Saturday, September 30, 2023 11:49 PM IST
ഡോ. ജിനോ ജോയ് എംഡി
(കൺസൾട്ടന്റ് & ജെറിയാട്രിക് മെഡിസിൻ തലവൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ , എറണാകുളം)
മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളും ഉന്നത ജീവിതനിലവാര സൂചികകളുംകൊണ്ട് തിളങ്ങിനിൽക്കുന്ന നാടാണ് നമ്മുടെ കേരളം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരി ആയുർദൈർഘ്യം ഏറ്റവും കൂടുതലും ഇവിടെത്തന്നെ. എന്നാൽ, പ്രായംചെന്നവരുടെ എണ്ണത്തിലും കേരളം ഒന്നാമതാണ്. മൂന്നരക്കോടിയിലേറെ ജനസംഖ്യയുള്ള കേരളത്തിൽ 60 കഴിഞ്ഞവരുടെ എണ്ണം ഇപ്പോൾ 13 ശതമാനമാണ്. വരുന്ന ദശാബ്ദത്തോടെ ഇത് 25 ശതമാനത്തിനു മുകളിലാകും. രണ്ടു ദശാബ്ദങ്ങൾക്കപ്പുറം കേരളത്തിൽ 50 ശതമാനത്തിലേറെ പേർ വാർധക്യത്തിലേക്കു കാലുവച്ചിട്ടുണ്ടാകും. ഭാരതത്തിന്റെ വൃദ്ധസദനം എന്നപേരിൽ കേരളം അറിയപ്പെടുന്ന കാലം വിദൂരമല്ല.
നമ്മുടെ നാട്ടിലെ കുറയുന്ന ജനനനിരക്കും വിദേശങ്ങളിലേക്കുള്ള യുവതീയുവാക്കളുടെ അഭൂതപൂർവമായ കുടിയേറ്റവും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന പലരുടെയും തിരിച്ചുവരവും എല്ലാം ഇതിനു കാരണമാകുന്നുണ്ട്. വരുംവർഷങ്ങളിൽ കേരളത്തിന്റെ ശ്രദ്ധ ഏറ്റവും കൂടുതൽ ആവശ്യമായി വരിക വയോജന ആരോഗ്യ പരിചരണത്തിലാണ്. മുന്പ് ഒരു ന്യൂനപക്ഷമായിരുന്ന വയോജനങ്ങൾ, നാളെ ഭൂരിപക്ഷമായി മാറുന്പോൾ അവരെ പരിഗണിക്കാനും പരിചരിക്കാനും വേണ്ടത്ര യുവജനങ്ങൾ ഈ നാട്ടിൽ ഉണ്ടാകില്ല എന്നുള്ളതു സങ്കടകരമായ ഒരു യാഥാർഥ്യമാണ്. ഒരുപക്ഷേ, ഈ പ്രശ്നത്തിന്റെ സാന്ദ്രത ആരോഗ്യരംഗത്തെ വിദഗ്ധർപോലും ഇനിയും മനസിലാക്കിയിട്ടില്ല; നമ്മുടെ പൊതുസമൂഹവും.
ആരോഗ്യപൂർണമായ വാർധക്യം
ലോകാരോഗ്യ സംഘടന ഈ ദശാബ്ദത്തെ ആരോഗ്യപൂർണമായ വാർധക്യത്തിന്റെ ദശാബ്ദമായിട്ടാണ് ആചരിക്കുന്നത്. ഒരു വ്യക്തി ആയിരിക്കുന്ന ആവാസവ്യവസ്ഥയിൽ നിന്നുകൊണ്ടുതന്നെ പ്രായമാകാനുള്ള അവകാശം പരിരക്ഷിക്കാനും വാർധക്യത്തെ ആരോഗ്യപൂർണമായി നേരിടാൻ സാഹചര്യങ്ങൾ ഒരുക്കാനുമാണ് ആരോഗ്യപൂർണമായ വാർധക്യം എന്ന ആശയംവഴി ലക്ഷ്യംവയ്ക്കുന്നത്. പ്രായം ചെല്ലുന്തോറും സ്വാഭാവികമായും ആരോഗ്യപ്രശ്നങ്ങൾ നിരവധിയായി പിടിപെട്ടേക്കാം. സമഗ്ര വയോജനാരോഗ്യ പരിശോധനയാണ് ഒരു ഉത്തമ വാർധക്യകാല പരിശോധനാരീതിയായി വികസിതരാജ്യങ്ങളിൽ പിന്തുടരുന്നത്. ഒരു വയോജന ആരോഗ്യവിദഗ്ധന്റെ നേതൃത്വത്തിൽ പ്രായം ചെല്ലുന്പോൾ ശരീരത്തിനും മനസിനും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെയും ആരോഗ്യപ്രശ്നങ്ങളെയും പ്രത്യേകം അവലോകനം ചെയ്യുന്നതാണു സമഗ്രമായ ഈ പരിശോധനയുടെ ലക്ഷ്യം.
