Wednesday, October 4, 2023 12:18 AM IST
കണ്ണൂർ പയ്യന്നൂരിൽ ക്ഷേത്രപരിപാടിക്കിടെ തനിക്കു ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന ദേവസ്വം, പട്ടികജാതി പട്ടിക വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ മന്ത്രിയും സർക്കാരും അതിനു വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന ആക്ഷേപവുമുണ്ടായി. ഇതു സംബന്ധിച്ച് വലിയ ചർച്ചകളാണ് കേരളത്തിൽ ഉയർന്നത്. ഈ സാഹചര്യത്തിൽ ദീപിക റിപ്പോർട്ടർ ടിജോ മാത്യു മന്ത്രി കെ. രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖം.
? ജാതി വിവേചനം നേരിട്ടത് നിസാരമായി കണ്ടതുകൊണ്ടാണോ എട്ടുമാസത്തോളം ഇക്കാര്യം പുറത്തുപറയാതിരുന്നതും കേസ് എടുക്കാത്തതും.
എട്ടു മാസം മുൻപ് സംഭവിച്ചതാണ്. എന്നാൽ, അതിനുശേഷം പലേടത്തും ഇതു ഞാൻ പ്രസംഗിച്ചതാണ്. അന്നാരും ശ്രദ്ധിച്ചില്ല. മുൻപുള്ളതിനെക്കാൾ കഠിനമായ സാഹചര്യം ഇന്ത്യാ രാജ്യത്ത് ഉണ്ടായിവരികയാണ്. കൂലി കൂടുതൽ ചോദിച്ചതിനു മൂന്നു ദളിത് ചെറുപ്പക്കാരുടെ കൈനഖങ്ങൾ പിഴുതെടുത്ത ശേഷം ചോരയൊലിക്കുന്ന അവരുടെ നേർക്കു വേട്ടപ്പട്ടികളെ അഴിച്ചുവിട്ടു കൊന്നു. ചെറിയ കുട്ടിയെ മറ്റ് കുട്ടികളെകൊണ്ടു തല്ലിച്ചശേഷം തനിക്കു സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് അധ്യാപിക പറയുന്നു. ഇങ്ങനെ പറയാൻ കഴിയുന്ന സാഹചര്യം രാജ്യത്തു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു മനസിലേക്ക് നമ്മുടെ സമൂഹം മാറുകയാണ്. ആ സമയത്തു ഞാൻ ഇതു പറഞ്ഞില്ലെങ്കിൽ തെറ്റായിപ്പോകും.
കേസ് എടുത്തതുകൊണ്ട് അത്തരമൊരു പ്രശ്നം ഇല്ലാതാകുന്നില്ല. ഇതൊരു നേരിട്ടുള്ള ആക്രമണമല്ല. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിപോലുള്ള അകത്തുകിടക്കുന്ന സാധനങ്ങൾ പുറത്തുവരാനുള്ള സാധ്യതയുണ്ട്. ആ സാധ്യതയെ നമ്മൾ തളച്ചിടേണ്ടത് കേസെടുത്തുകൊണ്ടല്ല. വിശാലമായ ചിന്തകളിലൂടെയാണ് പരിഹരിക്കേണ്ടത്.
? പാർട്ടിയിൽനിന്നു പിന്തുണ കിട്ടിയതായി കണ്ടില്ല. അങ്ങനെയുണ്ടോ?
പാർട്ടിയിൽനിന്നു പിന്തുണയുണ്ടായി. പാർട്ടി അതിനെ തള്ളിപ്പറഞ്ഞല്ലോ.
? മന്ത്രിക്കു ചെറുപ്പത്തിൽ ക്ഷേത്രബന്ധമുണ്ടായിരുന്നല്ലോ
“അച്ഛനും അമ്മയും ഇടുക്കിയിൽ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളികളായിരുന്നു. അച്ഛൻ എം.സി. കൊച്ചുണ്ണി, അമ്മ ചിന്നമ്മ. അച്ഛന്റെ നാട് ചേലക്കരയിലെ തോണൂർക്കര. വലിയ ദുരിതങ്ങളുടെ കാലമായിരുന്നു ചെറുപ്പം. സ്കൂളിൽ പഠിക്കുന്പോൾ എനിക്ക് എത്ര ഷർട്ട് ഉണ്ടെന്ന് ഓർത്തെടുക്കാൻ ഇന്നും കഴിയും.’’
