ഏഷ്യയുടെ വിളുന്പുകളിലേക്ക് ഒരു യാത്ര
Friday, September 8, 2023 12:02 AM IST
ഡോ. ജോർജുകുട്ടി ഫിലിപ്പ്
ഏറ്റവും കുറച്ചു കത്തോലിക്കരുള്ള ഒരു രാജ്യമായ മംഗോളിയയിലേക്കു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ശ്ലൈഹിക സന്ദർശനം പല കാരണങ്ങൾകൊണ്ടു ശ്രദ്ധേയമായിരുന്നു. സോവിയറ്റ് കമ്യൂണിസത്തിന്റെ പതനത്തിനുശേഷം മംഗോളിയ സന്ദർശിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആഗ്രഹിച്ചിരുന്നു. "എണ്ണത്തിൽ ചെറുതെങ്കിലും വിശ്വാസത്തിൽ സജീവവും ഉപവിയിൽ മഹത്തുമായ' മംഗോളിയൻ സഭ സന്ദർശിക്കണമെന്നുള്ളത് തന്റെ ദീർഘമായ സ്വപ്നമായിരുന്നെന്ന് ഫ്രാൻസിസ് പാപ്പാ പറയുകയുണ്ടായി.
മാർപാപ്പ എന്തുകൊണ്ടാണ് മംഗോളിയയിലേക്കു പോകുന്നത്?
റഷ്യയും ചൈനയുമായും മാത്രം അതിർത്തി പങ്കിടുന്ന മംഗോളിയയ്ക്ക് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയി നിർണായകമായ സ്ഥാനമുള്ളതായി നിരീക്ഷകർ കരുതുന്നില്ല. ഏഷ്യയുടെ അതിർത്തികളിലേക്കുള്ള യാത്രയിൽ ഇത്തരം ലക്ഷ്യങ്ങളൊന്നും മാർപാപ്പയ്ക്ക് ഇല്ല എന്നതാണു വാസ്തവം. 1970 നവംബറിൽ പോൾ ആറാമൻ പാപ്പാ ദക്ഷിണ പസഫിക്കിലെ സമോവൻ ദ്വീപുകളിലേക്കു നടത്തിയ യാത്ര ചരിത്രപ്രസിദ്ധമാണ്. ലോയ്ലുമേഗ തുവായ് ഗ്രാമത്തിൽ വിശുദ്ധകുർബാന അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ""യാത്ര ചെയ്യാനുള്ള താത്പര്യമോ മറ്റെന്തെങ്കിലും ലക്ഷ്യമോ ഉള്ളതുകൊണ്ടല്ല ഞാൻ നിങ്ങളുടെ പക്കലേക്കു വന്നത്. ഞാൻ വന്നതിന്റെ കാരണം മറ്റൊന്നുമല്ല, നാമെല്ലാം സഹോദരീ സഹോദരന്മാരാണ്. അല്പംകൂടി കൃത്യമായി പറഞ്ഞാൽ കത്തോലിക്കാ സഭയാകുന്ന കുടുംബത്തിന്റെ പിതാവെന്ന നിലയിൽ എനിക്കു നിങ്ങൾ പുത്രീപുത്രന്മാരാണ്. കുടുംബത്തിന്റെ സ്നേഹവും കരുതലും നിങ്ങൾക്കും അവകാശപ്പെട്ടതാണ്. ''
സഭ എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന് ഫ്രാൻസിസ് പാപ്പാ ലോക യുവജന സമ്മേളനവേദിയായ ലിസ്ബണിൽ പറയുകയുണ്ടായി. സഭയിൽ എണ്ണമല്ല ഏറ്റവും പ്രധാനമായ വസ്തുത. ഭാഷയോ രാജ്യമോ സംസ്കാരമോ എന്തുമായിക്കൊള്ളട്ടെ, സഭയിലാരും വിദേശിയല്ല. അതുകൊണ്ട് മാർപാപ്പ പറയുന്നു: ""മംഗോളിയയിലെ സഹോദരീ സഹോദരന്മാർക്കിടയിൽ അവരുടെ ഒരു സഹോദരനെപ്പോലെ സഞ്ചരിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.'' ഈ സന്തോഷവും ആർജവവും പാപ്പായുടെ സന്ദർശനവേളയിൽ ദൃശ്യമാവുകയും ചെയ്തു.
