നടനാകാൻ ജന്മം കൊണ്ടു...
Friday, September 22, 2023 2:11 AM IST
ഒരു നടനാവുക എന്ന സ്വപ്നത്തിൽ ജീവിച്ച് ആ സ്വപ്നം അക്ഷരാർഥത്തിൽ സത്യമാക്കിയ അഭിനേതാവാണ് മധു. പരീക്കുട്ടിയെ പോലുള്ള പരമശുദ്ധ കഥാപാത്രങ്ങളിൽ താൻ തളച്ചിടപ്പെടുകയാണ് എന്ന് തോന്നിയ നിമിഷത്തിൽ പ്രിയ എന്ന പേരിൽ സിനിമ ചെയ്ത് സ്വയം ആന്റി ഹീറോയായ ഗോപൻ ആയി മാറിയ യഥാർഥ നടൻ. സംവിധായകനായും നടനായും മാറിയിട്ടും മതിയാകാതെ സിനിമയെ മുഴുവൻ സ്വന്തമാക്കുന്ന നിർമാതാവായും അദ്ദേഹം മാറി.
തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തെ കീഴതിൽ വീട്ടിൽ മാധവൻകുട്ടിക്കു നാടകത്തോടും സിനിമയോടും കുട്ടിക്കാലത്തുതന്നെ തോന്നിയ ഭ്രമം പുതിയ ആകാശങ്ങൾ തേടുകയായിരുന്നു. സിനിമ കാണുക, സിനിമ പഠിക്കുക എന്ന ലഹരി അണുവിട ചോരാതെ ഇപ്പോഴും തുടരുന്നു.
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലെ ശിവഭവൻ എപ്പോഴും ലൈവാണ്. മധുവിനൊപ്പം പ്രവർത്തിച്ചവരും സമപ്രായക്കാരായ സുഹൃത്തുക്കളും അകലങ്ങളിലായി. ഹൃദയത്തിൽ അന്നും ഇന്നും യൗവ്വനം സൂക്ഷിക്കുന്ന മധുവിനു ദിവസവും അതിഥികളുണ്ട്. ആരാധകരും മാധ്യമസുഹൃത്തുക്കളും മുടങ്ങാതെ എത്തും. സിനിമ കാണൽ, ചർച്ചകൾ എല്ലാം സജീവം. രാത്രി വളരെ വൈകും വരെ പുസ്തകവായനയും സിനിമ കാഴ്ചയും. മികച്ച നടനും സംവിധായകനും മാത്രമല്ല നല്ലൊരു ചലച്ചിത്ര വിമർശകനും ഗവേഷകനും കൂടിയാണ് മധു.
നടൻ എന്ന നിലയിൽ വളരുന്പോഴും സിനിമയ്ക്കൊപ്പം താൻ വളർന്നിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ സിനിമ കാണൽ നടന്നിരുന്നില്ല. സംവിധായകനായ സിനിമകൾ രണ്ടുമൂന്നു തവണയൊക്കെ കണ്ടിരുന്നു. അഭിനയിച്ച സിനിമകളിൽ മുപ്പതു ശതമാനം മാത്രമേ കണ്ടിട്ടുള്ളൂ. എഴുപതുകളുടെ മധ്യഘട്ടം മുതലാണ് സിനിമകാണലും ചലച്ചിത്ര പഠനവും നിലച്ചത്. അന്ന് ചെന്നൈയിലായിരിക്കും ഷൂട്ടിംഗ്.
സിനിമ റിലീസാകുന്നത് കേരളത്തിലും. തിരക്കുകൾക്കിടയിൽ നാട്ടിൽ വന്ന് സിനിമ കാണുക സാധ്യമായിരുന്നില്ല. ഡബ്ബിംഗ് സമയത്ത് ചില ഭാഗങ്ങൾ കണ്ടിരുന്നു. അത്രമാത്രം. കൊറോണ കാലം മുതൽ പുറത്തിറങ്ങാതായതോടെ യുട്യൂബ് തുടങ്ങിയ ചാനലുകളിൽ സിനിമ കാണൽ സജീവമായി. ദിവസവും രാത്രി രണ്ടോ മൂന്നോ സിനിമകൾ കാണും. പഴയ സിനിമകളും പുതിയ സിനിമകളും ഇതിൽ ഉൾപ്പെടും. പഴയ സിനിമകൾ കാണുന്നതാണ് കൂടുതൽ ഇഷ്ടം.
