ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യുഎസ്
Wednesday, September 20, 2023 10:54 PM IST
ഫാ. ജയിംസ് കൊക്കാവയലിൽ
പത്തുശതമാനം സാമ്പത്തിക സംവരണം അഥവാ ഇഡബ്ല്യുഎസ് റിസർവേഷൻ 2019 ജനുവരിയിൽ കേന്ദ്ര സർക്കാരും 2020 ജനുവരിയിൽ കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതേവർഷം ഒക്ടോബറിൽ കേരള പിഎസ്സി നിയമനങ്ങളിലും നടപ്പിലാക്കപ്പെട്ടു.
ഇതുപ്രകാരം നാളിതുവരെ ജാതി സംവരണം ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികൾ, നായർ, ബ്രാഹ്മണർ തുടങ്ങിയ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്തുശതമാനം സംവരണം ലഭിക്കും. കേരളത്തിൽ ഇത് നടപ്പിലാക്കിയത് ഒന്നാം പിണറായി സർക്കാരിന്റെ ആർജവംകൊണ്ടു മാത്രമായിരുന്നു.
ഇക്കാര്യം അംഗീകരിക്കുമ്പോഴും സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിൽ വളരെയധികം അപാകതകളുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സംവരണരഹിത വിഭാഗങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സർക്കാർ ഇവ പരിഹരിക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല എന്നു മാത്രമല്ല തികച്ചും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനങ്ങൾക്ക് മൂന്ന് ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.
മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നില്ല
മൂന്നുവർഷം കൂടുമ്പോൾ ഇഡബ്ല്യുഎസിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കും എന്നത് സംസ്ഥാനത്ത് ഇത് നടപ്പിലാക്കിയ അവസരത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു.
2020 ജനുവരി മൂന്നിലെ സർക്കാർ ഉത്തരവിലും ഫെബ്രുവരി 12ലെ ഉത്തരവിലും ഇക്കാര്യം വ്യക്തമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതുപ്രകാരം 2023 ജനുവരിയിൽ മൂന്നുവർഷം പൂർത്തിയായിട്ടും മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. ഇതിനായി ഒരു പഠന കമ്മീഷനെ നിയോഗിക്കാൻ പോലും തയാറായിട്ടില്ല.
സംസ്ഥാന ഇഡബ്ല്യുഎസ് മാനദണ്ഡം പരിഷ്കരിക്കാത്തതിനെതിരേ വ്യക്തികളും മറ്റും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും എട്ടുമാസമായി കേസ് പരിഗണിക്കൽ മാറ്റിവച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ മൂന്നാമത്തെ ജഡ്ജിയാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന മാനദണ്ഡങ്ങളിലും നിലപാടുകളിലും ധാരാളം അശാസ്ത്രീയതകൾ നിലനിൽക്കുന്നുണ്ട്. ഇതുമൂലം അർഹരായ ധാരാളംപേർ പുറത്താകുന്നു. ഈ അശാസ്ത്രീയതകൾ ഏറ്റവും ദോഷകരമായി ബാധിച്ചത് കർഷക കുടുംബങ്ങളെയാണ് എന്നത് അങ്ങേയറ്റം ദുഃഖകരമായ വസ്തുതയാണ്. ഈ പ്രശ്നത്തിൽ നൽകിയിട്ടുള്ള നിവേദനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
കേന്ദ്ര നിർദേശം നടപ്പിലാക്കുന്നില്ല
കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അധികം പേർക്ക് നൽകാതിരിക്കുന്നതിന് സംസ്ഥാന സർക്കാർ ചെയ്ത നടപടി ആടിനെ പട്ടിയാക്കുകയും തുടർന്ന് പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയും ചെയ്യുക എന്നതാണ്. കേന്ദ്രസർക്കാർ മാനദണ്ഡത്തിൽ റസിഡൻഷൽ പ്ലോട്ട് (ഇപ്പോൾ താമസിക്കുന്ന സ്വന്തം പേരിലുള്ള വീടും മുറ്റവും) എന്ന് രേഖപ്പെടുത്തിയിരുന്നത് സംസ്ഥാന സർക്കാരിന്റെ വ്യാഖ്യാനത്തിൽ ഹൗസ് പ്ലോട്ട് (വീടു പണിയാൻ പറ്റിയ ഏതു സ്ഥലവും) എന്നായി മാറി. തുടർന്ന് പുരയിടം എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മുഴവൻ, കൃഷിഭൂമിയാണെങ്കിൽ പോലും ഹൗസ് പ്ലോട്ട് ആയി കണക്കാക്കുകയും നാല് സെന്റ് വരെയേ ഹൗസ് പ്ലോട്ട് പാടുള്ളൂ എന്ന കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം അർഹരായവരെ ഒഴിവാക്കുകയും ചെയ്യുന്നു. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരിന് പരാതികൾ നൽകിയതിന്റെ പശ്ചാത്തലത്തിൽ 2022 സെപ്തംബർ 19ന് കേന്ദ്രസർക്കാർ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്കു മറുപടിയെന്ന നിലയിൽ ഒരു സ്പഷ്ടീകരണം നൽകുകയും അവ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ സ്പഷ്ടീകരണത്തിന്റെ 9-ാം നമ്പർ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥപനത്തിന്റെ കെട്ടിട നിർമാണ ചട്ടമനുസരിച്ചുള്ള ഏരിയ മാത്രം റസിഡൻഷ്യൽ ഏരിയ (സംസ്ഥാന സർക്കാരിന്റെ ഭാഷയിൽ ഹൗസ് പ്ലോട്ട്) ആയി കണക്കാക്കിയാൽ മതി. ഇതിനു പുറത്ത് കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയെ കൃഷിഭൂമിയായിത്തന്നെ കണക്കാക്കണം.
