Monday, May 22, 2023 1:24 AM IST
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അനിവാര്യതയിലാണ് വിവിധ നാടുകളിൽനിന്ന് കർഷകർ ചെന്പനോട, പൂഴിത്തോട് പ്രദേശത്തേക്ക് കുടിയേറിയത്. എണ്പത് വർഷം മുൻപ് കുടിയേറ്റകുടുംബങ്ങളുടെ ഒന്നാംതലമുറ എത്തുന്പോൾ കുറെ വിത്തുകളും പണിയായുധങ്ങളും മാത്രമായിരുന്നു അവരുടെ കരുതൽ. നാട്ടിൽ കിടപ്പാടം വിറ്റുകിട്ടിയ പണവും ഒന്നുരണ്ടു കുഞ്ഞുങ്ങളുമായിരുന്നു കൈമുതൽ. കാലപ്രയാണത്തിൽ ചെന്പനോടയിലും പൂഴിത്തോട്ടിലും വീടുകൾ എണ്ണൂറിനു മുകളിലെത്തി. മൂന്നു നാലു തലമുറകളുടെ അധ്വാനത്തിൽ വഴിയും വാഹനവും വെളിച്ചവുമൊക്കെ കുന്നുകയറിവന്നു. ഇക്കാലത്തും സന്പന്നരൊന്നുമല്ല, ഏറിയാൽ രണ്ടുമൂന്ന് ഏക്കർ വീതം മണ്ണേ ഇവിടത്തെ കർഷകർക്കുള്ളു.
കുടിയേറ്റത്തിന്റെ വിജയഗാഥയല്ല പറഞ്ഞുവരുന്നത്, മറിച്ച് ഈ ദിവസങ്ങളിലെ കുടിയിറക്കത്തിന്റെയും കൂട്ടപ്പാച്ചിലിന്റെയും ദുരവസ്ഥയാണ്. വീടുകൾ ചവിട്ടിമെതിച്ചും കൃഷി തിന്നുതിമർത്തും താണ്ഡവമാടുകയാണ് കാട്ടാനക്കൂട്ടം. കടുവയും കുറുക്കനും മാനും മയിലും പന്നിയും കുരങ്ങുമൊക്കെ കർഷകരെ വേട്ടയാടുന്നു. വന്യജീവികളെ പ്രതിരോധിക്കാൻ സ്വന്തം മണ്ണിൽപോലും അവകാശമില്ലാത്ത കർഷകർ സഹിച്ചുമടുത്തും ഇരകളാക്കപ്പെട്ടും കിടപ്പാടം വനംവകുപ്പിന് കൈമാറി കുടിയിറങ്ങുകയാണ്.
കോഴിക്കോടിന്റ കിഴക്കൻ മലയോര ഗ്രാമമായ ചെന്പനോടയിൽ 105 കുടുംബങ്ങൾ അവരുടെ 420 ഏക്കർ കൃഷിയിടം വന്യമൃഗങ്ങൾക്ക് വിഹരിക്കാൻ വിട്ടുകൊടുത്തുകഴിഞ്ഞു. 120 വീട്ടുകാർകൂടി കൈമാറ്റത്തിന് കരാർപത്രം ഒപ്പിടുകയാണ്. ശേഷിക്കുന്ന കർഷകർ ഒന്നുരണ്ടു വർഷത്തിനുള്ളിൽ കുടിയിറങ്ങാൻ നിർബന്ധിതരാകും. വനാതിർത്തിയിലുള്ള അഞ്ച് സെന്റ് മുതൽ അഞ്ചേക്കർവരെ പട്ടയഭൂമി വനംവകുപ്പിന് കൈമാറുന്പോൾ ലഭിക്കുന്ന നഷ്ടപരിഹാരം 15 ലക്ഷം രൂപ മാത്രം. ആനയുടെ ചവിട്ടേറ്റു ചാകണോ കടുവയുടെ ഇരയാകണമോ എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു; ഞങ്ങൾക്ക് ജീവനാണ് വലുത്.
കർഷകോത്തമ പുരസ്കാരജേതാവ് പൂഴിത്തോട് വെട്ടിക്കൽ ബോബൻ നാടിന്റെ ദൈന്യത പങ്കുവച്ചു. “തലമുറകളുടെ അധ്വാനത്തിൽ വീടും കൃഷിയും മാത്രമല്ല റോഡും വൈദ്യുതിയും സ്കൂളുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിലെത്തി. ഒരുവിധം ജീവിതം കരുപ്പിടിപ്പിച്ചു വരുന്പോഴാണ് ഹിംസ്രമൃഗങ്ങൾ കൃഷിയിടം വെളിന്പറന്പാക്കി വരുന്നത്.”
