Friday, September 29, 2023 12:59 AM IST
മലയാളികളുടെ വിദേശ കുടിയേറ്റം -04 / ജോര്‍ജ് കള്ളിവയലില്‍
അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപന, പഠന രീതികളും ജീവിത സാഹചര്യങ്ങളും ഇന്ത്യയില്‍ വരാതെ വിദേശ കുടിയേറ്റം നിലയ്ക്കില്ല. വിദ്യാഭ്യാസ, തൊഴില്‍ സംസ്കാരവും മാറണം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന സാധ്യതകള്‍ മനസിലാക്കി അതിനനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ വേണം.
കേരളത്തിലെ പല സര്‍വകലാശാലകളിലും കോളജുകളിലും ഇക്കാര്യത്തില്‍ കുറെയൊക്കെ മാറ്റം കാണാം. എങ്കിലും ആഗോള തലത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ല. തൊഴില്‍ വൈദഗ്ധ്യവും ഉയര്‍ന്ന ശമ്പളമുള്ള തൊഴിലവസരങ്ങളും ആവശ്യമാണ്. പുതിയ സംരംഭകരെയും ബിസിനസുകാരെയും പ്രോത്സാഹിപ്പിക്കാനും കഴിയണം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലയും കൂടിയാലോചിച്ചു ദിശാബോധത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും വിദ്യാഭ്യാസ മേഖലയില്‍ നയപരമായ മാറ്റങ്ങള്‍ വരുത്തിയാലേ ഫലവത്താകൂ. വിദ്യയെ ആരും അഭ്യാസമാക്കരുത്. രാഷ്ട്രീയ, ഭരണ, മത, സാമുദായിക, സാമൂഹിക മേഖലകളിലും പൊളിച്ചെഴുത്തിനു കാലമായി. പരക്കെയുള്ള അഴിമതിയും കെടുകാര്യസ്ഥതയും വിദ്യാഭ്യാസ മേഖലയെയും അര്‍ബുദം പോലെ ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയ അതിപ്രസരവും ഉദ്യോഗസ്ഥരുടെ തോന്ന്യാസങ്ങളും മത, സാമുദായിക ഗ്രൂപ്പുകളുടെ താത്പര്യങ്ങളും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭരണത്തിലേറുന്നവര്‍ക്ക് എന്തുമാകാമെന്ന നിലയും നശിപ്പിക്കുകയാണ്.
ഏഴര ലക്ഷം മലയാളികള്‍
കേരളത്തില്‍നിന്ന് ഏഴര ലക്ഷം വിദ്യാര്‍ഥികളാണു കഴിഞ്ഞവര്‍ഷം മാത്രം വിദേശ പഠനത്തിനായി പോയത്. കോവിഡിനെത്തുടര്‍ന്ന് 2021ല്‍ ഇത് 4.44 ലക്ഷം പേരായിരുന്നു. 2019ല്‍ 5.86 ലക്ഷം മലയാളി വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനായി പോയി. 2025ല്‍ 75 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാകും വിദേശത്തു പഠനം നടത്തുക. ഇന്ത്യയുമായുള്ള ബന്ധം വഷളായ കാനഡയില്‍ മൂന്നേകാല്‍ ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31വരെ കാനഡയില്‍ മാത്രം 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പറയുന്നു. ഇവരില്‍ മലയാളികളും ഏറെയുണ്ട്. കാനഡയുമായുള്ള സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കില്‍ മലയാളികളുടെ അടക്കം ഭാവി ആശങ്കയിലാകുകയും ചെയ്യും.
