കടലോരദേശത്ത് പറങ്കികളുടെ (പോർച്ചുഗീസുകാരുടെ) ആഗമനശേഷം ധാരാളമായുണ്ടായ ക്രിസ്ത്യാനികളിൽനിന്നു വളരെ വ്യത്യാസപ്പെട്ട രീതികളും പ്രകൃതവുമുള്ളവരും, മുന്പുണ്ടായിരുന്ന ഉന്നതനില പ്രദ്യോതിപ്പിക്കുന്നവരുമായ ഒരു ജനസംഘമുണ്ട്. അവർക്കുപറങ്കികളെന്നും, റോമൻ കത്തോലിക്കരെന്നുമുള്ള നാമങ്ങൾ താരതമ്യേന നൂതനമാണ്. ഈ വിഷയത്തെപ്പറ്റി കൂടുതൽ വ്യവഹരിച്ച് അങ്ങയുടെ സമയം നഷ്ടപ്പെടുത്തുന്നത് അക്ഷന്തവ്യമായിരിക്കും...”
ഇന്ത്യയിലെ ജാതിഘടനയിൽ നസ്രാണികൾക്ക് ഉയർന്ന സ്ഥാനമാണുണ്ടായിരുന്നത്. ജാതിഘടന രൂപം പ്രാപിക്കുന്നതിനു മുന്പുതന്നെ അവർ ഉന്നതസ്ഥാനം പ്രാപിച്ചിരുന്നതുകൊണ്ടും അവരുടെ പൗരാണികത്വംകൊണ്ടുമാണ് ജാതീയമായി ഔന്നത്യം ലഭിച്ചത് എന്നുള്ളതിൽ സംശയമില്ല. ഇന്ത്യയിലെ സാമൂഹ്യഘടന സ്വീകരിക്കുകയും അതിൽ ഇഴുകിച്ചേരുകയും ചെയ്തതുകൊണ്ടാണ് മലബാറിൽ നസ്രാണി ക്രൈസ്തവമതം നിലനിന്നതുതന്നെ; ജാതി ആയി നിന്നതുകൊണ്ട് നശിച്ചില്ലെന്നു സാരം.
“നസ്രാണികൾ സത്യക്രിസ്ത്യാനികൾ ആയിരുന്നു. അവർ സത്യവിശ്വാസം പാലിക്കുകയും ചെയ്തുപോന്നു. അന്നത്തെ മലയാളികളിൽ ശാരീരികമായും മാനസികമായും ഏറ്റവും പ്രാപ്തിയും വാസനയും ഉള്ളവർ നസ്രാണികൾ ആയിരുന്നു. വിദേശീയരോട് മര്യാദയും എന്നാൽ, ധർമാനുഷ്ഠാനങ്ങളിൽ കാർക്കശ്യവും അവർ പുലർത്തിയിരുന്നു. കൃഷിയും വ്യാപാരവും അവരെ സാന്പത്തികമായി ഉയർത്തി. ഈ നാടിന്റെ സാന്പത്തികാവസ്ഥയെ ഉത്കൃഷ്ടമാക്കുന്നതിന് സുറിയാനി ക്രിസ്ത്യാനികൾ വളരെ സഹായിച്ചിട്ടുണ്ട്. കേരളത്തിലെ ഹിന്ദുക്കളുടെ സാമൂഹ്യ ജീവിതരീതികൾ വാണിജ്യത്തിന് പ്രതികൂലങ്ങളായിരുന്നു” എന്ന് വൈറ്റ് ഹൗസ് Lingerings of Light in a Dark Land എന്ന ഗ്രന്ഥത്തിൽ (പേജ് 6) കുറിക്കുന്നു.
