വർക്കിച്ചൻ ഇപ്പോൾ ഹാപ്പിയാണ്!
Tuesday, May 16, 2023 10:36 PM IST
കെ. പ്രമോദ്
യുവസാഹിത്യകാരനായ വർക്കിച്ചന് കഴിഞ്ഞ ദിവസം അറുപതു തികഞ്ഞു. ഈ അത്യാഹിതം സംഭവിച്ച അന്നു രാവിലെ പത്രം വായിച്ചിരിക്കുമ്പോഴാണ് ഒരു വാർത്ത അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്. മലബാറിൽനിന്നുള്ള പ്രശസ്തനും വന്ദ്യവയോധികനുമായ എഴുത്തുകാരന് ഒരു അവാർഡ് കൂടി കിട്ടിയിരിക്കുന്നു!
താൻ വെറും സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തും ഈ കക്ഷിക്ക് ധാരാളം പുരസ്കാരങ്ങൾ കിട്ടിയിരുന്നുവെന്ന് വർക്കിച്ചൻ ഓർമിച്ചു. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും സംഗതികൾ ഒന്നും അണുവിടെ മാറിയിട്ടില്ല! അമ്പതു വർഷം മുമ്പ് കൂവിത്തെളിഞ്ഞവർ തന്നെയാണ് ഇക്കാലത്തും അവാർഡുകൾ കൊത്തിപ്പെറുക്കുന്നത്! ഇക്കണക്കിനു പോയാൽ തന്നെപ്പോലുള്ളവരുടെ ഗതി എന്താകുമെന്നു ചിന്തിച്ചപ്പോൾ അറുപതു തികയേണ്ടായിരുന്നു എന്ന് വർക്കിച്ചനു തോന്നി. ഈ പ്രായത്തിനിടെ എഴുത്തുകാരനെന്ന നിലയിൽ ഒരു സോപ്പുപെട്ടി പോലും എങ്ങുനിന്നും കിട്ടിയിട്ടില്ല. ഒരു പുസ്തകം പോലും പുറത്തിറക്കാനും കഴിഞ്ഞിട്ടില്ല! എത്രയെത്ര കഷ്ടരാത്രികളും വ്യർഥമാസങ്ങളും കടന്നുപോയി!
ചത്തു പോകും മുമ്പ് ഒരവാർഡ് !
ഇങ്ങനെയിരുന്നിട്ടു കാര്യമില്ല. തന്റെ പേരിലും ഒരു പുസ്തകമിറക്കണം! പോരാ, ഒരു അവാർഡെങ്കിലും വാങ്ങിയെടുക്കുകയും വേണം! എന്നിട്ടു ചത്താലും കുഴപ്പമില്ല! - പിറന്നാൾ ദിനത്തിൽ വർക്കിച്ചൻ വിളക്കിൽ തൊട്ടു ശപഥം ചെയ്തു.
പക്ഷെ, അതുകൊണ്ടൊന്നും കാര്യം അത്ര ഈസിയാണെന്ന് പറയാൻ വയ്യ.
ബുദ്ധിജീവികളും തന്ത്രശാലികളും സാംസ്കാരിക നായകന്മാരുമായ കഴുതപ്പുലികൾ മേയുന്ന കാനനോദ്യാനത്തിലേക്ക് വർക്കിച്ചൻ എന്ന ആട്ടിൻകുട്ടി എങ്ങനെ പ്രവേശിക്കും? ഒരു ക്ലിക്കിലും പെടാത്തവനും ഒരു രാഷ്ട്രീയകക്ഷിയിലും അംഗമല്ലാത്തവനുമായ ഈ മനുഷ്യനെ കൊലകൊല്ലികളായ ഹയനകൾ കടിച്ചുകീറി ചോര കുടിക്കില്ലേ? തമസ്കരിച്ച് സംസ്്കരിക്കില്ലേ?
തരുമോ, അവതാരിക?