കാനഡയിലെ എട്ടു ലക്ഷം വിദേശ വിദ്യാര്‍ഥികളില്‍ 40 ശതമാനം ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം മാത്രം 2,26,450 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് കാനഡ വീസ നല്‍കിയത്. കാനഡയിലുള്ള വിദേശ വിദ്യാര്‍ഥികളിലൂടെ 1,530 കോടി ഡോളറാണ് (15.3 ബില്യണ്‍) കാനഡയ്ക്കു ലഭിച്ചതെന്ന് അവിടുത്തെ സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയുടെ വലിയ ബൗദ്ധിക നഷ്ടത്തിന് (ബ്രെയിന്‍ ഡ്രെയിന്‍) പുറമേ വന്‍തോതിലുള്ള സാമ്പത്തിക ഒഴുക്കുമാണ് നടക്കുന്നത്. രണ്ടു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിലവില്‍ അമേരിക്കയിലുണ്ട്. ഇംഗ്ലണ്ട്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പുര്‍, മലേഷ്യ, ചൈന തുടങ്ങിയവ അടക്കം നിരവധി രാജ്യങ്ങളിലേക്കും നമ്മുടെ വിദ്യാര്‍ഥികളുടെ പലായനം വർധിക്കുന്നു.
വേണം, നല്ല ശമ്പളമുള്ള ജോലി
വിദേശ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ അനുമതി നല്കിയതു കൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സ്ഥിതി പാടെ മാറണം. 2022ലെ കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയെങ്കിലും ഫലപ്രദമായതുമില്ല. വിദേശ സര്‍വകലാശാലകളില്‍ 11,39,749 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി 2022ല്‍ രാജ്യസഭയെ അറിയിച്ചിരുന്നു. ആന്ധ്രപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്രഎന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ് 2011ല്‍ കേരളത്തിന്റെ സ്ഥാനം. എന്നാല്‍ കുടിയേറ്റ കാര്യത്തില്‍ (മെഗ്രേഷന്) പഞ്ചാബിന്റെ ഒപ്പം മുന്നിലാണ് കേരളം.
മികച്ച വിദ്യാഭ്യാസത്തോടൊപ്പം നല്ല ശമ്പളമുള്ള ജോലി ലഭിക്കുകയെന്നതാണ് മുഖ്യം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ എന്നിവയ്ക്കു പുറമെ ഐടി മേഖലയില്‍ മാത്രമാണ് ഇന്ത്യയില്‍ ഭേദപ്പെട്ട ശമ്പളം നല്‍കുന്നത്. നല്ല ശമ്പളവും ഉയര്‍ന്ന ജീവിതനിലവാരവും സ്വാതന്ത്ര്യവും ലഭിക്കുന്നില്ലെങ്കില്‍ യുവതയുടെ വിദേശത്തേയ്ക്കുള്ള ഒഴുക്കു തുടരും. അവസരങ്ങള്‍ പരിമിതവും ഉള്ള അവസരങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക, മത സ്വാധീനമുള്ളവര്‍ തട്ടിയെടുക്കുകയും ചെയ്യുന്നത്, അധ്വാനിച്ചു നല്ല മാര്‍ക്കു നേടുന്ന മെറിറ്റുള്ളവരെ നിരാശരാക്കുന്നു.
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടിയ തോതില്‍ തേടേണ്ടിവരും. വൈകിയെങ്കിലും അനിവാര്യ മാറ്റത്തിനു കേരളത്തിനു കഴിഞ്ഞില്ലെങ്കില്‍ സാമുദായിക പരിഷ്കര്‍ത്താക്കളും ക്രൈസ്തവ മിഷണറിമാരും നൂറ്റാണ്ടുകള്‍ക്കു മുമ്പേ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ തുടക്കമിട്ട നല്ല നേട്ടങ്ങള്‍ പഴങ്കഥയാകും.