ചെന്പനോടയിൽ മാത്രമല്ല മൃഗവാഴ്ചയിൽ പൊറുതിമുട്ടി മലപ്പുറം ചാലിയാർ പഞ്ചായത്തിലെ പന്നിയങ്ങാട്, പൊക്കോട്, വടക്കേ പെരുമുണ്ട, തണ്ണിപ്പൊയിൽ പ്രദേശത്ത 115 കുടുംബങ്ങളും ആധാരം വനം സ്റ്റേഷനിൽ സമർപ്പിച്ച് നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്.
ഇത്തരത്തിൽ വിവിധ ജില്ലകളിലെ അയ്യായിരത്തോളം കർഷകർ സ്വന്തം മണ്ണിൽനിന്നും ഓടിമാറാൻ നിർബന്ധിതരായിരിക്കുന്നു. വിറ്റൊഴിയാൻ നിർബന്ധിതരായവരൊക്കെ ആവർത്തിക്കുന്നത് ഒരേയൊരു കാര്യമാണ്. “ഞങ്ങൾ കൈയൊഴിയുന്ന കൃഷിഭൂമി വനമായി മാറുന്പോൾ ആനയും കടുവയും തൊട്ടടുത്ത ജനവാസഗ്രാമത്തിലേക്കും ഇറങ്ങിവരില്ലേ. അപ്പോൾ അവിടെയുള്ളവരും കുടിയൊഴിയേണ്ടിവരും. വനാതിർത്തി ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ അവിടവും വനമാകും. മനുഷ്യർ ജീവിക്കേണ്ട, വനജീവികൾ പെരുകിയാൽ മതിയെന്നാണോ അധികാരികളുടെ നയം.”
വീടും കൃഷിയിടവും വിട്ടുകൊടുക്കുന്നവർക്ക് വനംവകുപ്പ് 15 ലക്ഷം രൂപ നൽകുന്നത് റീ ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ്. മനുഷ്യരെ നാടുകടത്തി മൃഗങ്ങളെ അധിവസിപ്പിക്കുന്നതാണോ റീ ബിൽഡിംഗ് എന്നതാണ് ചോദ്യം. സമാനമായ സാഹചര്യത്തിൽ നാട്ടിൻപുറങ്ങളിൽ വന്യമൃഗഭീഷണിയിൽ കഴിയുന്നവരുടെ ഭൂമി റീ ബിൽഡിംഗ് പദ്ധതിയിൽ ഏറ്റെടുക്കില്ല.
ഇടുക്കിയിലെ മാങ്കുളം, ചിന്നക്കനാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ, സേനാപതി പ്രദേശങ്ങളിലും അതിവേഗ കുടിയിറക്കമാണ്. കാട്ടുമൃഗങ്ങളും ക്ഷുദ്രജീവികളും തന്പടിച്ചതോടെ ജീവിതമാർഗം തേടിയെത്തിയവരൊക്കെ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. തലമുറകളുടെ അധ്വാനവും കരുതലുമാണ് വന്യമൃഗങ്ങളുടെ നാടിറക്കത്തിലും മൃഗവാദികളുടെ കാട്ടുനീതിയിലും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഗോത്രവാസികളുടെ ഭൂമികയായ അട്ടപ്പാടിയിലെ നിരവധി ഊരുകളും വൈകാതെ വനമാകും. ആദിവാസികളെ അവരുടെ പൈതൃകഭൂമിയിൽനിന്ന് കാട്ടാനകളാണ് കുടിയിറക്കിക്കൊണ്ടിരിക്കുന്നത്. കാട്ടാനകൾ അരുംകൊല തുടരുന്ന കണ്ണൂർ ആറളം ഫാമിലും വയനാട് മുത്തങ്ങയിലും സർക്കാർ കുടിയിരുത്തിയ ഗോത്രവാസികൾ ജീവനും കൊണ്ടോടുകയാണ്. നിലന്പൂരിലും മുതലമടയിലും പുൽപ്പള്ളിയിലുമൊക്കെ പലായനം തുടരുന്നു.
വനജീവികൾ കൊലയും കൊള്ളയും നടത്തിയാൽ മനുഷ്യ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. പ്രകൃതിക്ഷോഭത്തിലെ മരണനിരക്കിനെക്കാൾ ഉയർന്നതാണ് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കൊലയുടെ പട്ടിക.
