ആരുമാകാം ഇരകൾമയക്കുമരുന്ന് പാകപ്പെടുത്തിയെടുക്കുന്ന ക്രിമിനൽ മനസിനു മുന്നിൽ മാതാപിതാക്കളില്ല, സഹോദരങ്ങളില്ല, കുഞ്ഞുങ്ങളില്ല, സുഹൃത്തുക്കളില്ല... എന്തിന്, മനുഷ്യൻ പോലുമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ, മുന്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലാത്ത, തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത, നിസഹായയായ ഒരു പെണ്കുട്ടിയെ ഒരാൾ നിഷ്കരുണം കുത്തിവീഴ്ത്തി മരണത്തിലേക്കു തള്ളിയത്. അതും തന്റെ മുറിവുകൾ വച്ചുകെട്ടി ശുശ്രൂഷിച്ച ഒരു ഡോക്ടറെ. മയക്കുമരുന്ന് വീണ്ടും അതിന്റെ രാക്ഷസഭാവം പ്രകടിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന കാഴ്ചയാണ് ഏതാനും ദിവസംമുന്പ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കണ്ടത്.
സന്ദീപ് എന്ന ലഹരിഭ്രാന്തൻ യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയിൽ അഴിഞ്ഞാടിയപ്പോൾ കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യംകൊണ്ടു മാത്രം. രാജ്യത്തെ മുഴുവൻ നടുക്കിയ ഈ സംഭവത്തെ ഡോക്ടർ-രോഗി വിഷയം എന്ന നിലയിലാണ് പലരും കൈകാര്യം ചെയ്തത്. എന്നാൽ, യഥാർഥത്തിൽ ഇതു ഡോക്ടർ-രോഗി സംഘർഷമെന്നോ ആശുപത്രി ആക്രമണമെന്നോ ലേബൽ നൽകിയൊതുക്കേണ്ട ഒന്നല്ല. കാരണം ഇത് ഇനി എവിടെയും സംഭവിക്കാം.
കേരളം നേരിടാൻ തുടങ്ങിയിരിക്കുന്ന അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്നത്തിലേക്കാണ് കൊട്ടാരക്കര സംഭവം വിരൽചൂണ്ടുന്നത്. ലഹരി തിന്നു ഭ്രാന്തുപിടിച്ചു തുടങ്ങിയ തലച്ചോറുകൾ അതിന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിരിക്കുന്നു. ആരുമാകാം ഇരകൾ. ഇന്നലെ മാതാപിതാക്കൾ. ഇന്നു ചികിത്സ നൽകിയ ഡോക്ടർ, നാളെയോ? പരിക്കേറ്റു ചികിത്സയ്ക്കെത്തിയ സന്ദീപ് യാതൊരു പ്രകോപനവും കൂടാതെയാണ് ആശുപത്രിയിലെ കത്രിക കൈക്കലാക്കി ഡോക്ടറെയും പോലീസുകാരെയും അടക്കം കുത്തിവീഴ്ത്തിയത്.
ഉറക്കമില്ലാത്തവർമയക്കുമരുന്നു ഭരിക്കുന്ന തലച്ചോറുകളുടെ എണ്ണം കേരളത്തിൽ ദിനംപ്രതി പെരുകിവരികയാണ്. അതുപോലെ, മയക്കുമരുന്നു തലയ്ക്കുപിടിച്ചു നടത്തുന്ന അതിക്രമങ്ങളും. പലപ്പോഴും ലഹരിയാണ് യഥാർഥ വില്ലൻ എന്നു തിരിച്ചറിയാതെ പോകുന്നു. പുറത്തറിയുന്ന സംഭവങ്ങൾ പലതും ഒറ്റപ്പെട്ടത് എന്നു കരുതി നമ്മൾ ആശ്വസിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിരപരാധിയായ ഒരു വനിതാ ഡോക്ടർ ലഹരിയുടെ കൊലക്കത്തിക്ക് ഇരയായപ്പോഴാണ് പലരും ഇതിന്റെ ഗൗരവത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്.
കേരളത്തിൽ നൂറുകണക്കിനു കുടുംബങ്ങളിലാണ് ലഹരി ഭീതിയും ആശങ്കയുമായി വളർന്നുകഴിഞ്ഞിരിക്കുന്നത്. ലഹരിക്ക് അടിമയായ മക്കളിൽനിന്ന് ആക്രമണം നേരുന്ന മാതാപിതാക്കൾ, പ്രാണഭയത്തോടെ ഉറങ്ങുന്ന സഹോദരങ്ങൾ, ഭീതിയോടെ കഴിയുന്ന അയൽവാസികൾ... ഇത്തരം കാഴ്ചകളൊന്നും ഇപ്പോൾ നമ്മുടെ നാട്ടിൽ അപരിചിതമല്ല. പലരും പലതും പുറത്തുപറയുന്നില്ലെന്നു മാത്രം.
ഇതൊക്കെ കുടുംബങ്ങളിൽനിന്ന് ഒറ്റയും പെട്ടയുമായി സമൂഹത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നു. കേരളസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ ആപത്തിന്റെ വ്യാപ്തി ഇനിയും നമ്മൾ വേണ്ട രീതിയിൽ മനസിലാക്കിയിട്ടുണ്ടോ? ഇന്നലെ ആശുപത്രിയിൽ നടന്നത് നാളെ ബസ് സ്റ്റാൻഡിൽ നടക്കില്ലെന്ന് ആർക്ക് ഉറപ്പുപറയാൻ കഴിയും? ആരും സുരക്ഷിതരല്ല എന്ന ഭീതിജനകമായ അവസ്ഥയിലേക്കാണോ നമ്മുടെ യാത്ര?
(തുടരും)