സ്വന്തം ജീവിതത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ ഒരു വ്യക്തിക്കു പരസഹായം ഇല്ലാതെ സ്വയം ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നുള്ള ചോദ്യത്തിൽ തുടങ്ങി വിഷാദം, ഉറക്കക്കുറവ്, ഓർമക്കുറവ്, മലബന്ധം, മൂത്രസംബന്ധമായ അസുഖങ്ങൾ, വീഴ്ചകൾ, കേൾവിക്കുറവ്, കാഴ്ചയിലെ പ്രശ്നങ്ങൾ എന്നിങ്ങനെ പ്രായം ചെല്ലുന്പോൾ ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഒരു ചോദ്യാവലിയുടെ സഹായത്തോടെ ഒരു വിദഗ്ധൻ രോഗിയിൽനിന്നുതന്നെയോ പരിചാരകരിൽനിന്നോ ചോദിച്ചറിയുകയാണ് ഇതിലൂടെ. എല്ലാ മുതിർന്ന പൗരന്മാർക്കും ഇത്തരത്തിലുള്ള ഒരു പരിശോധന ആണ്ടുവട്ടത്തിൽ ഒരിക്കലെങ്കിലും നടത്താൻ സാധിക്കേണ്ടവിധം നമ്മുടെ ആരോഗ്യരംഗത്തെ ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ, വയോജന ആരോഗ്യവിദഗ്ധരുടെ ദൗർലഭ്യം ഇതിനു തടസം നിൽക്കുന്നു.
വേണം, പ്രത്യേക പരിഗണന
മുതിർന്ന പൗരന്മാരിലെ ആരോഗ്യ അവസ്ഥകളുടെ സങ്കീർണതകൾക്കൊത്തവണ്ണം പലപ്പോഴും അർഹമായ പരിഗണനകൾ കിട്ടുന്നില്ല എന്നുള്ളതാണു വാസ്തവം. പലരും പല ഡോക്ടർമാരുടെ അടുക്കൽനിന്നും മരുന്നുകൾ കഴിക്കുന്നുണ്ടാവാം. പലവിധ സ്പെഷലിസ്റ്റുകളിൽനിന്നായി ഓരോ അവയവത്തിനുംവേണ്ടി തനിയെ തനിയെ മരുന്നുകൾ വാങ്ങുന്നവർ ഒരുപാടുണ്ട്. പലപ്പോഴും ഈ മരുന്നുകളിൽ ചിലതെങ്കിലും പാർശ്വഫലമായി മറ്റു രോഗങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നുമുണ്ടാവാം. ഒരു അവയവത്തെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിൽ മറ്റൊരു അവയവത്തിന്റെ പ്രവർത്തനം താറുമാറായാൽ എന്തു പ്രയോജനം! പ്രായമാകുന്പോൾ ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങളെ മനസിലാക്കി ചികിത്സിക്കാൻ പരിശീലനം കിട്ടിയ വയോജന ആരോഗ്യ വിദഗ്ധരുടെ പ്രസക്തി ഇവിടെയാണ് കടന്നുവരുന്നത്.
കുട്ടികൾക്ക് പീഡിയാട്രിക്സ് ശാഖ ഉണ്ടായതുപോലെതന്നെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ പരിചരണത്തിന് പ്രത്യേകമായി വയോജനാരോഗ്യത്തിൽ പ്രാവീണ്യം ലഭിച്ച ഫിസിഷ്യന്മാരാണ് ജെറിയാട്രിഷ്യൻ എന്ന് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും ചുരുക്കം ചില ഡോക്ടർമാരേ ഈ വിഷയത്തിൽ ഉപരിപഠനം നടത്തിയവരുള്ളൂ. ഈ വിഷയത്തിൽ ഉപരിപഠനത്തിനുള്ള അവസരം ഇന്ത്യയിലെ ഏറ്റവും മികച്ച ചില സ്ഥാപനങ്ങളിൽ (സിഎംസി വെല്ലൂർ, എയിംസ് ന്യൂഡൽഹി, മദ്രാസ് മെഡിക്കൽ കോളജ് മുതലായവ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മനസിലാക്കിയ ഭരണാധികാരികൾ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ജെറിയാട്രിക്സ് പിജി കോഴ്സ്, തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കമുള്ള പല കോളജുകളിലും ഇന്ത്യയൊട്ടാകെ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് വരുംവർഷങ്ങളിൽ ഈ കുറവ് പരിഹരിക്കപ്പെടാനിടയുണ്ട്.