കാട്ടാനകളുടെ കൊലവിളി
വീടുകൾ തകർത്ത് കുത്തിക്കൊല്ലുന്ന കാട്ടാനകളെ ഭയന്നാണ് വയനാട്ടിലെ ആദിവാസികൾ മരങ്ങളിൽ ഏറുമാടം കെട്ടി പാർപ്പുതുടങ്ങിയത്. അതിലേക്ക് പുലി കയറിവരാൻ തുടങ്ങിയതോടെ പൂർവികരെപ്പോലെ മാളത്തിലും പാറയിടുക്കിലും പാർക്കേണ്ട സ്ഥിതിയായിരിക്കുന്നു.
2022ൽ മാത്രം അട്ടപ്പാടി പുതൂരിൽ എട്ടുപേരെയും ഷോളയൂരിൽ രണ്ടുപേരെയും കാട്ടാന കൊന്നു. വളർത്തുമൃഗങ്ങളെ കുറുക്കനും കടുവയും പുലിയുമൊക്കെ തിന്നുന്നതും പതിവ്. ഉൗരുവാസികളുടെ സംരക്ഷകരായിരുന്നു മുൻപൊക്കെ നായകൾ. നരസിമുക്കിലും മേലേക്കുറവംപാടിയിലും പുലിയറയിലുമൊക്കെ ഒരു വീട്ടിലും ഇപ്പോൾ നായകളില്ല. കാടിറങ്ങിവരുന്ന പട്ടിപ്പുലികളാണ് നായകളുടെ അന്തകർ.
ഭവാനിപ്പുഴയും മല്ലീശ്വരമുടിയും അതിരിടുന്ന വനം കടന്ന് ആനക്കൂട്ടം പാടങ്ങളിലും പറന്പുകളിലും നിൽപ്പായതോടെ പുതൂരിലും ഷോളയൂരിലും ആരും കൃഷിയിറക്കുന്നില്ല. എന്തു നട്ടാലും മൃഗങ്ങൾ നശിപ്പിക്കും. സ്കൂൾ കുട്ടികളെ ആന കൊന്നതുൾപ്പെടെ അട്ടപ്പാടിയിൽ ദാരുണമായ എത്രയോ സംഭവങ്ങൾ.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രമായ ആറളം ഫാമിൽ 60 കാട്ടാനകളാണ് കൊലവിളിക്കുന്നത്. ഇവിടെ ആറാം വാർഡിൽമാത്രം കുരുതിക്ക് ഇരയായത് പന്ത്രണ്ട ു പേർ. കിടപ്പിലായവർ നാൽപത്. ഇവർക്കൊന്നും നഷ്ടപരിഹാരമോ ചികിത്സയോ കിട്ടിയതുമില്ല.
കോടതി ഇടപെടലിൽ ആറളത്ത് തുടങ്ങിയ ആനമതിൽ നിർമാണം നിലച്ചുപോയി. റെയിൽവേലി, സോളാർവേലി പദ്ധതികളും രണ്ടറ്റം കൂട്ടിമുട്ടിയില്ല. വനത്താൽ ചുറ്റപ്പെട്ട വയനാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ മരണഭീതിയിലാണ് ജീവിതം.
ഷിമോഗയിൽനിന്ന് മൈസൂറിലേക്ക് കാടുകടത്തിയ കൊലയാന നൂറിലേറെ മൈൽ വനംതാണ്ടി സുൽത്താൻ ബത്തേരി ടൗണിലെത്തി പകപോക്കിയതും തൊണ്ടർനാട് പുതുശേരിയിൽ പള്ളിപ്പുറത്ത് തോമസിനെ കടുവ കൊന്നതും ഒടുവിലത്തെ സംഭവങ്ങൾ. രണ്ട ു പതിറ്റാണ്ട ിനുള്ളിൽ 161 നിസഹായരാണ് വയനാട്ടിൽ പിടഞ്ഞുമരിച്ചത്. ഇതിൽ 151 പേരെ കാട്ടാനയും ആറു പേരെ കടുവയുമാണ് കൊന്നത്. കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ രണ്ട ു പേർ വീതം മരിച്ചു. വയനാട് വന്യജീവി സങ്കേതം, വനം ഡിവിഷൻ, നാഗർഹോള ദേശീയോദ്യാനം എന്നിവ അതിരിടുന്ന വടക്കേ തിരുനെല്ലിയിൽ ഇതോടകം 83 പേർക്കാണ് ജീവഹാനി.
