Saturday, September 16, 2023 11:09 PM IST
അനന്തപുരി /ദ്വിജന്
കുപ്രസിദ്ധമായ സോളാർ അന്വേഷണങ്ങളുടെ അവസാനം ദൈവികനീതി പ്രകടമാക്കുന്നതായില്ലേ സിബിഐയുടെ കണ്ടെത്തലുകളും ആ കണ്ടെത്തലുകൾക്ക് സിബിഐ കോടതി പലരുടെയും തടസവാദങ്ങളെ എതിർത്തുകൊണ്ട് നൽകിയ അംഗീകാരവും?
ഉമ്മൻ ചാണ്ടി വിശ്വസിച്ച് ഏറ്റുപറഞ്ഞ ദൈവം അദ്ദേഹത്തിനെതിരേ ഉയർന്ന ലൈംഗിക ആരോപണത്തിന്റെയും അതുയരാൻ കാരണമായവരുടെയും തനിനിറം തുറന്നുകാണിക്കുന്ന ഒരു റിപ്പോർട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയാൽ കോടതിയിൽ സമർപ്പിക്കപ്പെടുന്നതിന് ഇടയാക്കി. അത് കോടതി അംഗീകരിക്കാൻ ഇടയാക്കിയതും നിസാര കാര്യമല്ല. മുന്പ് പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയതും ബാർ കോഴക്കേസിൽ പലവട്ടം വിജിലൻസുകാർ മാണിയെ കുറ്റവിമുക്തനാക്കിയിട്ടും അതെല്ലാം കോടതി തള്ളിക്കളഞ്ഞതും ചേർത്തു വായിക്കുന്പോഴാണ് ഇക്കാര്യത്തിൽ പ്രകടമാകുന്ന ദൈവികനീതിയുടെ മുഖം കൂടുതൽ പ്രകാശമാനമാകുന്നത്. അന്ന് പാമോയിൽ കേസിലെ കോടതി തീരുമാനം മൂലമാണ് ഉമ്മൻ ചാണ്ടിക്ക് വിജിലൻസ് വകുപ്പ് ഒഴിയേണ്ടിവന്നതെന്നും ചേർത്തു വായിക്കുക.
അതിലൂടെ ഒരു കള്ളക്കഥയ്ക്കു ലഭിക്കാവുന്ന ഏറ്റവും സമുജ്വലമായ പര്യവസാനമായി. ഉമ്മൻ ചാണ്ടി അഗ്നിയിൽ ശോധന ചെയ്ത സ്വർണംപോലെ നിറഞ്ഞ വിശുദ്ധിയോടെ പൊതുസമൂഹത്തിൽ നിൽക്കുന്നു. അദ്ദേഹത്തെ ക്രൂശിക്കാൻ ശ്രമിച്ചവരുടെയെല്ലാം മനസുകളിൽ എരിയുന്ന അഗ്നിയായും ആ ഓർമ രൂപാന്തരപ്പെടുന്നു. ആ അർഥത്തിൽ മനസിലാക്കിയാൽ പിണറായി സർക്കാർ തികച്ചും രാഷ്ട്രീയലക്ഷ്യങ്ങളോടെ ഏർപ്പെടുത്തി എന്നു കരുതാവുന്ന സിബിഐ അന്വേഷണം ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും യഥാർഥ അനുഗ്രഹമായി. ഒപ്പം, ജോസ് കെ. മാണിയും വല്ലാത്ത ഒരു ദുരാരോപണത്തിൽനിന്നു രക്ഷപ്പെടുന്നു. വിവാദരേഖയിൽ ഇവരുടെ പേരുകൾ രണ്ടാമത് എഴുതിച്ചേർക്കപ്പെട്ടതായിരുന്നു എന്ന് അംഗീകരിക്കപ്പെടുന്നു.