അച്ഛന്റെയും അമ്മയുടെയും വീട്ടുകാർ കമ്യൂണിസ്റ്റ് പാർട്ടിക്കാരായിരുന്നു. ആ അന്തരീക്ഷത്തിലാണ് ജനിച്ചുവളർന്നത്. തോട്ടം മേഖലയായതിനാൽ കാട്ടുമൃഗങ്ങളുടെ ശല്യമുണ്ട്. അവയെ തുരത്താൻ കൂട്ടുകാർ ചേർന്ന് ഒരു കല്ല് പ്രതിഷ്ഠിച്ചു. ആൽ നട്ടു. അതിനു ശേഷം ചെന്നായ്ക്കളുടെയും മറ്റും ശല്യം കുറഞ്ഞു. പൂജ ചെയ്യുന്പോൾ ഉണ്ടാകുന്ന തീയും പുകയും കണ്ടാണ് മൃഗങ്ങൾ അവിടേക്ക് എത്താതായതെന്നാണ് ശാസ്ത്രം. എന്നാൽ, ഇപ്പോൾ അവിടെ ക്ഷേത്രമുണ്ട്. ആൽ, വലിയ മരമായി വളർന്നിരിക്കുന്നു. അവിടെ വേലയ്ക്കൊക്കെ പോകാറുണ്ടായിരുന്നു. വിശ്വാസിയാണ്, എല്ലാ മനുഷ്യർക്കും നന്മയുണ്ടാകുന്ന ഒരു അവസ്ഥയുണ്ടാവണം- ഇതാണ് എന്റെ വിശ്വാസത്തിന്റെ മാനിഫെസ്റ്റോ.
സെക്രട്ടറിമാരിൽ ഒരാളായ തോമസ്, കെ. രാധാകൃഷ്ന്റെ പേരിൽ ഇന്നും പുള്ളിക്കാനത്ത് ലയമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം വാഗമണ്ണിലൂടെ വരുന്പോൾ എം.സി. കൊച്ചുണ്ണിയുടെ വകയായിരുന്ന ഒരേക്കർ സ്ഥലം കണ്ടുവെന്നും തോമസ് കൂട്ടിച്ചേർത്തു. ഇന്ന് അതുണ്ടായിരുന്നെങ്കിൽ പഞ്ഞം തീർന്നേനെയെന്ന് മന്ത്രിയുടെ കമന്റ്.
മന്ത്രി നല്ലൊരു കർഷകനാണെന്നുകൂടി തോമസ് പറഞ്ഞു. കൂട്ടുകാരുമായി ചേർന്നുള്ള കൃഷി ഈ ഓണത്തിനു വിളവെടുത്തിരുന്നു. തൃശൂരിലെ വീട്ടിലും കൃഷിയുണ്ട്. കൃഷിയെക്കുറിച്ചു പറയാൻ തുടങ്ങിയപ്പോൾ ക്ഷീണമെല്ലാം കുടഞ്ഞ് ഒന്ന് ഇളകിയിരുന്ന് ആവേശത്തിലായി രാധാകൃഷ്ണൻ.
“ചേലക്കരയിൽ സുഹൃത്തിന്റെ ഒരേക്കർ വരുന്ന കൃഷിയിടത്തിലാണ് കൃഷി. ഇത്തവണ കപ്പയൊഴിച്ച് എല്ലാം കൃഷി ചെയ്തു. കോവിഡിന്റെ സമയത്തായിരുന്നു കാര്യമായി കൃഷി ഇറക്കിയത്. നാട്ടിലെ സുഹൃത്തുക്കളെല്ലാം കൃഷിയുടെ ഭാഗമാണ്. വിളവെടുപ്പ് ഉത്സവമായാണ് നടത്തുന്നത്. എല്ലാവരും വീതിച്ചെടുത്തതിന്റെ ബാക്കിയുണ്ടെങ്കിൽ വിൽക്കുകയാണ് പതിവ്. കൃഷി ചെയ്യുന്ന ആളുകളെ നമ്മുടെ സമൂഹം കുറച്ചിലോടെയാണ് കണ്ടിരുന്നത്. അവരെ മനുഷ്യരായി കാണാൻ കഴിയായ്ക.”
? സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങൾ സാമൂഹിക പരിഷ്കരണ ഇടപെടലുകളിൽ പിന്നാക്കം പോകുന്നുണ്ടോ
ഓരോ കാലഘട്ടത്തിലെയും സാമൂഹികാന്തരീക്ഷം വ്യത്യസ്തമായിരിക്കും. പഴയ മോഡൽ ഇപ്പോഴും ചെയ്യണം എന്നു പറയുന്നതു ശരിയല്ല. കാലഘട്ടത്തിനനുസരിച്ചാണ് ഓരോ സംഘടനയും പ്രസ്ഥാനങ്ങളും പ്രവർത്തിക്കുക. എന്നാൽ, നമ്മൾ നേടിയ നവോത്ഥാന നന്മകളിൽനിന്നു പിറകോട്ട് പോകാനുള്ള ശ്രമങ്ങൾ ഇല്ലായെന്ന് അതുകൊണ്ട് ധരിക്കേണ്ടതില്ല.
? രാജ്യത്തിന്റെ തന്നെ ചില മൂല്യവ്യവസ്ഥകൾ ജാതിയെ ഉറപ്പിക്കുന്നതാണെന്ന് വിമർശനം ഉണ്ടല്ലോ
സമൂഹത്തിൽ മാറ്റം ഉണ്ടാക്കണമെങ്കിൽ യാന്ത്രികമായ ഭൗതികവാദം പറഞ്ഞിട്ടു കാര്യമില്ല. നമ്മൾ യാന്ത്രിക ഭൗതികവാദികളല്ല. എല്ലാ മനുഷ്യരെയും തുല്യമായി കാണാനുള്ള മനസ് ഉണ്ടാകുക എന്നതാണ് പ്രധാനം. ഇന്ത്യൻ സമൂഹത്തെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പെട്ടെന്ന് പറിച്ചുകളയാൻ കഴിയില്ല. നൂറ്റാണ്ടുകളായി തലച്ചോറിൽ കയറിയതാണ്. അതു പെട്ടെന്നു പോകില്ല. ജാതി - ഉപജാതി ചിന്തകൾ ശക്തമാണ്. ആ ചിന്ത ഇപ്പോഴും പോയിട്ടില്ല.
? അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നതിൽ തടസമുണ്ടോ
നിയമിച്ചല്ലോ. എന്നാൽ, ആ മാറ്റം പൂർണമായും ഉൾക്കൊണ്ടില്ലല്ലോ. ഒരു ആനുകൂല്യം ഒരാൾ പറ്റിക്കൊണ്ടിരിക്കുന്പോൾ ആ ആനുകൂല്യം വേറേ ആളുകൾക്കു നൽകണമെന്നു പറയുന്നതിൽ പ്രയാസമുണ്ടാകും. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന അവകാശം, അധികാരങ്ങൾ നിഷേധിക്കപ്പെടുന്പോൾ സഹിക്കില്ല. നമ്മുടെ സമൂഹവും മാറണം. ചിലർ പൂജിച്ചാൽ ശരിയാകുമോയെന്നു നിങ്ങൾക്കു തന്നെ തോന്നും. അതൊരു രൂഢമൂലമായ വിശ്വാസമാണ്. മാറ്റത്തിനു വിധേയമാകാത്തത് ഒന്നുമില്ല. എത്ര പിടിച്ചുവച്ചാലും അതുണ്ടാകും.
? കേരള നവോത്ഥാന സമിതി
നിലവിലെ സാമൂഹിക വ്യവസ്ഥയുടെ ദുരന്തമെന്താണെന്നു മനസിലാക്കി അതു പരിഹരിക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുന്നോട്ടുവയ്ക്കുക. ഇവ നടപ്പാക്കാൻ ശ്രമിക്കുന്പോൾ വലിയ പ്രയാസങ്ങൾ നേരിടേണ്ടിവരും. സമിതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
ഇക്കാലത്തിനുള്ളിൽ അങ്ങയെ സ്വാധീനിച്ച നിരവധി ആളുകൾ ഉണ്ടാവുമല്ലോ. അക്കൂട്ടത്തിൽ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച സ്ത്രീ ആരാണ്. ഹൃദയത്തെ ഇങ്ങനെ തൊട്ടുകടന്നുപോയൊരാൾ?
ഇത്തിരിയൊന്ന് ഉള്ളിലോട്ടുവലിഞ്ഞു. അങ്ങനെ ഒരാളെ മാത്രമായി ചൂണ്ടിക്കാട്ടാൻ കഴിയില്ല. അമ്മ, അച്ചമ്മ, ചെറിയമ്മമാർ, പെങ്ങന്മാർ(സഹോദരികൾ), പാർട്ടി സഖാക്കൾ. നിന്റെ ചാട്ടം എങ്ങോട്ടാണെന്നു പിടികിട്ടിയെന്ന മട്ടിൽ പൊട്ടിച്ചിരിച്ചു പറഞ്ഞു, ഇനിയും ഒറ്റയ്ക്കുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം.
ജാതിയുടെ തിക്താനുഭവങ്ങൾ മുമ്പും നേരിടേണ്ടിവന്നിട്ടുണ്ടോ
ചെറുപ്പത്തിൽ അനുഭവിച്ചിട്ടുണ്ട്. വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട സുഹൃത്തുക്കൾ കൂട്ടായ പ്രവർത്തനത്തിലൂടെ അതിനൊക്കെ അറുതിവരുത്താൻ സാധിച്ചു. ജാതിവ്യവസ്ഥയുടെ പ്രയാസം അനുഭവിക്കുന്നവരും അനുഭവിക്കാത്തവരും കൂടിച്ചേർന്നു ജാതീയത ഇല്ലാതാക്കാൻ നടത്തുന്ന പ്രവർത്തനത്തിനാണ് വേഗം കൂട്ടേണ്ടത്. എന്റെ അനുഭവത്തിൽനിന്നു മനസിലായതാണ്.
ജാതി വ്യവസ്ഥയാണ് മഹാഭൂരിപക്ഷത്തെയും ദുരിതത്തിലാക്കിയത്. ജാതി വ്യവസ്ഥ ഇല്ലാതായെങ്കിൽ മാത്രമേ ഇവരുടെ ദുരിതങ്ങൾക്കു പരിഹാരം കാണാൻ കഴിയുകയുള്ളൂ. കേവലം ജാതി അടിസ്ഥാനത്തിൽ മാത്രം ജനങ്ങളെ സംഘടിപ്പിച്ചാൽ ജാതി വ്യവസ്ഥയുടെ ദുരന്തങ്ങൾ മാറില്ല. എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള പോരാട്ടത്തിനു മാത്രമേ യഥാർഥത്തിൽ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയുകയുള്ളൂ.