യാതനകൾ, യാചനകൾ
വന്യജീവികളുടെ നരനായാട്ടിന് ഇരയാകുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അഞ്ചു ലക്ഷം രൂപ ഉടനെയും അഞ്ചു ലക്ഷം രണ്ടാഴ്ചയ്ക്കുള്ളിലും നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടാറില്ല. ഇടുക്കി രാജാക്കാട്ട് ഏലത്തോട്ടത്തിൽ ആന കൊലപ്പെടുത്തിയ തൊഴിലാളി രാജമ്മയുടേതുൾപ്പെടെ നൂറുകണക്കിന് ഇരകളുടെ ആശ്രിതർക്ക് നയാപൈസ ലഭിച്ചിട്ടില്ല. വയനാട്ടിൽ കാട്ടുപോത്ത് കൊന്ന ആദിവാസിയുടെ കുടുംബത്തിന് കിട്ടിയത് പതിനായിരം രൂപ! തടസങ്ങൾ നിരത്തി വനംവകുപ്പ് തുക നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്യുന്നു.
അംഗഭംഗമുണ്ടായാൽ രണ്ട ു ലക്ഷം രൂപയും കൃഷി, വളർത്തുമൃഗം, വീട് നഷ്ടങ്ങൾക്ക് ഒരുലക്ഷംവരെയും ചികിത്സയ്ക്ക് ഒരുലക്ഷംവരെയും അർഹതയുണ്ട്. തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചാൽ ആശ്രിതർക്കു 10 ലക്ഷം രൂപ കിട്ടും. പരിക്കിന് ഒരു ലക്ഷംവരെയും.
വനത്തിനുള്ളിൽ പാന്പുകടിയേറ്റ് മരിച്ചാൽ 10 ലക്ഷവും വനത്തിനു പുറത്ത് രണ്ട ു ലക്ഷവും ലഭിക്കും. അപേക്ഷകളുടെ എണ്ണം ഏറിവരുന്പോഴും നഷ്ടപരിഹാര നടപടികൾ ഇഴയുന്ന സാഹചര്യം. കഴിഞ്ഞ സാന്പത്തിക വർഷം 51 കോടി രൂപ അനുവദിച്ചതായാണ് സർക്കാർ കണക്ക്. ഇക്കൊല്ലം അനുവദിച്ചിരിക്കുന്നത് 19 കോടി മാത്രം. വന്യജീവികളുടെ ആക്രമണത്തിൽ അപകടങ്ങളിൽപ്പെട്ടാലും പ്രാണരക്ഷാർത്ഥം ഓടി പരിക്കേറ്റാലും നഷ്ടപരിഹാരം നിഷേധിക്കുകയാണ് പതിവ്.
മുത്തങ്ങ കുമഴിയിൽ വാളാട്ടുമ്മൽ പരമേശ്വരന് കാട്ടാന ആക്രമണത്തിൽ വാരിയെല്ലുകൾക്കും കാലിനും പൊട്ടലേറ്റു ചികിത്സിച്ചതിൽ ഒരു ലക്ഷം രൂപ ചെലവുണ്ടായി. കിട്ടിയതാവട്ടെ നാൽപതിനായിരം രൂപ! ഏറെപ്പേരും വിവിധ ഓഫീസുകളിൽ കാലങ്ങളോളം കയറിയിറങ്ങി മടുത്ത് ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്.
വേണ്ടത് കൂട്ടായ ശ്രമം
കേരളത്തിലെ ആന കർണാടകത്തിലേക്കും അവിടത്തെ കടുവ തമിഴ്നാട്ടിലേക്കും വനംകടന്നുപോവുക സ്വാഭാവികമാണ്. വന്യജീവി സങ്കേതങ്ങൾ തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്നതിനാൽ അയൽസംസ്ഥാനങ്ങൾ ഒരുമിച്ചുള്ള നീക്കവും പദ്ധതിയും കേരളത്തിന് ആവശ്യമാണ്. 12,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള നാടിറക്കം തടയാനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങൾ തമ്മിലെ ഏകോപനത്തിലേ സാധ്യമാകൂ.
വയനാട്ടിൽ ഭീതിവിതച്ച മൂന്നു നരഭോജി കടുവകളെ വനംവകുപ്പ് പിടികൂടി കുറിച്യാട് കുപ്പാടിലെ പെപ്പർയാഡിൽ സംരക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ആളെക്കൊല്ലി ആനകളെയും കടുവകളെയും പുലികളെയും കരുതലിലാക്കിയേ തീരൂ. കർണാടകത്തിലെ ഹാസൻ വനാതിർത്തിയിൽ സ്ഥാപിച്ച ഉരുക്കുവടങ്ങൾ കാടിറക്കം തടയുന്നതിൽ പ്രയോജനകരമായി കാണുന്നുണ്ട ്. ഇത്തരം സുരക്ഷാ സംവിധാനം ഒരുക്കാൻ കിലോമീറ്ററൊന്നിന് 75 ലക്ഷം രൂപ വേണം.
(തുടരും)
നാട്ടിൽ വേണ്ട, കാട്ടുനീതി-2 / റെജി ജോസഫ്