കാലം തോൽക്കുന്ന സൗഹൃദങ്ങൾ
സിനിമയ്ക്കകത്തും പുറത്തും പലപല തലമുറകൾക്കൊപ്പം പ്രവർത്തിക്കാനും ജീവിക്കാനും സാധിച്ച ഒരേയൊരു നടനാണ് മധു. സത്യനിലും പ്രേംനസീറിലും തുടങ്ങിയ ആത്മബന്ധം സുകുമാരൻ, സോമൻ തുടങ്ങിയ നായക നടന്മാരിലൂടെയും നീണ്ടു. പിന്നീട് വെള്ളിത്തര കീഴടക്കിയ മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ താരങ്ങളുമായും മധുവിന് അഭ്രപാളിക്ക് അകത്തും പുറത്തും ഉറ്റ ബന്ധമുണ്ട്. മുകേഷ്, ജയറാം, ദിലീപ് അങ്ങനെ നീളുന്ന തലമുറയ്ക്കൊപ്പവും മധു യൗവ്വന പ്രസരിപ്പോടെ ഇഴചേർന്നു.
എന്റെ സൂപ്പർ സ്റ്റാർ
മമ്മൂട്ടി ഒരിക്കൽ മധുവിനെക്കുറിച്ച് പറഞ്ഞത് എന്റെ സൂപ്പർ സ്റ്റാർ എന്നാണ്. സിനിമാ നടൻ ആകുന്നതിനു മുൻപ് സിനിമയിലെ തന്റെ ആരാധനാപാത്രം മധു സാർ ആയിരുന്നെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മധു സാറിന്റെ പൊക്കം, അഭിനയം, ഹെയർ സ്റ്റൈൽ എല്ലാം എന്നെ ആകർഷിച്ചു. കാട്ടുപൂക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗിനായി മധു മമ്മൂട്ടിയുടെ നാട്ടിൽ എത്തിയപ്പോൾ വഞ്ചി തുഴഞ്ഞാണ് മമ്മൂട്ടി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെത്തിയത്.
അന്നത്തെ കുട്ടിയായ മമ്മൂട്ടിയുടെ വഞ്ചിയിൽ കയറി മധു വഞ്ചി തുഴഞ്ഞ കഥകൾ ഒരു സിനിമാക്കഥപോലെ അത്ഭുതകരമാണ്. സാറുമായി എനിക്ക് വ്യക്തിപരമായി വല്ലാത്ത ഒരടുപ്പം ഉണ്ട്. ഇപ്പോഴും ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. അച്ഛനും മകനുമായി ഇവർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മോഹൻലാലിന് കടൽ എന്ന പോലെ അത്ഭുതം
മോഹൻലാലിനു പ്രിയ സുഹൃത്തും മൂത്ത സഹോദരനും അച്ഛനും വഴികാട്ടിയുമൊക്കെയാണ് മധു സാർ. രണ്ടുപേരുടെ ഉള്ളിലും ഒരു കുട്ടി ഉള്ളതുകൊണ്ടാവും അവർ ഒത്തുചേരുന്പോൾ കുസൃതിയും കളിയും ചിരിയും ഒക്കെയാണ്. പുറമെ കർക്കശ മുഖഭാവമാണ് മധുവിന്. എല്ലാവരുമായും പെട്ടന്ന് സൗഹൃദം കൂടുന്ന പ്രകൃതവുമല്ല. സിനിമാനടൻ എന്ന നിലയിൽ ചിരിക്കും, സംസാരിക്കും അത്ര മാത്രം. എന്നാൽ ഹൃദയവുമായി വളരെ അടുത്തു കഴിഞ്ഞാൽ പിന്നെ മട്ടുമാറും. മോഹൻലാലുമൊത്തുള്ള കഥകൾ കേട്ടാൽ പ്രേക്ഷകർ അത്ഭുതപ്പെട്ടു പോകും. ഷൂട്ടിംഗ് കഴിഞ്ഞ് കാറിൽ സഞ്ചരിക്കുന്പോൾ ഒഴിഞ്ഞ പറന്പിലെ കപ്പ പിഴുതെടുത്ത് ഓടുന്ന രംഗങ്ങൾ വരെ ഉണ്ട്. മധു സാർ അന്നും ഇന്നും എനിക്കു മുന്നിൽ ഒരു കടലാണ് എന്ന് മോഹൻലാൽ എഴുതിയിട്ടുണ്ട്.
