2017 ഏപ്രിലിൽ വെള്ളായണി സ്വദേശിയായ യുവാവ് മയക്കുമരുന്നു ലഹരിയിൽ അച്ഛനെയും നാട്ടുകാരെയും ആക്രമിക്കുന്നുവെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് നേമം എഎസ്ഐ മതിമാനും സംഘവുമെത്തിയത്. വെട്ടുകത്തിയുമായി നിന്നു കൊലവിളി മുഴക്കിയ യുവാവിനെ വരുതിയിലാക്കാനുള്ള ശ്രമത്തിനിടയിൽ എഎസ്ഐയെ ഇയാൾ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ എഎസ്ഐയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് യുവാവിനെ പിന്നീട് കീഴ്പ്പെടുത്തിയത്.
2022 മാർച്ചിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ലഹരിവേട്ടയ്ക്ക് ഇറങ്ങിയതാണ് തോപ്പുംപടിയിലെ പോലീസ് സംഘം. ഇവരെ ലഹരിസംഘം ആക്രമിച്ചു. തോപ്പുംപടി സ്റ്റേഷനിലെ അനീഷിന്റെ തലയ്ക്കിട്ടു ഹെൽമറ്റുകൊണ്ടാണ് അടിച്ചത്. തല പൊട്ടി ചോരചീറ്റി. അനീഷിന്റെ തലയിൽ പന്ത്രണ്ട് തുന്നലുകൾ ഇടേണ്ടിവന്നു.
പെട്രോൾ ബോംബ് ആക്രമണം2022 ഒക്ടോബറിൽ കൊടുങ്ങല്ലൂരിൽ മയക്കുമരുന്നു പിടിക്കാനെത്തിയ പോലീസിനെ യാതൊരു കൂസലും കൂടാതെയാണ് ലഹരിസംഘം കടന്നാക്രമിച്ചത്. എടവിലങ്ങ് പഞ്ചായത്തിലായിരുന്നു സംഭവം. പോലീസ് ജീപ്പും അടിച്ചുതകർത്തു. മതിലകം സ്റ്റേഷനിലെ ജൂണിയർ എസ്ഐ ആയിരുന്ന മിഥുൻ മാത്യുവിനാണ് ലഹരിസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളിൽ ലഹരിസംഘം കടകൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്യുന്നുവന്ന പരാതിയെത്തുടർന്നാണ് 2020 ഡിസംബറിൽ തിരുവല്ലം പോലീസ് എത്തിയത്. ലഹരിസംഘത്തെ തേടിയെത്തിയ പോലീസിനെ ശാന്തിപുരത്തുവച്ചു ലഹരിമാഫിയ നേരിട്ടു. പോലീസിനെ ആക്രമിച്ച സംഘം പെട്രോൾ ബോംബ് എറിയുകയും പോലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. തിരുവല്ലം എസ്ഐയുടെ വയർലെസ് സെറ്റും അക്രമികൾ പിടിച്ചെടുത്തു നശിപ്പിച്ചു.
ഇതൊക്കെ ലഹരിയുമായി ബന്ധപ്പെട്ടു ദിനംപ്രതി കേരളത്തിൽ നടക്കുന്ന സംഭവങ്ങളിൽ ചിലതു മാത്രം. ലഹരിക്കടിമകളായവരെ നേരിടാൻ ഇറങ്ങുന്ന പോലീസിന്റെ അനുഭവം ഇതൊക്കെയാണെങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ലഹരിസംഘങ്ങൾ നാട്ടിൽ അഴിഞ്ഞാടുന്പോൾ ഒരു വാക്കുകൊണ്ടുപോലും എതിർക്കാനുള്ള ധൈര്യം ഇന്നു നാട്ടുകാരിൽ ബഹുഭൂരിപക്ഷത്തിനുമില്ല. ഏതെങ്കിലും രീതിയിൽ ലഹരിസംഘങ്ങൾക്കെതിരേ തിരിഞ്ഞാൽ സംഘടിതമായെത്തി ആക്രമിക്കുന്നതാണ് അവ രുടെ രീതി.