സാന്ത്വന പരിചരണമല്ല, വേണ്ടത് സമഗ്ര പരിചരണം
വയോജന പരിചരണം എന്നാൽ പലപ്പോഴും സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയർ ആണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട് . നമ്മുടെ ചുറ്റുമുള്ള പ്രായമായവരെ മൂന്നുതരത്തിൽ തരം തിരിക്കാം. ഒന്നാമത്തെ കൂട്ടർ, പ്രത്യക്ഷത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കർമനിരതരായി ചുറുചുറുക്കോടെ ഓടിനടക്കുന്നവരാണ്. രണ്ടാമത്തെ കൂട്ടർ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും ഉണ്ടെന്നു തിരിച്ചറിഞ്ഞ് ആശുപത്രി സന്ദർശനവും പരിശോധനകളും മരുന്നുകളും ഉപയോഗിച്ചുകൊണ്ട് സാധാരണ ജീവിതം നയിച്ചുപോരുന്നു. മൂന്നാമത്തെ വിഭാഗം അസുഖങ്ങളുടെ മൂർധന്യാവസ്ഥയിലൂടെ കടന്നുപോയി പരസഹായത്തോടെ ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ. ഇതിൽ ന്യൂനപക്ഷമായ അവസാനത്തെ വിഭാഗത്തിനാണു സാന്ത്വന പരിചരണം കൂടുതലും ആവശ്യമായി വരുന്നത്. ആദ്യത്തെ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കും മെച്ചപ്പെട്ട വയോജന ആരോഗ്യ സംവിധാനങ്ങളുടെ പ്രയോജനമാണു ലഭിക്കേണ്ടത്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാം
പ്രായമേറുന്പോൾ വൃദ്ധസദനകളിലേക്കോ അസിസ്റ്റഡ് ലിവിംഗ് സ്ഥാപനങ്ങൾ എന്നിവയിലേക്കോ ചിലരൊക്കെ ചേക്കേറിയെന്നിരിക്കും. എന്നാൽ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളിൽത്തന്നെ കഴിയാനാണു താത്പര്യപ്പെടുന്നത്. ശാരീരിക അസ്വസ്ഥതകൾ അവരെ പിടികൂടുന്പോൾ പരസഹായം വേണ്ടിവന്നേക്കാം. ഹോം നഴ്സ് സർവീസ് തേടുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികളിൽ പലരും വിദേശ രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരെ പരിചരിച്ച് ഉപജീവനം കഴിക്കുന്പോൾ, നാട്ടിൽ അവരുടെ മാതാപിതാക്കളെ അന്യസംസ്ഥാന തൊഴിലാളികളെ ഏൽപ്പിക്കേണ്ടിവരുന്ന വിരോധാഭാസവും നമ്മൾ കാണുന്നുണ്ട്.
പ്രായമായവരെ സഹായിക്കുന്നതിനു പുതിയ പരിഹാരങ്ങൾ ആവശ്യമാണ്. മനുഷ്യസഹായത്തിനപ്പുറം സാങ്കേതികവിദ്യയുടെ സഹായം ഈ മേഖലയിലും പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുന്നു. അസിസ്റ്റീവ് ടെക്നോളജി എന്നത് ഒരു വ്യക്തിയുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനോ പരിപാലിക്കുന്നതിനോ ഉള്ള ഏതെങ്കിലും ഉപകരണങ്ങൾ അല്ലെങ്കിൽ സാങ്കേതിക സംവിധാനമാണ്. നമുക്കു സുപരിചതമായ ശ്രവണ-ദൃശ്യ സഹായക ഉപകരണങ്ങൾ മുതൽ നൂതന സെൻസറുകൾ, ഓഗ്മെന്റഡ്, വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ മുതലായവ വരെ ഇതിൽ ഉൾപ്പെടുന്നു. വാക്കിംഗ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽചെയറുകൾ മുതലായവ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സഹായ ഉപകരണങ്ങളാണ്. വീഴ്ചകൾ തടയാൻ ഉപയോഗിക്കുന്ന ഗ്രാബ് ബാറുകളും ഹാൻഡിലുകളും ഇപ്പോൾ സുപരിചിതമാണ്. മറവിരോഗം ബാധിച്ച രോഗികൾ പലപ്പോഴും വഴിതെറ്റി പോകുന്നതു പതിവാണ്. ഇതുപോലുള്ള ഉപകരണങ്ങളിലെ ജിപിഎസ് ട്രാക്കറുകൾ ഉപയോഗിച്ച് രോഗിയുടെ ബന്ധുക്കൾക്ക് അവരെ നിഷ്പ്രയാസം കണ്ടുപിടിക്കാം. ജിയോ ഫെൻസിംഗ് ഉപയോഗിച്ച് അവരുടെ സുരക്ഷിത സഞ്ചാരപഥത്തിനപ്പുറം അവർ കടന്നാൽ ഉടനെ അതുകണ്ടെത്തി അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.