എന്തായാലും രണ്ടും കല്പിച്ച് വർക്കിച്ചൻ രംഗത്തിറങ്ങി. പണ്ടെഴുതിക്കൂട്ടിയ സാഹിത്യം മുഴുവൻ വീണ്ടും ഡിടിപി ചെയ്തെടുത്ത് തുന്നിക്കെട്ടി പുസ്തകരൂപത്തിലാക്കി. ഒന്നുരണ്ടു മാസം കഴിഞ്ഞു. അവതാരിക എഴുതാൻ പോലും ആരെയും കിട്ടിയില്ല. ഒടുവിൽ, അക്ഷരം തൂക്കി വിറ്റു കാശാക്കുന്ന ചില പ്രശസ്ത അറവുശാലക്കാരെ നേരിട്ടു കണ്ടു തൊഴുതുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
അപ്പോഴാണ് മറ്റു ചില സ്ഥാപനങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ കണ്ണിൽപ്പെട്ടത്. അവർ പുസ്തകം അച്ചടിക്കാൻ റെഡിയാണ്. അഞ്ഞൂറു കോപ്പിക്ക് എൺപതിനായിരം രൂപയെങ്കിലും ചെലവാകും! കോപ്പിറൈറ്റുമില്ല! റോയൽറ്റിയുമില്ല! അവതാരിക, അവാർഡ് വിതരണം എന്നിവയ്ക്കെല്ലാം വേറെയും തുക കണ്ടെത്തണം!
അറുപതല്ല, എഴുപതു കഴിഞ്ഞാലും ഒരു പുസ്തകം പോലും തന്റെ പേരിൽ ഉണ്ടാകുകയില്ലെന്ന് വർക്കിച്ചനു മനസിലായി.
വർക്കിച്ചന്റെ അവസ്ഥ കണ്ടു മനംനൊന്ത ഒരു സുഹൃത്ത് ഒരുപകാരം ചെയ്തു - നഗരത്തിലെ കോളജ് അധ്യാപകനും ബുദ്ധിജീവിയും പ്രസാധകനും സർവോപരി ദയാലുവുമായ ഒരു മനുഷ്യനെ വർക്കിച്ചന് പരിചയപ്പെടുത്തിക്കൊടുത്തു.
അമ്പതു കോപ്പി ധാരാളം!
പുസ്തകം രണ്ടു വിധത്തിൽ പുറത്തിറക്കാമെന്നാണ് പ്രസാധകനായ അധ്യാപക ബുദ്ധിജീവി പറഞ്ഞത്. എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നതാണ് ഒരു രീതി - പുസ്തകത്തിന്റെ അമ്പതു ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഭംഗിയായി ചുട്ടെടുത്താൽ മതി. കുറച്ചെണ്ണം കൂട്ടുകാർക്കും പത്രങ്ങൾക്കും മാസികൾക്കും ബാക്കിയുള്ളവ സാഹിത്യ അക്കാദമിക്കും പ്രധാന വായനശാലകൾക്കും നൽകണം. ശേഷിക്കുന്നവ വീട്ടിലെ മേശപ്പുറത്ത് ആദരാഞ്ജലിയർപ്പിക്കാൻ വയ്ക്കാം.
ഇതിനൊക്കെക്കൂടി പതിനായിരം രൂപ പോലും വേണ്ട! മറ്റൊരു പതിനായിരം മുടക്കിയാൽ പത്രമാസികളിൽ കുറിപ്പുകളും പടവും വരും.
ഒരു മുപ്പതിനായിരം കൂടി ചെലവിടുകയാണെങ്കിൽ അവാർഡും അവാർഡുദാന സമ്മേളനവും ബിരിയാണി സദ്യയും ഒപ്പിക്കാം.
പിന്നെ, ആയിരം കോപ്പികൾ അച്ചടിക്കണമെന്ന് വാശിയുള്ള മഹാത്മാക്കൾക്ക് അതിനും വഴിയുണ്ട്. പണം യഥേഷ്ടം മുടക്കിയാൽ മതി.
സ്വന്തം ജീവചരിത്രം എഴുതാം!
മറ്റൊരു ഗൗരവ സംഗതി ആത്മകഥനമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം എന്തു കുന്തമായാലും എഴുത്തുകാരന്റെ ജീവചരിത്രക്കുറിപ്പിലാണ് കാര്യം.