റഷ്യയും ചൈനയും
പാപ്പായുടെ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ സന്ദർശനത്തിനു മുന്പേ വ്യക്തമാക്കിയിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഒരു മാർപാപ്പയും സന്ദർശിക്കാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും ചൈനയും. ക്രെംലിനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ്, മോസ്കോ വിമാനത്താവളത്തിൽ മാർപാപ്പ ഇറങ്ങി, റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്താം എന്നു നിർദേശിച്ചു.
സോവിയറ്റ് കാലഘട്ടത്തിൽ റഷ്യയുടെ ഉപഗ്രഹമായിരുന്നു മംഗോളിയ. ഇപ്പോഴും ആ സാന്പത്തിക ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയിട്ടില്ല. മംഗോളിയയുടെ ഏറ്റവും വലിയ ഊർജദാതാവ് റഷ്യയാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും റഷ്യയിൽനിന്നാണ്. മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിന് ആ പേര് 1924ൽ നൽകിയത് റഷ്യയാണ്. ചെമന്ന വീരനായകൻ എന്നാണർഥം. (റെഡ് ഹീറോ - കമ്യൂണിസമാണു സൂചിതം). മംഗോളിയൻ ഭാഷാലിപികൾ പൂർവയൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കിറിലിക് ആക്കി മാറ്റിയതും റഷ്യയാണ്, 1940കളിൽ. 2025 മുതലെങ്കിലും തങ്ങളുടെ പരന്പരാഗത ലിപി വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന് മംഗോളിയ പ്രസ്താവിച്ചിട്ടുണ്ട്.
മംഗോളിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 13-ാം നൂറ്റാണ്ടിൽ മംഗോളന്മാർ ചൈനയെ മുഴുവൻ കീഴടക്കുകയുണ്ടായി. മിംഗ് രാജവംശത്തിന്റെ കാലത്ത് മംഗോളിയ മുഴുവനും ചൈനയുടെ കീഴിലുമായി. അങ്ങനെ രണ്ടു നൂറ്റാണ്ടുകൾ. കത്തോലിക്കാ സഭയുമായി തികഞ്ഞ അകൽച്ച പുലർത്തുന്ന ഒരു രാജ്യമാണു ചൈന. അവിടെയുള്ള യഥാർഥ കത്തോലിക്കാ സഭ അണ്ടർഗ്രൗണ്ടിലാണ്. പാർട്ടി അംഗീകരിച്ചിരിക്കുന്ന പാട്രിയോട്ടിക് കത്തോലിക്കാ സഭയ്ക്ക് വത്തിക്കാന്റെ അംഗീകാരവും ഇല്ല. മാർപാപ്പ മംഗോളിയയിലുള്ളപ്പോൾ മതസ്വാതന്ത്ര്യത്തെ വീണ്ടും ചുരുക്കുന്ന നിയന്ത്രണങ്ങൾ ചൈന പ്രാബല്യത്തിലാക്കി. അതനുസരിച്ച് മതപരമായ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. മതപ്രസംഗങ്ങൾ സോഷ്യലിസ്റ്റ് മൂല്യങ്ങൾ പ്രകടിപ്പിക്കുന്നവയാകണം. മതപരമായ പ്രവർത്തനങ്ങൾ സർക്കാർ അഗീകൃതമായ "മതപരമായ സ്ഥല'ങ്ങളിലേ പാടുള്ളൂതാനും. ഈ നിയമങ്ങൾ ടിബറ്റിലും ബാധകമായതുകൊണ്ട് ബുദ്ധമതക്കാർക്കും അപ്രിയമാണ്.
വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ ഉടന്പടി മാനിക്കാൻ ചൈന തയാറാകുന്നില്ല. 2022 നവംബറിനു ശേഷം ചൈനീസ് സർക്കാർ രണ്ടു മെത്രാന്മാരെ നിയമിക്കുകയുണ്ടായി. ഇതിൽ ഷാങ്ഹായിയിലെ മെത്രാന്റെ നിയമനം കഴിഞ്ഞ മാസമാണ് മാർപാപ്പ അംഗീകരിച്ചത്. ഹോങ്കോങ്ങിലെ ആർച്ച്ബിഷപ്, നിയുക്ത കർദിനാൾ സ്റ്റീഫൻ ചൗ മുപ്പതോളം കത്തോലിക്കരുമായി മംഗോളിയയിലെത്തി മാർപാപ്പയെ സന്ദർശിക്കുകയുണ്ടായി. കൂടാതെ നൂറോളം പേർ സ്റ്റെപ്പി അരീന സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ചൈനയിൽനിന്ന് എത്തിച്ചേർന്നു, സർക്കാരിന്റെ യാത്രാവിലക്ക് ഉണ്ടായിട്ടുപോലും. ഉത്തമപൗരന്മാരും ഉത്തമക്രൈസ്തവരുമായിരിക്കാൻ മാർപാപ്പ അവരോട് ആഹ്വാനം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
മംഗോളിയൻ ഉത്പന്നങ്ങളുടെ 86 ശതമാനവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ ഏറിയപങ്കും കൽക്കരിയാണ്. കൽക്കരി ഇറക്കുമതി സുഗമമാക്കാൻ ചൈനതന്നെ മുതൽമുടക്കി പുതിയൊരു റെയിൽവേ ലൈൻ മംഗോളിയയിൽനിന്നു പണിയാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ അപ്രീതി സന്പാദിച്ചുകൊണ്ട് മുന്പോട്ടുപോകാൻ മംഗോളിയക്കു സാധിക്കുകയില്ല. കടൽത്തീരമില്ലാത്ത ഒരു രാജ്യവുമാണല്ലോ മംഗോളിയ.
ക്രൈസ്തവ പാരന്പര്യം
ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതലെങ്കിലും ക്രൈസ്തവരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന രാജ്യമാണ് മംഗോളിയ. പേർഷ്യൻ സാമ്രാജ്യത്തിൽനിന്നുള്ള പൗരസ്ത്യ സുറിയാനി മിഷനറിമാരാണ് പട്ടുനൂൽ പാതയിലൂടെ മംഗോളിയയിലെത്തിയത്. ഇറാൻ മുതൽ പടിഞ്ഞോറോട്ട് തുർക്കി വരെയും കിഴക്കോട്ട് ചൈന വരെയും വിസ്തൃതമായ ഒരു സഭയ്ക്ക് ആ മിഷനറിമാർ രൂപംകൊടുത്തു. പൗരസ്ത്യസുറിയാനി ആരാധനക്രമവും അവിടങ്ങളിൽ അവർ പ്രചരിപ്പിച്ചു.
ഒന്പതാം നൂറ്റാണ്ടിൽ ചൈനീസ് ചക്രവർത്തി സഭയെ നിരോധിച്ചെങ്കിലും 12-13 നൂറ്റാണ്ടുകളിൽ സഭ മംഗോളിയയിൽ തിരിച്ചെത്തി. അക്കാലത്ത് പൗരസ്ത്യ സുറിയാനി സഭാംഗങ്ങൾ മംഗോളിയയിൽ സുപ്രധാന സ്ഥാനങ്ങളിൽ എത്തിയിരുന്നു. മംഗോളിയയിൽ ന്യൂനപക്ഷമായിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായും ജനതകളുടെ ബാഹുല്യവും വൈവിധ്യവും കൊണ്ട് പൗരസ്ത്യ സുറിയാനി സഭ അന്നൊരു ആഗോളസഭയായിരുന്നു എന്നാണ് ചരിത്രം.
മധ്യശതകങ്ങളിൽ മാർപാപ്പമാർ മംഗോളിയയിലേക്ക് ഫ്രാൻസിസ്കൻ സന്യാസിമാരെ അയച്ചിരുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയർക്കീസ് യബലാഹാ മൂന്നാമൻ അക്കാലത്ത് മംഗോളിയൻ, അറബി, ഉയിഗുർ ഭാഷകളിൽ അയച്ച കത്തുകൾ വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. കുബ്ലയ്ഖാൻ 1279ൽ സ്ഥാപിച്ച യുവാൻ രാജവംശത്തെ 1386ൽ ചൈനന്മാരുടെ മിംഗ് രാജവംശം തോല്പിച്ചതോടെ മംഗോളിയയിൽ ക്രിസ്തുമതം നിരോധിക്കപ്പെട്ടു. കമ്യൂണിസത്തിന്റെ പതനത്തോടെ 1990ലാണ് വീണ്ടും സഭ മംഗോളിയയിൽ എത്തുന്നത്.
