ഈ അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നേരിട്ട് ആനുകൂല്യങ്ങൾ കൈമാറി. മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (2020-2022) ഏകദേശം 8.1 ലക്ഷം കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു കൈമാറി. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളുടെ പരിണാമത്തിനൊപ്പം, മഹാമാരി ഏറ്റവുമധികം ഭീഷണി ഉയർത്തിയ വേളയിൽ ഇത് സമ്പർക്കരഹിത പണമിടപാടുകളും സുഗമമാക്കി.
മറ്റൊരു പഠനം (‘ഓപ്പൺ ബാങ്കിംഗ് വായ്പാസൗകര്യം വിപുലീകരിക്കുമോ?’, ഓഗസ്റ്റ് 2024) കാണിക്കുന്നത്, പിഎംജെഡിവൈ ഓപ്പൺ ബാങ്കിംഗ് (ഉപഭോക്തൃ അനുമതിയോടെ ഡാറ്റ ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി പങ്കിടൽ) സുഗമമാക്കി എന്നാണ്. വ്യക്തമായി പറഞ്ഞാൽ, കൂടുതൽ പിഎംജെഡിവൈ അക്കൗണ്ടുകളുള്ള പ്രദേശങ്ങൾ ധനകാര്യ സാങ്കേതികയുടെ നേതൃത്വത്തിൽ വായ്പാവളർച്ച മെച്ചപ്പെടുത്തി.
കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ ഇന്റർനെറ്റ് സൗകര്യമുള്ള പ്രദേശങ്ങളിൽ കരുത്തുറ്റ ഫലങ്ങൾ ലഭിക്കുകയും ചെയ്തു. ‘അക്കൗണ്ട് അഗ്രഗേഷൻ’ ഓപ്പൺ ബാങ്കിംഗിന്റെ പ്രത്യക്ഷ സവിശേഷതയാണ്. കൂടുതൽ സാമ്പത്തിക ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ ഇതു പൊതുജനങ്ങളെ പ്രാപ്തരാക്കുന്നു.
വനിതാ ശക്തീകരണംപിഎംജെഡിവൈ സ്ത്രീകളെ അവരുടെ സ്വന്തം അക്കൗണ്ടുകളും അക്കൗണ്ടുകളിലെ പണവും നൽകി ശക്തീകരിച്ചു. ഈ സാമ്പത്തിക സ്വാതന്ത്ര്യം കണക്കാക്കുക പ്രയാസമാണ്; പക്ഷേ അതു പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയിലെ സ്ത്രീകളുടെ സമ്പാദ്യപ്രവണത പൊതുവേ ഉയർന്ന തലത്തിലാണ്. കാലക്രമേണ, ഇതു കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും ഒപ്പം, ദേശീയ സമ്പാദ്യ നിരക്കും വർധിപ്പിക്കാൻ ഇടയാക്കും. കൂടാതെ, ഇതു രാജ്യത്തെ സ്ത്രീസംരംഭകത്വത്തിനും ഉണർവേകും.
സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭമായ സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും ഇടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ സ്റ്റാൻഡ്-അപ്പ് ഇന്ത്യ എന്നിവയിലൂടെയുള്ള സംരംഭകത്വ തരംഗത്തിൽ സ്ത്രീപങ്കാളിത്തം ഏറെ പ്രോത്സാഹജനകമാണ്. പിഎം മുദ്ര യോജനയ്ക്കു കീഴിൽ 68 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് വനിതാ സംരംഭകർക്കാണ്. സ്റ്റാൻഡ്-അപ്പ് ഇന്ത്യക്കു കീഴിലുള്ള ഗുണഭോക്താക്കളിൽ 77.7 ശതമാനവും സ്ത്രീകളാണ്.
2024 ജൂലൈ 30 വരെ രാജ്യത്ത് ഉദ്യം, യുഎപി എന്നിവയിൽ രജിസ്റ്റർ ചെയ്ത വനിതാ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളുടെ എണ്ണം 1.85 കോടിയിലധികമാണ്. പിഎംജെഡിവൈ അക്കൗണ്ടുകൾ സ്ത്രീകളെ ശക്തീകരിക്കുകയും സ്വയംതൊഴിലിലേക്കുള്ള/സംരംഭകത്വത്തിലേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുകയും ചെയ്തു എന്ന അനുമാനം ശ്രദ്ധേയമാണ്; പഠനാർഹവും.
പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്കു നൽകിയ ആനുകൂല്യങ്ങൾ തെളിവുകളായി കണക്കാക്കിയാൽ, ഈ പദ്ധതിയില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വികസനനേട്ടങ്ങൾ ഗണ്യമായി കുറയുമായിരുന്നുവെന്ന് വ്യക്തമാകും. എന്നാൽ, ഈ പദ്ധതി സമാരംഭിക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനവും ഹ്രസ്വകാലയളവിനുള്ളിൽ അതു വിജയകരമായി നടപ്പാക്കിയതും ഇന്ത്യയെ നേട്ടങ്ങളിലേക്ക് എത്തിക്കുകതന്നെ ചെയ്തു.