ഒന്നിച്ചു നിന്നാൽ
സ്വന്തം ഭവനങ്ങളിൽ ഒറ്റയ്ക്കു കഴിയുന്നതിനു പകരം ഒരു സമൂഹമായി ഒന്നിച്ചു കഴിയുന്നതു നല്ലതാണ്. എന്നാൽ പലർക്കും സ്വകാര്യതയുടെ അതിർവരന്പുകൾ ഭേദിക്കുന്നത് ഇഷ്ടമല്ല. വീടുകളിൽ കഴിയുന്പോൾത്തന്നെ സമൂഹത്തിലുള്ള മറ്റു പ്രായംചെന്നവരുമായി അടുത്തിടപഴകാനുള്ള ഒരു അവസരവും പാഴാക്കരുത്. മുതിർന്നവരുടെ സംഗമങ്ങൾ, റിട്ടയർമെന്റ് അസോസിയേഷൻ മീറ്റിംഗുകൾ, കുടുംബ കൂട്ടായ്മകൾ, അയൽക്കൂട്ടങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യപരമായ ഒരു സാമൂഹികബന്ധം നിലനിർത്താൻ സാധിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്തി ഏജിംഗ് ക്ലബ് കൂട്ടായ്മകൾ എറണാകുളം പോലുള്ള വലിയ നഗരങ്ങളിൽ ഇപ്പോൾ സജീവമാണ്. ഇതു നഗര-ഗ്രാമങ്ങളിലും തുടങ്ങണം.
അവസരങ്ങളുടെ ജാലകം
പ്രായം ചെല്ലുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലെ വിശ്രമകാലം ചെലവഴിക്കാൻ എന്തുകൊണ്ടും നല്ല ഒരു പ്രദേശം തന്നെയാണു കേരളം. പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ഈ നാട്, ലോകത്തിലെ ഏതു മുതിർന്ന പൗരനും ശിഷ്ടകാലം ചെലവിടാൻ കൊതി തോന്നുന്ന ഒരു റിട്ടയർമെന്റ് വില്ലേജ് ആയിട്ടാകാം നാളെ നമ്മുടെ കൊച്ചുകേരളം തിരിച്ചറിയപ്പെടാൻ പോകുന്നത്.
കേരളത്തിൽ വയോജനങ്ങൾ പെരുകുന്പോൾ അവരുടെ പരിചരണവും അനുബന്ധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് തൊഴിൽ - വാണിജ്യ സാധ്യതകളുമുണ്ട്. പരിചരണത്തിനു വിദേശത്തേക്കു പോകുന്നതിനു പകരം നമ്മുടെ നാട്ടിൽത്തന്നെ പ്രായമുള്ളവരെ പരിചരിക്കുന്ന നൂതന മാതൃകകൾ അവലംബിക്കുന്ന സംരംഭങ്ങൾ എന്തുകൊണ്ട് തുടങ്ങിക്കൂടാ..? അസിസ്റ്റഡ് ലിവിംഗ്, ഹോം കാറ്ററിംഗ്, ഡോർ ഡെലിവറി എന്നിവ മുതൽ ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കായുള്ള സ്മാർട്ട് ഉപകരണങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും ഒക്കെ വികസിപ്പിച്ചെടുത്തുകൊണ്ട് നമ്മുടെ യുവതലമുറയ്ക്ക് നാട്ടിൽത്തന്നെ തുടരാനുള്ള അവസരം സൃഷ്ടിച്ചുകൂടേ ? ഇത്തരത്തിലുള്ള വയോജന പരിചരണ സംവിധാനങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ടാകും എന്നതിൽ സംശയം വേണ്ട.
കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും സർക്കാർ - സർക്കാരിതര സംവിധാനങ്ങളുടെ യോജിച്ചുള്ള പങ്കാളിത്തത്തോടെ മറ്റൊരു വിജയകരമായ കേരള മോഡൽ നമുക്കു ലോകത്തിനു കാട്ടിക്കൊടുക്കാൻ സാധിക്കട്ടെ.