ഉമ്മൻ ചാണ്ടി രഹസ്യമാക്കിയ റിപ്പോർട്ട്
ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടത്തിയ അന്വേഷണങ്ങളോ തുടർന്ന് പിണറായി സർക്കാർ നടത്തിയ അന്വേഷണങ്ങളോ നല്കിയതിനേക്കാൾ തിളക്കമുണ്ട് സിബിഐ നല്കുന്ന ഈ കുറ്റവിമുക്തിക്ക്. കാരണം, പാപം ചെയ്ത ഓരോ കോണ്ഗ്രസുകാരനെയും നോക്കി നടക്കുന്ന കഴുകൻകണ്ണുകളാണ് ഇന്ന് സിബിഐ. ആ കഴുകൻ ഉന്നതനായ ഒരു കോണ്ഗ്രസ് നേതാവിനു കൊടുക്കുന്ന വിശുദ്ധിപത്രത്തിന് തിളക്കമേറെയാണ്.
ഈ റിപ്പോർട്ട് മറ്റു പലരുടെയും മുന്നിൽ കിട്ടുന്നതിനു മുന്പ് ഉമ്മൻ ചാണ്ടിക്കു കിട്ടിയതാണ്. അദ്ദേഹം അത് വായിച്ചു പഠിച്ച ശേഷം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ആർ.കെ., സിബിഐ കോടതിയിൽ കൊടുത്ത റിപ്പോർട്ടിന്റെ കോപ്പി ഡിസംബർ അവസാനം വാങ്ങി ഉമ്മൻ ചാണ്ടിക്കു കൊടുത്തിരുന്നു. ബംഗളൂരുവിൽനിന്ന് ആദ്യത്തെ ചികിത്സയ്ക്കു ശേഷം വന്നപ്പോഴാണ് സിബിഐയുടെ റിപ്പോർട്ട് ഉമ്മൻ ചാണ്ടി കാണുന്നത്; അദ്ദേഹം അതു പഠിച്ച ശേഷം രഹസ്യമായി സൂക്ഷിച്ചു.
കോടതി റിപ്പോർട്ട് അംഗീകരിക്കുമോ എന്ന വിഷയം അന്നുണ്ടായിരുന്നു. മാത്രവുമല്ല, പരാതിക്കാരി റിപ്പോർട്ടിനെതിരേ കോടിതിയിൽ തടസവാദവും ഉന്നയിക്കാം. കോടതി ആ വാദം അംഗീകരിച്ചാൽ റിപ്പോർട്ട് തള്ളപ്പെടാം. നിയമപരമല്ലാത്ത കാരണങ്ങൾക്കൊണ്ട് ഉണ്ടായിട്ടുള്ള ഇത്തരം നടപടികളുടെ നിരവധി കഥകൾ സമകാലീന ചരിത്രത്തിലുണ്ട്. അതുകൊണ്ടാവാം ഉമ്മൻ ചാണ്ടി റിപ്പോർട്ട് രഹസ്യമാക്കി വച്ചത് എന്നു വേണമെങ്കിൽ കരുതാം. എന്നാൽ അതിനുമപ്പുറം ഉന്നതമായ മാതൃകയാണ് അദ്ദേഹം കാണിക്കാൻ നോക്കിയതെന്നു വ്യാഖ്യാനിക്കാം. തനിക്കു ലഭിച്ച നീതിയുടെ പ്രകാശം ഉണ്ടാക്കാവുന്ന ചൂടിൽ ആരും എരിഞ്ഞ് ഇല്ലാതാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. സത്യം പുറത്തുവരണം എന്നു മാത്രം ആഗ്രഹിച്ചു; അതു വന്നു. പ്രതികാരം ദൈവത്തിന്റേതാണ് എന്ന വേദവാക്യത്തിൽ വിശ്വസിച്ച് ശാന്തനായി സമാധാനം നുകർന്നു.
