Friday, January 20, 2023 11:42 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘കുറുന്തോട്ടിക്കും വാതം’. എന്നത് പഴഞ്ചൊല്ലാണെങ്കിലും പതിരില്ലാത്ത പ്രയോഗമാണ്. സുപ്രീംകോടതിയും കേന്ദ്രസർക്കാരും തമ്മിലുള്ള വടംവലി മുറുകുന്പോൾ പഴമൊഴിയിൽനിന്ന് ഉദ്ധരിക്കാൻ ഇതല്ലാതെ മറ്റൊരു വകുപ്പു വേറെയില്ല. പരമോന്നത നീതിപീഠവും കേന്ദ്രസർക്കാരും ഇങ്ങനെയായാൽ സാധാരണക്കാരൻ എന്തു ചെയ്യും? ഉന്നത ന്യായാധിപന്മാരും പ്രധാനമന്ത്രി മുതൽ കേന്ദ്രമന്ത്രിമാർ വരെയുള്ളവരും പിടിവാശി വിടാതെ അധികാരപ്പോരു തുടരുന്പോൾ നീതിയും ജനങ്ങളുമാണു ബലിയാട്. ‘ശക്തനല്ല, സത്യസന്ധനാണ് ശരി’ എന്ന പഴമൊഴി തെറ്റാതിരിക്കട്ടെ.
കേസുകെട്ടുകളുടെ തീരാക്കഥ
ഇന്ത്യൻ കോടതികളിൽ ഒരു കേസ് തീർപ്പാക്കാൻ ശരാശരി 2,184 ദിവസം വേണ്ടിവരുമെന്നാണ് ഒരു പഠനറിപ്പോർട്ടിലുള്ളത്. ഹൈക്കോടതികളിൽ ഇത് 1,128 ദിവസവും സുപ്രീംകോടതിയിൽ 1,095 ദിവസവുമാണ്. സാധാരണക്കാരന് നീതി ഉറപ്പാക്കാൻ 12 വർഷമെങ്കിലും വേണ്ടിവരുന്നു എന്നാണ് ദക്ഷ് ഫൗണ്ടേഷന്റെ പഠനം കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഒരു കേസ് നീണ്ട 72 വർഷത്തിനു ശേഷം കഴിഞ്ഞയാഴ്ചയാണ് കോൽക്കത്ത ഹൈക്കോടതി തീർപ്പാക്കിയത്. 1951ൽ ഈ കേസ് ഫയൽ ചെയ്തപ്പോൾ രാജ്യത്തെ ന്യായാധിപന്മാരാരും ജനിച്ചിട്ടില്ല!
ബംഗാളിലെ പഴയ ബേരാംപുർ ബാങ്കിന്റെ ലിക്വിഡേഷൻ കേസാണ് (കേസ് നന്പർ 71/1951) 72 വർഷത്തിനു ശേഷം ഈയിടെ തീർപ്പാക്കിയത്. 1952ൽ ഫയൽ ചെയ്ത മറ്റു രണ്ടു കേസുകളിൽ ഇതേ കോടതി ഇനിയും വിധി പറയാനുണ്ട്. ഏറ്റവും പഴക്കമുള്ള മറ്റു രണ്ടു കേസുകളിൽ ഒന്ന് പശ്ചിമബംഗാളിലെ മാൾഡ കോടതിയിലും രണ്ടാമത്തേത് മദ്രാസ് ഹൈക്കോടതിയിലുമാണ്. ഈ രണ്ടു കേസുകളും യഥാക്രമം മാർച്ചിലും നവംബറിലും പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ എന്നു തീരുമെന്ന് ആർക്കും ഉറപ്പില്ല.
നീളമേറുന്ന നീതിയുടെ പാത
വിവിധ കോടതികളിലായി ഇന്ത്യയിൽ 4.7 കോടി കേസുകളാണു കെട്ടിക്കിടക്കുന്നത്. അവയിൽ 87.4 ശതമാനം കീഴ്ക്കോടതികളിലും 12.4 ശതമാനം ഹൈക്കോടതികളിലുമാണ്. ഇതിൽതന്നെ 1.8 ലക്ഷത്തോളം കേസുകൾ 30 വർഷത്തിലേറെ പഴക്കമുള്ളവയാണ്. സുപ്രീംകോടതിയിൽ 70,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്.
