്നതനുസരിച്ച് തീരത്ത് ദുസ്സൂചനകൾ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ, പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലറിവുകളും ബന്ധപ്പെട്ട വിഷയത്തിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ അറിവും സമന്വയിപ്പിച്ച് തന്റെ ജനത്തിന്റെ വസ്തുതാപരമായ ആശങ്കകൾ മാറിമാറി വരുന്ന സർക്കാരുകളെ രേഖാമൂലം അറിയിച്ചിട്ടും അതിനോട് നിസംഗമായ സമീപനമാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഏഴു വർഷം പിന്നിട്ട് പദ്ധതിയുടെ മൂന്നിലൊന്ന് നിർമാണം മാത്രം പൂർത്തിയായപ്പോൾതന്നെ തെക്കു-വടക്കു പ്രതിഭാസം, പദ്ധതി ആഘാത പ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിൽ ചെയ്തു ജീവിക്കുന്നവർക്കും ഉപജീവനത്തിനും അതിജീവനത്തിനും വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉത്തരവാദപ്പെട്ടവർ തെറ്റായ വിവരങ്ങൾ നല്കി തീരദേശവാസികളെ വഞ്ചിച്ചതുകൊണ്ട് സമരസമിതി നിർദേശിക്കുന്നവരെയും ചേർത്ത് ശാസ്ത്ര-സാങ്കേതിക സഹായത്തോടെ പദ്ധതി ആഘാത പഠനം നടത്തണമെന്നും പഠനം പൂർത്തിയാക്കുന്നതുവരെ തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നുമാണ് ആർച്ച്ബിഷപ് ആവശ്യപ്പെടുന്നത്.
ആഗോളതാപനം വഴി കടൽജലനിരപ്പ് ഉയർന്ന് തീരശോഷണം സംഭവിക്കാൻ 2030 മുതൽ 2100 വരെയെങ്കിലും സമയമെടുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആഗോളതാപന പ്രതിഭാസത്തെ പഴിചാരിയും ശാസ്ത്രീയമായി ശരിവയ്ക്കുന്ന തെക്ക് വടക്കു പ്രതിഭാസത്തെ ബോധപൂർവം അവഗണിച്ചും പദ്ധതിയുമായി മുന്നോട്ടു പോകുന്നത് മത്സ്യത്തൊഴിലാളികളെ ഇല്ലാതാക്കാനാണെന്നത് മത്സ്യത്തൊഴിലാളികൾ മനസിലാക്കാൻ അവരുടെ കടലറിവുകൾ ധാരാളം മതി.
പദ്ധതി നിർത്തി പഠനം
സമരസമിതിയുടെ ആവശ്യങ്ങളിൽ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം ഇതുവരെയും ഉന്നയിച്ചിട്ടില്ല. എന്നാൽ പദ്ധതി താത്കാലികമായി നിർത്തിവച്ച് ആഘാതപഠനം നടത്തണമെന്നതാണ് ആവശ്യം. പദ്ധതി ആഘാത പ്രദേശങ്ങളുടെ ജനപ്രതിനിധിയായ ശശി തരൂർ എംപി എഴുതിയ ഒരു ലേഖനത്തിൽ സമരസമതിയുടെ ആവശ്യങ്ങളെ അനുകൂലിക്കുകയും, എന്നാൽ പദ്ധതി നിർത്തിവച്ച് പഠനമെന്ന സമരസമിതിയുടെ ആവശ്യത്തോട് വിയോജിക്കുകയും ചെയ്തിട്ടുണ്ട്. എംപിയുടെ വിയോജിപ്പിനെ തീരദേശസമൂഹം തിരസ്കരിക്കുകയാണ്.