ചെറിയ ആട്ടിൻപറ്റം
പാർശ്വവത്കരിക്കപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക സ്നേഹം വിഖ്യാതമാണ്. അതേ സ്നേഹവും കരുതലുമാണ് വിദൂരവും അഗണ്യവുമായ ഒരു സമൂഹത്തെ സന്ദർശിക്കാൻ പോകുന്പോൾ പ്രകടിപ്പിക്കുന്നത്. മാത്രമല്ല മാർപാപ്പയുടെ വീക്ഷണത്തിലുള്ള ഒരു മാതൃകാസഭയുമാണ് മംഗോളിയായിലുള്ളത്. തീക്ഷ്ണമായ വിശ്വാസവും പരസ്നേഹവും പ്രകടിപ്പിക്കുന്ന ഒരു സഭ. വളരെ ചെറുതാണെങ്കിലും സമൂഹത്തിലെ ഏറ്റവും ദരിദ്രരും അഗതികളും അഭയാർഥികളുമായവർക്ക് മംഗോളിയൻ സഭ നൽകുന്ന സേവനം മഹത്തരമാണ്.
ഉലാൻബത്തോറിൽ കാരുണ്യഭവനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർപാപ്പ സഭയുടെ സാമൂഹ്യ ഇടപെടലുകൾ എന്തുകൊണ്ടാണെന്നു വ്യക്തമാക്കി. ഏറ്റവും പാവപ്പെട്ടവരെയാണ് ഈശോ സഭയ്ക്കു ഭരമേൽപ്പിച്ചിരിക്കുന്നത്. അവരിൽ സഭ കാണുന്നതും അവിടത്തെ തന്നെയാണ്. ഒരു രാജ്യം വികസിക്കുന്നു എന്നു പറയുന്നത് ആ രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസവും ആരോഗ്യരക്ഷയ്ക്കുള്ള സൗകര്യങ്ങളും അവരവരുടെ വ്യക്തിത്വ വികസനത്തിനുള്ള ഉപാധികളും ലഭിക്കുന്പോഴാണ്. എല്ലാവരുടെയും കൂട്ടായ യത്നം അതിനാവശ്യമാണ്. പാവപ്പെട്ടവരാണ് മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയാറാകുന്നതെന്നും മാർപാപ്പ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച നടത്തിയ വിശുദ്ധ കുർബാനയിൽ മാർപാപ്പ പറഞ്ഞ സുവിശേഷ പ്രസംഗവും ശ്രദ്ധേയമായി. സമാധാനത്തിനും സന്തുഷ്ടിക്കും വേണ്ടി ദാഹിക്കുന്ന മനുഷ്യവർഗത്തിനുള്ള ഉത്തരമാണ് ഈശോമിശിഹാ. അവിടത്തെപ്പറ്റി പറയുന്നതാണ് സുവിശേഷപ്രഘോഷണം. അതു നിരന്തരം നിർവഹിക്കേണ്ട ധർമമാണ്. നിർബന്ധിത മതപരിവർത്തനം അസ്വീകാര്യമാണ്. സുവിശേഷത്തിനു സാക്ഷ്യം വഹിക്കലാണ് സഭയുടെ ചുമതല. സഭയിലെ കൂട്ടായ്മയാണ് ഏറ്റവും വലിയ സാക്ഷ്യം. മിശിഹായിൽ വിശ്വസിക്കുന്നവരുടെ, മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും, ഒന്നിച്ചുള്ള നടപ്പാണ് സിനഡാത്മകത.
മംഗോളിയയിൽ വച്ചു നടത്തിയ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ ശ്രീബുദ്ധനെ ഉദ്ധരിച്ചതും ചരിത്രമായി. മതങ്ങൾ സൗഹാർദത്തിൽ കഴിയണമെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മതമൗലികവാദം പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. മംഗോളിയൻ സഭയുടെ അധ്യക്ഷനായ കർദിനാൾ മരെംഗോ, മാർപാപ്പ സമന്വയത്തിന്റെ വിത്തുകൾ വിതച്ചിട്ടാണ് യാത്ര പറഞ്ഞതെന്നു വിശദമാക്കി. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സന്ദർശനം ഇടവരുത്തിയതായി അദ്ദേഹം വിലയിരുത്തി. സംവാദം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ നയം പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.