നസ്രാണി ഔന്നത്യംനസ്രാണികളുടെ സന്മാർഗനിഷ്ഠയും സദാചാരനിലവാരവും പല പോർച്ചുഗീസ് ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. നസ്രാണികൾ ശാരീരികമായും മാനസികമായും സദ്ഗുണങ്ങളാൽ അനുഗൃഹീതരാണ്, പരിശ്രമശീലരാണ്, കാര്യബോധവും സാമാന്യജ്ഞാനവും ഉള്ളവരാണ്. മാതാപിതാക്കന്മാരെയും ഗുരുജനങ്ങളെയും പൂജിക്കുന്നവരാണ്, കർമശീലന്മാരാണ് എന്നെല്ലാം അവർ രേഖപ്പെടുത്തുന്നുണ്ട്. രൂപലാവണ്യമുള്ളവരും സച്ചചരിതരുമായ അവരുടെ സ്ത്രീജനങ്ങൾ അച്ചടക്കമുള്ളവരും വിനീതരും ആയിരുന്നുവെന്നും നസ്രാണികൾ അത്യുത്തമ യോദ്ധാക്കളും ധീരന്മാരും ആയിരുന്നതിനാൽ പോർച്ചുഗീസുകാർ നസ്രാണികളെ ബഹുമാനിച്ചിരുന്നുവെന്നും അവരുടെ ചരിത്രകാരന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് റസിഡന്റ് കേണൽ മണ്റോ നസ്രാണികളെ പ്രശംസിക്കുന്നത് താഴെപ്പറയുന്ന വിധമാണ്: “വിഗ്രഹാരാധകനായ ഒരു രാജാവിന്റെ രാജ്യത്ത് എത്രയധികം നസ്രാണികൾ ഉണ്ടോ, അയാളെ അത്രയധികം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താലും വിശ്വസ്തതകൊണ്ടും ഏർപ്പെടുന്ന എല്ലാ സംഗതികളിലും സത്യം പാലിക്കുന്നതുകൊണ്ടുമാണ് രാജാക്കന്മാർ നസ്രാണികളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.” ‘തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലി’ൽ കാണുന്നത് നസ്രാണികളുടെ നേതാവായ ഇരവികൊർത്തന് ചെപ്പേട് കൊടുത്ത് രാജകീയസ്ഥാനം നൽകി എന്നാണ്. “അന്നത്തെ ഹിന്ദുഭരണാധിപന്മാർ നസ്രാണികൾക്ക് പ്രത്യേക അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.
അവർ സത്യസന്ധരും വിശ്വസ്തരും ആയിരുന്നു, ഹിന്ദുഭരണാധിപന്മാർക്ക് അവരെ വിശ്വാസമായിരുന്നു. ചില പ്രത്യേക ലൗകികാധികാരമുള്ള ആത്മീയ മേലധ്യക്ഷന്മാർ ഉണ്ടായിരിക്കുന്നതിനു രാജാധികാരികൾ സമ്മതിച്ചിരുന്നു. നസ്രാണികളുടെ സ്വന്തം രാജാവിന്റെ പേര് ‘ബലിയാർട്ടസ്’ (Villarvattom) എന്നായിരുന്നു. പല രാജാധികാരികളുടെ ദേശങ്ങളിൽ അധിവസിച്ചിരുന്നുവെങ്കിലും ആത്മീയവും സാമൂഹ്യവുമായ എല്ലാ ഘടകങ്ങളിലും അവരുടെ ബിഷപ്പിന്റെ ഭരണാധികാരം സർവരും അംഗീകരിച്ചിരുന്നു. അവരുടെയിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ ബിഷപ്പുതന്നെ കേട്ട് തീർപ്പു കല്പിക്കുകയായിരുന്നു പതിവ്. അവരുടെ അവകാശാധികാരങ്ങളെ ഹിന്ദുഭരണാധികാരികൾതന്നെ, ധർമ്മനിഷ്ഠയോടെ പരീക്ഷിച്ചുവന്നിരുന്നു” എന്ന് കെ.പി. പത്മനാഭമേനോൻ History of Kerala, (Vol.1) പറയുന്നു.
‘തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലി’ൽ നസ്രാണികളുടെ പൗരാണികത്വത്തെക്കുറിച്ച്, അവരുടെ സുറിയാനി ആരാധനക്രമത്തെക്കുറിച്ച്, സുറിയാനി ഭാഷയോടുള്ള ബഹുമാനത്തെക്കുറിച്ച് ഇങ്ങനെ വായിക്കുന്നു: “തിരുവിതാംകൂറിലെ ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും നസ്രാണികൾ (സുറിയാനി ക്രിസ്ത്യാനികൾ) എന്ന പേരിലറിയപ്പെടുന്നു. മലബാറിലെ സുറിയാനിസഭ ഇന്ത്യയിലെ സഭകളിൽ ഏറ്റം പുരാതനമായിട്ടുള്ളതാണ്.