കേരളത്തിനു സാധ്യതകളേറെ
ജെഎന്‍യു സര്‍വകലാശാലയും സെന്റ് സ്റ്റീഫന്‍സും മുതല്‍ ലേഡി ശ്രീറാം, മിറാന്‍ഡ, ഹിന്ദു, ലൊയോള, സെന്റ് സേവ്യേഴ്സ്, കിരോരി മാല്, പ്രസിഡന്‍സി, ഹന്‍സ് രാജ്, ശ്രീവെങ്കിടേശ്വര, ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, സെന്റ് ജോസഫ്സ്, ജീസസ് ആന്‍ഡ് മേരി തുടങ്ങിയ കോളജുകളുടെ നിലവാരത്തിലേക്ക് തേവര സേക്രഡ് ഹാര്‍ട്ട്, എറണാകുളം സെന്റ് തെരേസാസ്, ചങ്ങനാശേരി എസ്ബി, തിരുവനന്തപുരം മാര്‍ ഈവാനിയോസ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ സെന്റ് തോമസ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, ആലുവ യുസി, പാലാ സെന്റ് തോമസ്, കോട്ടയം സിഎംഎസ്, തിരുവനന്തപുരം വിമന്‍സ്, കോതമംഗലം മാര്‍ അത്തനേഷ്യസ് തുടങ്ങിയ കേരളത്തിലെ കോളജുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ (എന്‍ഐആര്‍എഫ്) അടക്കം ഇന്ത്യയിലെ മികച്ച 100 കോളജുകളുടെ പട്ടികയിലേക്ക് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തൃശൂര്‍ ജൂബിലി മിഷന്, അമല, തിരുവല്ല പുഷ്പഗിരി, കൊച്ചി അമൃത, കോലഞ്ചേരി ഓര്‍ത്തഡോക്സ്, മലപ്പുറം എംഇഎസ് തുടങ്ങിയ സ്വകാര്യ മെഡിക്കല്‍ കോളജുകളും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി, പാലാ സെന്റ് ജോസഫ്സ്, കുട്ടിക്കാനം മരിയന്‍, തിരുവനന്തപുരം ഐഐഎസ്ടി, എറണാകുളം രാജഗിരി, ഫിസാറ്റ്, വിസാറ്റ്, തിരുവനന്തപുരം മരിയന്‍, വാഴക്കുളം വിശ്വജ്യോതി, തിരുവനന്തപുരം ലൂര്‍ദ് മാതാ, മാര്‍ ബസേലിയോസ്, കൊല്ലം ബിഷപ് ജെറോം, കൊച്ചി ആല്‍ബര്‍ട്ടിയന്‍, ആലപ്പുഴ കാര്‍മല്‍, കൊടകര സഹൃദയ, തൃശൂര്‍ ജ്യോതി, തലശേരി വിമല്‍ ജ്യോതി, തിരുവനന്തപുരം ക്രൈസ്റ്റ്, കോട്ടയം സെയിന്റ്ഗിറ്റ്സ്, ഏറ്റുമാനൂര്‍ മംഗളം, കൊല്ലം ഹിന്ദുസ്ഥാന്‍, കൊച്ചി ചിന്മയ, തൃശൂര്‍ തേജസ്, ചെങ്ങന്നൂര്‍ സെന്റ് തോമസ്, കണ്ണൂര്‍ ഗവൺമെന്റ്, കോഴിക്കോട് കെഎംസിടി, മലപ്പുറം എംഇഎസ്, തിരുവനന്തപുരം ട്രിനിറ്റി തുടങ്ങിയ എന്‍ജിനിയറിംഗ് കോളജുകളും മികച്ച നിലയിലേക്ക് വളരാന്‍ കെല്പും സാധ്യതകളുമുള്ള ചില സ്ഥാപനങ്ങളാണ്. ആയുര്‍വേദ, ദന്ത, നഴ്സിംഗ് കോളജുകള്‍ക്കും ഇതിലേറെ സാധ്യതകളുണ്ട്.
പക്ഷേ ഓക്സ്ഫഡ്, കേംബ്രിഡ്ജ്, ഹാര്‍വാഡ്, സ്റ്റാന്‍ഫോഡ്, ലണ്ടന്‍ ഇംപീരിയല്‍, സിംഗപ്പുര്‍, ചിക്കാഗോ, പെന്‍സില്‍വാനിയ, ജോണ്‍ ഹോപ്കിന്‍സ്, യേല്‍, പ്രിന്‍സ്റ്റണ്‍, കോര്‍നെല്‍, പെകിംഗ് തുടങ്ങിയ ലോകപ്രശസ്ത കലാലയങ്ങളുടെ അയലത്തെത്താന്‍ കേരളത്തിലെയും ഇന്ത്യയിലെയും പല കലാലയങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പു മുതലെടുത്ത് പഠന നിലവാരവും വിദ്യാഭ്യാസ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള നമ്മുടെ യുവതയുടെ കുത്തൊഴുക്കു തനിയെ കുറയും.