ഉമ്മൻ ചാണ്ടിയുടെ ചോര
ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല എന്ന് കൈകഴുകിയ പീലാത്തോസിനെപ്പോലെ സോളാർ വിവാദത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കു ചിന്തേണ്ടി വന്ന ചോരയിൽ എനിക്കു പങ്കില്ല എന്നു പറഞ്ഞു കൈ കഴുകാൻ, മത്സരിക്കുന്നവരിൽ എത്ര പേർക്കു സാധിക്കും? അങ്ങനെ ഒഴിവു പറഞ്ഞു കൈ കഴുകിയാൽ തീരുന്നതാണോ ഒരു നീതിമാന്റെ ചോരയുടെ കഥ. സോളാർ വിവാദത്തെ അതിഹീനമായ വേട്ടയാടലാക്കി മാറ്റിയ വിവാദകത്തിൽ മാറ്റംവരുത്താൻ പ്രേരിപ്പിച്ചവർക്കും ആ സംഭവം ഞാൻ കണ്ടു എന്ന് ചാനലുകളിൽ വന്ന് ഏറ്റുപറഞ്ഞവർക്കും അറേബ്യയിലെ സുഗന്ധം മുഴുവൻകൊണ്ടു കഴുകിയാലും ആ ചോരയുടെ മണത്തിൽനിന്നു രക്ഷപ്പെടാനാവുമോ?
സിബിഐ അന്വേണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഭയിൽ നടന്ന ചർച്ച അതിശയിക്കുന്ന ഒരു സത്യം ഉയർത്തിക്കാട്ടി. ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടു എന്ന കാര്യത്തിൽ പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും ഒരു മനസാണ്. അത് ആരു ചെയ്തു എന്നതാണ് വിഷയം.
ആ ചോരയുടെ കറയിൽനിന്നു കേരളത്തിലെ രാഷ്ട്രീയക്കാർക്കു മാത്രമല്ല, മാധ്യമങ്ങൾക്കും എങ്ങനെ കൈകഴുകാനാവും? വാസ്തവത്തിൽ സോളാർ വിവാദത്തിന് ഇല്ലാത്ത മാനങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളല്ലേ? അവർ നടത്തിയ ഇക്കിളിപ്പെടുത്തുന്ന അന്തിച്ചർച്ചകളിൽ ഗാലറിയുടെ കൈയടി നോക്കി പാനലിൽ പെട്ടവരും അവതാരകൻപോലും ഉണ്ടാക്കിയ കഥകളല്ലേ അന്തസാരശൂന്യമാണെന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നത്. അവരിൽ ഏഷ്യാനെറ്റിനും ദേശാഭിമാനിക്കും എതിരേ അദ്ദേഹം കൊടുത്ത മാനനഷ്ടക്കേസ് കോടിതയിലില്ലേ?
പി.സി. ജോർജും ഗണേഷ് കുമാറും
ഈ രാഷ്ട്രീയക്കളിയിൽ വേട്ടമൃഗങ്ങളേക്കാൾ ഹീനമായി ഉമ്മൻ ചാണ്ടിയെ ആക്രമിച്ചവരാണ് പി.സി. ജോർജും കെ.ബി. ഗണേഷ് കുമാറും എന്ന് സിബിഐ കണ്ടെത്തിയതായാണ് വാർത്ത. അവസാനം രണ്ടു പേരും തങ്ങൾ ചെയ്തതിന് മാപ്പു പറയുകയും ചെയ്തു. തങ്ങളുടെ മൊഴികൊണ്ടാണ് ഉമ്മൻ ചാണ്ടി സിബിഐയുടെ അറസ്റ്റിൽനിന്നു രക്ഷപ്പെട്ടതെന്നും ഇക്കൂട്ടത്തിൽ അവർ അവകാശപ്പെട്ടു. പരസ്പരവിരുദ്ധമായ ഇവരുടെ മൊഴികളെ പൂർണമായും വിശ്വസിച്ചല്ല, മറ്റു തെളുവുകൾകൂടി നോക്കിയാണ് ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത് എന്നാണ് സിബിഐ കോടതിയിൽ പറഞ്ഞിരിക്കുന്നത്.
ഉമ്മൻ ചാണ്ടി ലൈംഗിക അതിക്രമം നടത്തുന്നതിന് താൻ സാക്ഷിയാണെന്നു പറഞ്ഞ നേതാവാണ് പി.സി. ജോർജ്. അദ്ദേഹത്തെ കണ്ണടച്ചു വിശ്വസിക്കുന്നവർ പോലും ജോർജ് പറയുന്നത് സത്യമാവുമോ എന്നു സംശയിച്ച അവസരമായിരുന്നു അത്. അദ്ദേഹം വളരെ നാടകീയമായി ഭാവനാവിലാസത്തോടെ സംഭവങ്ങൾ വിവരിച്ചു. അന്നത്തെ രാഷ്ട്രീയവൈരാഗ്യംകൊണ്ടു പറഞ്ഞുപോയതാണ് എന്നാണ് ഇപ്പോഴത്തെ ഭാഷ്യം.