മലങ്കര സഭാംഗങ്ങളിലെ സുറിയാനിക്കാർ എന്നു വിളിക്കുന്നത് അവരുടെ സിരകളിൽ സുറിയാനിക്കാരുടെ രക്തം ഉള്ളതുകൊണ്ടല്ല അവരുടെ ആരാധനാഭാഷ സുറിയാനി ആയതുകൊണ്ടാണ്. അവർ സിറിയൻ ജാതിക്കാരിൽപ്പെട്ടവരല്ല. സുറിയാനി ആരാധനക്രമം ഉള്ളവരാണ്. ഈ പേര് ഇവിടെ നരവംശശാസ്ത്രപരമോ ഭൂമിശാസ്ത്രപരമോ അല്ല, സഭാപരം മാത്രമാണ്. നസ്രാണികളെ കണ്ടുപിടിച്ചപ്പോൾ അതു യൂറോപ്പിലെ രണ്ടു ക്രൈസ്തവവിഭാഗങ്ങളെയും അന്പരപ്പിച്ചു എന്നാണ് ഡീൻ സ്റ്റാൻലി രേഖപ്പെടുത്തിയിട്ടുള്ളത്.
മലങ്കര സുറിയാനി സഭയുടെ സവിശേഷത, സുവിശേഷത്തോടും അതും വെളിപ്പെടുത്തിക്കൊടുത്ത ഭാഷയായ സുറിയാനിയോടുമുള്ള ബഹുമാനമാണ്” (Nagam Aiya, Travancore State Manuel Vol.II, 1940)
ഗിബ്ബൻ Decline and fall of the Roman Empire എന്ന ഗ്രന്ഥത്തിൽ എഴുതുന്നത് പോർച്ചുഗീസുകാരേക്കാൾ വളരെ മെച്ചപ്പെട്ട രീതിയിലായിരുന്നു നസ്രാണി ക്രിസ്ത്യാനികളുടെ സ്ഥിതി എന്നാണ്. അവർ ഇവിടെ ആദ്യകാലം മുതൽ ഉള്ളവരാണ്. ആയോധനത്തിലും കാർഷികവൃത്തിയിലും കുരുമുളക് വ്യാപാരത്തിലും അവർ മുൻപന്തിയിലായിരുന്നു. കുലീനരായ നസ്രാണികളെ രാജാക്കന്മാർ മാനിച്ചിരുന്നു. എന്നാൽ, പോർച്ചുഗീസുകാർ ഇവരിൽ പാഷണ്ഡതയും ശീശ്മയും ആരോപിച്ചു. അവരുടെ മെത്രാന്മാരുടെ അധികാരത്തെ നെസ്തോറിയൻ പാത്രിയാർക്കീസുമാരുടെ ബന്ധത്തിന്റെ പേരിൽ അംഗീകരിക്കാൻ തയാറായില്ല.
ഗിബന്റെ വാക്കുകൾ ഇങ്ങനെയാണ്: “പറങ്കികൾ ഇന്ത്യയിലേക്കുള്ള സമുദ്രമാർഗം തുറക്കുന്പോൾ, നസ്രാണികൾ മലബാറിൽ സ്ഥാനം ഉറപ്പിച്ചിട്ടു യുഗങ്ങൾതന്നെ കഴിഞ്ഞിരുന്നു. ആയോധനത്തിലും കലയിലും സദാചാരങ്ങളിൽതന്നെയും അവർ ഇന്ത്യയിലെ ഇതര വർഗങ്ങളെ പിൻതള്ളി. കർഷകവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ തെങ്ങുകൃഷിചെയ്തു. വണിക്കുകൾ കുരുമുളകു വ്യാപാരം വഴി ധനം ആർജിച്ചു.
മലബാറിലെ കുലീനരായ നായന്മാരേക്കാൾ പ്രാമുഖ്യം നസ്രാണി ഭടന്മാർക്കു കൊടുത്തുവന്നു.നസ്രാണികൾക്കു പാരന്പര്യമായി സിദ്ധിച്ചിരുന്ന വിശിഷ്ടാവകാശാധികാരങ്ങളെ കൃതജ്ഞതാ ഹേതുവായോ, കൊച്ചി രാജാവിനെയോ സാമൂതിരിയെ തന്നെയോ ഭയമുള്ളതുകൊണ്ടോ മാനിക്കപ്പെട്ടിരുന്നു. കാവ്യനായ ഒരു രാജാവിനെ അംഗീകരിച്ചുവെങ്കിലും ലൗകികകാര്യങ്ങളിൽ തന്നെയും, അങ്കമാലി ബിഷപ്പാണ് അവരെ ഭരിച്ചിരുന്നത്. ഇന്ത്യയുടെ മെത്രാപ്പോലീത്താ എന്ന പ്രാചീന പദവിയും ആയിരത്തിനാനൂറു പള്ളികളുടെയും രണ്ടുലക്ഷം ജനങ്ങളുടെയുംമേൽ അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.”
(അവസാനിച്ചു)