തീരശോഷണം
തമിഴ്നാട് ഉദാഹരണമാക്കി കേരളത്തിലുടനീളം കടൽഭിത്തി നിർമാണം അതിവേഗത്തിൽ നടപ്പിലാക്കാനാണ് ശശി തരൂർ നിർദേശിക്കുന്നത്. അങ്ങനെയെങ്കിൽ തീരഭിത്തി നിർമിച്ച് തീരസുരക്ഷ ഉറപ്പാക്കിയിട്ട് ആരംഭിക്കേണ്ടതായിരുന്നു തുറമുഖനിർമാണം. തീരശോഷണ പ്രക്രിയ നടക്കുന്പോൾ സംരക്ഷണഭിത്തി നിർമിതി സാധ്യമല്ലെന്ന് ശംഖുമുഖം ബീച്ച് ഉദാഹരണമാക്കിക്കൊണ്ട് സർക്കാർ തന്നെ സമ്മതിച്ചിട്ടുളളതാണ്. പോണ്ടിച്ചേരി തീരഭിത്തി നിർമിതിയുടെ പരാജയവും പഠിക്കേണ്ടതാണ്. തുറമുഖവും അനുബന്ധ നിർമാണപദ്ധതികളും ഇപ്പോൾ നിഗൂഢ രേഖകളായി നിൽക്കുന്നതുകൊണ്ട് ആഘാതപഠന റിപ്പോർട്ടിന്റെ സുതാര്യതയും സംശയത്തിന്റെ നിഴലിലാണ്.
തീരദേശവാസികൾ അവരുടെ ജീവിതരീതികളും സവിശേഷതകളുംകൊണ്ട് ആദിവാസികളുടെ ഗണത്തിൽ പരിഗണിക്കപ്പെടേണ്ട സമൂഹമാണ്. അവർ ചെയ്യുന്ന തൊഴിലുകളിലും ആവാസവ്യവസ്ഥയിലും മാറ്റം വന്നാൽ ഈ സമൂഹത്തിന്റെ നിലനില്പ് ദുരന്തപൂർണമാകും. അതുകൊണ്ടുതന്നെ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കുക എന്നതല്ല, അവരുടെ ആവാസ വ്യവസ്ഥയ്ക്ക് സുരക്ഷ നല്കി ജീവിക്കാൻ അനുവദിക്കുക എന്നതാണ് ഈ സമൂഹത്തിന്റെ നിലനിൽപ്പിനായി എടുക്കേണ്ട ശാസ്ത്രീയ സമീപനം. ഈ അർഥത്തിൽ മത്സ്യത്തൊഴിലാളിസമൂഹം കുടിയേറ്റ മനോഭാവമുളളവരല്ല. ദേശം വിട്ട് മാറിത്താമസിക്കുക എന്നത് വലിയ മാനസിക സംഘർഷം അവരിൽ ഉളവാക്കും.
തുറമുഖനിർമാണ പദ്ധതിമൂലം പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന ശാസ്ത്രീയ അറിവ് മത്സ്യത്തൊഴിലാളികളിൽനിന്നു മറച്ചുവയ്ക്കുന്ന അധികൃതർ നിർമിതി നിർത്തി പഠനം വഴി വരുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതാണ്. കടൽഭിത്തി വഴി തിരുവനന്തപുരം കടൽത്തീരം സംരക്ഷിക്കപ്പെടും എന്നതിന് നൂതനമായ സാങ്കേതികപഠനം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖനിർമിതി വൻ ദുരന്തമാകാതിരിക്കാൻ ഇപ്പോഴുള്ള അവസ്ഥയിൽനിന്ന് ഇനി കടൽ നികത്താതിരിക്കുകയും തീരസംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പ്രായോഗിക പ്രതിവിധികൾ നടപ്പിലാകുംവരെ നിർമിതി നിർത്തിവയ്ക്കുകയും വേണം. തീരം അറിഞ്ഞ് നിർമിതി എന്നതായിരിക്കണം പദ്ധതിക്ക് എടുക്കേണ്ട ശാസ്ത്രീയമായ മനോഭാവം.
ആഘാതപഠനം നടത്തി തീരസംരക്ഷണം ഉറപ്പാക്കി മതി നിർമിതി എന്ന ആശയം ശാസ്ത്രീയമാണ്, യുക്തിക്കും നീതിക്കും നിരക്കുന്നതാണ്. നിയമത്തിന്റെ പിൻബലത്തിലും അധികാരത്തിലൂടെയുമല്ല പ്രായോഗികമായ പരിഹാരങ്ങളിലൂടെയാണ് വിഴിഞ്ഞം സമരം അവസാനിപ്പിക്കേണ്ടത്.
)