മാറട്ടെ മനോഭാവം, സംസ്കാരം
കേരളംപോലെ മനോഹരമായ ഭൂപ്രദേശത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദേശ വിദ്യാര്‍ഥികള്‍ക്കുകൂടി സ്വീകാര്യവും താത്പര്യവുമുള്ള സിലബസും പഠന സൗകര്യങ്ങളും അത്യാവശ്യം സ്വാതന്ത്ര്യവും നല്‍കുകയും ചെയ്താല്‍ അനന്ത സാധ്യതകളാകും തുറക്കുക. ഇതിനായി പുതിയ സ്വകാര്യ കല്പിത സര്‍വകലാശാലകളും ഓട്ടോണമസ് കോളജുകളും പ്രോത്സാഹിപ്പിക്കണം. നിലവിലുള്ള കോളജുകള്‍ക്കും ഇത്തരത്തിലുള്ള മാറ്റത്തിനു കഴിയണം.
കേരളത്തില്‍ മെഡിക്കല്‍ ടൂറിസം വികസിക്കുന്നതിലും വേഗത്തില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സാധ്യതകള്‍ കേരളത്തിനുണ്ട്. ചെലവു കുറഞ്ഞ ഏറ്റവും മികച്ച ചികിത്സയ്ക്കായി കേരളത്തിലേക്കു വരുന്ന വിദേശികളുടെ എണ്ണം കൂടിവരുന്നുണ്ട്. ആയുര്‍വേദം, പ്രകൃതിചികിത്സ തുടങ്ങിയവയുടെ സാധ്യതകളും കൂടിവരുന്നു. വിദ്യാഭ്യാസ മേഖലയിലേക്കു വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കണമെങ്കില്‍ പക്ഷേ വലിയ ശ്രമങ്ങളും നയപരമായ മാറ്റങ്ങളും മുതല്‍ ജനങ്ങളുടെ മനോഭാവത്തില്‍ വരെ വ്യതിയാനം വേണം.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനവും ശുചിത്വവും പ്രധാനമാണ്. വിദ്യാഭ്യാസ മേഖലയിലെ വിദേശ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്താണ് ആദ്യത്തെ ശ്രമം വേണ്ടത്. വിദ്യാഭ്യാസ വായ്പ പോലുള്ള കാര്യങ്ങളില്‍ ഉദാര വ്യവസ്ഥകളും സമീപനവും കൂടിയേ തീരൂ. ഒപ്പം സ്വകാര്യ മേഖലയും പൊതുസമൂഹവും മാറാന്‍ തയാറാകണം. തൊഴില്‍ സംസ്കാരവും മാറണം. കേരളത്തിനു പുറത്തുപോയി എന്തു ജോലിയും ചെയ്യുന്ന മലയാളികള്‍ സ്വന്തം നാട്ടില്‍ കള്ളപ്പണി ചെയ്യാന്‍ മടിക്കില്ല!
വിനയായി മാറുന്ന വിവാദങ്ങള്‍
വിദേശികളടക്കമുള്ള വിദ്യാര്‍ഥികളുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കു ഭയമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമെന്ന തോന്നലാണു മുഖ്യം. കൂടിവരുന്ന അക്രമങ്ങളും ബലാത്സംഗങ്ങളും മുതല്‍ ഹര്‍ത്താലും പണിമുടക്കുകളും സമരങ്ങളുമെല്ലാം വിദേശ വിദ്യാര്‍ഥികളെ ഉലയ്ക്കും. മറ്റെന്തിനെക്കാളും സുരക്ഷയും സമാധാനവും സ്വാതന്ത്ര്യവും വിലപ്പെട്ടതാണ്. വിദ്യാഭ്യാസത്തോടും വിദ്യാര്‍ഥികളോടുമുള്ള മനോഭാവത്തിലും സമീപനത്തിലും തൊഴില്‍ സംസ്കാരത്തിലും വലിയ പരിഷ്കാരം ഉണ്ടാവേണ്ടതുണ്ട്.
വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യവും പഠന രീതികളിലെ തുറന്ന സമീപനവും പുതിയ കാലത്ത് കൂടിയേ തീരൂ. അധ്യാപകരിലും മാനേജ്മെന്റിലും മാതാപിതാക്കളിലുമെല്ലാം കുട്ടികളോടുള്ള മനോഭാവത്തില്‍ മാറ്റം വേണം. സ്വാതന്ത്ര്യം തേടിക്കൂടിയാണു പല വിദ്യാര്‍ഥികളും വിദേശത്തേയ്ക്കു പറക്കാന്‍ വെമ്പല്‍ കൂട്ടുന്നത്.
മൊബൈല്‍ ഫോണുകളും വാട്ട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം മുതല്‍ ഗെയിം ആപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്കു പ്രാപ്യമല്ലാത്തതൊന്നും തന്നെയില്ല. അറിവിന്റെ വിസ്ഫോടനങ്ങളാണു ചുറ്റും. അതില്‍ തെറ്റും ശരിയുമുണ്ട്.
ഇന്റര്‍നെറ്റിലെ വിശാല ലോകവും യൂട്യൂബ് അടക്കമുള്ളവയും കുട്ടികളുടെ കാഴ്ചപ്പാടുകളെ പോലും മാറ്റിമറിക്കുന്നുണ്ട്. എത്ര നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവോ, അത്രകണ്ടു വേലികള്‍ പൊളിച്ചടുക്കാനാകും യുവജനങ്ങളുടെ മോഹം. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതുപോലെതന്നെ കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും ചില തത്പരകക്ഷികള്‍ സൃഷ്ടിച്ചെടുക്കുന്ന അനാവശ്യ വിവാദങ്ങളും ഒഴിവാക്കേണ്ടതുണ്ട്.
ലോകത്തോളം വളരട്ടെ, കേരളം
പഠിച്ചു മിടുക്കരാകാന്‍ അച്ചടക്കത്തിന്റെ വടിയോങ്ങി കുട്ടികളെ വിരട്ടി നിര്‍ത്തണമെന്ന പഴഞ്ചന്‍ സമീപനം കടലിലെറിയണം. കലാലയങ്ങളെ ജയിലുകളാക്കിയിരുന്ന കാലം പൊളിച്ചെഴുതുക. പഴയകാലത്തെ കുട്ടികളല്ല ഇന്നത്തേത്. കുറഞ്ഞ കാലം കൊണ്ടു വലിയ തോതില്‍ പണം സമ്പാദിക്കുകയും ജീവിതം ആസ്വദിക്കുകയുമാണു പുതുതലമുറയുടെ മോഹം.
കേരളത്തിലെ വിദ്യാഭ്യാസ രീതികളില്‍ കാതലായ പരിഷ്കാരം വരുത്തേണ്ട സമയം അതിക്രമിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല അഴിച്ചുപണി അനിവാര്യമാണ്. ആഗോള നിലവാരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കു പ്രാമുഖ്യം കൊടുത്തേ മതിയാകൂ. സിലബസിലും പഠനരീതിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടു മതിയാകില്ല. ഭൂഗോളത്തിന്റെ വാതിലുകള്‍ തുറന്ന് പറക്കുമ്പോഴും കേരളം ഭരിക്കുന്നവരുടെയും മലയാളിയുടെ മനസിന്റെയും വാതിലുകള്‍കൂടി തുറന്നാലേ വിജയം കൈവരിക്കാനാകൂ. ലോകം ചെറുതാകുമ്പോള്‍ ലോകത്തോളം വളരാനും മാറാനും കേരളത്തിനു കഴിയണം.
(അവസാനിച്ചു)