ഭീതിയോടെനിയമം ലഘിച്ചു റോഡിൽ ബൈക്കിലും മറ്റും അഭ്യാസം നടത്തുന്നവരെ വിലക്കാനോ ഉപദേശിക്കാനോ എതിർക്കാനോ പലർക്കും പേടിയാണ്. കാരണം, ഇവർ ലഹരിസംഘവുമായി ബന്ധമുള്ളവരാണോയെന്ന് ഉറപ്പില്ല. സാമൂഹ്യപ്രതിബദ്ധതയുടെ പേരിലും ധാർമികരോഷം തോന്നിയും ഇങ്ങനെ പല പ്രശ്നങ്ങളിലും ഇടപെട്ടവർ അവസാനം ലഹരിമാഫിയയുടെ നോട്ടപ്പുള്ളികൾ ആയതാണ് പലരുടെയും അനുഭവം. ഇത്തരം സംഘങ്ങൾക്കെതിരേ നിൽക്കാൻ പലപ്പോഴും രാഷ്ട്രീയക്കാർ പോലും തയാറല്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം. ചിലേടത്തെങ്കിലും ലഹരിയും രാഷ്ട്രീയവും തമ്മിൽ കൂടിക്കുഴയുന്നുണ്ടോയെന്ന സംശയം അടുത്തകാലത്തു ബലപ്പെട്ടിട്ടുണ്ട്. ഒന്നിലും തലയിടാതെ സ്വന്തം കാര്യം നോക്കി പോയേക്കാം എന്നു കരുതിയാൽ പോലും നമ്മൾ സുരക്ഷിതരാകണമെന്ന് ഉറപ്പില്ല എന്നതാണ് സാഹചര്യം.
ജനമൈത്രി ശൈലികൊണ്ട് ലഹരിമാഫിയയെ ഒതുക്കാനാവില്ലസിബി മാത്യൂസ് (റിട്ട. ഐപിഎസ്, മുൻ ഡിജിപി)പോലീസിനെപ്പോലും ആക്രമിക്കുന്ന തരത്തിലേക്കു കേരളത്തിലെ ലഹരിഭീഷണി വളരുന്നു എന്നതു തികച്ചും ആശങ്കാജനകമാണ്. കൊട്ടാരക്കര സംഭവത്തിൽ പോലീസുകാർ പോലും ആക്രമിക്കപ്പെട്ടു. സമീപകാലത്തു മയക്കുമരുന്നു സംഘങ്ങളിൽനിന്നു പലപ്പോഴും പോലീസിന് അതിക്രമം നേരിടേണ്ടിവരുന്നുണ്ട്. കർശനമായ നിലപാടിലൂടെയും നീക്കങ്ങളിലൂടെയും മാത്രമേ മയക്കുമരുന്നു മാഫിയകളെ ഒതുക്കാനാകൂ.
കാരണം അവർ നിയമത്തെ ബഹുമാനിക്കുന്നവരല്ല. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടവരെ അങ്ങനെതന്നെ അറസ്റ്റ് ചെയ്ത് അകത്താക്കണം. ജനമൈത്രി ശൈലി ലഹരിമാഫിയയുടെ അടുത്ത് ഒട്ടും ഫലം ചെയ്യുമെന്നു തോന്നുന്നില്ല. സിആർപിസി സെക്ഷൻ 46(2)ൽ അറസ്റ്റ് രേഖപ്പെടുത്തുന്പോൾ ആവശ്യമെങ്കിൽ പോലീസിന് ബലം പ്രയോഗം നടത്താമെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1973 മുതൽ നിലവിലുള്ള ചട്ടമാണിത്. അതുകൊണ്ട് നാടിനു ഭീഷണിയാകുന്ന ഇത്തരം ക്രിമിനലുകളെ ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തുകയാണ് ചെയ്യേണ്ടത്.
(തുടരും)