സത്യവും വസ്തുതകളും ഒപ്പമുണ്ടെങ്കിലും പണവും അധികാരവും പിടിപാടും ഇല്ലാതെ നീതി നിഷേധിക്കപ്പെടുന്നവരുണ്ട്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകർ മുതൽ വർധിച്ചുവരുന്ന കോടതിച്ചെലവുകളും നീണ്ടുനീണ്ടു പോകുന്ന വിചാരണകളും പലർക്കും ബാലികേറാമലയാണ്. പണവും സ്വാധീനവും ഉദ്യോഗസ്ഥ, രാഷ്ട്രീയ ബലവുമുള്ളവർ തിന്മകളെയും അനീതികളെയും വെള്ളപൂശിയെടുക്കുന്നതു കാണാനാകും. ജാതി, മത, സാന്പത്തിക, രാഷ്ട്രീയ പരിഗണനകളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്നവരുടെ വേദനയും ആരു കാണാൻ?
നീതിയുടെ പാത നീളമേറുന്നതും ചെലവേറുന്നതും ജനവിരുദ്ധവുമാണ്. ദരിദ്രർ, നിരാലംബർ, നിരക്ഷരർ, തൊഴിലാളികൾ, കർഷകർ, സാധാരണക്കാർ, സ്ത്രീകൾ തുടങ്ങി നിയമപരിജ്ഞാനവും പണവും സഹായവുമില്ലാതെ നീതി നിഷേധിക്കപ്പെടുന്നവർ ലക്ഷങ്ങളാണ്. കേസ് തീർപ്പാക്കുന്നതിലെ കാലതാമസം മൂലം രാജ്യത്തെ ജനങ്ങൾക്ക് പ്രതിവർഷം 80,000 കോടിയിലധികം രൂപ നഷ്ടമാകുന്നു എന്നാണ് കണക്ക്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 0.77 ശതമാനമാണിത്. നീതിക്കായി വേഴാന്പൽ പോലെ കാത്തിരിക്കുന്നവർക്കു വേദനയും നിരാശയും കഷ്ടതകളും മിച്ചം. മരിച്ചവരോട് ഇനി നീതി ചെയ്യാനുമാകില്ല.
നീതിദൈവങ്ങൾ കണ്ണ് തുറക്കണം
കോടതികളും അഭിഭാഷകരും അഴിമതിയുടെയും കൈക്കൂലിയുടെയും സ്വജന, ജാതി, മത പക്ഷപാതിത്വത്തിന്റെയും പിടിയിലാകുന്നത് അപകടകരമാണ്. രാഷ്ട്രീയ ഇടപെടലുകളും കൈക്കൂലിയും കൂടിവരുന്നു. കഴിഞ്ഞ 17ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരിൽ പകുതി പേർ അഴിമതിക്കാരാണെന്നു മുൻ കേന്ദ്ര നിയമമന്ത്രി ശാന്തി ഭൂഷണ് തുറന്നടിച്ചിരുന്നു. അഴിമതിക്കാരായ എല്ലാവർക്കുമെതിരേ തെളിവു കിട്ടില്ലെങ്കിലും പല അരമനരഹസ്യങ്ങളും പരസ്യമാണ്.
അഴിമതിക്കാരായ ഒൻപതു മുൻ ജഡ്ജിമാരുടെ പേരുകൾ തന്റെ പക്കലുണ്ടെന്ന് അറ്റോർണി ജനറലായിരിക്കെ കെ.കെ. വേണുഗോപാൽ സുപ്രീംകോടതി ബെഞ്ചിനു മുന്പാകെ വെളിപ്പെടുത്തിയിരുന്നു. വേണുഗോപാലിനെക്കൊണ്ട് കൂടുതൽ പറയിക്കാൻ കോടതി അനുവദിച്ചില്ല. ജഡ്ജിമാർക്കെതിരേയുള്ള സ്ത്രീപീഡനം, വംശീയാധിക്ഷേപം മുതൽ സാന്പത്തിക തിരിമറി വരെയുള്ള ആരോപണങ്ങളിൽ പലപ്പോഴും ശിക്ഷയില്ലാതെ പോകുകയും ചെയ്യുന്നു.