ആ സ്ത്രീക്ക് ആറു മാസം താമസസൗകര്യം ഒരുക്കി, അവരുടെ കത്തിൽ തനിക്കിഷ്ടമില്ലാത്ത നേതാക്കളുടെയെല്ലാം പേരുകൾ എഴുതിച്ചേർപ്പിക്കുകയും അത് മാധ്യമങ്ങൾക്കു കൊടുത്ത് ആഹ്ലാദിക്കുകയും ചെയ്തത് കെ.ബി. ഗണേഷ് കുമറിന്റെ നേതൃത്വത്തിലായിരുന്നു എന്ന് സിബിഐ മുതൽ സ്ത്രീയുടെ ആദ്യകാല അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ വരെ പറയുന്നു.
ജയിലിൽ കിടന്ന സ്ത്രീയിൽനിന്നു താൻ വാങ്ങിയ 21 പേജുള്ള കത്ത് 25 പേജാക്കിയത് ഗണേഷ്കുമാറും സെക്രട്ടറി പ്രദീപും ശരണ്യ മനോജും ചേർന്നായിരുന്നു എന്നാണു കണ്ടെത്തൽ. ഗണേഷ് പക്ഷേ ജോർജിനെപ്പോലെ ആത്മാർഥമായി കുറ്റം ഏറ്റുപറയുന്നില്ല. തന്റെ അച്ഛൻ, അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയാണ് അവരുടെ കത്ത് സൂക്ഷിച്ചതെന്നും തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ഗണേഷ് കുമാറിന്റെ വാദം. ഇക്കാര്യങ്ങളിലെല്ലാം അച്ഛൻ പറഞ്ഞ വിവരമാണ് തനിക്കുള്ളതെന്നും തനിക്ക് മറ്റുവഴികൾ ഇല്ലാതെവന്നാൽ അച്ഛൻ പറഞ്ഞതെല്ലാം പറയാൻ മടിക്കില്ലെന്നും അദ്ദേഹം ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
ഗണേഷാണ് ഗുഢാലോചനയുടെ പിന്നിൽ എന്നാണ് ഫെനി ബാലകൃഷ്ണന്റെ നിലപാട്. ഗണേഷ് പറഞ്ഞുവിട്ടിട്ടാണ് എംസി റോഡിൽവച്ച് പ്രദീപും ശരണ്യ മനോജുംകൂടി കത്ത് വാങ്ങിച്ചതെന്നും തിരുത്തിയതെന്നുമാണ് ഫെനി പറയുന്നത്. ശരണ്യ മനോജ് എഴുതി തയാറാക്കി കൊണ്ടുവന്ന നാലു പേജുകൂടി സ്ത്രീയെക്കൊണ്ട് എഴുതിച്ച് കത്തിന്റെ ഭാഗമാക്കി, പത്രസമ്മേളനം നടത്തിച്ചു. ഇതിലാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് കൂട്ടിച്ചേർക്കപ്പെട്ടത്.
അവ രണ്ടും ആദ്യകത്തിൽ ഇല്ലായായിരുന്നു. അവ എഴുതിച്ചേർക്കപ്പെട്ടതാണ്- ഫെനി പറഞ്ഞു. കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഉമ്മൻ ചാണ്ടി ഗണേഷിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കി. ഇക്കാലത്താണ് താക്കോൽസ്ഥാനത്തിനു വേണ്ടി രമേശിന്റെ മന്ത്രിസഭാ പ്രവേശനം. അതോടെ മന്ത്രിസഭയുടെ വലുപ്പം കൂടി. ഗണേഷിന് തിരിച്ചു കയറാൻ വയ്യാത്ത നിലയായി. മുന്നണി മര്യാദകൾക്കു നിരക്കാത്ത പ്രവൃത്തിയാണത്. ഗണേഷ് സാവകാശം പ്രതിപക്ഷത്തായി. ഉമ്മൻ ചാണ്ടിക്കെതിരേ ആയുധം തേടുകയായി.