തലക്കുറി കിടിലനായിരിക്കണം. അതു വായിച്ചാൽ വ്യാസനും വർക്കിച്ചനും തമ്മിൽ മാറിപ്പോകണം! ആടിനെ പട്ടിയാക്കുന്ന തരത്തിൽ ഇതൊക്കെ എഴുതിത്തരാൻ ആളുകളുണ്ട്. സ്വന്തം ജീവചരിത്രം ഒരു പേജ് നിറയെ എഴുതിപ്പൊലിപ്പിക്കാൻ അവസരം കിട്ടുന്നു എന്നതാണ് ഒരു ഗ്രന്ഥകർത്താവിന്റെ ഏറ്റവും വലിയ ഭാഗ്യം. എട്ടാം ക്ലാസുകാരനാന്നെങ്കിലും ഏട്ടിൽ വരുമ്പോൾ എടുപ്പുകുതിരയായി വിളങ്ങും.
ലൈൻ ക്ലിയറായി!
പ്രസാധകൻ ഈ വിധം ഹൃദയം തുറന്നപ്പോൾ വർക്കിച്ചന് കാര്യങ്ങൾ പിടികിട്ടി. ഇതൊരു വലിയ ബിസിനസാണ്! പുസ്തകം അമ്പതു കോപ്പിയാണെങ്കിലും ആയിരം കോപ്പിയാണെങ്കിലും കുഴപ്പമില്ല.
പുതുമോടിക്കാരായ എഴുത്തുകാർ എല്ലാറ്റിനും പണം മുടക്കും. പുതിയ പുസ്തകമെന്ന ലേബലിൽ പ്രസാധകന് പുസ്തകച്ചന്തകളിൽ ചരക്കുകൾ വിൽക്കാം, കൈമാറാം. വായനശാലകൾക്കും കൊടുക്കാം. നാട്ടിൽ എണ്ണായിരത്തിലധികം ലൈബ്രറികളുണ്ട്! ഇവയ്ക്ക് സർക്കാർ ഗ്രാന്റ് കൃത്യമായി കിട്ടുന്നുമുണ്ട്. അപ്പോൾ ലൈൻ ക്ലിയറായില്ലേ?
പുസ്തകത്തിന് പണം ചെലവാക്കുന്നവർക്ക് പുസ്തകവും അവാർഡും ആത്മസംതൃപ്തിയും കിടച്ചാൽപ്പോരേ? ലാഭനഷ്ടങ്ങൾ അവർ നോക്കുകയില്ല! നോക്കേണ്ടതുമില്ല!
വർക്കിച്ചൻ ഹാപ്പിയാണ്!
വിശേഷബുദ്ധി വീണ്ടെടുത്ത നമ്മുടെ വർക്കിച്ചൻ കാലം കളയാതെ ഒരു ഗ്രന്ഥകർത്താവായി, അവാർഡും ഒപ്പിച്ചു ഹാപ്പിയായി എന്നു പറഞ്ഞാൽ മതിയല്ലോ. പക്ഷെ, അതല്ല സംഗതി! ആഗ്രഹനിവൃത്തിക്കു ശേഷം മൂപ്പർ ഒരു പടികൂടി കടന്നു ചിന്തിച്ചു! തന്ത്രപരമായി കളം മാറ്റി ചവിട്ടി! അതേ! അദ്ദേഹം ഇപ്പോൾ മിടുമിടുക്കനായ ഒരു പ്രസാധകനാണ്!
കഴിഞ്ഞ ദിവസം ഈയുള്ളവൻ വഴിയിൽ ബസ് കാത്തു നിൽക്കുമ്പോൾ അതാ, കഥാനായകൻ സ്വന്തം കാറിൽ വരുന്നു!
“ഇങ്ങനെയൊക്കെ മതിയോ? ഒരു പുസ്തകം പുറത്തിറക്കണ്ടേ? ഒരു അവാർഡൊക്കെ വേണ്ടേ?”_ വണ്ടി ചവിട്ടി നിർത്തി ഏഴയായ എന്നോട് വർക്കിച്ചൻ മുതലാളി ചോദിച്ചു.
[email protected]