ഉന്നത ജുഡീഷറിയിലെ അഴിമതിക്കെതിരേ ലഭിച്ച 1,622 പരാതികൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് അയച്ചതായി കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു 2021 ഡിസംബർ രണ്ടിന് പാർലമെന്റിനെ അറിയിച്ചിരുന്നു. സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സംവിധാനത്തിൽ ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിൽ നടപടിയുണ്ടായെന്നു പക്ഷേ അറിയില്ല. അഴിമതിക്കെതിരേയുള്ള ആഭ്യന്തര സംവിധാനം ഫലപ്രദമല്ലെന്നു ജഡ്ജിമാർക്ക് അറിയാതില്ല.
വിശ്വാസം, അതാണെല്ലാം
നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കു വിശ്വാസം കുറയുന്നത് അപകടമാണ്. നീതി നിഷേധിക്കപ്പെടുമെന്ന സാധാരണക്കാരുടെ ഉപബോധമനസിലേക്കു വിന്യസിക്കുന്ന ബോധം അപായസൂചനയാണ്. സ്വന്തം നിലയിൽ കൈകാര്യം ചെയ്യേണ്ടിവരുമെന്ന തോന്നൽ പലർക്കുമുണ്ട്. കിട്ടാക്കടം പിരിക്കുന്നതിനായി ദേശസാത്കൃത ബാങ്കുകൾ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ടുള്ള കോടതിവിധി മറക്കരുത്.
വേണ്ടതിനും വേണ്ടാത്തതിനും വ്യക്തിവിരോധം തീർക്കാനും കേസ് പതിവാണ്. ജാതി, മത, രാഷ്ട്രീയ, ബിസിനസ്, വ്യവസായ സ്പർധയുടെ പേരിലാണു മറ്റു പല കേസുകൾ. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ നിലവിലെ രീതിയിൽ 300 വർഷം വേണ്ടി വരും. നീതിയുടെ വില ഇടിയുമെന്നതിലേറെ നീതി നിഷേധിക്കപ്പെടുകയാണ്.
ഇന്ത്യയിൽ പത്തു ലക്ഷം പേർക്ക് 21 ജഡ്ജിമാരാണ് ഉള്ളതെന്നു നിയമമന്ത്രി റിജിജു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്യസഭയെ അറിയിച്ചിരുന്നു. സുപ്രീംകോടതിയിൽ 34 ജഡ്ജിമാരും ഹൈക്കോടതികളിൽ 1,098 ജഡ്ജിമാരുമാണ് അനുവദിക്കപ്പെട്ടത്. നിലവിൽ 331 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. കഴിഞ്ഞ വർഷം 165 ജഡ്ജിമാരെ നിയമിച്ചു. ഹൈക്കോടതികളിൽ 147 ജഡ്ജിമാരുടെ നിയമന ശിപാർശകളാണു തീരുമാനമെടുക്കാതെ വൈകിക്കുന്നത്.
കോടതികളുടെ കംപ്യൂട്ടർവത്കരണം മുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ വരെയുള്ള നടപടികളിലൂടെ നീതി വേഗം ലഭ്യമാക്കാൻ സമഗ്ര കർമപദ്ധതി ഉടൻ നടപ്പാക്കണം. കോടതിക്കു പുറത്തുള്ള പരിഹാരങ്ങൾക്കായുള്ള (ഓൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ- എഡിആർ) പരിഷ്കാരങ്ങളും ആവശ്യമാണ്. നിയമ, നീതിന്യായ സംവിധാനം ജനങ്ങൾക്ക് അനുകൂലമായി ലഘൂകരിക്കുകയാണു മുഖ്യം.
കേന്ദ്രത്തിന്റെ കൈകടത്തൽ
സുപ്രീംകോടതിയിലും 25 ഹൈക്കോടതികളിലും ജഡ്ജിമാരുടെ നിയമനത്തിൽ കൈകടത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളാണ് ഏറ്റുമുട്ടലിനു കളമൊരുക്കിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാർശ ചെയ്യുന്ന ജഡ്ജിമാരുടെ പേരുകൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്നതാണു നിലവിലുള്ള സംവിധാനം. ഇതു മാറ്റാനായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ പാസാക്കിയ ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ (എൻജെഐസി) ഭരണഘടനാ ഭേദഗതി നാലു വർഷം മുന്പു സുപ്രീംകോടതി റദ്ദാക്കി.