അതെല്ലാം രാഷ്ട്രീയത്തിലെ രീതികളാണ്. പക്ഷേ, ജോസ് കെ. മാണിയോടുള്ള കലിപ്പിന് എന്താവും കാരണം? കേരള കോണ്ഗ്രസിന്റെ രണ്ടാം തലമുറയിൽ ശക്തനാകുന്ന യുവ നേതാവാണ് ജോസ്. തന്നേക്കാൾ ജനപിന്തുണയുള്ള പാർട്ടിയുടെ നേതാവ്. അദ്ദേഹത്തെയും കെണിയിൽ പെടുത്താൻ തീരുമാനിച്ചു. അതുകൊണ്ടാവണം പിള്ളയുടെ മകന് മാണിയുടെ മകനെ ഭയം ഉണ്ടായത്.
രാഷ്ട്രീയക്കളികൾ
അധികാരം പിടിക്കുന്നതിന് ഓരോരുത്തരം നടത്തുന്ന കളികളെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് ഇത്തരം ഒരു സമീപനം ഉണ്ടായിരുന്നു എന്നതു സത്യമാണ്. ഒരിക്കൽ അദ്ദേഹത്തിന്റെ പാർട്ടിയിലെ വളരെ അടുത്തുള്ള ഒരാളിൽനിന്നുണ്ടായ കളിയെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമാക്കിയതാണ് ഈ നിലപാട്. എല്ലാവരും അധികാരം പിടിക്കാനാണ് രാഷ്ട്രീയത്തിൽ വരുന്നത്. അധികാരം പിടിക്കുന്നതിനായി ഓരോ കളികൾ കളിക്കുന്നു.
ചിലത് നമുക്ക് വളരെ വിനാശകരമായി വരാം. എന്നാൽ, അത്തരം കളികളെ കുറ്റപ്പെടുത്തുകയല്ല ബദൽ നീക്കങ്ങൾ നടത്തുകയാണു വേണ്ടത്. ഈ നിലപാടനുസരിച്ചു നോക്കിയാൽ പിണറായിയോ വി.എസ്. അച്യുതാനന്ദനോ ഇടതുപക്ഷമോ പി.സി. ജോർജോ ഗണേഷ് കുമാറോ, നന്ദകുമാറോ അദ്ദേഹം കുറ്റപ്പെടുത്തുന്ന ജനാധിപത്യമുന്നണി നേതാക്കളായ രമേശ് ചെന്നിത്തലയോ തിരുവഞ്ചൂരോ നടത്തിയിട്ടുണ്ടാവുന്നത് അധികാരം പിടിക്കുന്നതിനുള്ള രാഷ്ട്രീയ കളികളാണ്. ആ കളിയിൽ വളരെ ഹീനവും അടിസ്ഥാനരഹിതവുമായ ആക്ഷേപങ്ങൾ ഉന്നയിച്ചതാണ് വിഷയം. അതിനെതിരേ അദ്ദേഹം, വി.എസിനും ദേശാഭിമാനിക്കും ഏഷ്യനെറ്റിനുമെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസുകൾ പല തലത്തിൽ നടക്കുന്നുമുണ്ട്. ഇതെല്ലാം തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള പരാതികളായിരുന്നു. എതിരാളികളുടെ ചോര ചിന്താനുള്ളതായിരുന്നില്ല എന്നു കരുതുന്നതാണ് അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഭാഷ്യം. അതുകൊണ്ട് സോളാർ വിവാദത്തിൽ ഇനിയും ഒരു അന്വേഷണം വേണ്ടതുണ്ടോ എന്ന് ആലോചിക്കണം. ആ അന്വേഷണം കണ്ടെത്താവുന്ന പ്രതികളും സത്യങ്ങളും ഇടതു, വലതു പക്ഷങ്ങളിലെ പല നേതാക്കൾക്കും അപമാനകരമാകാൻ ഇടയില്ലേ?