ഈ കേന്ദ്ര നിർദേശം ലഭിച്ചിട്ട് ഒരു വർഷമായിട്ടും ഇതു നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. സമീപകാലത്ത് ഒൻപത് ലക്ഷത്തോളം വേക്കൻസികളാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്. അവയുടെ പത്തു ശതമാനം ഇഡബ്ല്യുഎസിൽ ഉൾപ്പെടും.
കേരളത്തിലെ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന യുവജനങ്ങളോട് സ്വൽപമെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഈ കേന്ദ്ര നിർദേശം സംസ്ഥാനം ഉടൻതന്നെ നടപ്പിലാക്കുമായിരുന്നു. കേരളത്തിലെ സംവരണരഹിതർക്ക് നഷ്ടപ്പെടുന്ന ദേശീയ തലത്തിലുള്ള ഈ അവസരങ്ങൾ കേരളത്തിലെ വേറെ ഒരു വിഭാഗത്തിനും ലഭിക്കുന്നില്ല, പകരം മറ്റു സംസ്ഥാനങ്ങളിലെ ഇഡബ്ല്യുഎസുകാർക്കാണ് ലഭിക്കുന്നത്.
വീടിരിക്കുന്ന സ്ഥലം നാലു സെന്റിൽ കൂടുതലുള്ളതിന്റെ പേരിൽ കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കേറ്റ് നിഷേധിക്കപ്പെട്ടവർക്ക് നിലവിൽ ഹൈക്കോടതി മാത്രമാണ് ആശ്രയം. ഇത്തരം ധാരാളം കേസുകളിൽ ഹൈക്കോടതി ഉത്തരവിലൂടെ കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നുണ്ട് എന്നത് ഗുണഭോക്താക്കൾ അറിഞ്ഞിരിക്കണം. കൂടാതെ ഈ സംസ്ഥാന സർക്കാർ നടപടി നിയമപ്രകാരം തെറ്റാണ് എന്നതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ് ഈ ഹൈക്കോടതി ഉത്തരവുകൾ.
കെ- ടെറ്റിൽ ഇഡബ്ല്യുഎസ് ഇല്ല
സംസ്ഥനത്തെ അധ്യാപക നിയമനത്തിന് ആവശ്യമായ യോഗ്യതാ പരീക്ഷയാണ് കെ- ടെറ്റ്. ഇതിൽ 60 ശതമാനം മാർക്ക് ഉണ്ടെങ്കിലേ സംവരണ രഹിത വിഭാഗത്തിൽപ്പെട്ട ഒരു ഉദ്യോഗാർഥിക്ക് പാസാകാൻ സാധിക്കൂ. എന്നാൽ എസ്സി-എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട്. ഈ മാർക്കിളവ് ഇഡബ്ല്യുഎസുകാർക്കുകൂടി നൽകണം എന്നാവശ്യപ്പെട്ട് സീറോമലബാർ സഭയും വിവിധ സമുദായ സംഘടനകളും മൂന്നു വർഷമായി നിവേദനങ്ങൾ നൽകിവരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് ചില സംഘടനകൾ ഈ വിവേചനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ സർക്കാർ അവിടെയും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്.
2023 ഓഗസ്റ്റ് 26ലെ സംസ്ഥാന സർക്കാർ ഉത്തരവു പ്രകാരം കേന്ദ്ര സർക്കാർ സി- ടെറ്റ് എന്ന പരീക്ഷയിൽ ഇഡബ്ല്യുഎസ് നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ കെ- ടെറ്റിലും നടപ്പിലാക്കുന്നില്ലത്രേ. എന്നാൽ ഏറ്റവും വലിയ എലിജിബിലിറ്റി ടെസ്റ്റായ യുജിസി നെറ്റിൽ ഇഡബ്ല്യുഎസിന് മാർക്ക് ഇളവുണ്ട് എന്ന കാര്യം സംസ്ഥാന സർക്കാർ ബോധപൂർവം തമസ്കരിക്കുകയാണ്.
ഇഡബ്ല്യുഎസിനോട് മാത്രം സംസ്ഥാന സർക്കാർ ചിറ്റമ്മനയം പുലർത്തുന്നതെന്തുകൊണ്ട് എന്ന് വ്യക്തമാക്കണം. സംവരണരഹിതർ അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാരിൽ നിന്നു കൈപ്പറ്റുന്നതിനുപോലും സംസ്ഥാന സർക്കാർ തടസം നിൽക്കുന്നതെന്തിന്? ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ചുപോയി എന്നതിന്റെ പേരിൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ എല്ലാം നിഷേധിക്കപ്പെട്ട് എല്ലായിടത്തുനിന്നും മാറ്റി നിർത്തപ്പെടുന്ന സംവരണ രഹിതരുടെ ആവശ്യങ്ങൾക്കു മാത്രം സർക്കാർ എന്തുകൊണ്ട് ചെവികൊടുക്കുന്നില്ല? അവരും ഈ നാട്ടിലെ പൗന്മാരല്ലേ? കേരളത്തിൽ ഇഡബ്ല്യുഎസ് സംവരണം അട്ടിമറിക്കുന്നതിനുള്ള ചില ശക്തികളുടെ കുടിലതന്ത്രങ്ങൾ മനസിലാക്കണമെന്നും ജനങ്ങൾക്കു പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായി നിശ്ചയിച്ച് നടപ്പിൽ വരുത്തണമെന്നുമാണ് മുഖ്യമന്ത്രിയോട് അഭ്യർഥിക്കാനുള്ളത്.