ജുഡീഷൽ നിയമന കമ്മീഷൻ നിയമം ഭരണഘടനാവിരുദ്ധമാണെന്ന 2015 ഒക്ടോബർ 16ലെ വിധി സർക്കാരിനു തിരിച്ചടിയായി. പുതിയ നിയമം ജുഡീഷറിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതാണെന്ന ഫാലി എസ്. നരിമാന്റെ വാദം അംഗീകരിച്ചായിരുന്നു അഞ്ചംഗ ബെഞ്ചിൽ നാലു പേരുടെ ഭൂരിപക്ഷ വിധി. എൻജെഐസി റദ്ദാക്കിയ വിധി പാർലമെന്റിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും ജനവിധിയുടെ അവഗണനയുമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആവർത്തിക്കുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർലയും നിയമമന്ത്രി റിജിജുവും ബിജെപിയും ഇതേ വാദം ഉയർത്തുന്നു.
കേന്ദ്രത്തിന്റെ അപ്രിയ വിരോധം
ഏറ്റവുമൊടുവിൽ മൂന്നു ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശിപാർശ കേന്ദ്രസർക്കാർ പതലതവണ മടക്കി. ഡൽഹി ഹൈക്കോടതിയിൽ സൗരഭ് കൃപാൽ, മദ്രാസ് ഹൈക്കോടതിയിൽ ആർ. ജോണ് സത്യൻ, ബോംബെ ഹൈക്കോടതിയിൽ സോമശേഖർ സുന്ദരേശൻ എന്നിവരുടെ നിയമനത്തെ എതിർത്ത സർക്കാർ നിലപാടിനെതിരേ സുപ്രീംകോടതി പരസ്യമായി രംഗത്തെത്തി. ഇവർക്കു പുറമെ അഭിഭാഷകരായ സാക്യ സെൻ, അമിതേഷ് ബാനർജി എന്നിവരെ കോൽക്കത്ത ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശിപാർശകളും കൊളീജിയം ആവർത്തിച്ചു.
ചരിത്രത്തിലാദ്യമായാണ് ജഡ്ജി നിയമനത്തിനുള്ള കേന്ദ്രത്തിന്റെ എതിർപ്പു തള്ളുന്നതിന്റെ കാരണങ്ങൾ സുപ്രീംകോടതി വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർ വിട്ടുവീഴ്ചയ്ക്കു തയാറല്ല. പ്രധാനമന്ത്രി മോദിയെ വിമർശിച്ച ലേഖനം പങ്കുവച്ചതോ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതോ ലൈംഗികാഭിമുഖ്യമോ ഒന്നും ജഡ്ജി ആകുന്നതിനു തടസമില്ലെന്ന ഉറച്ച നിലപാടിലാണ് കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാർ.
നിദ്രയിലാണ്ടു പോകരുത്, നീതി
ഭരണഘടനാ സ്ഥാപനങ്ങൾ മുതൽ പ്രധാന മാധ്യമങ്ങൾ വരെ വരുതിയിലെത്തിച്ച കേന്ദ്രസർക്കാരിന്, ചില ജഡ്ജിമാരെങ്കിലും സർക്കാരിന്റെ താത്പര്യത്തിനെതിരാണെന്നു തോന്നുക സ്വാഭാവികം. പക്ഷേ ജുഡീഷറിയുടെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനർഥം, ജുഡീഷറിയിലെ കാൻസറുകളും പുഴുക്കുത്തുകളും തുടരാമെന്നല്ല. അഴിമതി, സ്വജനപക്ഷപാതം എന്നിവ മുതൽ ചില ജഡ്ജിമാരുടെ ധൂർത്തും അധികാരദുർവിനിയോഗവും പക്ഷപാതിത്വവും നിയന്ത്രിച്ചേ മതിയാകൂ.
പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷറി, മാധ്യമങ്ങൾ എന്നിവ ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യ സംവിധാനത്തിലെ നാലു തൂണുകളാണ്. ഇതിൽ ഏതെങ്കിലുമൊന്നു ദുർബലമായാൽ ജനാധിപത്യം തകരും. പരസ്പര സഹകരണത്തോടെയും വിശ്വാസത്തോടെയും ബഹുമാനത്തോടെയും പൗരനു തുല്യനീതി ലഭ്യമാക്കാൻ തലപ്പത്തുള്ളവർ ശ്രദ്ധിക്കട്ടെ.