സ്വന്തം കുടുംബക്കാരോടും ബന്ധുക്കളോടും തോന്നുന്നതോ അല്ലെങ്കിൽ അതിലധികമോ ഇഷ്ടം സിനിമക്കാരെ കാണുന്പോൾ തോന്നുന്നുവെന്നും മധു പറയാറുണ്ട്. എന്നോടൊപ്പം സിനിമയിൽ പ്രവർത്തിച്ച ഭൂരിഭാഗം പേരും ഇന്നില്ല. ഹൃദയത്തോടു ചേർന്നു പോയിരുന്ന സത്യൻ സാർ, പ്രേംനസീർ ഉൾപ്പെടെയുള്ളവരെ സിനിമയിലൂടെ കാണുന്പോൾ ആദ്യമൊക്കെ വലിയ വേർപാടിന്റെ വേദന വരുമായിരുന്നു.
നമ്മളെ വിട്ടുപോയ ഉറ്റവരുടെ ഫോട്ടോകളും ചിത്രങ്ങളും പോലും എത്ര ഓർമകളും ദുഃഖങ്ങളുമാണ് സമ്മാനിക്കുന്നത്. അപ്പോൾ സിനിമയിലേതുപോലെ പ്രിയപ്പെട്ടവരെ പൂർണമായി കാണുന്പോൾ വേർപിരിയലിന്റെ ആഴം കൂടും. സത്യൻ സാർ, പ്രേംനസീർ, എസ്.പി. പിള്ള, കൊട്ടാരക്കര, തിക്കുറിശി, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, അങ്ങനെ മണ്മറഞ്ഞു പോയവരെ സ്ക്രീനിൽ കാണുന്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു. എന്നാൽ അടുത്ത കാലത്തായി എന്റെ മനോഭാവം മാറിയിട്ടുണ്ട്. സ്ക്രീനിലൂടെ എങ്കിലും പ്രിയപ്പെട്ടവരെ ഒരിക്കൽകൂടി കാണാൻ കഴിയുന്നല്ലോ എന്ന ചിന്തയാണ് ഇപ്പോൾ.
മലയാള സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കിയ മഹാരഥൻ
മലയാള സിനിമയ്ക്കു സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ മഹാരഥന്മാരിൽ ഒരാളാണ് ചലച്ചിത്ര നടൻ മധു എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാളത്തിന്റെ പ്രിയതാരം മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയായ ശിവഭവൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി സജി ചെറിയാൻ മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരമായി ഒരു ലക്ഷം രൂപയും ലൂമിയർ ബ്രദേഴ്സ് രൂപകല്പന ചെയ്ത ആദ്യകാല മൂവി കാമറയുടെ മാതൃകയും സമ്മാനിച്ചു.
മധുവിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്രവലിയ ആദരവിനു അർഹനാണോ താൻ എന്ന് സ്വതസിദ്ധമായ ശൈലിയിൽ മധു മറുപടി പറഞ്ഞു. അറുപത് വർഷമായി സിനിമാ ലോകത്തെത്തിയിട്ട്. എല്ലാവരും അംഗീകരിക്കുന്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്. മഞ്ജുളാ ദേവി